തമിഴ്നാട്:നാഗപട്ടണത്ത് കെട്ടിടം തകർന്നു വീണ് എട്ടുപേർ മരിച്ചു.നാഗപട്ടണം ജില്ലയിലുള്ള ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്.പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം നടന്നത്.നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. കെട്ടിടത്തിൽ ഉറങ്ങുകയായിരുന്ന ട്രാൻസ്‌പോർട് ബസ് ജീവനക്കാർക്കാണ് പരിക്കേറ്റത്.കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ.
മുരുകന്റെ മരണം;മെഡിക്കൽ കോളേജിന് വീഴ്ച പറ്റിയെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ
കൊച്ചി: തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ ലഭിക്കാതെ മരണമടഞ്ഞ സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് വീഴ്ചപറ്റിയെന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.റിപ്പോർട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു. ഡോക്ടര്‍മാര്‍ തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിച്ചിരുന്നുവെങ്കില്‍ മുരുകന് മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.മുരുകന്‍റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ട ഒരു നടപടികളും മെഡിക്കല്‍ കോളജിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കേസിലെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടെങ്കിലും പോലീസ് സമയം ചോദിച്ചിരിക്കുകയാണ്.കേസ് ഈ മാസം 24ലേക്ക് മാറ്റിയതായും ഹൈക്കോടതി അറിയിച്ചു.ഓഗസ്റ്റ് ഏഴാം തീയതിയാണ് റോഡപകടത്തിൽ പരിക്കേറ്റ മുരുകനെ അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.മെഡിക്കൽ കോളേജ് അധികൃതർ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മുരുകൻ മരണത്തിനു കീഴടങ്ങുകയായിരുന്നു.
പെരുമ്പാവൂരിൽ നിന്നും 120 കിലോ കഞ്ചാവ് പിടികൂടി
പെരുമ്പാവൂർ:പെരുമ്പാവൂരിൽ നിന്നും 120 കിലോ കഞ്ചാവ് പിടികൂടി.സംഭവത്തിൽ മൂന്നുപേർ പോലീസ് പിടിയിലായി.അടിമാലി കമ്പിളിക്കണ്ടം സ്വദേശി വിനോദ്,കാഞ്ഞിരപ്പള്ളി സ്വദേശി ജോബി,തൃശൂർ സ്വദേശി മാത്യു എന്നിവരാണ് പോലീസ് പിടിയിലായത്.ആന്ധ്രായിൽ നിന്നെത്തിച്ച കഞ്ചാവാണ് ഇതെന്നാണ് പോലീസിന്റെ നിഗമനം.ഇടുക്കിയിലേക്ക് കടത്താൻ ശ്രമിക്കവെയാണ് ഇവർ പോലീസ് പിടിയിലായത്.ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാനും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഈ വാനിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.സമീപകാലത്ത് പോലീസ് നടത്തിയ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.
നഴ്സുമാരുടെ ശമ്പള വർധന ശുപാർശയ്ക്ക് മിനിമം വേതന സമിതിയുടെ അംഗീകാരം
തിരുവനന്തപുരം:സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളം വർധിപ്പിക്കാനുള്ള ശുപാർശയ്ക്ക് മിനിമം വേതന സമിതിയുടെ അംഗീകാരം.എന്നാൽ ആശുപത്രി മാനേജ്‌മെന്റുകൾ ഈ തീരുമാനത്തിനോട് യോജിച്ചിട്ടില്ല.ഇക്കാര്യത്തിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ ലേബർ കമ്മീഷണർ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകും.ഒക്ടോബർ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പള വർദ്ധനവ് നടപ്പിലാക്കാനാണ് റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്.
കോഴിക്കോട് കടലുണ്ടിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു
കോഴിക്കോട്:കോഴിക്കോട് കടലുണ്ടി പുഴയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു.പറയന്റവിട വീട്ടിൽ അനീഷ്,വള്ളിക്കുന്ന് എണ്ണാകുളത്തിൽ നികേഷ് എന്നിവരാണ് മരിച്ചത്.കടലുണ്ടി വാവുത്സവം കാണാൻ സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു രണ്ടുപേരും.പുഴയിൽ ഫൈബർ ബോട്ടിൽ യാത്ര ചെയ്യവേ ബോട്ട് മറിയുകയായിരുന്നു.രണ്ടുപേർക്ക് മാത്രം കയറാൻ പറ്റിയ ബോട്ടിൽ ആറുപേർ കയറിയതാണ് ബോട്ട് മറിയാൻ കാരണം.ബോട്ടിലുണ്ടായിരുന്ന മറ്റു നാലുപേരെ മൽസ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തുകയായിരുന്നു.മരിച്ച രണ്ടുപേർക്കും നീന്തൽ അറിയില്ലായിരുന്നു.മൃതദേഹനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നടൻ ദിലീപ് വ്യാജ ചികിത്സാരേഖ ഉണ്ടാക്കിയതായി പോലീസ്
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ് വ്യാജ ചികിത്സാരേഖ ഉണ്ടാക്കിയതായി റിപ്പോർട്ട്.ദിലീപിന്റെ ആവശ്യപ്രകാരമാണ് ഇത്തരത്തിൽ രേഖയുണ്ടാക്കിയതെന്ന് ഡോക്റ്റർ പൊലീസിന് മൊഴിനൽകി.നാലു ദിവസം ചികിത്സ നേടിയതായി മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്.പക്ഷെ ഇതേസമയം ദിലീപ് സിനിമ ചിത്രീകരണത്തിൽ ആയിരുന്നെന്നു പോലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡോക്റ്ററിന്റെയും നഴ്സിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി.നടി ആക്രമിക്കപ്പെട്ട സമയത്ത് ആശുപത്രിയിലായിരുന്നു എന്ന് വരുത്തി തീർക്കാനായിരുന്നു ദിലീപിന്റെ നീക്കം.
മലമാനിന്റെ ഇറച്ചിയുമായി നായാട്ടുസംഘം പിടിയിലായി
ഇരിട്ടി:മലമാനിന്റെ ഇറച്ചിയുമായി നായാട്ടുസംഘം പിടിയിലായി.ആറളം പഞ്ചായത്തിലെ വിയറ്റ്നാം പരിപ്പ്‌തോടിൽ നിന്നാണ് ഒരു ക്വിന്റൽ മലമാനിന്റെ ഇറച്ചിയുമായി നാലംഗ സംഘത്തെ വനംവകുപ്പ് അധികൃതർ പിടികൂടിയത്.ഇവരിൽ നിന്നും ലൈസൻസില്ലാത്ത ഒരു തോക്കും പിടിച്ചെടുത്തു.ഇവർ ഇറച്ചി കടത്തിയ ഓട്ടോയും കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം ആറളം ഫാമിൽ നിന്നും മലമാനിന്റെ അവശിഷ്ട്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നായാട്ടു സംഘത്തെ കണ്ടെത്താൻ വനം വകുപ്പ്,കൊട്ടിയൂർ,ആറളം വന്യജീവി സങ്കേതങ്ങളുടെ സംയുക്ത പരിശോധനയിലാണ് നായാട്ടു സംഘം പിടിയിലായത്.ആറളംവനത്തിൽ വെച്ചാണ് തോക്കുപയോഗിച്ച് ഇവർ മലമാനിനെ വെടിവെച്ചത്.ഇതിനു ശേഷം ഇതിനെ ചെറു കഷണങ്ങളാക്കി ഓട്ടോറിക്ഷയിൽ കൊണ്ടുപോകുമ്പോഴാണ് വനം വകുപ്പ് അധികൃതർ പിടികൂടിയത്.സംഘത്തിലുണ്ടായിരുന്ന അഞ്ചുപേരിൽ ഒരാൾ ഓടി രക്ഷപ്പെട്ടു.എടപ്പുഴയിലെ ജോസഫ് മാത്യു,പുത്തൻപുരയ്ക്കൽ ഷിജു ജോർജ്,കുന്നേക്കമണ്ണിൽ വിനോദ് ആന്റണി,ആറളം പുതിയങ്ങാടിയിലെ കെ.ജി ഷൈജു എന്നിവരാണ് പിടിയിലായത്.ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മലമാനിന്റെ അറുത്തുമാറ്റിയ തലയും മറ്റ് ശരീരാവശിഷ്ടങ്ങളും പരിപ്പുതൊട്ടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും കണ്ടെടുത്തു.
താഴെചൊവ്വ,നടാൽ റെയിൽവേ മേൽപ്പാലം പണി ഉടൻ ആരംഭിക്കും
കണ്ണൂർ:താഴെചൊവ്വ,നടാൽ റെയിൽവേ മേൽപ്പാലം പണി ഉടൻ ആരംഭിക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പി.കെ ശ്രീമതി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.സാങ്കേതിക നടപടികൾ പൂർത്തിയാക്കി ഉടൻ പണി തുടങ്ങണമെന്ന് ശ്രീമതി എം.പി യോഗത്തിൽ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ സേതുഭാരതം പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകരിച്ചവയാണ് ഈ രണ്ടു മേൽപ്പാലങ്ങളും.പാപ്പിനിശ്ശേരി അടിപ്പാത,താവം റെയിൽവേ മേൽപ്പാലം,തലശ്ശേരി-വളവുപാറ റോഡ്,എന്നിവയെക്കുറിച്ചും യോഗത്തിൽ ചർച്ച നടന്നു.പാപ്പിനിശ്ശേരി അടിപ്പാതയുടെ നിർമാണത്തിന് ആവശ്യമായ എൻ ഓ സിക്കുള്ള അപേക്ഷ റെയിൽവേക്ക് ഉടൻ നൽകും. പണിയുടെ മാറ്റത്തിനുള്ള അംഗീകാരം ലഭിക്കാത്തതാണ് താവം പാലം പണി പൂർത്തീകരിക്കാനുള്ള തടസ്സമെന്ന് കെ.എസ്.ടി.പി അധികൃതർ വിശദീകരിച്ചു.
പാപ്പിനിശ്ശേരിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
പാപ്പിനിശ്ശേരി:പാപ്പിനിശ്ശേരി കടവ് റോഡിൽ കഞ്ചാവുമായി യുവാവ് പിടിയിലായി.എക്‌സൈസ് സംഘം നടത്തിയ പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ ചിറക്കൽ സ്വദേശി കെ.വിജിലിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.ഇയാളുടെ കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു.1150 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്നും പിടികൂടിയത്.കോടതി ഇയാളെ റിമാൻഡ് ചെയ്തു.ചൊവ്വാഴ്ച രാത്രിയാണ് സംഭവം.എക്‌സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തിയ ഇവർ ബൈക്കുപേക്ഷിച്ചു ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.പിന്നാലെ ഓടിയ എക്‌സൈസ് സംഘം വിജിലിനെ പിടികൂടുകയായിരുന്നു. ഓടിരക്ഷപ്പെട്ടത് മൻസൂർ എന്നയാളാണെന്നും ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും എക്‌സൈസ് സംഘം പറഞ്ഞു.ആന്ധ്രായിൽ നിന്നും സ്ത്രീകളെ ഉപയോഗിച്ചാണ് ഇവർ കഞ്ചാവ് എത്തിക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ.കഴിഞ്ഞ മാസം ഈ കണ്ണിയിൽപെട്ട ഒരു സ്ത്രീയെ എക്‌സൈസ് സംഘം കണ്ണപുരത്തു വെച്ച് പിടികൂടിയിരുന്നു.ആ സമയത്ത് വിജിലും മൻസൂറും സ്ത്രീയുടെ കൂടെ ഉണ്ടായിരുന്നെങ്കിലും പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു.അഞ്ചുവർഷം മുൻപ് വളപട്ടണത്ത് അന്യസംസ്ഥാന തൊഴിലാളി കഴുത്തറുത്തു കൊലചെയ്യപ്പെട്ട കേസിലെ പ്രതികൂടിയാണ് രക്ഷപ്പെട്ട മൻസൂർ.
ചെറുപുഴ കാനംവയലിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
ചെറുപുഴ:ചെറുപുഴ കാനംവയലിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു.കർണാടക വനത്തിൽ നിന്നെത്തിയ കാട്ടാനക്കൂട്ടമാണ് കാനംവയൽ ഇടക്കോളനിയിലെ കൃഷിയിടത്തിൽ വ്യാപക നാശം വരുത്തിയത്.ചൊവ്വാഴ്ച രാത്രി കോളനിയിലെത്തിയ കാട്ടാനക്കൂട്ടം കമുക്,തെങ്ങ്,വാഴ, റബ്ബർ തുടങ്ങിയവ നശിപ്പിച്ചു. പതിനാലുകുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.ഇതിൽ ഏഴുകുടുംബങ്ങൾ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരാണ്.ഇവർ താമസിക്കുന്ന സ്ഥലത്തിന്റെ ഒരതിര് കർണാടക ഫോറെസ്റ്റും മറുവശം കാര്യങ്കോട് പുഴയുമാണ്.ഇവിടെ കാട്ട് മൃഗങ്ങളിൽ നിന്നും രക്ഷനേടാൻ സ്ഥാപിച്ച സൗരോർജവേലികൾ കാടുകയറി നശിച്ച നിലയിലാണ്.