കൊച്ചി:വല്ലാർപാടം തുറമുഖത്തു നിന്നും അനധികൃതമായി കയറ്റി അയക്കാൻ ശ്രമിച്ച രണ്ട് കണ്ടൈനർ രക്തചന്ദനം കസ്റ്റംസ് ഇന്റലിജൻസിന്റെ പരിശോധനയിൽ പിടികൂടി.മുംബൈ സ്വദേശിയുടേതാണ് ചരക്കെന്നാണ് സൂചന.കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.
മദ്യപിച്ച് വാഹനമോടിച്ച 40 സ്കൂൾ ബസ് ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു
കൊച്ചി:മദ്യപിച്ച് സ്കൂള്‍ വാഹനമോടിച്ച 40പേരെ അറസ്റ്റ് ചെയ്തു. കൊച്ചി റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ലിറ്റില്‍ സ്റ്റാര്‍ എന്ന പേരിൽ നടന്ന മിന്നല്‍ പരിശോധനയിലാണ് ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നത് കണ്ടെത്തിയത്. കൊച്ചി റേഞ്ചിന് കീഴില്‍ വരുന്ന എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് പൊലീസ് മിന്നല്‍ പരിശോധന നടത്തിയത്. രാവിലെ 6.30 മുതല്‍ 9 മണിവരെ നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച 52 പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിച്ചു. അമിതവേഗത്തില്‍ വാഹനം ഓടിച്ചതും കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയതുമടക്കം ഇരുനൂറില്‍ അധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നിയമനലംഘനം നടത്തിയവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമ പ്രകാരം കേസെടുക്കുന്നതിന് പുറമേ ജുവനൈല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരം കേസെടുക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കുമെന്ന് ഐ ജി പറഞ്ഞു.സ്കൂളുകള്‍ നേരിട്ട് നടത്തുന്ന വാഹനങ്ങളടക്കം സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ക്കെതിരെയും കേസെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
ഡൽഹിയിൽ മലയാളി ഉൾപ്പെടെ രണ്ട് വിദ്യാർത്ഥിനികളെ കാണാതായി
ന്യൂഡൽഹി:ഡൽഹി ഗ്രെയ്റ്റർ നോയിഡയിൽ മലയാളി ഉൾപ്പെടെ രണ്ട് വിദ്യാർത്ഥികളെ കാണാതായി.ഡൽഹി കേന്ദ്രീയ വിദ്യാലയയിലെ പത്താം ക്ലാസ് വിദ്യാർഥിനികളായ ഇരുവരെയും ഇന്നലെ രാത്രി എട്ടുമണി മുതലാണ് കാണാതായത്.ഇന്നലെ വൈകുന്നേരം ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനായാണ് ഇരുവരും താമസസ്ഥലത്തുള്ള കടയിലേക്ക് പോയത്.വളരെ നേരം കഴിഞ്ഞിട്ടും ഇരുവരെയും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.കുട്ടികൾ കടയിൽ വന്ന് പുസ്തകം വാങ്ങിയതായി കടയുടമ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.എന്നാൽ ഇവർ ഫോട്ടോസ്റ്റാറ്റ് എടുത്തിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
കോഴിക്കോട് അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു
കോഴിക്കോട്:തൊണ്ടയാട്-രാമനാട്ടുകര ബൈപാസിൽ അജ്ഞത വാഹനം ബൈക്കിലിടിച്ചു ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു.കിനാലൂർ മഠത്തിൽ കോവിലകം ഭാസ്കരന്റെ മകൻ വൈഷ്ണവ്(22),സുഹൃത്ത് കിനാലൂർ തോടത്തിൽ ഹൗസിൽ ശിവദാസന്റെ മകൻ വിപിൻദാസ്(24) എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെ 2.45 ന് മാമ്പുഴ പാലത്തിനു സമീപത്താണ് അപകടം നടന്നത്.ഇവർ സഞ്ചരിച്ച ബൈക്കിൽ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു.ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു.പരിക്കേറ്റ ഇവരെ മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്.വിപിൻദാസിന്റെ അമ്മയുടെ തൃശ്ശൂരുള്ള വീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം.
സ്വകാര്യ ഏജൻസിയുടെ സുരക്ഷ;ദിലീപ് നൽകിയ വിശദീകരണം തൃപ്തികരമെന്ന് പോലീസ്
കൊച്ചി:സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ ഏർപ്പെടുത്തിയെന്ന വിഷയത്തിൽ നടൻ ദിലീപ് നൽകിയ വിശദീകരണം തൃപ്തികമാണെന്നു ആലുവ റൂറൽ എസ് പി എ.വി ജോർജ്. ഏതൊരു ഏജൻസിക്കും ലൈസൻസുണ്ടെങ്കിൽ ആയുധങ്ങൾ കൊണ്ടുവരാവുന്നതാണ്. അക്കാര്യം പോലീസിനെ അറിയിക്കണമെന്ന് മാത്രമേ ഉള്ളൂ എന്നും പോലീസിൽ നിന്നും ദിലീപ് സുരക്ഷാ ആവശ്യപ്പെട്ടിട്ടില്ലെന്നും എ.വി ജോർജ് വ്യക്തമാക്കി.ജാമ്യത്തിലിറങ്ങിയതിനു ശേഷം തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും എന്നാൽ സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ നിയോഗിച്ചിട്ടില്ലെന്നുമാണ് ദിലീപ് നൽകിയ വിശദീകരണം.ഏജൻസിയുമായി കൂടിക്കാഴ്ച നടത്തുക മാത്രമാണ് ചെയ്തതതെന്നും ദിലീപ് വ്യക്തമാക്കി
സംവിധായകൻ ഐ.വി. ശശി അന്തരിച്ചു
കൊച്ചി: പ്രശസ്ത സംവിധായകൻ ഐ.വി.ശശി(69) അന്തരിച്ചു. ചെന്നൈയിലെ സാലിഗ്രാമത്തിലുള്ള വസതിയിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് അന്ത്യം സംഭവിച്ചത്.കുറച്ചു നാളായി അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.ഭാര്യയും നടിയുമായ സീമയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്.1968-ൽ എ.ബി.രാജിന്‍റെ “കളിയല്ല കല്ല്യാണം’ എന്ന സിനിമയിൽ കലാസംവിധായകനായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ ചലച്ചിത്ര ജീവിതത്തിന്‍റെ തുടക്കം. ഛായാഗ്രഹ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സഹസംവിധായകനായും അദ്ദേഹം പ്രവർത്തിച്ചു. ആദ്യചലച്ചിത്രം ഇരുപത്തിഏഴാം വയസ്സിൽ സംവിധാനം ചെയ്തു. എന്നാൽ, ആദ്യം സംവിധാനം ചെയ്തതായി അറിയപ്പെടുന്ന ചലച്ചിത്രം 1975ൽ പുറത്തിറങ്ങിയ ഉത്സവം ആണ്.കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിയായ ഐ.വി ശശി മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയ ശേഷമാണ് സിനിമയിലെത്തുന്നത്. ഇതിനിടെ ഒട്ടേറെ പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ദേശീയ പുരസ്‌കാരങ്ങളും സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.2014 ഇൽ ജെ.സി ഡാനിയൽ പുരസ്‌ക്കാരവും നേടി.
ഓട്ടോയിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കണ്ണൂർ:ഓട്ടോയിൽ കടത്തുകയായിരുന്ന 250 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.കണ്ണൂർ സിറ്റിയിലെ പി.കെ ഹൗസിൽ പി.കെ നവാസ് ആണ് അറസ്റ്റിലായത്.കണ്ണൂർ എക്‌സൈസ് സർക്കിൾ ഇൻസ്പെക്റ്റർ രാഘുനാഥൻ നായരും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
വളർത്തുമുയലിനെ കശാപ്പ് ചെയ്യുന്നതിനുള്ള നിരോധനം പിൻവലിച്ചു
തിരുവനന്തപുരം:വളർത്തു മുയലിനെ കശാപ്പുചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി ഭേദഗതി വരുത്തി.ഇറച്ചിക്കായി വളർത്തുന്ന മുയലുകളെ കൊല്ലാൻ അനുമതിയായി.2014 ലാണ് അതോറിറ്റി ആട്,പന്നി,കാള,പോത്ത് എന്നീ വർഗങ്ങളിൽ പെട്ടവയല്ലാതെ ഒരുമൃഗത്തെയും ഇറച്ചിക്കായി കൊല്ലാൻ പാടില്ല എന്ന ഉത്തരവിറക്കിയത്.കേരളത്തിൽ ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് മുയൽ കർഷകരെയാണ്. ആയിരക്കണക്കിന് കർഷകർ നബാർഡിൽ നിന്നും മറ്റും വായ്പ്പയെടുത്ത് മുയൽ കൃഷി നടത്തുന്നുണ്ട്.ഉത്തരവ് ഇറങ്ങിയതോടെ പല യൂണിറ്റുകളും പൂട്ടിപ്പോവുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് തിരൂരിലെ ആഷിയാന മുയൽ ഫാമിന്റെ ഉടമ ഡോ.മിഗ്ദാദ് പ്രധാനമന്ത്രിക്കും കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിക്കും കത്തയച്ചത്.ഇന്ത്യയിൽ കശാപ്പിനായി ഉപയോഗിക്കുന്നത് ഇറക്കുമതി ചെയ്ത വിദേശയിനം മുയലുകളെയാണെന്നും ഇന്ത്യൻ വനങ്ങളിൽ കണ്ടുവരുന്ന വംശനാശ ഭീഷണി മുയലുകളെ അല്ല എന്നും അദ്ദേഹം അറിയിച്ചു.കർഷകരുടെ അപേക്ഷ പ്രകാരം കേരള സർക്കാരും ചില നീലക്കങ്ങൾ നടത്തി.ഇതേ തുടർന്നാണ് പുതുക്കിയ വിജ്ഞാപനത്തിൽ കശാപ്പുചെയ്യാൻ അനുമതിയുള്ള മൃഗങ്ങളുടെ പട്ടികയിൽ മുയലിനെക്കൂടി ചേർത്തത്.
കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ജനജാഗ്രത യാത്ര ഇന്ന് വയനാട്ടിലേക്ക്
കണ്ണൂർ:കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ജനജാഗ്രത യാത്ര ഇന്ന് വയനാട്ടിലേക്ക് പ്രവേശിക്കും.ഇന്നലെ രാവിലെ പത്തുമണിക്ക് ശ്രീകണ്ഠപുരത്തു നിന്നും ആരംഭിച്ച യാത്ര മട്ടന്നൂർ,പിണറായി,പാനൂർ,തലശ്ശേരി,എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി കണ്ണൂരിൽ സമാപിച്ചു.ഇന്ന് രാവിലെ ഇരിട്ടിയിലെ പരിപാടിക്ക് ശേഷം യാത്ര വയനാട്ടിലേക്ക് കടക്കും.ബിജെപി ക്കും കോൺഗ്രസിനും നേർക്ക് ആഞ്ഞടിച്ചായിരുന്നു മിക്കയിടങ്ങളിലും കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം.
മാങ്ങാട്ട് എ ടി എം കൗണ്ടർ തകർത്ത് പണം കവർന്നു
കല്യാശ്ശേരി:മാങ്ങാട്ട് എ ടി എം കൗണ്ടർ തകർത്ത് പണം കവർന്നു.ദേശീയപാതയ്ക്കരികിലുള്ള ഫെഡറൽ ബാങ്കിന്റെ ഇന്ത്യ വൺ എ ടി എം കൗണ്ടർ തകർത്താണ് പണം കവർന്നത്.20,000 രൂപയോളം നഷ്ട്ടപ്പെട്ടതായാണ് കരുതുന്നത്.ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എ ടി എം കൌണ്ടർ തകർത്തത്.തിങ്കളാഴ്ച രാവിലെ എ ടി എം കൗണ്ടറിന്റെ ഷട്ടർ പകുതിയോളം തുറന്ന നിലയിൽ കണ്ടതിനെ തുടർന്ന് കെട്ടിടമുടമ ബാങ്ക് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥർ പോലീസിൽ വിവരമറിയിച്ചു.പോലീസ് നടത്തിയ പരിശോധനയിലാണ് കവർച്ച നടന്നതായി കണ്ടെത്തിയത്.വളരെ കുറച്ചു തുക മാത്രമേ ഈ എ ടി എം കൗണ്ടറിൽ നിറയ്ക്കാറുള്ളു.ഒക്ടോബർ 21 ന് 60,000 രൂപയാണ് ഇവിടെ നിറച്ചത്.അതിൽ 40,000 രൂപ പിൻവലിച്ചിരുന്നു.ബാക്കി തുകയാണ് നഷ്ടപ്പെട്ടത്.തിങ്കളാഴ്ച പുലർച്ചയോടെ ഒരു നാഷണൽ പെർമിറ്റ് ലോറി എ ടി എം കൗണ്ടറിനു മുൻപിൽ വളരെനേരം നിർത്തിയിട്ടിരുന്നതായി ചിലർ പോലീസിൽ അറിയിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് എ ടി എം കൗണ്ടറിനു മുകളിലുള്ള പാപ്പിനിശ്ശേരി സഹകരണ ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.ഫോറൻസിക് വിദഗ്ദ്ധരും തെളിവെടുത്തിട്ടുണ്ട്.