News Desk

ഐ എ എസ് ലഭിച്ചവരുടെ പട്ടികയിൽ കണ്ണൂരിൽ നിന്നും രണ്ടുപേർ

keralanews two from kannur got ias

കണ്ണൂർ:ഐ എ എസ് ലഭിച്ച ഒൻപതു ഡെപ്യൂട്ടി കളക്റ്റർമാരുടെ പട്ടികയിൽ കണ്ണൂരിൽ നിന്നും രണ്ടുപേർ.പി.കെ സുധീർ ബാബു, ബി.അബ്ദുൽ നാസർ എന്നിവർക്കാണ് ഐഎഎസ് ലഭിച്ചത്. ധർമടം സ്വദേശിയായ സുധീർ ബാബു കണ്ണൂർ,കാസർകോഡ് ജില്ലകളിൽ എഡിഎം,വികലാംഗ ക്ഷേമ കോർപറേഷൻ എംഡി,സോഷ്യൽ ജസ്റ്റിസ് അസിസ്റ്റന്റ് ഡയറക്ടർ,തൃശൂർ ആർഡിഒ, റെവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്റ്റർ,തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.മന്ത്രി കെ.കെ ഷൈലജയുടെ പ്രൈവറ്റ് സെക്രെട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഇദ്ദേഹം രണ്ടാഴ്ച മുൻപാണ് സ്ഥാനമൊഴിഞ്ഞത്.കണ്ണൂർ ഡിസാസ്റ്റർ മാനേജ്‌മെന്റ് സീനിയർ ഡെപ്യൂട്ടി കളക്റ്ററായി സേവനം അനുഷ്ഠിച്ചു വരുന്ന അബ്ദുൽ നാസർ കാസർകോട്ടും വയനാട്ടിലും എ ഡി എമ്മായും തലശ്ശേരിയിൽ ആർ ഡി ഓ ആയും പ്രവർത്തിച്ചിട്ടുണ്ട്.കേന്ദ്ര ഹജ്ജ് സംഘത്തിന്റെ കോ ഓർഡിനേറ്ററായി രണ്ടു തവണ മെക്കയിൽ സേവനമനുഷ്ഠിച്ച ഇദ്ദേഹം അധ്യാപകൻ, ഹെൽത്ത് ഇൻസ്പെക്റ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.തലശ്ശേരി സ്വദേശിയാണ്.

നവംബർ 9 മുതൽ കണ്ണൂർ-പറശ്ശിനിക്കടവ് റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെയ്ക്കും

keralanews private buses will stop service in kannur parassinikkadav route from november9

കണ്ണൂർ:നവംബർ 9 മുതൽ കണ്ണൂർ-പറശ്ശിനിക്കടവ് റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെയ്ക്കും.ഈ റൂട്ടിൽ കെഎസ്ആർടിസി ബസുകൾ അനുമതിയില്ലാതെ സർവീസ് നടത്തുന്നതായി കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റർസ് ഭാരവാഹികൾ പറഞ്ഞു.ഇത് ഇരുവിഭാഗങ്ങളിലെയും തൊഴിലാളികൾ തമ്മിൽ വാക്കേറ്റത്തിന് കാരണമാകുന്നു.ഈ വിഷയം അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ചാണ് ബസ് സർവീസുകൾ അനിശ്ചിത കാലത്തേക്ക് നിർത്തിവെയ്ക്കാൻ തീരുമാനിച്ചത്.

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിൽ

keralanews president ramnath kovind will reach kerala today

തിരുവനന്തപുരം:രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിൽ.ഉച്ചയ്ക്ക് 2.50 ന് പ്രത്യേക വിമാനത്തിൽ തിരുവനതപുരം വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതിയെ സംസ്ഥാന സർക്കാർ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിക്കും. തിരുവനന്തപുരത്തും കൊച്ചിയിലുമായി ഔദ്യോഗിക പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. 3.30 ന് പള്ളിപ്പുറം ടെക്നോ സിറ്റി പദ്ധതിയിലെ ആദ്യ സർക്കാർ മന്ദിരത്തിന്റെ ശിലാസ്ഥാപനം അദ്ദേഹം നിർവഹിക്കും.ഗവർണർ പി.സദാശിവം,മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.തുടർന്ന് രാജ്ഭവനിലെത്തുന്ന രാഷ്‌ട്രപതി വൈകുന്നേരം 5.30 ന് വെള്ളയമ്പലം അയ്യൻ‌കാളി പ്രതിമയിൽ പുഷ്പ്പങ്ങൾ അർപ്പിക്കും.തുടർന്ന് ആറുമണിക്ക് ടാഗോർ തീയേറ്ററിൽ സംസ്ഥാന സർക്കാരിന് വേണ്ടി തിരുവനന്തപുരം നഗരസഭാ സംഘടിപ്പിക്കുന്ന പൗര സ്വീകരണത്തിൽ പങ്കെടുക്കും.രാത്രി എട്ടുമണിക്ക് ഗവർണർ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുത്ത ശേഷം രാജ്ഭവനിൽ താമസിക്കും.28 ന് രാവിലെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തുന്ന രാഷ്‌ട്രപതി രാവിലെ 11 മണിക്ക് ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉൽഘാടനം ചെയ്യും.ഉച്ചയ്ക്ക് 12.30 ഓട് കൂടി അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.

ബീവറേജ്‌സ് ഔട്‍ലെറ്റുകളിൽ ഇനി മുതൽ സ്ത്രീകളുടെ സാന്നിധ്യവും

keralanews presence of ladies in beverages outlets

തിരുവനന്തപുരം:പുരുഷന്മാരുടെ കുത്തകയായിരുന്ന ബീവറേജസ് ഔട്‍ലെറ്റുകളിൽ ഇനി മുതൽ സ്ത്രീ സാന്നിധ്യവും.എറണാകുളം പുത്തൻവേലിക്കര കണക്കൻകടവിലെ ബീവറേജസ് ഔട്ട്ലെറ്റിൽ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഷൈനി രാജീവിന് നിയമനം ലഭിച്ചതോടെയാണിത്. കെയ്‌സുകളിൽ നിറച്ചു വരുന്ന വിവിധ ബ്രാൻഡഡ് മദ്യത്തിന്റെ സ്റ്റോക്കും വിൽപ്പനയും ഉൾപ്പെടെയുള്ള കൃത്യമായ രജിസ്റ്റർ സൂക്ഷിക്കുന്ന ചുമതലയാണ് ഷൈനിക്കുള്ളത്. അധ്യാപികയാകാൻ ബി.എഡ് പാസായ ഷൈനി എച്.എസ്.എ പരീക്ഷ എഴുതിയെങ്കിലും റാങ്ക് ലിസ്റ്റിൽ ഇടം നേടാനായില്ല.ഇതിനിടെ മൂന്നു വർഷം മുൻപ് പുത്തൻവേലിക്കര പഞ്ചായത്ത് ഓഫീസിൽ ലാസ്റ്റ് ഗ്രേഡ് ഓഫീസ് അസിസ്റ്റന്റായി നിയമനം ലഭിച്ചു.ആ ജോലി തുടർന്ന് വരവേ ആണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.2010-ഇൽ കേരളാ സ്റ്റേറ്റ് ബീവറേജസ് കോപ്പറേഷനിലേക്കായി നടത്തിയ എൽഡിസി പരീക്ഷയിൽ ഷൈനി 526 ആം റാങ്ക് നേടി.റാങ്കിൽ മുകളിലെത്തിയ കുറച്ചു വനിതകളെ കോർപറേഷന്റെ ഹെഡ് ഓഫീസിൽ നിയമിച്ചു.ഇതിനിടെ തന്നെക്കാൾ താഴെ റാങ്കുള്ള പുരുഷന്മാർക്ക് നിയമനം ലഭിച്ചതായി അറിഞ്ഞ ഷൈനിയുൾപ്പെടെയുള്ള ഏഴു വനിതകൾ ഇത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.കോർപറേഷന്റെ ഔട്ട്ലെറ്റുകളിൽ സേവനം അനുഷ്ഠിക്കാൻ സന്നദ്ധരാണെന്ന് ഇവർ ഹർജിയിൽ അറിയിച്ചിരുന്നു.കേരളാ അബ്‌കാരി നിയമപ്രകാരം വനിതകളെ ഔട്‍ലെറ്റുകളിൽ മദ്യവില്പനയ്ക്ക് നിയോഗിക്കുന്നതിൽ വിലക്കുണ്ടായിരുന്നു. എന്നാൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിയമനം നടത്തുന്നതിൽ വിവേചനം പാടില്ലെന്ന 2017 ലെ കോടതി വിധിയോടെയാണ് ഷൈനിയുടെ നിയമനത്തിന് വഴി തെളിഞ്ഞത്.

കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

keralanews kannur native killed in an accident in koyilandi

കണ്ണൂർ:കൊയിലാണ്ടിയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു.ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ദേശീയപാതയിൽ ഇന്ന് പുലർച്ചെ 3.30 നായിരുന്നു അപകടം. കണ്ണൂരിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറിൽ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ലോറി ഇടിക്കുകയായിരുന്നു.കാർ ഓടിച്ചിരുന്ന കണ്ണൂർ മാട്ടൂൽ സ്വദേശി വഹാബ് ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ഉല്ലാസ് എന്നയാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു

keralanews punathil kunjabdulla passed away

കോഴിക്കോട്:പ്രശസ്ത സാഹിത്യകാരൻ ഡോ.പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു.ഇന്ന് രാവിലെ 7.40 ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.75 വയസായിരുന്നു. വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു ദിവസം മുൻപാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കേരള,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ നേടിയിട്ടുണ്ട്.മാതൃഭൂമി സാഹിത്യ പുരസ്‌ക്കാരവും നേടിയിട്ടുണ്ട്.കോഴിക്കോട് വടകരയിൽ  ജനിച്ച അദ്ദേഹം അലിഗഡ് മുസ്ലിം സർവകലാശാലയിൽ നിന്നും എംബിബിഎസും നേടിയിട്ടുണ്ട്.അലീമയാണ് ഭാര്യ.മൂന്നു മക്കളുണ്ട്.

തളിപ്പറമ്പ് സഹകരണ ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ് കേസ്;പ്രധാന പ്രതി പിടിയിൽ

keralanews fraud case in thalipparambu co operative bank main accused arrested

കണ്ണൂർ:കണ്ണൂർ ജില്ല സഹകരണ ബാങ്ക് തളിപ്പറമ്പ് ശാഖയിലെ മുക്കുപണ്ട തട്ടിപ്പു കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതി പോലീസ് പിടിയിലായി.ബാങ്കിലെ അസിസ്റ്റന്റ് മാനേജർ ടി.വി രമയാണ് പിടിയിലായത്.വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ചെറുകുന്നിലെ വീട്ടിലെത്തിയ ഇവർ അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എസ്.ഐ  ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.മൂന്നാഴ്ചയായി ഇവർ ഒളിവിലായിരുന്നു.ബാങ്കിലെ ഇടപാടുകാരുടെ സ്വർണ്ണാഭരണങ്ങൾക്ക് പകരം മുക്കുപണ്ടം വെച്ചു എന്നതായിരുന്നു ഇവർക്കെതിരെയുള്ള കേസ്.കേസിലെ മറ്റൊരു പ്രതി അപ്രൈസർ ഷഡാനനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.

മുംബൈ ബാന്ദ്ര റെയിൽവേ സ്റ്റേഷനു സമീപം തീപിടിത്തം

keralanews fire broke out near mumbai bandra railway station

മുംബൈ:മുംബൈ ബാന്ദ്ര റെയിൽവേ സ്റ്റേഷനു സമീപം തീപിടിത്തം.സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.ബാന്ദ്രയിലെ ബേഹ്റംപാടയിലെ ചേരിയിലാണ് തീപിടിത്തം ആരംഭിച്ചത്.നിരവധി വീടുകൾ കത്തി നശിച്ചു.റെയിൽവെ സ്റ്റേഷനിലെ നടപ്പാലം കത്തിനശിച്ചു. തീയും പുകയും ഉയർന്നത് ട്രെയിൻ സർവീസിനെയും ബാധിച്ചു.നിരവധി ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരം 3.20 നായിരുന്നു സംഭവം.

ഗൗരിയുടെ ആത്മഹത്യ;മാതാപിതാക്കൾ അനിശ്ചിതകാല സമരത്തിലേക്ക്

keralanews gouris suicide parents goes to indefinite strike

കൊല്ലം:സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി പത്താം ക്ലാസ്സുകാരി ആത്മഹത്യാ ചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരെ ഉടൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ സമരത്തിനൊരുങ്ങുന്നു.സ്കൂളിലെ അദ്ധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് ഗൗരി ജീവനൊടുക്കിയതെന്ന മാതാപിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു.എന്നാൽ അതിനു ശേഷം രണ്ടു അധ്യാപികമാരും ഒളിവിലാണ്.ഇവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് മാതാപിതാക്കൾ സമരത്തിനിറങ്ങുന്നത്.തന്റെ മകളുടെ മരണത്തിനുത്തരവാദികളായവർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ മരണം വരെ സ്കൂളിന് മുമ്പിൽ കുടുംബത്തോടെ സത്യാഗ്രഹം ഇരിക്കുമെന്ന് ഗൗരിയുടെ അമ്മ ശാലി പറഞ്ഞു.ഇളയ മകൾക്ക് നൽകിയ തെറ്റായ ശിക്ഷണത്തെ ചോദ്യം ചെയ്തതിന് ഇത്ര വലിയ ശിക്ഷ തന്റെ കുടുംബത്തിന് നൽകണമായിരുന്നൊ എന്നും ശാലി ചോദിച്ചു.അധ്യാപികയുടെ മാനസിക പീഡനത്തെ തുടർന്ന് ഗൗരി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിവരം സ്കൂൾ അധികൃർ വൈകിയാണ് അറിയിച്ചതെന്നും ശാലി പറഞ്ഞു.ഗൗരിയെ 2 മണിക്കൂർ മുമ്പ് തിരുവനന്തപുരത്ത് എത്തിക്കാൻ സാധിച്ചിരുന്നുവെങ്കിൽ മകളെ ജീവനോടെ ലഭിക്കുമായിരുന്നെന്നും ശാലി പറഞ്ഞു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗൗരി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്.ഈ സംഭവത്തിന് തൊട്ടു മുൻപായി അദ്ധ്യാപികയായ സിന്ധു കുട്ടിയെ ക്ലാസ്സിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോകുന്നതിന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിനു ശേഷമാണ് ഗൗരി കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയതെന്നതിന്റെ ദൃശ്യങ്ങളും പോലീസിന്റെ പക്കലുണ്ട്.

കണ്ണൂർ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി

keralanews problems in kannur youth congress

കണ്ണൂർ:കണ്ണൂർ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി.യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭാ കമ്മിറ്റിക്ക് പുതിയ പ്രസിഡന്റിനെ  നിയമിച്ചതാണ് പൊട്ടിത്തെറിക്ക് വഴിവെച്ചത്.യൂത്ത് കോൺഗ്രസ് കണ്ണൂർ പാര്ലമെന്റ് മണ്ഡലം കമ്മിറ്റി പ്രെസിഡന്റായി ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രെട്ടറിയായ ജോഷി കണ്ടത്തിലിനെ നിയമിച്ചിരുന്നു. ഇതിനെ തുടർന്ന് മൂന്നു യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രെട്ടറിമാർ രാജി വെച്ചു.യൂത്ത് കോൺഗ്രസ് അഴീക്കോട് നിയോജകമണ്ഡലം ജനറൽ സെക്രെട്ടറിമാരായ നിസാർ മുല്ലപ്പള്ളി,നബീൽ വളപട്ടണം,നികേത് നാറാത്ത് എന്നിവരാണ് സംസ്ഥാന പ്രസിഡന്റിന് രാജിക്കത്ത് നൽകിയത്. പ്രസിഡന്റായിരുന്ന റിജിൽ മാക്കുറ്റിയെ സസ്‌പെൻഡ് ചെയ്തതിനെ തുടർന്ന് പ്രസിഡന്റ് സ്ഥാനം മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയായിരുന്നു.കേന്ദ്ര സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിൽ പരസ്യമായി മാടിനെ അറുത്ത സംഭവത്തിൽ റിജിൽ മാക്കുറ്റിയെയും ജോഷി കണ്ടത്തിലിനെയും അഴീക്കോട് നിയജക മണ്ഡലം പ്രസിഡന്റ് ശറഫുദ്ധീൻ കാട്ടാമ്പള്ളിയേയും ജസ്റ്റിസൻ ചാണ്ടിക്കൊള്ളിയെയും പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു.എന്നാൽ വിശദീകരണങ്ങളുടെ അടിസ്ഥാനത്തിൽ ജോഷിയുടെ സസ്‌പെൻഷൻ പാർട്ടി പിൻവലിച്ചിരുന്നു. എന്നാൽ ഒരേ സമരത്തിൽ റിജിലിനൊപ്പം പാർട്ടി നടപടി നേരിട്ടയാളാണ് ജോഷിയെന്നും റിജിലിന്റെയും ഷറഫുദീന്റെയും ജസ്റ്റിസൻറെയും സസ്‌പെൻഷൻ പിൻവലിക്കാതെ ജോഷിയെ പുതിയ പ്രസിഡന്റായി നിയമിച്ചതുമാണ് പ്രശ്നങ്ങൾക്ക് കാരണം.