കോഴിക്കോട്:നാദാപുരത്ത് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്.നാദാപുരം താലൂക്ക് ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്.പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവരെ സമീപത്തുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനം ഭരണഘടനാ ബെഞ്ചിന് വിട്ടു
തിരുവനന്തപുരം:ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനയ്ക്കു വിട്ടു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്‍റെ സാധുതകൾ പരിശോധിക്കാൻ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാൻ ഉത്തരവിട്ടത്.സ്ത്രീകളുടെ മൗലിക അവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ശബരിമല സന്നിധാനത്ത് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യംഗ് ലോയേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി പറയുക. കേസിൽ ദേവസ്വം ബോർഡിന്‍റെയും സംസ്ഥാന സർക്കാരിന്‍റെയും വിവിധ സംഘടനകളുടെയും ഭാഗം കോടതി പരിശോധിച്ചിരുന്നു.പത്തിനും അന്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന നിലപാടാണ് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിരിക്കുന്നത്.അതേസമയം സ്ത്രീകൾക്കു പ്രവേശനം നൽകുന്നതിനെ അനുകൂലിച്ച് സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
ബേപ്പൂർ തുറമുഖത്ത് ബോട്ട് മുങ്ങി കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു
കോഴിക്കോട്: ബേപ്പൂർ തുറമുഖത്ത് ബോട്ട് മുങ്ങി കാണാതായ നാലു തൊഴിലാളികളിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അപകടത്തിൽപ്പെട്ട ബോട്ടിനുള്ളിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.മൃതദേഹങ്ങൾ പുറത്തെടുക്കാൻ കോസ്റ്റ്ഗാർഡ് മത്സ്യത്തൊഴിലാളികളുടെ സഹായം തേടിയിട്ടുണ്ട്. മറ്റു രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണ്. കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല.ബുധനാഴ്ച രാത്രിയാണ് ബേപ്പൂർ തുറമുഖത്തു നിന്നും 50 നോട്ടിക്കൽ മൈൽ അകലെ അപകടം നടന്നത്.മുനമ്പത്തു നിന്നും മൽസ്യബന്ധനത്തിനെത്തിയ ബോട്ട് അജ്ഞാത കപ്പൽ ഇടിച്ച് തകരുകയായിരുന്നു.കുളച്ചൽ സ്വദേശി ആന്റോയുടെ ഉടമസ്ഥതയിലുള്ള ഇമ്മാനുവൽ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.തമിഴ്നാട് കുളച്ചൽ സ്വദേശികളായ ബോട്ടുടമ ആന്റോ,രമ്യാസ്,തിരുവനന്തപുരം സ്വദേശികളായ ജോൺസൻ,പ്രിൻസ് എന്നിവരെയാണ് കാണാതായത്.അപകടം നടന്ന ഉടൻ തമിഴ്നാട് സ്വദേശികളായ കാർത്തിക്,സേവ്യർ എന്നിവരെ ഒരു മൽസ്യബന്ധനബോട്ടും കോസ്റ്റ് ഗാർഡും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.
ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച പി.സി ജോർജിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
കോഴിക്കോട്:കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച സംഭവത്തിൽ പൂഞ്ഞാർ എംഎൽഎ പി.സി ജോർജിനെതിരെ കേസെടുക്കാൻ കോഴിക്കോട് കുന്ദമംഗലം കോടതി ഉത്തരവിട്ടു.ചാനൽ ചർച്ചകളിൽ നടിയുടെ പേര് വെളിപ്പെടുത്തുകയും നടിയെ ആക്ഷേപിച്ചു സംസാരിക്കുകയൂം ചെയ്തതിനെതിരെ ആണ് കേസെടുക്കാൻ നിർദ്ദശം നൽകിയിരിക്കുന്നത്. ഗിരീഷ് ബാബു എന്ന വ്യക്തി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.ഇത്തരം കേസുകളിൽ ഇരയുടെ പേര് വെളിപ്പെടുത്തരുത് എന്ന നിയമം പി.സി ജോർജ് ലംഘിച്ചു.നടിയെ ആക്ഷേപിച്ചു സംസാരിക്കുകയും ചെയ്തു എന്നതെല്ലാമാണ് ഗിരീഷ് ബാബു നൽകിയ പരാതിയിലുള്ളത്. നേരത്തെ ഇത് സംബന്ധിച്ച് ഗിരീഷ് ബാബു പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസെടുത്തില്ല.തുടർന്നാണ് ഇയാൾ കോടതിയെ സമീപിച്ചത്.
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്
ന്യൂഡൽഹി:ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്ഥാപിക്കുന്നത്. ഭരണഘടനാ ബഞ്ചിന്റെ പരിഗണന വിഷയങ്ങൾ നിശ്ചയിച്ചു കൊണ്ടുള്ള വിശദമായ ഉത്തരവ് പുറപ്പെടുവിക്കാനാണ് സാധ്യത.പത്തിനും അമ്പതു വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നതിലെ ഭരണഘടനാ പ്രശ്നമായിരിക്കും പരിശോധിക്കുക.
ആലുവയിൽ ലോറിയിടിച്ച് മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു
ആലുവ:ആലുവയിൽ ലോറിയിടിച്ച് മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു.അർധരാത്രി മെട്രോ നിർമാണത്തിനിടെ ഗതാഗതം നിയന്ത്രിച്ചിരുന്നവരെയാണ് ലോറി ഇടിച്ചത്.രണ്ടുപേർ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.ഒരാൾ ഇന്ന് രാവിലെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.മറ്റൊരാളുടെ നില അപകടകരമായി തുടരുന്നു. ടാങ്കർ ലോറിയാണ് ഇടിച്ചതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.ഇടിച്ച ലോറി നിർത്താതെ പോയി.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.അപകടത്തിൽപെട്ട നാലുപേരും ഉത്തർപ്രദേശ് സ്വദേശികളാണ്.
ചേർത്തല കെവിഎം ആശുപത്രിയിൽ നിരാഹാരമനുഷ്ഠിക്കുന്ന നഴ്സിനെ അറസ്റ്റ് ചെയ്യാൻ ശ്രമം;പോലീസും സമരക്കാരും തമ്മിൽ സംഘർഷം
ആലപ്പുഴ:ചേര്‍ത്തല കെവിഎം ആശുപത്രിയ്ക്ക് മുന്‍പില്‍ നിരാഹാരമനുഷ്ഠിച്ചിരുന്ന നഴ്സിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘവും സമരം ചെയ്യുന്ന നഴ്സുമാരും തമ്മില്‍ സംഘര്‍ഷം. തര്‍ക്കത്തിനൊടുവില്‍ നഴ്സ് ആന്‍ ഷെറിനെ പൊലീസ് അറസ്റ്റ് ചെയ്ത് ചേര്‍ത്തല താലൂക്കാശുപത്രിയിലേക്ക് മാറ്റി. നഴ്സുമാർക്കെതിരെയുള്ള പ്രതികാര നടപടി പിന്‍വലിക്കുന്നതിനും നിയമപ്രകാരമുള്ള ശമ്പളം ലഭിക്കുന്നതിനുമായി ചേർത്തല കെ വി എം ആശുപത്രിയിലെ നഴ്‌സുമാർ 53 ദിവസമായി സമരം തുടരുന്നു.രാവിലെ 10 മണിയോടെയാണ് പൊലീസ് സമരപ്പന്തലിലെത്തി നിരാഹാരമനുഷ്ഠിക്കുന്ന ആന്‍ ഷെറിനെ അറസ്റ്റു ചെയ്യുകയാണെന്നറിയിച്ചത്. എന്നാല്‍ അറസ്റ്റ് അനുവദിക്കില്ലെന്ന് നഴ്സുമാര്‍ പറഞ്ഞതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങി. നഴ്സുമാരുടെ സമ്മതമില്ലാതെ അറസ്റ്റു ചെയ്യാനനുവദിക്കില്ലെന്നും പുരുഷന്മാരായ പൊലീസ് ഉദ്യോഗസ്ഥര്‍ സമരപ്പന്തലില്‍ കയറരുതെന്നും പറഞ്ഞ് നാട്ടുകാരും സമരക്കാരെ പിന്തുണച്ചതോടെ പൊലീസ് പിന്‍വാങ്ങി. ചേര്‍ത്തല സി ഐയും എസ് ഐയും അടക്കമുള്ള ഉദ്യോഗസ്ഥര്‍ പിന്നീട് സമരക്കാരോട് സംസാരിക്കുകയും എസ്ഐ ആന്‍ ഷെറിനെ അറസ്റ്റ് ചെയ്ത് ചേര്‍ത്തല താലൂക്കാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് നേഴ്സ് ആശ നിരാഹാര സമരം ആരംഭിച്ചു.
ഹർത്താൽ പ്രഖ്യാപനം;രമേശ് ചെന്നിത്തലയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചു
എറണാകുളം:ഈ മാസം 16 ന് യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിനെതിരെ സമർപ്പിച്ച ഹർജിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചു. ചെന്നിത്തല ഹൈക്കോടതിയിൽ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ഹർത്താലിനെ കുറിച്ച് ജനങ്ങൾക്ക് ഭയമുണ്ടെന്നും കോടതി നിരീക്ഷിച്ചു.ഹർത്താൽ ദിനത്തിൽ ജോലി ചെയ്യുന്നവരെ ആരും തടസ്സപ്പെടുത്തരുതെന്നും കോടതി പറഞ്ഞു.ഹർത്താൽ മൂലം ജനങ്ങൾക്ക് ഉണ്ടാകുന്ന അസൗകര്യങ്ങൾ തടയാൻ സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു.
ബേപ്പൂർ തുറമുഖത്ത് ബോട്ടുമുങ്ങി നാലുപേരെ കാണാതായി
കോഴിക്കോട്:ബേപ്പൂർ തുറമുഖത്ത് ബോട്ടുമുങ്ങി നാലുപേരെ കാണാതായി.രണ്ടുപേരെ രക്ഷപ്പെടുത്തി.ബേപ്പൂരിൽ നിന്നും 50 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് മുങ്ങിയത്.മുനമ്പത്ത് നിന്നും പുറപ്പെട്ട ഇമ്മാനുവല്‍ എന്ന മത്സ്യബന്ധന ബോട്ടാണ് മുങ്ങിയത്.
കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു
കോട്ടയം:കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു.കോട്ടയത്തിനും ഏറ്റൂമാനൂരിനും ഇടയിൽ പാലം പണി നടക്കുന്നതിനാലാണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം.വൈകാതെ സർവീസ് പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.ദീർഘദൂര ട്രെയിനുകൾ പോലും മുന്നറിയിപ്പില്ലാതെ പിടിച്ചിട്ടിരിക്കുകയാണ്.മുൻകൂട്ടി അറിയിക്കാതെ റയിൽവെയുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.