തളിപ്പറമ്പ്:ജില്ലാ സഹകരണ ബാങ്ക് തളിപ്പറമ്പ് ശാഖയിലെ മുക്കുപണ്ട തട്ടിപ്പുകേസിലെ പ്രതി ബാങ്ക് അപ്രൈസർ ഷഡാനനനെ പോലീസ് അറസ്റ്റ് ചെയ്തു.തട്ടിപ്പു കേസിൽ പോലീസ് അന്വേഷണം ആരംഭിച്ച ശേഷം ഒളിവിൽ കഴിയുകയായിരുന്നു ഷഡാനനൻ.തളിപ്പറമ്പ് ശാഖയിലെ മാനേജരും അസിസ്റ്റന്റ് മാനേജറുമടക്കം മൂന്നുപേർ പ്രതിയായ കേസിൽ ആദ്യം അറസ്റ്റിലാകുന്ന ആളാണ് ഷഡാനൻ.ഒളിവിൽ കഴിയുന്നതിനിടെ കയ്യിലുണ്ടായിരുന്ന പണം തീർന്നതിനെ തുടർന്ന് ഇയാൾ കണ്ണൂർ ജില്ലാ ബാങ്കിൽ നിന്നും തനിക്ക് കിട്ടാനുള്ള പണത്തിനായി എത്തിയതായിരുന്നു.മേലുദ്യോഗസ്ഥൻ സ്ഥലത്തില്ലെന്നു മനസ്സിലായ ഇയാൾ തിടുക്കത്തിൽ പോകാൻ ശ്രമിക്കുന്നതിനിടെ ബാങ്കിലെ മറ്റു ജീവനക്കാർ ഇയാളെ തിരിച്ചറിഞ്ഞു.തുടർന്ന് ജീവനക്കാർ ഇയാളെ തടഞ്ഞു വെയ്ക്കുകയും പോലീസിൽ വിവരമറിയിക്കുകയും ആയിരുന്നു.സ്ഥലത്തെത്തിയ തളിപ്പറമ്പ് സിഐ പി.കെ സുധാകരൻ ഇയാളെ അറസ്റ്റ് ചെയ്തു.അതേസമയം മുക്കുപണ്ട തട്ടിപ്പ് അറിഞ്ഞിരുന്നില്ല എന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.അസിസ്റ്റന്റ് മാനേജർ രമ പറഞ്ഞതുപോലെ എല്ലാം ചെയ്തുവെന്നും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.ഇയാളെ പോലീസ് പിന്നീട് കോടതിയിൽ ഹാജരാക്കി.പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പള്ളി കോമ്പൗണ്ടിലെ കെട്ടിടത്തിന് മുകളിൽ കയറിയ വിദ്യാർത്ഥികൾക്ക് ഷോക്കേറ്റു
കാഞ്ഞങ്ങാട്:അതിഞ്ഞാൽ പള്ളി കോമ്പൗണ്ടിലെ കെട്ടിടത്തിന് മുകളിൽ കയറിയ മൂന്നു മതപഠന വിദ്യാർത്ഥികൾക്ക് ഷോക്കേറ്റു.ഇന്നലെ ഉച്ചയോടെയാണ് സംഭവം.അപകടത്തിൽ പരിക്കേറ്റ തളിപ്പറമ്പ് സ്വദേശികളായ വാഹിദ്(23),റംഷീദ്(23),കണ്ണൂർ സ്വദേശി ജാസിർ(22) എന്നിവരെ മംഗലാപുരം യേനെപ്പോയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ വാഹിദിന്റെ നില ഗുരുതരമാണ്.വാഹിദിനാണ് ആദ്യം ഷോക്കേറ്റത്.വാഹിദിന്റെ നിലവിളി കേട്ടെത്തിയ ജാസിറിനും റംഷീദിനും കെട്ടിടത്തിന്റെ മുകളിൽ കെട്ടിക്കിടന്ന വെള്ളത്തിൽ നിന്നാണ് ഷോക്കേറ്റത്.പള്ളിവളപ്പിനകത്തുകൂടി കടന്നുപോകുന്ന ഹൈടെൻഷൻ ലൈനിൽ നിന്നാണ് ഷോക്കേറ്റത്.ശൗചാലയകെട്ടിടത്തിന്റെ ടെറസ്സിൽ നിന്നും ഒരാൾപൊക്കം പോലും കടന്നു പോകുന്ന വൈദ്യുതി കമ്പികൾക്കില്ല.ഇവ മാറ്റണമെന്ന് അതിഞ്ഞാൽ ജമാഅത് കമ്മിറ്റി കെഎസ്ഇബിക്ക് നേരത്തെ പരാതി നൽകിയിരുന്നു.
കൂത്തുപറമ്പിൽ പോലീസ് ഉദ്യോഗസ്ഥന്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
കൂത്തുപറമ്പ്:കൂത്തുപറമ്പിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.2014 ജൂലൈ ഒന്നിനാണ് കൂത്തുപറമ്പ് സ്റ്റേഷനിലെ പോലീസ് ഡ്രൈവറായിരുന്ന കെ.പി സുനിൽ കുമാറിന്റെ വീടിനുനേരെ ബോംബേറുണ്ടായത്.സുനിൽകുമാറിന്റെ മാങ്ങാട്ടിടം ശങ്കരനെല്ലൂരിലെ വീടിനു നേരെ സ്റ്റീൽ ബോംബുകളും പെട്രോൾ ബോംബും എറിയുകയായിരുന്നു.ബോംബേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകരുകയും ചുമരിനും വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ പറ്റുകയും ചെയ്തിരുന്നു.അക്രമം നടന്ന് മൂന്നു വർഷമായിട്ടും കേസന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ സുനിൽ കുമാറിന്റെ ഭാര്യ പ്രസീത മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.കേസന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് സുനിൽ കുമാറിന്റെ വീട്ടിലെത്തി മൊഴിയെടുത്തു.
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇത്തവണ ഒൻപതുപേർ പത്താംതരം തുല്യത പരീക്ഷയെഴുതും
കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇത്തവണ ഒൻപതുപേർ പത്താംതരം തുല്യത പരീക്ഷയെഴുതും.വ്യഴാഴ്‌ചയാണ് പരീക്ഷ നടക്കുക.കണ്ണൂർ മുനിസിപ്പൽ സ്കൂളാണ് പരീക്ഷ കേന്ദ്രം .അയൂബ്,സിജോ,മണികണ്ഠൻ,ഗിരീഷ്,സുനിൽകുമാർ,രാജേഷ്,സന്തോഷ്,റിന്റോ,അമീർ എന്നിവരാണ് പരീക്ഷയെഴുതുന്നത്.ജയിലിൽ നിന്നും പരീക്ഷയെഴുതുന്നവർക്ക് സാക്ഷരതാ മിഷൻ പൂർണ്ണമായ ഫീസിളവ് അനുവദിക്കുന്നുണ്ട്.കൗസർ ചാരിറ്റബിൾ ട്രസ്റ്റ്,ജീസസ് ഫ്രറ്റെണിറ്റി എന്നീ സംഘടനകളാണ് ഇവർക്കാവശ്യമായ പഠനോപകരണങ്ങൾ നൽകുന്നത്.കഴിഞ്ഞ കുറെ വർഷങ്ങളായി പത്താംതരം തുല്യത പരീക്ഷയിൽ കണ്ണൂർ സെൻട്രൽ ജയിലിന് നൂറു ശതമാനം വിജയമാണ്.
പ്രകൃതി വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം
ചക്കരക്കൽ:പ്രകൃതി വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തം.ഭൂഉടമകളുടെ അനുവാദമില്ലാതെയാണ് അവരുടെ സ്ഥലത്ത് പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നത്.പൈപ്പ് ലൈൻ സ്ഥാപിക്കുന്ന സ്ഥലത്തിന്റെ സർവ്വേ നമ്പർ മുൻപ് വില്ലജ് ഓഫീസുകളിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. എന്നാൽ ഭൂരിപക്ഷ ഭൂവുടമകളും ഇതറിഞ്ഞിട്ടില്ല.വീടുകൾക്ക് സമീപത്തുകൂടിയാണ് ചിലയിടങ്ങളിൽ പൈപ്പ് ലൈൻ കടന്നുപോകുന്നത്.ഇത് അപകട സാധ്യത വർധിപ്പിക്കുന്നു തുടങ്ങിയ കാരണങ്ങൾ കാണിച്ചാണ് പ്രതിഷേധം.പുറവൂർ,കാഞ്ഞിരോട് ഭാഗങ്ങളിൽ കുറെ ദിവസങ്ങളായി പ്രതിഷേധം തുടരുകയാണ്. അതേസമയം കനത്ത പോലീസ് കാവലിൽ പറവൂരിൽ ചൊവ്വാഴ്ച വാതക പൈപ്പ് ലൈൻ പണി തുടങ്ങി.പണി തടയാനെത്തുന്ന സമരക്കാരെ നേരിടാൻ കണ്ണൂർ സി.ഐ രത്നാകരന്റെ നേതൃത്വത്തിൽ ചക്കരക്കൽ എസ്‌ഐ മാരായ ബിജു,കനകരാജൻ,അനിൽകുമാർ തുടങ്ങിയവരും 40 ഓളം പോലീസുകാരും സ്ഥലത്തുണ്ട്.നാട്ടുകാരുടെ ആശങ്കയകറ്റാൻ ഏതു സമയം വന്നാലും കൃത്യമായ വിവരങ്ങൾപറഞ്ഞുകൊടുക്കുമെന്ന് ഗെയിൽ മാനേജർ പി.ഡി അനിൽകുമാർ വ്യക്തമാക്കി.
മുസ്ലിം ലീഗ്,സിപിഎം ഓഫീസുകൾക്ക് നേരെ ആക്രമണം നടത്തിയ 20 പേർക്കെതിരെ കേസ്
ശ്രീകണ്ഠപുരം:വിളക്കന്നൂരിൽ മുസ്ലിം ലീഗ് ഓഫീസായ സി.എച് സൗധത്തിനും ചുഴലി മാവിലംപാറയിൽ സിപിഎം ഓഫീസായ ഇ.കെ നായനാർ സ്മാരക മന്ദിരത്തിനും നേരെ അക്രമം നടത്തിയ ഇരുപതുപേർക്കെതിരെ കേസെടുത്തു.കാറിലും ബൈക്കിലുമായെത്തിയ സിപിഎം സംഘമാണ് തിങ്കളാഴ്ച്ച രാത്രിയോടെ ലീഗ് ഓഫീസിനു നേരെ കരിഓയിൽ ഒഴിച്ച ശേഷം തീവെക്കാൻ ശ്രമിച്ചത്.തീപടരുന്നത് കണ്ട് ഓടിയെത്തിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെടുകയായിരുന്നുവെന്ന് ലീഗ് പ്രവർത്തകർ പറഞ്ഞു.മാവിലാംപാറയിലെ സിപിഎം ഓഫീസിനു നേരെ ചൊവ്വാഴ്ച പുലർച്ചയോടെയാണ് അക്രമം നടന്നത്.ഓഫീസിന്റെ ജനൽച്ചില്ലുകളും കസേരകളും മുസ്‌ലീഗ് സംഘം നശിപ്പിച്ചതായി സിപിഎം നേതാക്കൾ പറഞ്ഞു.നേരത്തെ പലതവണ ഈ രണ്ട് ഓഫീസുകളും അക്രമിക്കപ്പെട്ടിരുന്നു.
കണ്ണൂർ റെവന്യൂ ജില്ലാ സ്കൂൾ കായികമേള;നോർത്ത് ഉപജില്ല ചാമ്പ്യന്മാർ
കണ്ണൂർ:മൂന്നു ദിവസങ്ങളിലായി നടന്ന കണ്ണൂർ റെവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ കണ്ണൂർ നോർത്ത് ഉപജില്ല ചാമ്പ്യന്മാരായി.30 സ്വർണ്ണമെഡലുകളടക്കം 217 പോയിന്റ് നേടിയാണ് നോർത്ത് ഉപജില്ലാ ഒന്നാമതെത്തിയത്.15 സ്വർണമടക്കം 140 പോയിന്റ് നേടി തളിപ്പറമ്പ് ഉപജില്ലാ രണ്ടാം സ്ഥാനത്തെത്തി.ഒൻപതു സ്വർണം അടക്കം 119.5 പോയിന്റ് നേടി പയ്യന്നൂർ ഉപജില്ലാ മൂന്നാമതെത്തി.140 പോയിന്റ് നേടിയ എളയാവൂർ സി.എച്.എം.എച്.എസ്.എസ് ആണ് കണ്ണൂർ നോർത്ത് ഉപജില്ലയിൽ ഏറ്റവും പോയിന്റ് നേടിയ സ്കൂൾ.21 സ്വർണവും ഒൻപതു വീതം വെള്ളിയും വെങ്കലവും ഈ സ്കൂളിലെ കൊച്ചു കായിക താരങ്ങൾ സ്വന്തമാക്കി.35 പോയിന്റ് നേടിയ ജി.എച്.എസ്.എസ് പ്രാപ്പൊയിൽ രണ്ടാം സ്ഥാനവും ഗവ.എച്.എസ്.എസ് കോഴിച്ചാൽ മൂന്നാം സ്ഥാനവും നേടി.15 സബ്‌ജില്ലകളിൽ നിന്നായി 2500 ഓളം മത്സരാർഥികൾ മേളയിൽ പങ്കെടുത്തു.ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ 20 മുതൽ 23 വരെ കോട്ടയം പാലായിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കും.കണ്ണൂർ റെവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ വിജയികളായവർക്ക് പി.കെ ശ്രീമതി എം.പി സമ്മാനങ്ങൾ വിതരണം ചെയ്തു. വിരമിക്കുന്ന കായികാധ്യാപകരെ ചടങ്ങിൽ ആദരിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ എം.എസ്.എഫ് യുണിറ്റ് സെക്രെട്ടറിക്ക് വെട്ടേറ്റു
തളിപ്പറമ്പ്:തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ എം.എസ്.എഫ് യുണിറ്റ് സെക്രെട്ടറിക്ക് വെട്ടേറ്റു.നദീർ പെരിങ്ങത്തൂരിനാണ് ഇന്നലെ വൈകുന്നേരം ക്‌ളാസ് കഴിഞ്ഞു മടങ്ങവേ വെട്ടേറ്റത്.എസ്എഫ്ഐ തളിപ്പറമ്പ് ഏരിയ സെക്രട്ടറി പ്രജീഷ് ബാബുവും സുഹൃത്തുമാണ് അക്രമം നടത്തിയതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.പുറത്ത് പരിക്കേറ്റ നദീറിനെ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ 11 ന് കോളേജ് തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ക്ക് ലഭിച്ച അസോസിയേഷന്റെ ഉൽഘാടനത്തിന് പുറത്തു നിന്നും ആളുകൾ വന്നിരുന്നു.ഇത് എംഎസ്എഫ് പ്രവർത്തകർ തടഞ്ഞിരുന്നു.ഇതിനെ തുടർന്ന് അസോസിയേഷന്റെ ഉൽഘാടനം ഉപേക്ഷിച്ചിരുന്നു.ഇതാണ് അക്രമത്തിനു കാരണമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഷാർജയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു
ഷാർജ:ഷാർജയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു.പരുമല മാന്നാർ സ്വദേശി കടവിൽ വർഗീസ് മാത്യു-സിബി ദമ്പതികളുടെ മകൻ ജോർജ്.വി.മാത്യു(13) ആണ് മരിച്ചത്.ഷാർജ ഡി പി എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ജോർജ്.വി.മാത്യു.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത്.അൽ മജാസിൽ റോഡ് മുറിച്ചു കിടക്കവേ സിഗ്നൽ തെറ്റിച്ചു വന്ന വാഹനം ഇടിച്ചാണ് ജോർജ് മരിച്ചത്.സംസ്കാരം പിന്നീട് നാട്ടിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മട്ടൻ ബിരിയാണി കിട്ടിയില്ല;സീരിയൽ നടിയും സംഘവും ഹോട്ടൽ ജീവനക്കാരനെ മർദിച്ചു
കോഴിക്കോട്:മട്ടൻ ബിരിയാണി തീർന്നുപോയതിന് ഹോട്ടൽ ജീവനക്കാരനെ സീരിയൽ നടിയും സംഘവും ചേർന്ന് മർദിച്ചു.കഴിഞ്ഞ ദിവസം കോഴിക്കോട് റഹ്മത് ഹോട്ടലിലാണ് സംഭവം.തൃശൂർ കുന്നംകുളം സ്വദേശിനി അനു ജൂബി,ഇവരുടെ സുഹൃത്തുക്കളായ മംഗലാപുരം സ്വദേശിനി മുനീസ,എറണാകുളം പാലാരിവട്ടം സ്വദേശി നവാസ്,പൂവാട്ടുപറമ്പ് സ്വദേശി എന്നിവരെയാണ് ടൌൺ പോലീസ് അറസ്റ്റ് ചെയ്തത്.അനുവും സംഘവും ഹോട്ടലിലെത്തി ജീവനക്കാരോട് മട്ടൻ ബിരിയാണി ആവശ്യപ്പെട്ടുവെങ്കിലും തീർന്നുപോയെന്നു ഇയാൾ അറിയിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്.ഹോട്ടൽ ജീവനക്കാരോട് ക്ഷോഭിച്ച അനുവും മുനീസയും ഇയാളെ മർദിക്കുകയും ചെയ്തു.ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയവർ പ്രശ്‌നത്തിൽ ഇടപെട്ടുവെങ്കിലും നടിയും സംഘവും ഇവരോടും തട്ടിക്കയറുകയായിരുന്നു.ഹോട്ടൽ അധികൃതർ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.ഇവരിൽ ഒരാൾ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.