News Desk

പാലയാട് ക്യാമ്പസിലെ സംഘർഷത്തിൽ പരിക്കേറ്റ കെഎസ്‌യു പ്രവർത്തകന്റെ ബൈക്കും തകർത്തും

keralanews ksu workers bike destroyed

തലശ്ശേരി:കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കെഎസ്‌യു പ്രവർത്തകന്റെ ബൈക്ക് തകർത്തു.നിയമവിഭാഗം രണ്ടാം വർഷ വിദ്യാർത്ഥി ജോയൽ വർഗീസിന്റെ ബൈക്കാണ് തകർത്തത്.ജോയൽ താമസിക്കുന്ന പാലയാട് ഹോമിയോ ഡിസ്പെന്സറിക്ക് സമീപത്തുള്ള ഗോകുലം എന്ന വീട്ടിൽ ബൈക്കെടുക്കാനായി പോയ ജോയലിന്റെ കൂട്ടുകാരാണ് വീട്ടുമുറ്റത്ത് ബൈക്ക് തകർത്തതായി കണ്ടത്.ജോയലിന്റെ സഹോദരൻ നിഖിലിന്റെ ഉടമസ്ഥതിയിലുള്ളതാണ് ബൈക്ക്.20000 രൂപയുടെ നഷ്ട്ടം കണക്കാക്കുന്നു.എസ്എഫ്ഐ പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് കെഎസ്‌യു പ്രവർത്തകർ ആരോപിച്ചു.

മാഹി തിരുനാളിന് കൊടിയിറങ്ങി

keralanews mahe church festival ended

മാഹി:മാഹി സെന്റ് തെരേസ ദേവാലയത്തിലെ വിശുദ്ധ ‘അമ്മ ത്രേസ്യയുടെ തിരുനാളിന് ഇന്നലെ കൊടിയിറങ്ങി.പതിനായിരക്കണക്കിന് ആളുകളാണ് തിരുനാളിനായി എത്തിയത്. സമാപന ദിവസമായ ഇന്നലെ ഉച്ചയോടെ വിശുദ്ധ ‘അമ്മ ത്രേസ്യയുടെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം നടന്നു.ഇതിനു ശേഷം പൊതു വണക്കത്തിനായി പ്രതിഷ്ഠിച്ച രൂപം ഇടവക വികാരി ഡോ.ജെറോം ചിങ്ങത്തറയുടെ കാർമികത്വത്തിൽ രഹസ്യ അറയിലേക്ക് മാറ്റി.

തലശ്ശേരി-ഇരിട്ടി റൂട്ടിൽ 12 കെഎസ്ആർടിസി ചെയിൻ സർവീസുകൾക്ക് അനുമതി

keralanews sanction for 12 ksrtc chain service in thalasseri iritty route

കണ്ണൂർ:കണ്ണൂർ ജില്ലയിൽ 12 കെഎസ്ആർടിസി ചെയിൻ സർവീസുകൾക്ക് അനുമതി നൽകി.ഇരിട്ടി-തലശ്ശേരി റൂട്ടുകളിലായിരിക്കും ഇവ സർവീസ് നടത്തുക.15 മിനിറ്റ് ഇടവിട്ടായിരിക്കും ബസുകൾ ഓടുക.മലയോര മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരിട്ടിയിലേക്ക് ബസുകൾ അനുവദിച്ചത്.ജില്ലയിൽ അൻപതോളം സർവീസുകൾ തുടങ്ങാനുള്ള നിർദേശം വിവിധ ഡിപ്പോകൾ വഴി കെഎസ്ആർടിസിക്ക് ലഭിച്ചിട്ടുണ്ട്.പുതിയ ബസുകൾ അനുവദിക്കുന്ന മുറയ്ക്കാകും സർവീസുകൾ തുടങ്ങുക.നവംബർ മാസം പകുതിയോടെ ശബരിമല മണ്ഡല കാലത്തിന്റെ ഭാഗമായി പുതിയ 100 ബസുകൾ കെഎസ്ആർടിസി ഇറക്കുന്നുണ്ട്.ഇതോടെ കൂടുതൽ ബസുകൾ മലബാർ മേഖലയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. തലശ്ശേരിയിൽ നിന്നും സർവീസ് തുടങ്ങുന്ന മുറയ്ക്ക് പുതിയ ബസ്സ്റ്റാൻഡിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടി വരും.ചുരുങ്ങിയത് മൂന്നു ട്രാക്കെങ്കിലും കെഎസ്ആർടിസിക്ക് വേണ്ടിവരുമെന്നാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ഒരു ട്രാക്ക് മാത്രമാണ് കെഎസ്ആർടിസിക്ക് ഉള്ളത്.

കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ജനജാഗ്രതാ യാത്ര കണ്ണൂരിൽ

keralanews janajagrathayathra led by kodiyeri balakrishnan will reach kannur today

കണ്ണൂർ:സിപിഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്‌ണൻ നയിക്കുന്ന ജനജാഗ്രതയാത്രയ്ക്ക് ഇന്ന് കണ്ണൂരിൽ സ്വീകരണം.ശനിയാഴ്ച്ച കാസർകോടുനിന്നാരംഭിച്ച ജനജാഗ്രത യാത്ര ഞായറാഴ്ച ചട്ടഞ്ചാലിൽ നിന്നാണ് പര്യടനം തുടങ്ങിയത്.കണ്ണൂർ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ പയ്യന്നൂരിൽ എൽഡിഎഫ് നേതാക്കളായ പി.ജയരാജൻ,പി.സന്തോഷ് കുമാർ,വി.രാജേഷ് പ്രേം,കെ.കെ.ജയപ്രകാശ്,വി.വി. കുഞ്ഞികൃഷ്ണൻ,സി.വി ശശീന്ദ്രൻ തുടങ്ങിയവർ കോടിയേരിയെ സ്വീകരിച്ചു.യാത്ര തിങ്കളാഴ്ച്ച രാവിലെ പത്തുമണിക്ക് ശ്രീകണ്ഠപുരത്ത് നിന്നാരംഭിച്ച് മട്ടന്നൂർ,പിണറായി,പാനൂർ,തലശ്ശേരി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകുന്നേരം ആറുമണിക്ക് കണ്ണൂരിൽ എത്തിച്ചേരും.ചൊവ്വാഴ്ച പേരാവൂർ മണ്ഡലത്തിൽ ഇരിട്ടിയിലെ പരിപാടിക്ക് ശേഷം ജാഥ വയനാട് ജില്ലയിലേക്ക് പ്രവേശിക്കും.

കർണാടകയിൽ 100 സിസിയിൽ കുറവുള്ള ബൈക്കുകളിൽ ഇനി മുതൽ പിൻസീറ്റുയാത്രയില്ല

keralanews back seat journey baned in less than 100cc bikes in karnataka

ബെംഗളൂരു:കർണാടകയിൽ 100 സിസിയിൽ കുറവുള്ള ബൈക്കുകളിൽ ഇനി മുതൽ പിൻസീറ്റുയാത്ര അനുവദിക്കില്ല.ഇതിനായി മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യാനൊരുങ്ങുകയാണ് കർണാടക സർക്കാർ.അതേസമയം സ്ത്രീകൾ ഉപയോഗിക്കുന്ന മിക്ക ഇരുചക്ര വാഹനങ്ങളും 100 സിസിയിൽ കുറവാണ്.അതിനാൽ വിലക്കുപരിധി 50 സിസിയിലേക്ക്  കുറയ്ക്കുന്ന കാര്യവും പരിഗണനയിലുണ്ട്.100 സിസിയിൽ താഴെയുള്ള ഇരുചക്ര വാഹങ്ങളിൽ പിൻസീറ്റ് യാത്ര നിരോധിച്ചു കർണാടക സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു.പുതിയതായി നിരത്തിലിറക്കുന്ന വാഹനങ്ങൾക്കായിരിക്കും നിയമം ബാധകമായിരിക്കുകയെന്നും നിലവിലുള്ള വാഹനങ്ങളെ ഈ നിയമം ബാധിക്കില്ലെന്നും ട്രാൻസ്‌പോർട് കമ്മീഷണർ ബി.ദയാനന്ദ പറഞ്ഞു.

സ്കൂൾ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നും ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

keralanews student who jumped from the top of the building died

കൊല്ലം:കൊല്ലത്ത് സ്കൂൾ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നും ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഗൗരിയാണ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.അതേസമയം വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയ സംഭവത്തിൽ സ്കൂളിലെ രണ്ട് അധ്യാപികമാർക്കെതിരെ പോലീസ് ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തിരുന്നു. സിന്ധു,ക്രെസന്റ് എന്നീ അദ്ധ്യാപികമാർക്കെതിരെയാണ് കേസ്.കഴിഞ്ഞ ദിവസം സ്കൂളിൽ വെച്ച് സഹപാഠിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് കുട്ടിയെ അദ്ധ്യാപികമാർ സ്റ്റാഫ് റൂമിൽ വിളിച്ചു വരുത്തി എല്ലാവരുടെയും മുൻപിൽ വെച്ച് ശകാരിച്ചിരുന്നു.ഇതിനു പിന്നാലെയാണ് കുട്ടി കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിയത്.കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് അധ്യാപികമാർക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്കൂളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾ തിരുവനന്തപുരത്തു നടക്കും.

കാഞ്ഞങ്ങാട് നിർത്തിയിട്ട ലോറിക്കുള്ളിൽ ക്ളീനറുടെ മൃതദേഹം കണ്ടെത്തി

keralanews cleaners dead body found inside the lorry

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നിർത്തിയിട്ട ലോറിക്കുള്ളിൽ ക്ളീനറുടെ മൃതദേഹം കണ്ടെത്തി. നീലേശ്വരം കാര്യമങ്ങാട്ട് ഏച്ചിക്കാനം സ്വദേശി നാരായണന്റെ മൃതദേഹമാണ് പടന്നക്കാട് പെട്രോൾ പമ്പിൽ നിർത്തിയിട്ട ലോറിക്കുള്ളിൽ കണ്ടെത്തിയത്.രാവിലെ ലോറിയെടുക്കാനായി ഡ്രൈവർ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.ഇയാളുടെ തലയുടെ പിൻഭാഗത്ത് അടിയേറ്റത്തിന്റെ പാടുകൾ ഉണ്ടായിരുന്നു.ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന ഇയാൾ സഹോദരിക്കൊപ്പമായിരുന്നു താമസം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.

അ​ഞ്ച​ര​ക്ക​ണ്ടി​യി​ൽ വ്യാ​ജ മ​ണ​ൽ നി​ർ​മാ​ണ കേ​ന്ദ്രം ക​ണ്ടെ​ത്തി

keralanews fake sand making center found in anjarakkandy

കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണാടിവെളിച്ചത്ത് വ്യാജമണൽ നിർമാണ കേന്ദ്രം കണ്ടെത്തി.ആയിക്കര ഹാർബറിന്‍റെ ആഴംകൂട്ടൽ പ്രവൃത്തിക്കായി ഡ്രഡ്ജ് ചെയ്തു നീക്കുന്ന ചെളി ശേഖരിച്ച് കടൽമണലും പേരിനു പുഴമണലും ചേർത്ത് വിൽക്കുന്ന തട്ടിപ്പുസംഘത്തിന്‍റെ മിക്സിംഗ് യൂണിറ്റാണ് ചക്കരക്കൽ പോലീസ് അഞ്ചരക്കണ്ടിയിൽ കണ്ടെത്തിയത്.ഇവിടെ നിന്നും അനധികൃതമായി  സൂക്ഷിച്ച 40 ലോഡോളം മണലും പോലീസ് പിടികൂടി.ചക്കരക്കൽ പ്രിൻസിപ്പൽ എസ്ഐ പി. ബിജുവിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വ്യാജ മണൽ നിർമാണകേന്ദ്രം കണ്ടെത്തിയത്.ഡ്രഡ്ജ് ചെയ്തു നീക്കുന്ന ചെളിയും മണലും 100 അടിക്ക് 2000 രൂപ നിരക്കിലാണ് തുറമുഖ അധികൃതർ വിൽക്കുന്നത്. പ്രധാനമായും സ്ഥലം നികത്തുന്നതിനും മറ്റുമാണ് ഇത് ഉപയോഗിക്കാറുള്ളത്. ഡ്രഡ്ജിംഗ് മണൽ വാങ്ങി സംഭരിക്കുന്ന മണൽമാഫിയ കർണാടകയിൽനിന്നുള്ള പുഴമണലും അനധികൃതമായി ശേഖരിക്കുന്ന കടൽമണലും ചേർത്ത് വൻ വിലയ്ക്ക് വിറ്റുവരികയാണ്. ഇത്തരം മണലിന് ഒരു ലോഡിന് 15,000 രൂപ വരെയാണ് ഈടാക്കുന്നത്.ഈ മണൽ ഉപയോഗിച്ച് വീടു നിർമിച്ചാൽ രണ്ടുവർഷത്തിനകംതന്നെ ചോർച്ച സംഭവിക്കുമെന്ന് എൻജിനിയർമാർ പറയുന്നു.കഴിഞ്ഞ ദിവസം മണൽ മാഫിയാ സംഘത്തിലെ ഒരു യുവാവ് അനധികൃതമായി മണൽ കടത്തുന്ന മറ്റൊരു ലോറി തടയുകയും ചക്കരക്കൽ എസ്ഐയാണെന്നു പരിചയപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.എസ്ഐ ചമഞ്ഞ് ചിലർ പണപ്പിരിവു നടത്തുന്ന വിവരം അറിഞ്ഞതിനെ തുടർന്ന് ചക്കരക്കൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ മണൽ വില്പന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്.

സ്വകാര്യ ഏജൻസിയുടെ സുരക്ഷ;ദിലീപിന് പോലീസിന്‍റെ നോട്ടീസ്

keralanews security of private security agency police sent notice to dileep

കൊച്ചി:സ്വകാര്യ ഏജൻസിയുടെ സുരക്ഷാ ഏർപ്പെടുത്തിയതിനു നടൻ ദിലീപിന് പോലീസ് നോട്ടീസ് അയച്ചു.സായുധസേനയുടെ സംരക്ഷണം എന്തിനെന്നു വ്യക്തമാക്കണമെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.സുരക്ഷാ സേനയുടേയും അവരുടെ കൈവശമുള്ള ആയുധങ്ങളുടെയും വിശദാംശങ്ങളും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന തണ്ടർ ഫോഴ്സ് എന്ന ഏജൻസിയാണ് ദിലീപിന് സുരക്ഷ ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ഏജൻസിയിലെ മൂന്നു പേരെ ഇതിനകംതന്നെ ദിലീപിന്‍റെ സുരക്ഷയ്ക്കായി നിയോഗിച്ചതായാണു ലഭ്യമാകുന്ന വിവരം. തണ്ടർ ഫോഴ്സിന്‍റെ പ്രതിനിധികൾ ആലുവ കൊട്ടാരക്കടവിനു സമീപമുള്ള ദിലീപിൻറെ വീട്ടിൽ എത്തിയതിനെത്തുടർന്നാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തായത്.സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയുടെ സഹായം തേടിയെന്ന കാര്യത്തിൽ സ്ഥിരീകരണം നൽകാൻ ദിലീപോ അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങളോ ഇതുവരെ തയാറായിട്ടില്ല. ശനിയാഴ്ച അന്വേഷണ സംഘത്തിന്‍റെ ആവശ്യപ്രകാരം കൊട്ടാരക്കര പോലീസ് തണ്ടർഫോഴ്സിന്‍റെ വാഹനം കസ്റ്റഡിയിലെടുത്തു പരിശോധിച്ചിരുന്നു. പോലീസ് വാഹനം പിടിച്ചപ്പോൾ സംഘത്തിന്‍റെ കൈവശം കൈത്തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.

കൊല്ലത്ത് പത്താംക്‌ളാസ്സ് വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചു

keralanews student tried to commit suicide by jumping from above the building

കൊല്ലം:കൊല്ലത്ത് പത്താംക്‌ളാസ്സ് വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചു.ഇന്നലെ ഉച്ചയ്ക്ക് ഒന്നരമണിയോടെയാണ് സ്വകാര്യ സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടി വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ രണ്ട് അദ്ധ്യാപകർക്കെതിരെ പോലീസ് കേസെടുത്തു.ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ അദ്ധ്യാപകർ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നാണ്‌ പോലീസ് വ്യക്തമാക്കുന്നത്. മറ്റൊരു കുട്ടിയുമായുള്ള തർക്കത്തിൽ ഈ കുട്ടിയെ അദ്ധ്യാപകർ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ച് വഴക്കുപറഞ്ഞിരുന്നു.ഇതിനു ശേഷമാണ് കുട്ടി കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയത്.വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാർഥിനി.സഹപാഠികളിൽ നിന്നും മറ്റ് അധ്യാപകരിൽ നിന്നും പോലീസ് വെള്ളിയാഴ്ച തന്നെ വിവരങ്ങൾ ശേഖരിച്ചിരുന്നു. ആശുപത്രിയിലെത്തി രക്ഷിതാക്കളിൽ നിന്ന് രാത്രിയിൽതന്നെ പോലീസ് മൊഴിയെടുക്കുകയും ചെയ്തു.