മട്ടന്നൂർ:കേരള വർമ പഴശി രാജയുടെ പിൻതലമുറക്കാർ താമസിച്ചിരുന്ന പഴശി പടിഞ്ഞാറെ കോവിലകം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് സർക്കാർ ഏറ്റെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. കോവിലകവും അനുബന്ധ സ്ഥലവും അന്യാധീനപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും മട്ടന്നൂർ നഗരസഭ സർക്കാരിനോട് അഭ്യർഥിച്ചിരുന്നു.ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.കോവിലകത്തിനോടുചേർന്നുള്ള ശിവ, വിഷ്ണു ക്ഷേത്രങ്ങൾ ദേവസ്വം ബോർഡ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സണ്‍ ദേവസ്വം മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.കോവിലകം പൊളിച്ചുവിൽക്കാൻ ഉടമകൾ തീരുമാനിച്ചതോടെയാണ് കോവിലകം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മട്ടന്നൂർ നഗരസഭയും നാട്ടുകാരും രംഗത്തെത്തിയത്. ചരിത്രസ്മാരകമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കമ്മിറ്റി രൂപീകരിക്കുകയും സർക്കാരിൽ നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് വിശദമായ റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാൻ ഇരിട്ടി തഹസിൽദാരോട് സർക്കാർ നിർദേശിച്ചത്. സ്ഥലത്തിന്‍റെയും കോവിലകത്തിന്‍റെയും വില ഉൾപ്പെടെ കണക്കാക്കിയുള്ള റിപ്പോർട്ട് തയാറാക്കിയാണ് ജില്ലാ കളക്ടർ മുഖേന സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചത്. കോവിലകം ഏറ്റെടുക്കാൻ നാലു കോടിയോളം രൂപ വേണ്ടിവരുമെന്നാണ് റിപ്പോർട്ടിലുള്ളതെന്നാണ് വിവരം.യോഗത്തിൽ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ, മട്ടന്നൂർ നഗരസഭ ചെയർപേഴ്സൺ അനിത വേണു, വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, നഗരസഭ മുൻ ചെയർമാൻ കെ. ഭാസ്കരൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം. റോജ, ഷാഹിന സത്യൻ, കൗണ്‍സിലർ വി.കെ. സുഗതൻ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, പഴശി രാജകുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ആർസിസിയിൽ നിന്നും രക്തം സ്വീകരിച്ച പെൺകുട്ടിക്ക് എച് ഐ വി ബാധയില്ലെന്ന് റിപ്പോർട്ട്
തിരുവനന്തപുരം:റീജണൽ കാൻസർ സെന്‍ററിൽ ചികിത്സയിലിരിക്കെ രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്ഐവി ബാധ ഉണ്ടായി എന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തൽ. ചെന്നൈയിലെ റീജണൽ ലാബിൽ നടത്തിയ രക്തപരിശോധനയിലാണ് കുട്ടിക്ക് എച്ച്ഐവി ബാധയില്ലെന്നു കണ്ടെത്തിയത്. ഡൽഹിയിലെ നാഷണൽ ലാബിൽനിന്നുള്ള പരിശോധനാ ഫലം കൂടി വന്നതിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ റിപ്പോർട്ട് പുറത്തുവിടാൻ കഴിയൂ എന്നും ആർസിസി അറിയിച്ചു.കഴിഞ്ഞ മാർച്ചിലാണു രക്താർബുദത്തെത്തുടർന്ന് കുട്ടി ആർസിസിയിൽ ചികിത്സയ്ക്കെത്തിയത്.ചികിത്സയുടെ ഭാഗമായി കുട്ടിക്കു റേഡിയേഷൻ തെറാപ്പി ചെയ്തു.അതിനു ശേഷം കുട്ടിയുടെ രക്തത്തിൽ കൗണ്ട് കുറഞ്ഞു. ഇതു പരിഹരിക്കാനായി ആർസിസിയിൽ നിന്ന് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നടത്തിയിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് കുട്ടിക്ക് എച്ച്ഐവി ബാധിച്ചെന്നു സംശയമുണർന്നത്.എന്നാൽ സംഭവത്തിൽ ആർസിസിയുടെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിരുന്നു.മാനദണ്ഡങ്ങൾ പാലിച്ചാണ് ആർസിസിയിൽ നിന്നും രക്തം നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ക്ലേയ്സ് ആൻഡ് സിറാമിക് തൊഴിലാളികളുടെ സമരം പതിനൊന്നാം ദിവസത്തിലേക്ക്
പാപ്പിനിശ്ശേരി:പൊതുമേഖലാ സ്ഥാപനമായ ക്ലേയ്സ് ആൻഡ് സിറാമിക് തൊഴിലാളികൾ കൂടുതൽ തൊഴിൽ ദിനങ്ങൾ ആവശ്യപ്പെട്ട് നടത്തിവരുന്ന സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു.പാപ്പിനിശ്ശേരിയിലെ കേന്ദ്ര കാര്യാലയത്തിന് മുന്നിലാണ് സത്യാഗ്രഹം.കഴിഞ്ഞ ഒന്നരവർഷമായി നാമമാത്രമായുള്ള ദിവസങ്ങളിൽ മാത്രമാണ് തൊഴിലാളികൾക്ക് ജോലി ലഭിക്കുന്നത്.തൊഴിലും കൂലിയും ഇല്ലാതെ പട്ടിണിയിലേക്ക് നീങ്ങിയതോടെയാണ് ഇവർ സമരം ആരംഭിച്ചത്.കമ്പനി വൈവിധ്യവൽക്കരണം നടത്തി തൊഴിലാളികൾക്ക് തൊഴിൽ നൽകുമെന്ന വാഗ്‌ദാനം നല്കിയതല്ലാതെ ഇതുവരെ ഇതിനായുള്ള നടപടികൾ ഒന്നും കൈക്കൊണ്ടിട്ടില്ലെന്നാണ് തൊഴിലാളികളുടെ ആക്ഷേപം.സമരം വിജയിപ്പിക്കുന്നതിനായി സമര സഹായ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
പേരാവൂർ:മലയോര മേഖലകളിൽ എക്‌സൈസ് വിഭാഗം നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.പേരാവൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്‌ടർ കെ.അജയനും സംഘവും നടത്തിയ റെയ്ഡിലാണ് 15,000 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി.ഈ മേഖലയിൽ വിവിധ കച്ചവട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിലും ഇവിടെ റെയ്‌ഡുകൾ നടത്തുമെന്ന് ഇൻസ്പെക്റ്റർ കെ.അജയൻ പറഞ്ഞു.ഇരിട്ടി റോഡിൽ നിന്ന് ഹാൻസ് മൊത്തവിതരണക്കാരനായ തമിഴ്നാട് സ്വദേശി പുഷപരാജനെയാണ് എക്‌സൈസ് സംഘം ആദ്യം പിടികൂടിയത്.പിന്നീട് ചാണപ്പാറയിൽ പൊറ്റയിൽ സാബുവിന്റെ വീട്ടിലും കടയിലും നടത്തിയ റെയ്ഡിലും ലോറി ഡ്രൈവറായ ഞാറ്റുവീട്ടിൽ ധനേഷിന്റെ വീട്ടിലും നടത്തിയ റെയ്‌ഡിലുമാണ് പുകയില ഉൽപ്പന്ന ശേഖരം പിടികൂടിയത്.
എം.ആർ വാക്‌സിനേഷൻ കുത്തിവെയ്പ്പ് ഈ മാസം 18 വരെ നീട്ടി
തിരുവനന്തപുരം:മീസിൽസ്-റൂബെല്ല വാക്‌സിനേഷൻ തീയതി ഈ മാസം 18 വരെ നീട്ടി.ഒക്ടോബർ 3 മുതൽ നവംബർ മൂന്നു വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന തീയതി.
റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യത്തെ 48 മണിക്കൂർ സൗജന്യ ചികിത്സ നൽകണം
തിരുവനന്തപുരം:റോഡപകടങ്ങളിൽപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവർക്ക് ഉടനടി വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിന് ട്രോമാ കെയർ പദ്ധതി ആവിഷ്‌ക്കരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ച് ആദ്യത്തെ 48 മണിക്കൂർ പണമൊന്നും ഈടാക്കാതെ ചികിത്സ ഉറപ്പാക്കുന്ന പദ്ധതികളാണ് പരിഗണനയിലുള്ളത്.സ്വകാര്യ ആശുപത്രിയിലാണെങ്കിൽ ആദ്യഘട്ടത്തിലെ ചികിത്സയ്ക്കുള്ള ചിലവ് സർക്കാരിന്റെ റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും നൽകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.ഈ തുക പിന്നീട് ഇൻഷുറൻസ് കമ്പനികളിൽ നിന്നും ഈടാക്കാനാണ് തീരുമാനം.അപകടത്തിൽപ്പെടുന്നവരെ ഉടനടി ആശുപത്രികളിൽ എത്തിക്കാൻ പ്രത്യേക ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തും. ഇതിനായി സ്വകാര്യ ഏജൻസികളിൽ നിന്നും അപേക്ഷ ക്ഷണിക്കാനാണ് ആലോചിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകൾ,ജില്ലാ ആശുപത്രികൾ,താലൂക്ക് ആശുപത്രികൾ,എന്നിവിടങ്ങളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും ട്രോമാ കെയർ സജ്ജീകരണമൊരുക്കും.ആശുപത്രികൾ തിരഞ്ഞെടുക്കാൻ പ്രത്യേക സോഫ്റ്റ്‌വെയർ നിർമിക്കും.പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കുന്നതിന് ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകും.യോഗത്തിൽ ആരോഗ്യമന്ത്രി കെ.കെ ഷൈലജയും വകുപ്പ് സെക്രെട്ടറിമാരും പങ്കെടുത്തു.
ഫെബ്രുവരി ആറിനകം മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കണം
ന്യൂഡൽഹി:ഫെബ്രുവരി ആറിനകം മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കണം.ഇത് കൂടാതെ രാജ്യത്ത് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിനും ആധാർ നിർബന്ധമാക്കണമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. മൊബൈൽ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി സുപ്രീം കോടതി നിശ്ചയിച്ചതിനാൽ അത് കേന്ദ്ര സർക്കാരിന് മാറ്റാനാകില്ല.അതേസമയം ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ വിശദീകരണം നൽകിയത്.അതേസമയം ആധാർ സ്വകാര്യതയുടെ ലംഘനമാണോ എന്ന കാര്യം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിശോധിക്കുകയാണ്.
ചെന്നൈയിൽ കനത്ത മഴ തുടരുന്നു;സ്കൂളുകൾക്ക് ഇന്ന് അവധി
ചെന്നൈ:ചെന്നൈയിൽ കനത്ത മഴ തുടരുന്നു.കഴിഞ്ഞ ദിവസം അഞ്ചു മണിക്കൂർ തുടർച്ചയായി പെയ്ത കനത്ത മഴയിൽ ചെന്നൈ നഗരം സ്തംഭിച്ചിരിക്കുകയാണ്. ഇന്നലെ അർധരാത്രി വരെ ചെന്നൈ നഗരത്തിൽ പെയ്തത് 153 സെന്റീമീറ്റർ മഴയാണ്.2015 ലെ പ്രളയത്തിന് ശേഷം ചെന്നൈയിൽ പെയ്യുന്ന ഏറ്റവും കനത്ത മഴയാണിത്.കനത്ത മഴയെ തുടർന്ന് സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.അണ്ണാ സർവകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു.ഇന്ന് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.കുറച്ചു ദിവസം മുൻപ് സംസ്ഥാനത്തിന്റെ തെക്കൻ തീരത്തെത്തിയ വടക്കുകിഴക്കൻ മൺസൂണാണ് കനത്ത മഴയ്ക്ക് കാരണമായതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു.ഈ പ്രതിഭാസം രണ്ടുമൂന്നു ദിവസം കൂടി നീണ്ടുനിൽക്കുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. അതേസമയം ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ അടിയന്തിര സാഹചര്യങ്ങളും നേരിടാൻ സർക്കാർ സജ്ജമാണെന്നും മുഖ്യമന്ത്രി പളനിസ്വാമി വ്യക്തമാക്കി.പ്രളയ ബാധിത പ്രദേശത്ത് ആളുകളെ മാറ്റി പാർപ്പിക്കാൻ 115 താൽക്കാലിക കേന്ദ്രങ്ങൾ തുറന്നതായും അദ്ദേഹം പറഞ്ഞു.
ആഡംബര വാഹന നികുതി വെട്ടിപ്പ് നടത്തിയതിന് സുരേഷ് ഗോപിക്കു നോട്ടീസ്
തിരുവനന്തപുരം:ആഡംബര വാഹന നികുതി വെട്ടിപ്പ് നടത്തിയതിന് നടനും ബിജെപി എംപിയുമായായ സുരേഷ് ഗോപിക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് അയച്ചു.ഈ മാസം 13ന് മുന്പ് നേരിട്ടു ഹാജരായി വാഹനത്തിന്‍റെ രേഖകൾ ഹാജരാക്കണമെന്ന് അറിയിച്ച് തിരുവനന്തപുരം ആർടിഒയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.പോണ്ടിച്ചേരിയിലെ ഫ്ളാറ്റിന്‍റെ വിലാസത്തിൽ തന്‍റെ ഒഡി ക്യൂ 7 രജിസ്റ്റർ ചെയ്താണ് സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയത്. ഇതേ കാറ് തന്നെയാണ് സുരേഷ് ഗോപി എംപിയെന്ന നിലയിൽ തന്‍റെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നതും.വാഹനം മേടിച്ച് ഏറെക്കാലമായിട്ടും രജിസ്ട്രേഷൻ പുതുച്ചേരിയിൽനിന്നു കേരളത്തിലേക്കു മാറ്റാത്തതിനെ സംബന്ധിച്ചും സുരേഷ് ഗോപി വിശദീകരണം നൽകണമെന്നും നോട്ടീസിൽ പറയുന്നു.
ഐഎസ്എല്ലിന്റെ ഉൽഘാടന മത്സരം കൊൽക്കത്തയിൽ നിന്ന് കൊച്ചിയിലേക്ക് മാറ്റി
കൊച്ചി:ഐഎസ്എല്ലിന്റെ ഉൽഘാടന മത്സരം കൊൽക്കത്തയിൽ നിന്ന് കൊച്ചിയിലേക്ക് മാറ്റി.ഈ മാസം പതിനേഴിന് നടക്കുന്ന ഉൽഘാടന മത്സരം കൊൽക്കത്തയിൽ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.എന്നാൽ സെമി ഫൈനൽ,ഫൈനൽ വേദികൾ നിശ്ചയിച്ചതിനെ തുടർന്ന് വേദി മാറ്റുകയായിരുന്നു.ഫൈനൽ മത്സരം കൊൽക്കത്തയിൽ ആയതിനാൽ ഉൽഘാടന മത്സരം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.അതേസമയം 2018 ഫെബ്രുവരി 9 ന് കൊച്ചിയിൽ നടക്കേണ്ടിയിരുന്ന മത്സരം കൊൽക്കത്തയിലേക്ക് മാറ്റും.24 നാണ് കൊച്ചിയിലെ രണ്ടാമത്തെ മത്സരം.കേരളാബ്ലാസ്റ്റേഴ്സും പുതിയ ടീമായ ജംഷഡ്പൂർ എഫ്‌സിയുമാണ് അന്ന് മത്സരിക്കുക.