ശബരിമല:മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തി.9 മണിയോടെ പമ്പയിൽ നിന്നും മലകയറാൻ തുടങ്ങിയ അദ്ദേഹം 10.30 ഓടെ സന്നിധാനത്തെത്തി.എവിടെയും ഒന്ന് നിൽക്കുക പോലും ചെയ്യാതെയായിരുന്നു മുഖ്യമന്ത്രി മല നടന്നു കയറിയത്.തെക്കേ വശത്തു കൂടി സോപാനത്ത് എത്തിയ മുഖ്യമന്ത്രി ക്ഷേത്ര ജീവനക്കാരെയും പൂജാരിമാരെയും അഭിവാദ്യം ചെയ്തു.ക്ഷേത്രത്തിനുള്ളിലേക്ക് ഒരു നിമിഷം നോക്കിയ അദ്ദേഹം മാളികപ്പുറത്തേക്ക് പോയി.അവിടെ നിന്നും മേൽശാന്തി മനു നമ്പൂതിരി നൽകിയ പ്രസാദം സ്വീകരിച്ചു.തീർത്ഥാടന അവലോകന യോഗം കഴിഞ്ഞാണ് മുഖ്യമന്ത്രി തിരുമുറ്റത്തേക്ക് പോയത്.ജീവനക്കാർക്കുള്ള വടക്കേ വഴിയിലൂടെ ക്ഷേത്രത്തിൽ എത്തിയ അദ്ദേഹം കൊടിമരച്ചോട്ടിൽ നിന്നും അതിന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞു.ആദ്യമായാണ് ഒരു കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രി ശബരിമല ക്ഷേത്ര സന്നിധാനത്ത് അയ്യപ്പ വിഗ്രഹത്തിനു മുന്നിലെത്തുന്നത്.തുടർന്ന് താഴെ വാവരുസ്വാമി നടയിലെത്തിയ മുഖ്യമന്ത്രി മുഖ്യ കർമ്മി അബ്ദുൽ റഷീദ് മുസ്ലിയാരിൽ നിന്നും കൽക്കണ്ടവും കുരുമുളകും ചേർത്ത പ്രസാദവും വാങ്ങി കഴിച്ചു.
ബേപ്പൂരിൽ മൽസ്യബന്ധന ബോട്ടിൽ ഇടിച്ച കപ്പൽ കണ്ടെത്തിയതായി സൂചന
കോഴിക്കോട്:ബേപ്പൂരിൽ മൽസ്യബന്ധന ബോട്ടിൽ ഇടിച്ച കപ്പൽ കണ്ടെത്തിയതായി സൂചന.ബോട്ട് അപകടത്തിൽപെട്ടപ്പോൾ സമീപത്തുണ്ടായിരുന്ന വിദേശകപ്പലാണിത്.ഇതേ തുടർന്ന് ഡയറക്റ്റർ ജനറൽ ഓഫ് ഷിപ്പിംഗ് ഉദ്യോഗസ്ഥർ കപ്പൽ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് ബേപ്പൂരിൽ നിന്ന് 50 നോട്ടിക്കൽ മൈൽ അകലെ അപകടം നടന്നത്. അപകടത്തിൽ തമിഴ്നാട് കുളച്ചൽ സ്വദേശികളായ ആന്‍റോ (39), റമ്യാസ് (50), തിരുവനന്തപുരം സ്വദേശികളായ ജോൺസൺ (19), പ്രിൻസ് (20) എന്നിവരെ കാണാതായിരുന്നു.തിരുവനന്തപുരം സ്വദേശികളായ കാർത്തിക് (27), സേവ്യർ (58) എന്നിവരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയിരുന്നു. കോസ്റ്റ് ഗാർഡ് നടത്തിയ തെരച്ചിലിൽ ബോട്ടുടമ ആന്‍റോയുടെയും പ്രിൻസിന്‍റെയും മൃതദേഹം ബോട്ടിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നു. മറ്റു രണ്ടുപേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
ഹർത്താലിനിടെ വാഹനങ്ങൾ തടഞ്ഞു;ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്
കൊല്ലം:ഇന്നലെ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിൽ വാഹനങ്ങൾ തടഞ്ഞതിന് കൊല്ലം ഡിസിസി പ്രസിഡൻറ് ബിന്ദുകൃഷ്ണയ്ക്ക് എതിരേയും നൂറോളം പ്രവർത്തകർക്കെതിരേയും കേസെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിനുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.ഹർത്താൽ ദിനത്തിൽ ബിന്ദു കൃഷ്ണനെയും സംഘവും വാഹനങ്ങൾ തടയുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര ഇന്ന് സമാപിക്കും
തിരുവനന്തപുരം:ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര ഇന്ന് സമാപിക്കും.ഇന്ന് നടക്കുന്ന യാത്രയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും പങ്കെടുക്കുന്നുണ്ട്.തിരുവനതപുരം പാളയം മുതലാണ് അമിത് ഷാ യാത്രയിൽ പങ്കുകൊണ്ടത്.’ജിഹാദി ചുവപ്പ് ഭീകരതയ്ക്കെതിരെ’ എന്ന മുദ്രാവാക്യവുമായാണ് കണ്ണൂർ പയ്യന്നൂരിൽ നിന്നും ബിജെപി ജനരക്ഷായാത്ര ആരംഭിച്ചത്.പുത്തരിക്കണ്ടം മൈതാനത്താണ് യാത്രയുടെ സമാപന സമ്മേളനം നടക്കുക.അഞ്ചു മണിയോടെ യാത്ര പുത്തരിക്കണ്ടം മൈതാനത്ത് എത്തിച്ചേരും.
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
ന്യൂഡൽഹി:മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്.നേരത്തെ വിലക്ക് നീക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയായിരുന്നു.ബിസിസിഐ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ശബരിമല മേൽശാന്തി
ശബരിമല:വൃശ്ചികം ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കുള്ള ശബരിമല,മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു.ശബരിമല മേൽശാന്തിയായി മംഗലത്ത് അഴകത്ത് മന എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി വരിക്കം ഇല്ലത്ത് അനീഷ് നമ്പൂതിരിയും തെരഞ്ഞെടുക്കപ്പെട്ടു.ചൊവ്വാഴ്ച രാവിലെ ശബരിമല സന്നിധാനത്തും മാളികപ്പുറത്തുമായി നറുക്കെടുപ്പുകളിലൂടെയാണ് ഇരുവരെയും മേൽശാന്തിമാരായി തെരഞ്ഞെടുത്തത്.തൃശൂർ കൊടകര സ്വദേശിയാണ് എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരി. തെരഞ്ഞെടുക്കപ്പെട്ട 12 പേരിൽ നിന്നാണ് കൊല്ലം മൈനാകപ്പള്ളി സ്വദേശി അനീഷ് നമ്പൂതിരിയ്ക്ക് മാളികപ്പുറം മേൽശാന്തിയാകാനുള്ള നറുക്ക് വീണത്.ചൊവ്വാഴ്ച രാവിലെ ഉഷപൂജയ്ക്കുശേഷം ദേവസ്വം കമ്മീഷണറുടെ സാന്നിധ്യത്തിലാണ് പുതിയ മേല്‍ശാന്തിമാരുടെ തെരഞ്ഞെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ സൂര്യവർമയും ഹൃദ്യ വർമയുമാണ് മേൽശാന്തിമാരുടെ നറുക്കെടുത്തത്.
ഹർത്താൽ ദിനത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു
കണ്ണൂർ:ഹർത്താൽ ദിനത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഭക്ഷണം കഴിച്ച ഏഴുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു.മുണ്ടയാട് സ്റ്റേഡിയത്തിൽ ഇലക്ട്രിക്കൽ ജോലിക്കായെത്തിയ തിരുവനന്തപുരം സ്വദേശികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.തിങ്കളാഴ്ച രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇവർ അപ്പവും മുട്ടക്കറിയും കഴിച്ചിരുന്നു.ഇതിനു ശേഷമാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.സോണി റോസ്,മുനീർ,ഷിജിൻ എന്നിവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.വിനീത്,അനീഷ്,വിഷ്ണു,അനന്ദു എന്നിവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് ലാബിലേക്കയച്ചു.
പയ്യന്നൂർ എടാട്ട് വാടക ക്വാർട്ടേഴ്‌സിൽ നിന്നും കഞ്ചാവ് പിടികൂടി
പയ്യന്നൂർ:പയ്യന്നൂർ എടാട്ട് വാടക ക്വാർട്ടേഴ്‌സിൽ നിന്നും കഞ്ചാവ് പിടികൂടി.തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം.രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പയ്യന്നൂർ എസ് ഐ കെ.പി ഷൈനിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തെ സി.എം രാമനുണ്ണി റോഡിലെ വാടക ക്വാർട്ടേഴ്‌സിൽ നിന്നുമാണ് അരക്കിലോയോളം കഞ്ചാവ് പിടികൂടിയത്. പോലീസ് ഇവിടെ പരിശോധനയ്ക്ക് എത്തുമ്പോൾ ഇവിടെ ആരും ഇല്ലായിരുന്നു.പയ്യന്നൂരിൽ സ്വകാര്യ കോളേജിൽ പഠിക്കുന്ന മൂന്നു യുവാക്കളാണ് ഇവിടെ താമസിക്കുന്നതെന്നാണ് സമീപവാസികളിൽ നിന്നും പൊലീസിന് കിട്ടിയ വിവരം.എന്നാൽ കെട്ടിടം ഉടമയിൽ നിന്നും ലഭിച്ച അഡ്രസ് തെറ്റാണെന്നു ബോധ്യപ്പെട്ടതോടെ അന്വേഷണം വഴിമുട്ടി.പിന്നീട് ഉച്ചയ്ക്ക് രണ്ടുമണിയോടെ ബൈക്കിലെത്തിയ രണ്ടംഗസംഘത്തെ നാട്ടുകാർ തടഞ്ഞു വെച്ച് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. എന്നാൽ സ്ഥലത്തെത്തിയ പോലീസിനെയും നാട്ടുകാരെയും വെട്ടിച്ച് പുഴക്കരയിലേക്ക് ഓടിയ ഇവർ പുഴയിൽ ചാടി അക്കരേക്ക് നീന്തിക്കയറി രക്ഷപ്പെടുകയായിരുന്നു.ഇവർ സഞ്ചരിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വൈകുന്നേരം ക്വാർട്ടേഴ്‌സിലെത്തിയ വേറെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ കുറ്റപത്രം ഈയാഴ്ച സമർപ്പിക്കും
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം ഈയാഴ്ച സമർപ്പിക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക.കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും നിയമവിദഗ്ദ്ധരും പങ്കെടുക്കുന്ന യോഗം ചേരും.ഇതിനു ശേഷമായിരിക്കും കുറ്റപത്രം സമർപ്പിക്കുക.ദിലീപിന് ജാമ്യം ലഭിച്ചത് കൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നത് വൈകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് നീട്ടിക്കൊണ്ടുപോകില്ലെന്നും ഈ ആഴ്ച തന്നെ സമർപ്പിക്കുമെന്നും ആലുവ റൂറൽ എസ്.പി എ.വി ജോർജ് പറഞ്ഞു. കേസിൽ സമഗ്രമായ കുറ്റപത്രം തന്നെയാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്.ഇരുപതിലേറെ നിർണായക തെളിവുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും, കുറ്റസമ്മത മൊഴികൾ,സാക്ഷിമൊഴികൾ,രഹസ്യമൊഴികൾ, ഫോറൻസിക് റിപ്പോർട്ടുകൾ, നേരിട്ടുള്ള തെളിവുകൾ,സാഹചര്യ തെളിവുകൾ,സൈബർ തെളിവുകൾ എന്നിവ പട്ടികയാക്കി പ്രത്യേക ഫയലുകളാക്കിയാണ് കുറ്റപത്രമായി സമർപ്പിക്കുന്നത്.ഇതുവരെ പോലീസ് വെളിപ്പെടുത്താത്ത വിവരങ്ങളും കുറ്റപത്രത്തിൽ ഉണ്ടാകുമെന്നാണ് സൂചന.കുറ്റപത്രം സമർപ്പിച്ചാലും അന്വേഷണം തുടരുമെന്നും നിർണായക തെളിവായ മൊബൈൽ ഫോണിന് വേണ്ടിയുള്ള അന്വേഷണം തുടരുമെന്നും അന്വേഷണ സംഘം കോടതി മുൻപാകെ വ്യക്തമാക്കും.കേസിന്റെ പ്രാധാന്യവും പ്രതികൾ സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യവും കണക്കിലെടുത്ത് വിചാരണ പൂർത്തിയാക്കാൻ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശുപാർശയും സർക്കാരിന് മുൻപാകെ ഡിജിപി സമർപ്പിക്കും.
പ്രധാനമന്ത്രിയുടെ ഓഫീസിൽ തീപിടുത്തം
ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ തീപിടുത്തം.പാർലമെന്റിലെ സൗത്ത് ബ്ലോക്കിൽ രണ്ടാം നിലയിലുള്ള 242-ആം നമ്പർ മുറിയിലാണ് ഇന്ന് പുലർച്ചെ മൂന്നുമണിയോടെ തീപിടുത്തമുണ്ടായത്.പ്രധാന മന്ത്രിയുടെ ഓഫീസ് കൂടാതെ പ്രതിരോധ മന്ത്രാലയം,വിദേശകാര്യ മന്ത്രാലയം,ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസ്,വിദേശകാര്യ സെക്രട്ടറിയുടെ ഓഫീസ് എന്നിവയും ഈ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.അപകട കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഇരുപതു മിനിറ്റിനകം തീ അണച്ചതായാണ് വിവരം.കഴിഞ്ഞ വർഷവും സൗത്ത് ബ്ലോക്കിലെ പ്രധാന മന്ത്രിയുടെ ഓഫീസിൽ തീപിടുത്തമുണ്ടായിരുന്നു.സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.