മലപ്പുറം:ഒറ്റപ്പാലത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു.മലപ്പുറം ചങ്ങരംകുളം പന്താവൂർ ചീനക്കൽ പറമ്പിൽ മുസ്തഫയുടെ മകൻ ഫാസിൽ(19),കക്കിടിപ്പുറം പുളിക്കൽ അബ്ദുൽ സലാമിന്റെ മകൻ ഷാനാബാബു(20) എന്നിവരാണ് മരിച്ചത്.ഫാസിൽ സംഭവസ്ഥലത്തുവെച്ചും ഷാനാബാബു കൊളപ്പുള്ളി പി.കെ ദാസ് ആശുപത്രിയിൽവെച്ചുമാണ് മരിച്ചത്.ഇന്നലെ രാവിലെ ഇവർ സഞ്ചരിച്ച ബൈക്ക് ഒറ്റപ്പാലത്തിനടുത്തുവെച്ചു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ബൈക്കിൽ കോയമ്പത്തൂരിൽ പോയി മടങ്ങിവരികയായിരുന്നു ഇരുവരും.
ക്ഷേമ പെൻഷനുകൾക്കുള്ള അപേക്ഷകൾ ഉടൻ സ്വീകരിച്ചു തുടങ്ങുമെന്ന് മന്ത്രി കെ.ടി ജലീൽ .
തിരുവനന്തപുരം:ക്ഷേമ പെൻഷനുകൾക്കുള്ള അപേക്ഷകൾ ഉടൻ സ്വീകരിച്ചു തുടങ്ങുമെന്ന് മന്ത്രി കെ.ടി ജലീൽ.ക്ഷേമ പെൻഷനുകൾ സർക്കാർ ബോധപൂർവ്വം പ്രവർത്തനരഹിതമാക്കിയിട്ടില്ല. നടപടികൾ സ്വീകരിക്കുന്നതിൽ സ്വാഭാവിക കാല താമസം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. അർഹരായവർക്ക് അപേക്ഷ നൽകിയ കാലയളവ് മുതൽ പെൻഷൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ ജീവനക്കാരും ക്ഷേമ പെൻഷൻ വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സർക്കാർ-അർധസർക്കാർ ജീവനക്കാർ പെൻഷൻ വാങ്ങുന്നത് തടയുന്ന പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്. ഇത്തരക്കാരെ ഒഴിവാക്കുന്നതിലെ കാലതാമസമാണ് നിലവിൽ നേരിടുന്നതെന്നും മന്ത്രി പറഞ്ഞു.
ബസ് ബൈക്കിലിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു
മംഗളൂരു:ബസ് ബൈക്കിലിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു.ഞായറാഴ്ച വൈകുന്നേരം തെക്കോട്ട് റൂട്ടിൽ കല്ലാപ്പുവിലാണ് അപകടം നടന്നത്. ഉള്ളാളിലെ മുഹമ്മദ് സയ്യിദ് സലീൽ ആണ് മരിച്ചത്.മുഹമ്മദ് സഞ്ചരിച്ച ബൈക്കിൽ ബസിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ സലീൽ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.തമ്ബെയിലെ കോളേജിൽ ഡിഗ്രി വിദ്യാർത്ഥിയാണ്.കഴിഞ്ഞ ആഴ്ച ഇതേ റോഡിലുണ്ടായ അപകടത്തിൽ ഒരു യുവാവ് മരിക്കുകയും സുഹൃത്തിനു പരിക്കേൽക്കുകയും ചെയ്തിരുന്നു.ഇതേ തുടർന്ന് റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
മന്ത്രി തോമസ് ചാണ്ടി ഗുരുതരമായ നിയമ ലംഘനം നടത്തിയതായി കളക്റ്ററുടെ അന്തിമ റിപ്പോർട്
തിരുവനന്തപുരം:മന്ത്രി തോമസ് ചാണ്ടി ഗുരുതരമായ നിയമ ലംഘനം നടത്തിയതായി കളക്റ്ററുടെ അന്തിമ റിപ്പോർട്.റിസോര്‍ട്ടിലെ നിര്‍മാണങ്ങളില്‍ ഗുരുതര ചട്ടലംഘനം നടന്നതായാണ് കളക്ടർ ടി.വി. അനുപമയുടെ റിപ്പോര്‍ട്ടിലുള്ളത്. നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണം നിയമങ്ങള്‍ അട്ടിമറിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരിക്കുന്നതെന്നും 2003ന് ശേഷം റിസോര്‍ട്ട് ഭൂമിയുടെ രൂപത്തില്‍ മാറ്റംവന്നതായും റിപ്പോര്‍ട്ട് പറയുന്നു.അനുമതി വാങ്ങാതെ വയൽ നികത്തി പാർക്കിങ് ഗ്രൗണ്ട് നിർമിച്ചു.സർക്കാരിന്റെ ലാൻഡ് യൂട്ടിലൈസേഷൻ ഉത്തരവ് മറികടന്നു ഉദ്യോഗസ്ഥ തലത്തിലും വീഴ്ചയുണ്ടായെന്നും കളക്റ്ററുടെ അന്തിമ റിപ്പോർട്ടിൽ പറയുന്നതായി മാധ്യമങ്ങൾ റിപ്പോർട് ചെയ്തു.വയൽ നികത്തുന്നതിനും സർക്കാരിന്റെ അനുമതി വാങ്ങിയില്ല.ഒരു മീറ്റർ മാത്രമായിരുന്ന ബണ്ടിന്റെ വീതി നാല് മീറ്റർ മുതൽ പന്ത്രണ്ടു മീറ്റർവരെയാക്കി മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.വയൽ നികത്തി നിർമിച്ച റോഡ് പൂർവ്വസ്ഥിതിയിലാക്കാൻ അനുവാദം നൽകണമോ എന്ന കാര്യം സർക്കാർ തീരുമാനിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കപ്പലിലെ സെക്കൻഡ് എൻജിനീയറായ അഴീക്കൽ സ്വദേശിയെ കടലിൽ കാണാതായി
കണ്ണൂർ:കപ്പലിലെ സെക്കൻഡ് എൻജിനീയറായ യുവാവിനെ കടലിൽ കാണാതായി. കവരത്തിയിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന എം.വി കൊടിത്തല എന്ന കപ്പലിൽ സെക്കന്റ് എൻജിനീയറായ അഴീക്കൽ സ്വദേശി വികാസിനെയാണ് കാണാതായത്.ഞായറാഴ്ച ഡ്യൂട്ടി കഴിഞ്ഞു മുറിയിലേക്ക് പോകും വഴിയായിരിക്കാം അപകടമെന്ന് കരുതുന്നു.മുറിയിൽ കാണാത്തതിനെ തുടർന്നാണ് കടലിൽ വീണതായിരിക്കാം എന്ന നിഗമനത്തിലെത്തിയത്. കപ്പലിലെ സുരക്ഷാ ബോട്ടുകൾ തിരച്ചിൽ നടത്തുകയാണ്.
മുണ്ടൂർ ബസ്സപകടം;പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കും
പരിയാരം:പരിയാരം മുണ്ടൂരിൽ ബസ്സപകടത്തിൽ പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സ ചിലവുകൾ സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.മരിച്ചവരുടെ സംസ്ക്കാര ചടങ്ങുകൾക്ക് 10000 രൂപ അടിയന്തിര സഹായം നല്കാൻ കല്കട്ടർക്ക് നിർദേശം നൽകി.മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം അനുവദിക്കുന്നത് കല്കട്ടറുടെ റിപ്പോർട്ട് ലഭിച്ചശേഷം മുഖ്യമന്ത്രിയുമായി സംസാരിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
പരിയാരം മെഡിക്കൽ കോളേജിൽ വൈദ്യുതി നിലച്ചത് രോഗികളുടെ ബന്ധുക്കളെ പരിഭ്രാന്തരാക്കി
പരിയാരം:പരിയാരം മെഡിക്കൽ കോളേജിൽ വൈദ്യുതി നിലച്ചത് രോഗികളുടെ ബന്ധുക്കളെ പരിഭ്രാന്തരാക്കി.ഇന്നലെ വൈകുന്നേരം മൂന്നു മണിക്കാണ് ഒരു മണിക്കൂർ നേരത്തേക്ക് വൈദ്യുതി നിലച്ചത്.വെന്റിലേറ്ററിലേക്കുള്ള ഓക്സിജൻ എത്താൻ വൈദ്യുതി ആവശ്യമാണെന്ന് പറഞ്ഞതാണ് ആശങ്കയ്ക്കിടയാക്കിയത്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതു വരെ ഒരു മണിക്കൂറോളം സംഘർഷാവസ്ഥയിലായിരുന്നു ആശുപത്രി.സാധാരണ നിലയിൽ വൈദ്യുതി ബന്ധം നിലച്ചാൽ ഉടനെ ജനറേറ്റർ പ്രവർത്തിക്കുമായിരുന്നു.എന്നാൽ ഇത്തവണ ജനറേറ്റർ പ്രവർത്തിച്ചില്ല.ഇത് മനസിലാക്കിയ ഉടനെ മറ്റ് സംവിധാനങ്ങൾ ഉപയോഗിച്ച് വെന്റിലേറ്ററിലേക്കുള്ള വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.പിന്നീട് പുതിയ ബാറ്ററി ഉപയോഗിച്ച് ജനറേറ്റർ പ്രവർത്തിപ്പിച്ചപ്പോഴേക്കും വൈദ്യുതിയും വന്നു.ഇതിനുമുൻപ് 2002 ലാണ് ഇവിടെ ഇതുപോലുള്ള സംഭവം ഉണ്ടായിട്ടുള്ളത്.അതിനു ശേഷം ജനറേറ്ററും അനുബന്ധ സംവിധാനങ്ങളും പരിഷ്‌ക്കരിച്ചിരുന്നുവെന്നും ഇലക്ട്രിക്കൽ വിഭാഗം അറിയിച്ചു.
സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്.മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന പാക്കേജ് ഉടന്‍ നടപ്പിലാക്കുക,വാതില്‍പടി വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക, റേഷന്‍ കടകള്‍ കമ്പ്യൂട്ടര്‍വത്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.മെയ് 30ന് വേതന പാക്കേജ് പ്രഖ്യാപിച്ചിട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ലെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. നിലവിലെ വേതനവും കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയും ഇവര്‍ക്കുണ്ട്.സംസ്ഥാനത്തെ 14328 റേഷന്‍ കടകളും ഇന്ന് മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടും.അതേസമയം അടച്ചിടുന്ന റേഷൻ കടകൾ കുടുംബശ്രീകൾക്ക് കൈമാറാൻ സർക്കാർ ആലോചിക്കുന്നു.കട അടച്ചിട്ടാൽ അവ കേരള റേഷനിങ് കൺട്രോൾ ആക്ട് പ്രകാരവും ആവശ്യസാധന നിയന്ത്രണ നിയമ പ്രകാരവും ഏറ്റെടുക്കാനാണ് തീരുമാനം.ഇവയുടെ നടത്തിപ്പ് താൽക്കാലിക ലൈസൻസിലൂടെ കുടുംബശ്രീകൾക്കും വനിതാ സ്വയം സഹായ സംഘങ്ങൾക്കും കൈമാറും.കുടുംബശ്രീയും സ്വയം സഹായ സംഘങ്ങളും ഇല്ലെങ്കിൽ മാവേലിസ്റ്റോറിലൂടെയും സപ്പ്ളൈക്കോ വിതരണ കേന്ദ്രം വഴിയും വിതരണം ചെയ്യും.
മീഡിയ വൺ ചാനലിലെ മാധ്യമ പ്രവർത്തകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
കോഴിക്കോട്:മീഡിയ വൺ ചാനലിലെ മാധ്യമ പ്രവർത്തകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.വാർത്ത അവതാരകനായ നിതിൻ ദാസിനെയാണ് കോഴിക്കോട് താമസിക്കുന്ന മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തൃശൂർ സ്വദേശിയാണ്.ഇന്നലെ വൈകുന്നേരത്തെ ഷിഫ്റ്റിൽ ജോലിക്ക് കയറാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ ഫോണിൽ വിളിച്ചെങ്കിലും ഫോൺ എടുത്തിരുന്നില്ല.തുടർന്ന് സുഹൃത്തുക്കൾ ഓഫീസിനടുത്തുള്ള നിതിന്റെ റൂമിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.തൃശൂർ സ്വദേശിയായ നിതിൻ തിരുവനന്തപുരത്ത് നഴ്സിംഗ് പഠനം പൂർത്തിയാക്കി സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി നോക്കിയിരുന്നു.തുടർന്നാണ് കാക്കനാട്ടെ പ്രസ് അക്കാദമിയിൽ നിന്നും മാധ്യമ പ്രവർത്തനം പഠിച്ച ശേഷം 2015 ഇൽ മീഡിയ വണ്ണിൽ ജോലിയിൽ പ്രവേശിച്ചത്.
ഗെയിൽ വിരുദ്ധ സമരം;സർവകക്ഷിയോഗം ഇന്ന്
കോഴിക്കോട്:കോഴിക്കോട് മുക്കത്ത് സ്ഥാപിക്കുന്ന ഗെയിൽ വാതക പൈപ്പ് ലൈനിനു എതിരായുള്ള സമരം ഒത്തു തീർക്കുന്നതിനായി സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് കോഴിക്കോട് ചേരും.ഗ്യാസ് പൈപ്പ്‌ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍, സമര സമിതി പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. വ്യവസായ വകുപ്പാണ് യോഗം വിളിച്ചിരിക്കുന്നത്.ഇന്ന് വൈകുന്നേരം നാലിന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. വ്യവസായ മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും. സമര സമിതിയെ ആദ്യം യോഗത്തിലേക്ക് ക്ഷണിക്കാതിരുന്ന സര്‍ക്കാര്‍ നടപടി വിവാദമായതോടെ രണ്ട് പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജി അക്ബര്‍, അബ്ദുല്‍ കരീം എന്നിവര്‍ സമര സമിതിയെ പ്രതിനിധീകരിച്ച് സര്‍വ്വകക്ഷി യോഗത്തിനെത്തും.പൈപ്പ് ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റണമെന്ന സമര സമിതിയുടെ ആവശ്യം അംഗീകരിക്കപ്പെടാന്‍ ഇടയില്ല. ഭൂവുടമകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരമെന്ന നിര്‍ദേശമാവും സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുക.അതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് എരഞ്ഞിമാവിലെ സമരഭൂമി സന്ദര്‍ശിക്കും.