News Desk

രാ​ജ​സ്ഥാ​നി​ൽ ട്രാൻസ്‌ഫോർമർ പൊ​ട്ടി​ത്തെ​റി​ച്ച് എ​ട്ടു പേ​ർ മ​രി​ച്ചു

keralanews eight died in a transformer explosion in rajasthan

ജയ്പുർ: രാജസ്ഥാനിൽ ട്രാൻഫോർമർ പൊട്ടിത്തെറിച്ച് എട്ടു പേർ മരിച്ചു.ഇരുപതുപേർക്ക് പരിക്കേറ്റു.ജയ്പൂരിനടുത്ത ഖട്ടുലായ് ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. ഒരു വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് ട്രാൻഫോർമറിന് അടുത്തുകൂടി പോകുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ട്രാൻഫോർമർ പൊട്ടിത്തെറിച്ചയുടൻ സമീപമുണ്ടായിരുന്നവരിലേക്കു തീ പടരുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറയുന്നു. അഞ്ചുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. മരിച്ചവരെല്ലാം സ്ത്രീകളും കുട്ടികളുമാണ്.ദുരന്തത്തിൽ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്കു 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നു സർക്കാർ അറിയിച്ചു.

തലശേരിയിൽ രണ്ടു കോടിയുടെ കുഴൽപ്പണം പിടികൂടി

keralanews black money worth 2crores seized from thalasseri

തലശേരി: കർണാടകയിൽ നിന്നും കേരളത്തിലേക്കു കടത്തുകയായിരുന്ന രണ്ട് കോടി രൂപയിലധികം വരുന്ന കുഴൽപ്പണം തലശേരിയിൽ പിടികൂടി.ഇന്നു രാവിലെ 9.30 ഓടെ തലശേരി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് കുഴൽപ്പണം പിടികൂടിയത്.തലശേരി ഡിവൈഎസ്പി പ്രിൻസ് എബ്രഹാം, സിഐ കെ.വി. പ്രേമചന്ദ്രൻ, പ്രിൻസിപ്പൽ എസ്ഐ എം. അനിൽ, പ്രത്യേക സ്ക്വാഡ് അംഗങ്ങളായ അജയൻ, ബിജുലാൽ, വിനോദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശികളായ കരുവംപൊയിൽ പൊൻപാറയ്ക്കൽ ഇഖ്ബാൽ (30), പെരുന്തോട്ടത്തിൽ മുഹമ്മദ് (21‌) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തു വരികയാണ്.ബംഗളൂരുവിൽ നിന്ന് ട്രെയിനിൽ കേരളത്തിലേക്ക് പണം കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.

പറവൂരിൽ വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനുള്ള പൈപ്പ് ഇറക്കുന്നത് തടയാൻ ശ്രമിച്ച സമരനേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി

keralanews protesters who tried to prevent dropping pipe for pipeline project were arrested

കണ്ണൂർ:ഗെയിൽ വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനെതിരെ മുണ്ടേരി പറവൂരിൽ നടക്കുന്ന സമരത്തിൽ പോലീസ് നടപടി.പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനായുള്ള പൈപ്പുകൾ ഇറക്കാൻ ശ്രമിച്ചത് സമരക്കാർ തടഞ്ഞതോടെയാണ് സമര സമിതി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.ഇവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കുടുക്കിമൊട്ടയിൽ പ്രതിഷേധ പ്രകടനവും നടന്നു.ജനകീയ സമരങ്ങളെ പോലീസിനെയും കുത്തകകളെയും ഉപയോഗിച്ച് തകർക്കാനുള്ള ശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി തടയുമെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദ് പറഞ്ഞു..

രാജീവ് വധം;അഡ്വ.ഉദയഭാനുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

keralanews high court rejected the anticipatory bail plea of adv udayabhanu

കൊച്ചി:റിയൽ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന വി.എ രാജീവ് ചാലക്കുടിയിൽ വെച്ച് കൊല്ലപ്പെട്ട കേസിൽ അഡ്വ.ഉദയഭാനു സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.കീഴടങ്ങാൻ കൂടുതൽ സമയം വേണമെന്ന ഉദയഭാനുവിന്റെ ആവശ്യവും കോടതി തള്ളി.കൊലപാതകം നടന്ന സെപ്റ്റംബർ 29 ന് കേസിലെ അഞ്ചാം പ്രതിയായ ജോണിയുമായി ഉദയഭാനു പലതവണ ഫോണിൽ സംസാരിച്ചതായി കോടതിയിൽ സമർപ്പിക്കപ്പെട്ട കേസ് ഡയറിയിലും ഫോൺ രേഖകളിൽ കൂടിയും വ്യക്തമാകുന്നതായി ഹൈക്കോടതി പറഞ്ഞു.അതിനാൽ ഇതേ കുറിച്ചുള്ള കൂടുതൽ വ്യക്തതയ്ക്ക് ഉദയഭാനുവിനെ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന  പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.അഭിഭാഷകനായ ഉദയഭാനുവിന്റെ കക്ഷിയായിരുന്നു രാജീവ്.ഉദയഭാനു വൻതോതിൽ ഭൂമി വാങ്ങാൻ രാജീവുമായി ധാരണയുണ്ടാക്കിയതായി രേഖകളിലുണ്ട്.പിന്നീട് ഇവർ രണ്ടുപേരും തമ്മിൽ തെറ്റി എന്നും കിട്ടാനുള്ള പണം തിരികെ ചോദിച്ചു ഉദയഭാനു നിരവധി തവണ രാജീവിനെ സമീപിച്ചിരുന്നു എന്നുമാണ് പ്രോസിക്യൂഷൻ പറയുന്നത്.എന്നാൽ താൻ പണമൊന്നും നല്കാൻ ഇല്ലെന്നായിരുന്നു രാജീവിന്റെ നിലപാട്..

വിദേശ മദ്യം,ബിയർ എന്നിവയ്ക്ക് വില വർധിപ്പിച്ചു

keralanews the price of foreign liquor beer and wine increased

തിരുവനന്തപുരം:ഇന്ത്യൻ നിർമിത വിദേശ മദ്യം,ബിയർ,വൈൻ എന്നിവയ്ക്ക് വില വർധിപ്പിച്ചു. 30 രൂപ മുതൽ അൻപതു രൂപവരെയാണ് വർദ്ധനവ്.വില വർദ്ധനവിന് ആനുപാതികമായി നികുതിയും ചേർക്കുമ്പോൾ മുന്തിയ ഇനം മദ്യത്തിന് 80 രൂപ വരെ അധികം നൽകേണ്ടി വരും.പുതുക്കിയ വില ഈടാക്കാനുള്ള നടപടികൾ പൂർത്തിയായതായി ബീവറേജ്‌സ് കോർപറേഷൻ അധികൃതർ അറിയിച്ചു.മദ്യക്കുപ്പികളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയിൽ മാറ്റം വരുത്തിയിട്ടില്ല.എന്നാൽ ബില്ലിൽ അധിക വില ഈടാക്കും.പുതുക്കിയ വില നിലവിൽ വരുന്നതിനാൽ ഇന്നലെ ഷോപ്പുകളിലെ സ്റ്റോക്കുകൾ എണ്ണി തിട്ടപ്പെടുത്തി.ഇന്ന് മുതൽ പുതിയ വില ഈടാക്കാൻ ബില്ലിംഗ് മെഷീനിലും മാറ്റം വരുത്തിയിട്ടുണ്ട്.

ആരോഗ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ;തുടയെല്ല് പൊട്ടിയ മറുനാടൻ തൊഴിലാളിക്ക് ചികിത്സ

keralanews emergency intervension of health minister treatment for other state worker

കണ്ണൂർ:ജോലി ചെയ്യുന്നതിനിടെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു തുടയെല്ല് പൊട്ടിയ മറുനാടൻ തൊഴിലാളിക്ക് ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ ഇടപെടലിൽ ചികിത്സ.മലപ്പുറം വളാഞ്ചേരിയിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശി സലീമിനാണ് പരിക്കേറ്റത്.പരിക്ക് പറ്റിയതോടെ കരാറുകാരൻ ചികിത്സപോലും നൽകാതെ ഇയാളെ നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.ഇതേ നാട്ടിലുള്ള ഹനീഫ എന്നയാളെ കൂടെ അയക്കുകയും 2500 രൂപ നൽകുകയും ചെയ്തത് മാത്രമാണ് കരാറുകാരൻ നൽകിയ സഹായം.നാട്ടിലേക്ക് പോകാനായി മംഗള എക്സ്പ്രെസ്സിൽ കയറിയതാണ് ഇരുവരും.രക്തം വരുന്ന മുറിവുമായി വേദനകൊണ്ടു പുളയുന്ന സലീമിനെ കുറിച്ചുള്ള വിവരം ഈ ട്രെയിനിലെ യാത്രക്കാർ കൈമാറുകയായിരുന്നു.വിവരം അറിഞ്ഞ മന്ത്രി കണ്ണൂർ റെയിൽവേ പൊലീസിന് അടിയന്തിര ചികിത്സ നൽകാനുള്ള നിർദേശം കൈമാറുകയായിരുന്നു.തുടർന്ന് സലീമിനെ ട്രെയിനിൽ നിന്നും ഇറക്കി അഗ്നിശമന സേനയുടെ വാഹനത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.സലീമിന് ചികിത്സ നല്കാൻ മന്ത്രി നേരിട്ട് ആശുപത്രി അധികൃതരെയും അറിയിച്ചിരുന്നു.

ഒരു വിഭാഗം വ്യാപാരികൾ ഇന്ന് കടകളടച്ച് സമരം ചെയ്യും

keralanews a group of merchants conduct strike today

കണ്ണൂർ:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒരു വിഭാഗം വ്യാപാരികൾ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും.സമരത്തിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ വ്യാപാരി വ്യവസായി ഏകോപനസമിതി താവക്കര ബസ്സ്റ്റാൻഡ് യൂണിയന്റെ നേതൃത്വത്തിൽ കണ്ണൂർ പുതിയ ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ച് ഭക്ഷണം വിതരണം ചെയ്യും.എന്നാൽ സമരത്തിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ അറിയിച്ചു.ചിക്കൻ  മെർച്ചന്റ്സ് ഓണേഴ്‌സ് അസോസിയേഷൻ, ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് അസോസിയേഷൻ,ഹോട്ടൽ ആൻഡ് മെർച്ചന്റ്സ് അസോസിയേഷൻ എന്നിവയുടെ കീഴിലുള്ള മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കും.കടകൾക്ക് പോലീസ് സംരക്ഷണം നല്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

സിവിൽ സർവീസ് പരീക്ഷയിൽ കോപ്പിയടിച്ചതിന് മലയാളി ഐ പി എസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

keralanews malayalee ips officer arrested for cheating in civil service exam

ചെന്നൈ:സിവിൽ സർവീസ് പരീക്ഷയിൽ കോപ്പിയടിച്ചതിന് മലയാളി ഐ പി എസ് ഉദ്യോഗസ്ഥനെ റിമാൻഡ് ചെയ്തു.എറണാകുളം ആലുവ കുന്നുകര സ്വദേശി സഫീർ കരീമിനെയാണ്(29) അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.ഇയാളുടെ ഭാര്യ കോട്ടയം സ്വദേശിനി ജോയ്സി ജോയ്,സുഹൃത്ത് പി.രാമബാബു എന്നിവരെയും ചൊവ്വാഴ്ച ഹൈദരാബാദിൽ വെച്ച് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച എഗ്മൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിനു ശേഷമാണ് സഫീറിനെ അറസ്റ്റ് ചെയ്തത്.ജോയ്‌സിയെയും സുഹൃത്തിനെയും ചെന്നൈയിൽ എത്തിച്ചു റിമാൻഡ് ചെയ്യും.ചെന്നൈയിൽ സിവിൽ സർവീസ് പരീക്ഷയ്ക്കിടെ സഫീർ ബ്ലൂ ടൂത്ത് ഉപയോഗിച്ച് ഭാര്യയിൽ നിന്നും ഉത്തരങ്ങൾ കേട്ടെഴുതി എന്നതാണ് കേസ്.ഷർട്ടിനുള്ളിൽ ഒളിപ്പിച്ചു വെച്ച ബ്ലൂ ടൂത്ത് ഉപയോഗിച്ച് ചോദ്യപേപ്പറിന്റെ ചിത്രം പകർത്തി ഭാര്യക്ക് അയച്ചുകൊടുത്ത ശേഷം ഭാര്യയിൽ നിന്നും ഉത്തരങ്ങൾ കേട്ടെഴുത്തുകയായിരുന്നു.പരീക്ഷ ആരംഭിച്ച അന്ന് തന്നെ സഫീർ കൃത്രിമം കാണിക്കുന്നതായി ഇൻവിജിലേറ്റർക്ക് സംശയം തോന്നിയിരുന്നു.ഇതേ തുടർന്ന് ഇയാളെയും ഭാര്യയെയും ഇന്റലിജൻസ് വിഭാഗം നിരീക്ഷിച്ചിരുന്നു.ദേഹപരിശോധന നടത്തിയ പോലീസിനെയും കബളിപ്പിച്ച് ഇയാൾ തിങ്കളാഴ്ചയും ഇതേ രീതിയിൽ പരീക്ഷയ്‌ക്കെത്തി. പിടികൂടിയപ്പോൾ അടിവസ്ത്രത്തിനിടയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ മൊബൈൽ ഫോണും മറ്റു സാമഗ്രികളും കണ്ടെത്തുകയായിരുന്നു.സഫീറും ഭാര്യയും നടത്തുന്ന സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ഡയറക്റ്റർമാരിൽ ഒരാളാണ് അറസ്റ്റിലായ രാമബാബു.2014 ലെ സിവിൽ സർവീസ് പരീക്ഷയിൽ ഐപിഎസിന് സഫീറിനു ഉയർന്ന റാങ്ക് ലഭിച്ചിരുന്നു.ഉയർന്ന റാങ്ക് നേടി ഐഎഎസ് നേടാനാണ് സഫീർ വീണ്ടും പരീക്ഷയെഴുതിയത്.

പാചക വാതക സിലിണ്ടറിന് വില കൂട്ടി

keralanews the price of cooking gas increased

കൊച്ചി:പാചക വാതക സിലിണ്ടറിന് വില കൂട്ടി.സിലിണ്ടറിന് 94 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 635 രൂപയിൽ നിന്നും 729 രൂപയായി.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 146 രൂപയും വർധിപ്പിച്ചു.1143 രൂപയായിരുന്ന സിലിണ്ടറിന് ഇനി മുതൽ 1289 രൂപ നൽകണം.വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.പാചക വാതകത്തിന്റെ വില വർധിപ്പിച്ചു കൊണ്ടുള്ള എണ്ണ കമ്പനികളുടെ അറിയിപ്പ് ഇന്ന് പുലർച്ചെയാണ് വിതരണക്കാർക്ക് ലഭിച്ചത്.എല്ലാ മാസവും ഒന്നാം തീയതി സിലിണ്ടർ വില വർധിപ്പിക്കുന്ന പതിവ് എണ്ണ കമ്പനികൾക്ക് ഉണ്ടെങ്കിലും ഇതിന് പ്രത്യേകിച്ച് മാനദണ്ഡങ്ങൾ ഒന്നും ഇല്ല.

വിചാരണ തടവുകാർക്കുള്ള ഭക്ഷണം വീടുകളിൽ നിന്നും കൊണ്ടുവരാൻ ആലോചന

keralanews plan to bring food for prisoners awaiting trial from their home

തിരുവനന്തപുരം:ജയിലിൽ കഴിയുന്ന വിചാരണ തടവുകാർക്കുള്ള ഭക്ഷണം വീടുകളിൽ നിന്നും കൊണ്ടുവരാൻ ആലോചന.ചെലവ് ചുരുക്കലിന് വേണ്ടിയുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ജയിൽ ഡിജിപിയോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു.അതിന്റെ ഭാഗമായാണ് ഈ നീക്കം. വീടുകളിൽ നിന്നും ഭക്ഷണം എത്തിച്ചു നല്കാൻ ബുദ്ധിമുട്ടുള്ളവർക്ക് മാത്രം ജയിലിൽ നിന്നും ഭക്ഷണം ഏർപ്പെടുത്താനാണ് നീക്കം.വിചാരണ തടവുകാരുടെ ഭക്ഷണത്തിനായി കോടിക്കണക്കിനു രൂപയാണ് സർക്കാരിന് ചിലവാക്കുന്നത്.എന്നാൽ ഒരു വിഭാഗം മാത്രം പുറത്തു നിന്നും ഭക്ഷണമെത്തിച്ചു കഴിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ഭൂരിപക്ഷം ഉദ്യോഗസ്ഥരും ഈ നിർദ്ദേശത്തോടെ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ വിവിധ ജയിലുകളിലായി നാലായിരത്തോളം വിചാരണ തടവുകാരാണ് നിലവിലുള്ളത്.