തിരുവനന്തപുരം:നഴ്സുമാരുടെ ശമ്പള വര്‍ധനവ് നടപ്പാക്കിയില്ലെങ്കില്‍ നവംബര്‍ ഇരുപത്തൊന്നു മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍. മാനേജ്മെന്‍റുകള്‍ക്കെതിരെ തിങ്കളാഴ്ച സുപ്രിം കോടതിയെ സമീപിക്കുമെന്നും യുഎന്‍എ സംസ്ഥാന പ്രസിഡന്‍റ് ജാസ്മിന്‍ ഷാ പറഞ്ഞു.സര്‍ക്കാര്‍ നിയോഗിച്ച മിനിമം വേതന സമിതി നിയമാനുസൃതമായല്ല രൂപീകരിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ശമ്പള പരിഷ്കരണ നടപടികള്‍ സ്റ്റേ ചെയ്തു. ഈ സാഹചര്യത്തിലാണ് യുഎന്‍എ നിയമ നടപടികള്‍ക്കൊരുങ്ങുന്നത്.യു എൻ എയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് സമരം പ്രഖ്യാപിച്ചത്.
ബീഹാറിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു
ബീഹാർ:ബീഹാറിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു.ബീഹാർ നേപ്പാൾ അതിർത്തിയിൽ നിന്നും കാഠ്‌മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസ് ത്രിശൂൽ നദിയിലേക്ക് മറിഞ്ഞാണ് അപകടം.ബസിൽ 50 യാത്രക്കാർ ഉണ്ടായിരുന്നു.മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.യാത്രക്കാരിൽ 14 പേർ നീന്തി രക്ഷപ്പെട്ടിട്ടുണ്ട്.മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.രക്ഷപ്പെട്ടവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസർകോഡ് ട്രെയിനിനുനേരെ വീണ്ടും കല്ലേറ്
കാസർകോഡ്:കാസർകോഡ് ട്രെയിനിനുനേരെ വീണ്ടും കല്ലേറ്.മംഗളൂരു ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോവുകയായിരുന്ന പഴയങ്ങാടി സ്വദേശി അഷ്റഫിന് കല്ലേറിൽ പരിക്കേറ്റു. ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയിലിനു നേരെ കോട്ടിക്കുളത്തിനും കളനാട് തുരങ്കത്തിനും ഇടയിലാണ് കല്ലേറുണ്ടായത്.അഷ്‌റഫ് ട്രെയിനിന് പിറകിലെ ആദ്യത്തെ ലോക്കൽ കമ്പാർട്മെന്റിലാണ് യാത്ര ചെയ്തിരുന്നത്.കല്ലേറിൽ ഇയാളുടെ കൈമുട്ടിനാണ് പരിക്കേറ്റത്.എന്നാൽ ഡോക്റ്ററുടെ അപ്പോയ്ന്റ്മെന്റ് ലഭിച്ചിരുന്നതിനാൽ ആശുപത്രിയിലെ ചികിത്സ നടത്തി തിരിച്ചു വരുമ്പോൾ പോലീസിൽ രേഖാമൂലം പരാതി നൽകാമെന്ന് അഷ്‌റഫ് പറഞ്ഞതായി പോലീസ് പറഞ്ഞു.കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് കല്ലെറിഞ്ഞതെന്നു സംഭവം കണ്ട ഒരാൾ മൊഴിനല്കിയതായി സൂചനയുണ്ട്.കഴിഞ്ഞ ഒന്നര മാസങ്ങളായി അഞ്ചോളം സ്ഥലങ്ങളിൽ കല്ലേറ് നടന്നതായി പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിൽ തന്നെ ഒന്നാം പ്രതിയാക്കാൻ ഗൂഢാലോചന നടക്കുന്നു എന്ന് കാണിച്ച് ദിലീപ് ആഭ്യന്തര സെക്രെട്ടറിക്ക് പരാതി നൽകി
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപ് അന്വേഷണ സംഘത്തിനെതിരെ ആഭ്യന്തര സെക്രെട്ടറിക്ക് പരാതി നൽകി.കേസിൽ തന്നെ ഒന്നാം പ്രതിയാക്കാൻ ഗൂഢാലോചന നടക്കുന്നു എന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.ഒരു സാക്ഷിമൊഴിയടക്കം മൂന്നു തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതിനെ തുടർന്ന് കേസിൽ ദിലീപിനെ ഒന്നാം പ്രതിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ദിലീപ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.അതേസമയം നടി ആക്രമിക്കപ്പെട്ട കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെടും.കുറ്റപത്രം സമർപ്പിച്ചാലുടൻ അന്വേഷണ സംഘം കോടതിയിൽ ഇക്കാര്യം വ്യക്തമാക്കും.അടുത്ത മാസത്തോടെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
തളിപ്പറമ്പിൽ ലീഗ് പ്രവർത്തകന് മർദനമേറ്റു
തളിപ്പറമ്പ്: മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ റോഡില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും സ്‌കൂട്ടര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തതായി പരാതി.ചെനയന്നൂര്‍ കൊണ്ടോട്ടി ഹൗസില്‍ റിയാസിനാണ്(23) പരിക്കേറ്റത്.ഇയാളെ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വടിവാള്‍ കൊണ്ട് വെട്ടാന്‍ ശ്രമിച്ചപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് റിയാസ് പോലീസിനോട് പറഞ്ഞു.വ്യാഴാഴ്ച രാത്രി പതിനൊന്നോടെ കാഞ്ഞിരങ്ങാട് തളിപ്പറമ്പ് ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജിന് മുന്നിലായിരുന്നു സംഭവം.തളിപ്പറമ്പ് കരിമ്പത്തെ കൂള്‍ബാറില്‍ ജോലി ചെയ്യുന്ന റിയാസ് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ സിപിഎം പ്രവര്‍ത്തകരായ രൂപേഷും കണ്ടാലറിയാവുന്ന അഞ്ചുപേരും ചേര്‍ന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും സ്‌കൂട്ടര്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നുവെന്നാണ് തളിപ്പറമ്പ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.വിവരമറിഞ്ഞ് എത്തിയ തളിപ്പറമ്പ് പോലീസാണ് റിയാസിനെ ആശുപത്രിയിൽ എത്തിച്ചത്.ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജിനു മുന്നില്‍ ഉയര്‍ത്തിയ സിപിഎം കൊടി കാണാതായതുമായി ബന്ധപ്പെട്ടാണ് റിയാസിനെ മര്‍ദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു. ഈ പ്രദേശത്ത് ഒരു പാര്‍ട്ടിയുടേയും കൊടികള്‍ സ്ഥാപിക്കേണ്ടതില്ലെന്ന് നേരത്തെ പോലീസ് കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. കോടിയേരിയുടെ ജനജാഗ്രതയാത്രയുമായി ബന്ധപ്പെട്ടാണ് സിപിഎം ഇവിടെ വീണ്ടും കൊടി സ്ഥാപിച്ചത്.
മദ്യപിച്ച് ലേഡീസ് ഹോസ്റ്റലിലെത്തിയ എ.ആർ ക്യാമ്പിലെ പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു
കാഞ്ഞങ്ങാട്:രാത്രിയിൽ മദ്യപിച്ച് ലേഡീസ് ഹോസ്റ്റലിലെത്തിയ എ.ആർ ക്യാമ്പിലെ പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു.കയ്യൂരിലെ ശ്രീജിത്തിനെയാണ്(40)സസ്‌പെൻഡ് ചെയ്തത്.കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ ഡ്രൈവറാണ് ഇയാൾ.കഴിഞ്ഞ ദിവസം കണ്ണൂർ സർവകലാശാല നീലേശ്വരം പാലാടത്തടത്തെ ക്യാമ്പസിലെ വനിതാ ഹോസ്റ്റലിൽ കയറിയ ഇയാൾ കാന്റീൻ ജനാലയിലൂടെ കൈയ്യിടുകയായിരുന്നു.കാന്റീനിലുള്ള പെൺകുട്ടികൾ ഒച്ചവെച്ചതോടെ ആളുകൾ ഓടിക്കൂടി.പിന്നീട് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പോലീസുകാരനാണെന്നു മനസ്സിലായത്.നീലേശ്വരം പോലിസെത്തി കസ്റ്റഡിയിലെടുത്ത ശേഷം ആശുപത്രിയിലെത്തിച്ചു പരിശോധിച്ചപ്പോൾ ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായി.എന്നാൽ വീട്ടിലേക്ക് പോകുന്ന വഴി നാട്ടുകാർ തടഞ്ഞു നിർത്തി മർദിച്ചുവെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഇയാളെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
എ.കെ.ജി കോ ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് നാളെ മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും
കണ്ണൂർ:കണ്ണൂർ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ സൊസൈറ്റിയുടെ എ.കെ.ജി കോ ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിന്റെ ഉൽഘാടനവും ശിലാസ്ഥാപനവും മാവിലായിയിൽ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.എ കെ ജി സി എച് എസ് ചെയർമാൻ എം.പ്രകാശൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.പി.കെ ശ്രീമതി എം.പി,കെ.കെ രാഗേഷ് എം.പി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.പുതുതായി തുടങ്ങുന്ന ഇൻസ്റ്റിട്യൂട്ടിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളായ ഡയാലിസിസ് ടെക്നോളജി,ന്യുറോ ടെക്നോളജി,ഓപ്പറേഷൻ തീയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി,കാർഡിയോ വാസ്ക്കുലാർ ടെക്നോളജി എന്നീ ഡിപ്ലോമ കോഴ്സുകളും ഓഡിയോളജി ആൻഡ് സ്പീച് ലാംഗ്വേജ് പാത്തോളജി,ബിഎസ്‌സി ഒപ്‌റ്റോമെട്രി, ബിഎസ്‌സി മെഡിക്കൽ ബയോ കെമിസ്ട്രി തുടങ്ങിയ ഏഴു ഡിഗ്രി കോഴ്സുകളുമാണ് ആരംഭിക്കുക.
‘വില്ലൻ’ മൊബൈലിൽ പകർത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി
കണ്ണൂർ:മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമായ വില്ലൻ മൊബൈൽ ഉപയോഗിച്ച് പകർത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി.ചെമ്പന്തൊട്ടി സ്വദേശിയായ യുവാവാണ് പിടിയിലായത്.മോഹൻലാലിൻറെ കടുത്ത ആരാധകനായ ഇയാൾ അതിരാവിലെ തന്നെ ഷോ കാണാനായി തീയേറ്ററിലെത്തിയിരുന്നു.വെള്ളിയാഴ്ച രാവിലെ കണ്ണൂർ സവിത ഫിലിം സിറ്റിയിൽ നടന്ന ചിത്രത്തിന്റെ ആദ്യ ഷോയ്ക്കിടെ ആയിരുന്നു സംഭവം.യുവാവ് മൊബൈലിൽ സിനിമ പകർത്തുന്നത് കണ്ടവർ വിതരണക്കാരുടെ പ്രതിനിധിയെ വിവരമറിയിക്കുകയായിരുന്നു.പിന്നീട് പോലീസെത്തി പരിശോധിച്ചപ്പോൾ പടത്തിന്റെ ടൈറ്റിൽ ഉൾപ്പെടെ ഒന്നരമിനിറ്റ് ദൃശ്യങ്ങൾ മാത്രമാണ് ഇയാൾ പകർത്തിയതെന്ന് തെളിഞ്ഞു.ചോദ്യം ചെയ്യലിൽ മോഹൻലാലിൻറെ കടുത്ത ആരാധകനാണ് ഇയാൾ എന്ന് മനസ്സിലായി.തുടർന്ന് പോലീസ് സിനിമയുടെ സംവിധായകൻ ബി.ഉണ്ണികൃഷ്‌ണയുമായി ബന്ധപ്പെട്ടു.പിന്നീട് മോഹൻലാലിനോടും നിർമാതാവിനോടും ആലോചിച്ച ശേഷം പരാതിയില്ലെന്നും കേസെടുക്കേണ്ടെന്നും അറിയിക്കുകയായിരുന്നു.
എരുവട്ടിയിൽ ദമ്പതിമാർ ആത്മഹത്യക്ക് ശ്രമിച്ചു;ഭാര്യ മരിച്ചു,ഭർത്താവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തലശ്ശേരി:എരുവട്ടി പൈനാങ്കിമെട്ടയിൽ ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ചു.ഭാര്യ മരിച്ചു.ഭർത്താവിനെ ഗുരുതരാവസ്ഥയിൽ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പെയിന്റിങ് തൊഴിലാളിയായ ജൂനാസിൽ അശോകൻ,ഭാര്യ ഷിജ എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്.ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന് അശോകൻ തന്റെ സുഹൃത്തിനെ വിളിച്ചറിയിച്ചതിനു ശേഷമാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്.സുഹൃത്ത് വിളിച്ചറിയിച്ചതനുസരിച്ച് നാട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും വീടിന്റെ രണ്ടു മുറികളിലായി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷിജ മരണപ്പെടുകയായിരുന്നു.കണ്ണൂർ കോളേജ് ഓഫ് കോമേഴ്‌സ് ബിരുദ വിദ്യാർത്ഥിനി ജൂന ഏകമകളാണ്.ഷൈജയുടെ ശവസംസ്ക്കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വലിയവെളിച്ചം പൊതുശ്മശാനത്തിൽ നടക്കും.
പഴശ്ശിസാഗർ ജലവൈദ്യുത പദ്ധതി നിർമാണം ഉടൻ ആരംഭിക്കും
ഇരിട്ടി:പഴശ്ശി പദ്ധതിപ്രദേശത്ത് ആരംഭിക്കുന്ന രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ പഴശ്ശിസാഗർ ജലവൈദ്യുത പദ്ധതി നിർമാണത്തിന് മുന്നോടിയായി പദ്ധതി പ്രദേശത്ത് ഭൂമി പൂജ നടത്തി.കരാർ കമ്പനിയായ തമിഴ്‌നാട് ഈറോഡിലെ ആർ എസ് ഡെവലപ്പേഴ്‌സാണ് ഭൂമിപൂജ നടത്തിയത്.നിർമാണ കമ്പനിക്കായി പഴശ്ശി പദ്ധതി പ്രദേശത്ത് നൽകിയ 3.5 ഹെക്റ്റർ ഭൂമിയിലാണ് പൂജ നടന്നത്. ഒരുമാസത്തിനുള്ളിൽ പ്രവൃത്തി ഉൽഘാടനം നടക്കും.ഈ സ്ഥലത്തെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനായി കഴിഞ്ഞ ദിവസം ലേലം നടന്നുവെങ്കിലും ഉറപ്പിക്കാനായില്ല.7.5 മെഗാവാട്ടിന്റെ പദ്ധതിയാണ് പഴശ്ശി സാഗർ ലക്ഷ്യമിടുന്നത്.79.85 കോടിയാണ് പദ്ധതിയുടെ ചിലവ് പ്രതീക്ഷിക്കുന്നത്.50 കോടിയുടെ സിവിൽ പ്രവൃത്തി ടെണ്ടറായിട്ടുണ്ട്.ട്രാൻസ്മിഷൻ പ്രവൃത്തിയും യന്ത്രങ്ങളുടെ വാങ്ങലും രണ്ടാം ഘട്ടത്തിൽ ടെൻഡർ ചെയ്യാനാണ് തീരുമാനം.സംഭരണിയിൽ 19.50 മീറ്റർ വെള്ളം ഉണ്ടെങ്കിൽ പോലും വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് കെഎസ്ഇബി ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.സംഭരണിയിൽ നിന്നും 80 മീറ്റർ നീളത്തിൽ വലിയ തുരങ്കം നിർമിച്ചു അവിടെ നിന്നും മൂന്നു ചെറിയ തുരങ്കം വഴി പവർ ഹൗസിലേക്ക് വെള്ളം എത്തിച്ചാണ് ജനറേറ്റർ പ്രവർത്തിപ്പിക്കുക.ജൂൺ മുതൽ നവംബർ വരെയുള്ള ആറുമാസക്കാലത്ത് വളപട്ടണം പുഴയിലേക്ക് ഒഴുക്കിവിടുന്ന വെള്ളം ഉപയോഗിച്ച് പ്രതിവർഷം 25.16 മില്യൺ യുണിറ്റ് വൈദ്യുതി നിർമിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.