കണ്ണൂർ:ഓട്ടോ ലോറിയിലിടിച്ച് ഐഎൻടിയുസി നേതാവിന് പരിക്കേറ്റു.ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി പുഴാതിയിലെ പി.സൂര്യദാസിനാണ് പരിക്കേറ്റത്.ഓട്ടോ ഡ്രൈവർ ശശിധരനും പരിക്കേറ്റിട്ടുണ്ട്.ഇരുവരെയും കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സൂര്യദാസിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാത്രി താഴെചൊവ്വ-ചാല ബൈപാസ് റോഡിലാണ് അപകടം നടന്നത്.നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഓട്ടോ ഇടിക്കുകയായിരുന്നു.വീതികുറഞ്ഞ ഈ റോഡിൽ അപകടങ്ങൾ പതിവാണ്.വീതി കൂട്ടി ഡിവൈഡറുകൾ സ്ഥാപിച്ചാൽ മാത്രമേ അപകടങ്ങളൊഴിവാക്കാനാകൂ എന്ന് യാത്രക്കാർ പറയുന്നു.
കീഴാറ്റൂർ ബൈപാസിനെതിരെ സമരം ശക്തമാക്കുന്നു
തളിപ്പറമ്പ്:കീഴാറ്റൂർ ബൈപാസിനെതിരെ നടന്ന ഒന്നാം ഘട്ട സമരം അവസാനിച്ചുവെങ്കിലും പ്രശ്നനങ്ങൾ ഇനിയും ഒഴിവായിട്ടില്ല.സമരം മുമ്പത്തേതിനേക്കാൾ ശക്തമാക്കാനുള്ള ഒരുക്കമാണ് നടക്കുന്നത്.വയൽക്കിളികൾക്കൊപ്പം ഇപ്പോൾ പ്രദേശത്തെ നാട്ടുകാരും ബൈപ്പാസിനെതിരെ ശക്തമായി രംഗത്തു വന്നിരിക്കുകയാണ്.തങ്ങളുടെ പ്രദേശത്തെ തോടും വയലും റോഡിനായി വിട്ടുതരില്ല എന്നാണ് പ്രതിഷേധക്കാർ പറയുന്നത്.രണ്ട് ആരാധനാലയങ്ങളും ഇതിനായി തകർക്കപ്പെടുമെന്ന ഭീതിയും ഇവർക്കുണ്ട്.വയൽ നികത്തുന്നതിനെതിരെ ഈ മാസം 24 ന് വൈകിട്ട് നാലുമണിക്ക് കീഴാറ്റൂർ വയൽക്കരയിൽ പ്രതിഷേധജ്വാല തെളിയിക്കും.തുടർന്ന് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും.ഇതേ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് സമരപ്പന്തലിനു സമീപം മനുഷ്യച്ചങ്ങല തീർത്ത് വയൽക്കിളികൾ രണ്ടാംഘട്ട സമരത്തിന് തുടക്കമിടും. നാട്ടുകാരുടെ ഈ പ്രതിഷേധങ്ങളെ എങ്ങനെ നേരിടുമെന്ന് അറിയാതെ വിഷമിക്കുകയാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും.
ജില്ലയിൽ മൂന്നു കെഎസ്എഫ്ഇ ശാഖകൾ അടച്ചുപൂട്ടുന്നു
കണ്ണൂർ:ജില്ലയിൽ മൂന്നു കെഎസ്എഫ്ഇ ശാഖകൾ അടച്ചുപൂട്ടുന്നു.നഷ്ടത്തിലായതിനെ തുടർന്ന് നടുവിൽ,കാർത്തികപുരം,കീഴ്പ്പള്ളി തുടങ്ങിയ ശാഖകളാണ് അടച്ചുപൂട്ടാനൊരുങ്ങുന്നത്. നടുവിൽ ബ്രാഞ്ചിന്റെ ഇടപാടുകൾ ശ്രീകണ്ഠപുരം ബ്രാഞ്ചിലേക്കും കീഴ്പ്പള്ളിയുടേത് കരിക്കോട്ടക്കരിയിലേക്കും കാർത്തികപുരത്തേത് ആലക്കോടേക്കും ലയിപ്പിക്കാനാണ് തീരുമാനം.ഓരോ ബ്രാഞ്ചിന്റെയും പ്രവർത്തനത്തിന് ചുരുങ്ങിയത് മാനേജർ,അസി.മാനേജർ, ഓഫീസ് അറ്റെൻഡന്റ്,പാർടൈം സ്വീപ്പർ എന്നീ തസ്തികകളെങ്കിലും വേണം.ഇതിനു പുറമെ ഓഫീസ് വാടക,കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ,എന്നിവയും ഉണ്ടായിരിക്കണം. ഇതിനായി ലക്ഷങ്ങൾ ചിലവ് വരുന്നു എന്ന് പറഞ്ഞാണ് ബ്രാഞ്ചുകൾ പൂട്ടാൻ ഒരുങ്ങുന്നത്. വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാതെ തുടങ്ങിയതാണ് ബ്രാഞ്ചുകൾ നഷ്ടത്തിലാകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ട് ലാഭത്തിലാക്കാൻ കഴിയുമെന്നും ഇവർ അഭിപ്രായപ്പെടുന്നു.അയൽക്കൂട്ടങ്ങളും ആരാധനാലയങ്ങളും ഒക്കെ ചിട്ടിയുമായി രംഗത്ത് വന്നതും ഗ്രാമപ്രദേശങ്ങളിൽ കെഎസ്എഫ്ഐയെ നഷ്ടത്തിലാക്കിയിട്ടുണ്ട്.
വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിച്ച സംഭവം;ആശുപത്രി ചികിത്സ നിഷേധിച്ചതായി പോലീസ്
കൊല്ലം:സ്വകാര്യ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും വിദ്യാർത്ഥിനി ചാടി മരിച്ച സംഭവത്തിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രി വിദ്യാത്ഥിനിക്ക് ചികിത്സ നിഷേധിച്ചതായി പോലീസ്. അപകടം നടന്നയുടനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗൗരിയെ പ്രവേശിപ്പിച്ചിരുന്നത്.എന്നാൽ അവിടെ നാലുമണിക്കൂറോളം ചികിത്സ ലഭിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.മാത്രമല്ല കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത് സ്കൂൾ മാനേജ്‌മെന്റിന്റെ തന്നെ അധീനതയിലുള്ള സ്വകാര്യ ആശുപത്രിയിലാണെന്ന് ആരോപണമുണ്ട്.ആ സമയത്ത് കുട്ടിക്ക് സംസാരിക്കാൻ സാധിച്ചിരുന്നു.എന്നാൽ കുട്ടിക്ക് പറയാനുള്ളത് എന്താണെന്ന് പോലീസിനെയോ വീട്ടുകാരെയോ അറിയിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല.ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒന്നരമണിക്കൂറിനു ശേഷം തലയ്ക്ക് മുറിവുപറ്റിയെന്നു മാത്രമാണ് ബന്ധുക്കളെ അറിയിച്ചത്.പിന്നീട് ബന്ധുക്കൾ ഇടപെട്ട് മാധ്യമങ്ങളെ അറിയിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തപ്പോഴാണ് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റാൻ തയ്യാറായത്.അനന്തപുരി ആശുപത്രിയിൽ എത്തിച്ചപ്പോൾ മൂന്നുമണിക്കൂർ വൈകിപ്പോയെന്നാണ് അവിടെയുള്ളവർ അറിയിച്ചത്. ഗൗരിക്ക് തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു.ആന്തരിക രക്തസ്രാവവും ഹൃദയാഘാതവുമാണ് മരണകാരണമെന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലെ ഡോക്റ്റർമാർ പറഞ്ഞു.വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഗൗരി സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടിയത്.
കൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ്
കൊല്ലം: പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്.കെഎസ്‌യുവാണ് ബന്ദിന് ആഹ്വാനം ചെയ്തത്.കൊല്ലം ജില്ലയിൽ വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽനിന്ന് മുകളിൽ നിന്നും ചാടി മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ മാർച്ചിനു നേരെയാണ് തിങ്കളാഴ്ച പോലീസ് ലാത്തിച്ചാർജുണ്ടായത്.
തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസുകാരനെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: സഹപാഠികളോട് വഴക്കിട്ടെന്നാരോപിച്ച് രണ്ടാം ക്ലാസുകാരനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം ബാലരാമപുരത്തെ സ്വകാര്യ സ്കൂളിലാണ് നടപടി.അഞ്ച് ദിവസത്തേക്കാണ് കുട്ടിയെ സസ്പെൻഡ് ചെയ്തത്. അതേസമയം, കുട്ടിയെ സസ്പെൻഡ് ചെയ്തിട്ടില്ലെന്നും സ്കൂളിലെ രക്ഷാകർതൃ സമിതി യോഗം ചേർന്നാണ് നടപടിയെടുത്തതെന്നും കുട്ടിയെ രണ്ടു ദിവസത്തേക്ക് സ്കൂളിലേക്ക് വിടണ്ട എന്ന് മാത്രമാണ് പറഞ്ഞതെന്നും സ്കൂൾ പ്രൻസിപ്പാൾ അറിയിച്ചു.ഇക്കാര്യം അറിയിച്ചപ്പോൾ കുട്ടിയെ സസ്പെൻഡ് ചെയ്തു എന്ന് കാണിച്ചുള്ള നോട്ടീസ് നൽകണമെന്ന് പിതാവ് ആവശ്യപ്പെട്ടുവെന്നും ഇത് തർക്കത്തിലേക്ക് നീങ്ങിയപ്പോഴാണ് സസ്‌പെൻഡ് ചെയ്തു എന്ന നോട്ടീസ് നൽകിയതെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കി. അതേസമയം, തന്നോടുള്ള വ്യക്തിവൈരാഗ്യം തീർക്കുന്നതിന്‍റെ ഭാഗമായാണ് കുട്ടിയോട് അധ്യാപകർ ഈ നടപടി സ്വീകരിച്ചതെന്നും കുട്ടിയെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിന്നുൾപ്പെടെ മാറ്റിനിർത്തിയിരുന്നുവെന്ന് പിതാവും ആരോപിച്ചു.
തീയേറ്ററുകളിൽ ദേശീയഗാനം നിർബന്ധിതമാക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:തീയേറ്ററുകളിൽ ദേശീയഗാനം നിർബന്ധിതമാക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി.രാജ്യസ്നേഹം അടിച്ചേൽപ്പിക്കാനാകില്ല.ജനം തീയേറ്ററുകളിൽ എത്തുന്നത് വിനോദത്തിനാണെന്നും കോടതി നിരീക്ഷിച്ചു.തീയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധിതമാക്കിയും ദേശീയ ഗാനം കേൾപ്പിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും കോടതി നേരെത്തെ ഉത്തരവിട്ടിരുന്നു.ഇതിൽ വ്യക്തത ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയുടെ പുതിയ നിർദേശം.ദേശീയഗാനം നിർബന്ധിതമാക്കിയ ഉത്തരവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങൾ ഉയർന്നു വന്നിരുന്നു. തീയേറ്ററിൽ ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തവർക്കെതിരെ പോലീസ് കേസെടുക്കാൻ തുടങ്ങിയതോടെയാണ് സംഭവം വിവാദമായത്.
സംസ്ഥാന സ്കൂൾ കായികമേള;എറണാകുളം ജില്ല ചാമ്പ്യന്മാർ
കോട്ടയം:അറുപത്തൊന്നാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ 258 പോയിന്റുമായി എറണാകുളം ജില്ല ഒന്നാമതെത്തി.184 പോയിന്റ് നേടിയ പാലക്കാട് ജില്ലാ രണ്ടാംസ്ഥാനത്തും 110 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും എത്തി.75 പോയിന്റ് നേടിയ കോതമംഗലം മാർ ബേസിൽ സ്കൂളാണ് സ്കൂളുകളിൽ ഒന്നാമതെത്തിയത്.63 പോയിന്റുമായി കോഴിക്കോട് പുല്ലൂരാംപാറ സ്കൂൾ രണ്ടാമതും 57 പോയിന്റുമായി പാലക്കാട് പറളി സ്കൂൾ മൂന്നാമതുമെത്തി.
തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് നടൻ ദിലീപ്
കൊച്ചി:ജാമ്യത്തിൽ ഇറങ്ങിയത് മുതൽ താൻ സുരക്ഷാ ഭീഷണി നേരിടുന്നതായി നടൻ ദിലീപ്.എന്നാൽ സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ ഏർപ്പെടുത്തിയിട്ടില്ലെന്നും ഇവരുമായി കൂടിയാലോചന മാത്രമാണ് നടന്നതെന്നും താരം വ്യക്തമാക്കി.സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ ഏർപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് പോലീസ് നൽകിയ നോട്ടീസിൽ വിശദീകരണം നൽകവെയാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷാ ഏജൻസിയിലെ ജീവനക്കാരുടെ പേരും തിരിച്ചറിയൽ രേഖകളും അവർ ആയുധ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ,സുരക്ഷാ ഏജൻസിയുടെ ലൈസൻസ് തുടങ്ങിയ വിവരങ്ങൾ ആവശ്യപ്പെട്ട് അന്വേഷണസംഘം ഞായറാഴ്ചയാണ് ദിലീപിന് നോട്ടീസ് നൽകിയത്.കൂടാതെ ദിലീപ് സ്വകാര്യ ഏജൻസിയെ സമീപിച്ചതിൽ ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
കോലത്തുവയലിൽ സഹകരണ കൺസ്യൂമർ സ്റ്റോറിനും വായനശാലയ്ക്കും നേരെ അക്രമം
കല്യാശ്ശേരി:കോലത്തുവയലിൽ സഹകരണ കൺസ്യൂമർ സ്റ്റോറിനും വായനശാലയ്ക്കും നേരെ അക്രമം.സ്റ്റോറിന് പുറത്ത് സൂക്ഷിച്ചിരുന്ന ഉപ്പ് നിറച്ചിരുന്ന ചാക്കുകൾ നശിപ്പിക്കുകയും ഉപ്പുപൊടി സമീപത്താകെ വിതറുകയും ചെയ്തിരുന്നു.സ്റ്റോറിന്റെ വരാന്ത,മുറ്റം,വായനശാലയുടെ വരാന്ത,ഗോവണി,സിപിഎം കൊടിമര മണ്ഡപം എന്നിവയിലെല്ലാം ഉപ്പ് വാരിവിതറിയ നിലയിലാണ്.സാമൂഹ്യവിരുദ്ധരാണ് അക്രമത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.ഞായറാഴ്ച പുലർച്ചെയാണ് അക്രമം നടന്നത്.സംഭവത്തിൽ വായനശാല അധികൃതരും സഹകരണ സ്റ്റോർ ഭാരവാഹികളും പരാതി നൽകി.