News Desk

ഇരുപതുലക്ഷം രൂപയുടെ നിരോധിത നോട്ടുകൾ പിടിച്ചെടുത്തു

keralanews banned currency worth 20lakhs seized

കണ്ണൂർ:വാഹനത്തിൽ കടത്തുകയായിരുന്ന ഇരുപതുലക്ഷം രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി.പുതുച്ചേരി രെജിസ്ട്രേഷനുള്ള കാറിൽ നിരോധിത കറൻസിയുമായി ഒരു സംഘം പോകുന്നുണ്ടെന്ന വിവരം കണ്ണൂർ ഡിവൈഎസ്പി സദാനന്ദന് ലഭിക്കുകയായിരുന്നു.തലശ്ശേരി ഭാഗത്തേക്കാണ് കാർ പോയതെന്നായിരുന്നു വിവരം.പിന്നീട് ഈ വാഹനത്തെ എടക്കാട് വെച്ച് കണ്ണൂർ സിറ്റി സി.ഐ കെ.വി പ്രമോദൻ കണ്ടെത്തി.സി.ഐ പ്രമോദന്റെ നേതൃത്വത്തിലുള്ള സംഘം കാറിനെ പിന്തുടരുകയായിരുന്നു.കതിരൂർ ആറാംമൈലിലെ ഒരു വീട്ടിൽ വെച്ച് പണം കൈമാറുന്നതിനിടെ പോലീസ് ഈ സംഘത്തെ പിടികൂടി.അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നിരോധിത നോട്ടുകളായിരുന്നു ഇവരുടെ കൈവശം ഉണ്ടായിരുന്നത്. സംഭവത്തിൽ റസാഖ് ശങ്കരനെല്ലൂർ,ഫൈസൽ മൗവ്വേരി,അജേഷ് ചൊക്ലി,തയൂബ്‌ റഷീദ് ആറാംമൈൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.ഒരുകോടി രൂപ കടത്തുന്നുണ്ടെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം.എന്നാൽ ഇവരിൽ നിന്നും 20 ലക്ഷം രൂപയാണ് കണ്ടെടുത്തത്.ബാക്കി പണത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി

keralanews actor dileep visited sabarimala

പത്തനംതിട്ട:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി.ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്.സോപാനത്തും മാളികപ്പുറത്തും ദർശനം നടത്തിയ ശേഷം മേൽശാന്തിയെ കണ്ടതിനു ശേഷമാണ് ദിലീപ് മടങ്ങിയത്.സഹോദരൻ അനൂപ്,സഹോദരി ഭർത്താവ്,ഗണേഷ് കുമാറിന്റെ പി.എ എന്നിവരോടൊപ്പമാണ് ദിലീപ് ശബരിമലയിലെത്തിയത്.അതേസമയം ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.ഇതിന്റെ മുന്നോടിയായി അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗവും ഇന്ന് ചേരുന്നുണ്ട്.

തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ നാല് മലയാളികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു

keralanews seven including four malayalees died in an accident in tamilnadu

തമിഴ്നാട്:കടലൂരിന് സമീപം രാമനാഥത്തു കാറപകടത്തിൽ നാലു മലയാളികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു.ഇവർ സഞ്ചരിച്ച കാർ ഇന്നലെ പുലർച്ചെ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ പ്രകാശ്,സഹോദരൻ പ്രദീപ്,പ്രകാശിന്റെ ഭാര്യ പ്രിയ,ജോഷി,തമിഴ്നാട് സ്വദേശികളായ മിഥുൻ,ശരവണൻ,ഡ്രൈവർ ശിവ എന്നിവരാണ് മരിച്ചത്.പ്രകാശ് ചെന്നൈ ബിൽറൂത് ആശുപത്രിയിൽ റേഡിയോളോജിസ്റ്റും പ്രിയ ചിന്താമണി ആശുപത്രിയിൽ നഴ്സുമാണ്.പ്രകാശിന്റെ അമ്മയുടെ സഹോദരിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു ഇവർ.

ഐസ്ക്രീം പാർലറിൽ വൻ തീപിടുത്തം

keralanews fire in an icecream parlour in kanjangad

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നഗരത്തിലെ ഐസ്ക്രീം പാർലറിൽ തീപിടുത്തം.ബസ്സ്റ്റാൻഡ് പരിസരത്തെ കൂൾ ലാൻഡ് ബേക്കറി ആൻഡ് ഐസ്ക്രീം പാർലറിലാണ് തീപിടുത്തം ഉണ്ടായത്.ഇന്ന് രാവിലെ എട്ടുമണിയോട് കൂടി ഐസ്ക്രീം പാർലറിന്റെ അടച്ചിട്ട ഷട്ടറിലൂടെ പുക ഉയരുന്നത് കണ്ട നാട്ടുകാർ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണൻ മാവിലയുടെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേന കടയുടെ പൂട്ട് തകർത്ത് അകത്തു കയറി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. കടയിലെ രണ്ടു ഫ്രീസറുകൾ കത്തിനശിച്ചു.ഫ്രീസറിൽ നിന്നുള്ള ഷോർട് സർക്യുട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.

ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ ഗാർഹിക പീഡനത്തിന് കേസ്

keralanews cricketer yuvaraj singh has been charged with domestic violence case

ന്യൂഡൽഹി:ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനും സഹോദരനും അമ്മയ്ക്കുമെതിരേ ഗാർഹിക പീഡനക്കുറ്റം ആരോപിച്ച് പരാതി.യുവരാജിന്‍റെ സഹോദരൻ സൊരാവർ സിംഗിന്‍റെ ഭാര്യയും ബിഗ് ബോസ് ടിവി ഷോ മത്സരാർഥിയുമായിരുന്ന അകാൻഷ ശർമയാണ് പരാതി നല്‍കിയത്.ഭർത്താവിന്‍റെ വീട്ടുകാർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.പരാതി പ്രകാരം ഗുഡ്ഗാവ് പോലീസ് യുവരാജിനും മാതാവിനും സഹോദരനും നോട്ടീസ് അയച്ചു.ഭർത്താവും ഭർത്യമാതാവും ഗർഭിണിയാകാൻ തന്നെ നിർബന്ധിച്ചുവെന്നും സമ്പത്തിന്‍റെ പേരിൽ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് അകാൻഷയുടെ പരാതി. തന്നെ ഇവർ പീഡിപ്പിക്കുന്നതിനെതിരെ യുവരാജ് പ്രതികരിക്കാതെ കണ്ടുനിന്നതിനാണ് അദ്ദേഹത്തിനെതിരേയും പരാതി നൽകിയിരിക്കുന്നത്. യുവരാജിന്‍റെ ഇളയ സഹോദരനായ സൊരാവറും അകാൻഷയും തമ്മിലുള്ള വിവാഹം 2014-ലാണ് നടന്നത്.ബിഗ്‌ബോസ് ഷോ നാലുമാസം പൂർത്തിയായപ്പോൾ തന്റെ വിവാഹം ആണെന്ന് അറിയിച്ച് അകാൻഷ ഷോയിൽ നിന്നും പിന്മാറിയിരുന്നു.പിന്നീട് ഇവരുടെ ബന്ധത്തിൽ താളപ്പിഴകൾ ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ വർഷം അകാൻഷ വിവാഹ മോചന കേസ് ഫയൽ ചെയ്തിരുന്നു.ഇത് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

ഒ​ഡീ​ഷ​യി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ തീപിടുത്തം;എ​ട്ടു പേ​ർ മ​രി​ച്ചു

keralanews eight killed in explosion at cracker factory at odisha

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോറെ ജില്ലയിൽ അനധികൃത പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരു കുട്ടിയുൾപ്പെടെ എട്ടു പേർ മരിച്ചു. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്.ലൈസൻസില്ലാതെ പ്രവർത്തിച്ച പടക്ക നിർമാണശാലയിലാണ് ദുരന്തം ഉണ്ടായത്. പടക്ക നിർമാണശാല ഉടമയുടെ മകനും സ്ഫോടനത്തിൽ മരിച്ചു.സ്ഫോടനം നടക്കുമ്പോൾ 12 തൊഴിലാളികളാണ് ഇവിടെ  ഉണ്ടായിരുന്നത്.ബുധനാഴ്ച രാവിലെ റൂർക്കലയിലും പുരിയിലും സമാനമായ അപകടമുണ്ടായി. റൂർക്കലയിലെ പടക്കശാലയിലുണ്ടായ അഗ്നിബാധയിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുരിയിലെ പിപ്പിലിയിലുണ്ടായ ദുരന്തത്തിൽ ഒരാൾ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു.ഇവരുടെ കാഴ്ച ശക്തി നഷ്ട്ടപ്പെട്ടു.

കീഴാറ്റൂരില്‍ വയല്‍ ഒഴിവാക്കി ബൈപ്പാസ് നിർമിക്കാൻ ധാരണ

keralanews bypass will be constructed by avoiding fields in keezhattoor

കണ്ണൂർ:വയൽ നികത്തി ബൈപ്പാസ് നിർമിക്കുന്നതിനെതിരെ ജനകീയ സമരം നടന്ന കീഴാറ്റൂരില്‍ വയല്‍ ഒഴിവാക്കി ബൈപ്പാസ് നിര്‍മ്മിക്കാന്‍ ധാരണ.കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.തീരുമാനം ദേശീയപാത അതോറിറ്റിയെ അറിയിക്കും.അന്തിമ തീരുമാനം എടുക്കേണ്ടത് ദേശീയപാത അതോറിറ്റി ആണ്.തീരുമാനത്തിൽ  പൂര്‍ണ തൃപ്തി ഇല്ല,എങ്കിലും നിർദേശം അംഗീകരിക്കുന്നതായി  സമരസമിതി അറിയിച്ചു.വിദഗ്ധ സംഘം ഇന്ന് കീഴാറ്റൂരില്‍ സന്ദര്‍ശനം നടത്തി.വയല്‍ ഒഴിവാക്കികൊണ്ടുള്ള ബദല്‍ മാര്‍ഗങ്ങള്‍ ആരായുന്നതിനായാണ് പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദേശപ്രകാരം വിദഗ്ധ സംഘത്തെ നിയോഗിച്ചത്. പ്രദേശത്ത് സന്ദര്‍ശനം നടത്തിയശേഷം സമരസമിതി നേതാക്കള്‍ അടക്കമുള്ളവരുമായി കലക്ടറേറ്റില്‍ സംഘം നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയിലെത്തിയത്.

കല്യാശ്ശേരിയിലെ സിവിൽ സർവീസ് അക്കാദമിയിൽ ഡിജിറ്റൽ ക്ലാസ് റൂം സ്ഥാപിക്കും;ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ

keralanews digital class room will be established in kalyasseri civil service academy

കണ്ണൂർ: കല്യാശേരിയിലെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ 60 ലക്ഷം രൂപ എംഎൽഎ ഫണ്ട് ഉപയോഗിച്ച്  ഡിജിറ്റൽ ക്ലാസ്റൂം സ്ഥാപിക്കുമെന്നു ടി.വി. രാജേഷ് എംഎൽഎ പറഞ്ഞു.ഇതിലൂടെ തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിൽനിന്നുള്ള ക്ലാസുകൾ ഇവിടെ ലഭ്യമാക്കാനാവും. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പിന്‍റെ ബഹുസ്വരാധിഷ്ഠിത ഇന്ത്യൻ ദേശീയത സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ജില്ലാതല സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അക്കാദമിയിൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കാൻ 30 ലക്ഷം രൂപ അനുവദിക്കാനുള്ള നിർദേശം ജില്ലാ പഞ്ചായത്ത് അംഗീകരിച്ചതായും എംഎൽഎ അറിയിച്ചു. കല്യാശേരി അക്കാദമിയിൽ പ്രിലിമിനറി പരീക്ഷാ പരിശീലനം ആരംഭിക്കാൻ കഴിയണം. നിലവിൽ ഫൗണ്ടേഷൻ കോഴ്സുകളാണുള്ളത്.പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കു 50 ശതമാനം സംവരണമുള്ള കേരളത്തിലെ ആദ്യത്തെ സിവിൽ സർവീസ് അക്കാദമിയാണ് കല്യാശ്ശേരിയിലേത്.ഡോർമിറ്ററിയും കാന്‍റീനുമടക്കം എല്ലാ സൗകര്യങ്ങളുമുള്ള ഇവിടേക്ക് മിടുക്കരായ പട്ടികജാതി-പട്ടികവർഗ വിദ്യാർഥികളെ കണ്ടെത്തി എത്തിക്കാൻ പ്രൊമോട്ടർമാരും ജനപ്രതിനിധികളും ശ്രദ്ധിക്കണം. എട്ടാം ക്ലാസ് മുതൽ പരിശീലനം നൽകി പട്ടികജാതി-പട്ടികവർഗ സങ്കേതങ്ങളിൽ നിന്നു സിവിൽ സർവീസുകാർ ഉയർന്നുവരണമെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി പ്രവർത്തിക്കണമെന്നും ടി.വി രാജേഷ് എംഎൽഎ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഒന്നാംപ്രതി ആയേക്കും

keralanews dileep will be the first accused in the actress attack case

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഒന്നാംപ്രതി ആയേക്കുമെന്നു സൂചന.നിലവിൽ പൾസർ സുനി ഒന്നാം പ്രതിയും ദിലീപ് പതിനൊന്നാം പ്രതിയുമാണ്.ആക്രമിച്ച ആളും ആക്രമണത്തിന് നിർദേശം നൽകിയ ആളും തമ്മിൽ വ്യത്യാസമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.ദിലീപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കുറ്റകൃത്യം നടത്തിയത്.കൃത്യം നടത്തിയവർക്ക് നടിയോട് വ്യക്തിവൈരാഗ്യം ഇല്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.ഈ അവസരത്തിൽ ഇതിനായി ഗൂഢാലോചന നടത്തിയ ദിലീപിനെ ഒന്നാം പ്രതിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.നാളെ എ ഡി ജി പി ബി.സന്ധ്യയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ നിർണായക യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.

ബെംഗളൂരുവിൽ നിന്നും 35 പവൻ സ്വർണം കവർന്ന മലയാളി യുവതി പോലീസ് പിടിയിൽ

keralanews police arrested malayali woman who stoled gold from bengalooru

തലശ്ശേരി:ബെംഗളൂരുവിൽ നിന്നും 35 പവൻ സ്വർണം കവർന്ന മലയാളി യുവതി പോലീസ് പിടിയിൽ.തലശ്ശരി ടെംപിൾ ഗേറ്റ് പുതിയ റോഡിലെ ക്വാർട്ടേഴ്‌സിൽ വാടകയ്ക്ക് താമസിച്ചിരുന്ന തനൂജയെയാണ്(24) കേരളാ -കർണാടക പോലീസ് സംയുക്തമായി പിടികൂടിയത്.കവർച്ച ചെയ്ത സ്വർണ്ണം തലശ്ശേരി,കൂത്തുപറമ്പ് എന്നിവിടങ്ങളിലെ വിവിധ ബാങ്കുകളിൽ നിന്നും കണ്ടെടുത്തു. കർണാടക ആരോഗ്യവകുപ്പിലെ ജീവനക്കാരിയായ പയ്യന്നൂർ സ്വദേശിനിയുടെ വീട്ടിൽ നിന്നാണ് തനൂജ സ്വർണ്ണം മോഷ്ടിച്ചത്.കഴിഞ്ഞ ഓഗസ്റ്റിലാണ് തനൂജ ഇവരുടെ വീട്ടിൽ ജോലിക്കെത്തിയത്. സെപ്റ്റംബർ 28 മുതൽ തനൂജയെ ഇവിടെ നിന്നും കാണാതായി.തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും സ്വർണ്ണം കളവുപോയതായി കണ്ടെത്തി. ഇതേതുടർന്ന് വീട്ടമ്മ പോലീസിൽ പരാതി നൽകി.പോലീസ് അന്വേഷണത്തിൽ യുവതി നൽകിയ വിലാസം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.പിന്നീട് തൊട്ടടുത്ത് താമസിച്ചിരുന്ന യുവാവുമായി തനൂജയ്ക്കുണ്ടായ പ്രണയം കണ്ടെത്തിയ പോലീസ് യുവതി കേരളത്തിൽ ഉണ്ടെന്നു കണ്ടെത്തി.തുടർന്ന് കർണാടക പോലീസ് കേരള പോലീസിന്റെ സഹായം തേടി.പോലീസിന്റെ നിർദേശ പ്രകാരം യുവാവ് തനൂജയെ വിളിച്ചു.താൻ വടകരയിൽ ഉണ്ടെന്നു യുവതി പറഞ്ഞതിനെ തുടർന്ന് പോലീസ് അന്വേഷിച്ചെത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല.ഇതിനിടയിൽ യുവതിക്ക് തലശ്ശേരിയിലെ ഓട്ടോ ഡ്രൈവറുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പോലീസ്  ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.ഇയാളിൽ നിന്നാണ് യുവതിയുടെ ടെംപിൾ ഗേറ്റിനു സമീപത്തെ താമസസ്ഥലം കണ്ടെത്തിയത്.തുടർന്ന് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു ബംഗളൂരുവിലേക്ക് കൊണ്ടുപോയി.പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.