ന്യൂഡൽഹി:കനത്ത പുകമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ പതിനെട്ടു കാറുകൾ ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടിച്ചു.ഡൽഹി എക്സ്പ്രസ് ഹൈവേയിലാണ് അപകടം.വ്യവസായ ശാലകളിൽ നിന്നും വാഹനങ്ങളിൽ നിന്നുമുള്ള പുകയും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള പടക്കങ്ങൾ പൊട്ടിച്ചപ്പോഴുണ്ടായ പുകയും എല്ലാം ചേർന്ന് ഡൽഹിയിൽ കനത്ത പുകമഞ്ഞ് രൂപപ്പെടുകയായിരുന്നു.ഇരുപതു മീറ്റർ അടുത്തുള്ളയാളെ വരെ കാണാൻ പറ്റാത്ത വിധമാണ് പുകമഞ്ഞ് മൂടിയിരിക്കുന്നു.ഇതിനെ തുടർന്ന് ഡൽഹിയിലെ സ്കൂളുകൾക്ക് സർക്കാർ ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.രാവിലെ അത്യന്തം മലിനീകരിക്കപ്പെട്ട വായുവാണ് നേരിടേണ്ടി വരികയെന്നും അതിനാൽ രാവിലെ പുറത്തിറങ്ങിയുള്ള പഠനങ്ങളും കായിക മത്സരങ്ങളും ഒഴിവാക്കണമെന്നും ഡോക്റ്റർമാർ നിർദേശിച്ചിട്ടുണ്ട്.ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്കിന്റെ 300 ശാഖകൾ പൂട്ടാനൊരുങ്ങുന്നു
ന്യൂഡൽഹി:പഞ്ചാബ് നാഷണൽ ബാങ്കിന്റെ 300 ശാഖകൾ പൂട്ടാനൊരുങ്ങുന്നു.നഷ്ടത്തിൽ പ്രവർത്തിക്കുന്ന 200 മുതൽ 300 ശാഖകൾ വരെയാണ് പൂട്ടാനൊരുങ്ങുന്നത്.ഈ ശാഖകൾ മറ്റു ശാഖകളുമായി ലയിപ്പിക്കുകയോ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുകയോ ചെയ്യാനാണ് തീരുമാനം.ഒരു വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് ഡയറക്റ്ററും സിഇഒയുമായ സുനിൽ മേത്ത അറിയിച്ചു. നഷ്ടത്തിൽ പ്രവർത്തിക്കുന്ന ശാഖകൾ ലാഭത്തിലാക്കുകയാണ് ബാങ്കിന്റെ ലക്‌ഷ്യം.ഡിജിറ്റലൈസേഷന്റെ ഭാഗമായി ബാങ്കുകൾ ശാഖകൾ അടയ്ക്കുകയും ബിസിനസ് സെന്ററുകൾ കൂടുതൽ തുറക്കുകയുമാണ് ചെയ്യുന്നത്.
മുണ്ടൂരിൽ ബസ്സപകടത്തിൽപെട്ട് മരിച്ചവർക്കും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ചു
കണ്ണൂർ:ചെറുതാഴം മുണ്ടൂരിൽ ബസുകൾ കൂട്ടിയിടിച്ചുമരിച്ച മുസ്തഫ,പി.പി സുബൈദ, മുഫീദ്, സുജിത് പട്ടേരി,കരീം എന്നിവരുടെ ബന്ധുക്കൾക്ക് ഒരുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഗുരുതരമായി പരിക്കേറ്റ രണ്ടുപേർക്ക് അൻപതിനായിരം രൂപ വീതവും മറ്റുള്ള പതിനൊന്നുപേർക്ക് പതിനായിരം രൂപ വീതവും ധനസഹായം അനുവദിച്ചിട്ടുണ്ട്.
റേഷൻ വ്യാപാരികൾ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു
തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ നടത്തി വന്നിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു.ഭക്ഷ്യമന്ത്രി പി.തിലോത്തമനുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം.മാർച്ച് ഒന്ന് മുതൽ വേതന പാക്കേജ് നടപ്പിലാക്കാനും തീരുമാനമായി.ഈ മാസം ഒന്ന് മുതലാണ് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വ്യാപകമായി കടയടപ്പ് സമരം തുടങ്ങിയത്.റേഷൻ കമ്മീഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക,വ്യാപാരികൾക്കും സെയിൽസ്മാൻമാർക്കും മിനിമം വേതനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.ഇതോടെ സംസ്ഥാനത്തു റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന അരിയുടെയും ഗോതമ്പിന്റെയും വില ഒരു രൂപ വീതം കൂടും. സൗജന്യ റേഷൻ ലഭിച്ചിരുന്ന 29 ലക്ഷം പിങ്ക് കാർഡുടമകൾ പുതിയ പാക്കേജ് നിലവിൽ വരുന്നതോടെ ഭക്ഷ്യധാന്യങ്ങൾക്ക് പണം നൽകേണ്ടി വരും.ഇവർ അരിക്കും ഗോതമ്പിനും ഇനി മുതൽ ഒരുരൂപ വീതം നൽകണം.ഇതോടെ സംസ്ഥാനത്തു സൗജന്യ റേഷൻ വാങ്ങുന്നവരുടെ എണ്ണം 6 ലക്ഷമായി ചുരുങ്ങും.
സ്കൂൾ കുട്ടികൾക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഒൻപതുപേർ മരിച്ചു
ചണ്ഡീഗഡ്:സ്കൂൾ കുട്ടികൾക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഒൻപതുപേർ മരിച്ചു.ഏഴുപേർക്ക് ഗുരുതരമായി പരിക്കേറ്റു.പഞ്ചാബിലെ ബാദിൻഡ ജില്ലയിലാണ് സംഭവം.സംഭവസ്ഥലത്തെ ഫ്‌ളൈഓവറിന്റെ ഓരത്ത് നിൽക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് ട്രക്ക്പാഞ്ഞുകയറുകയായിരുന്നു.മൂടൽ മഞ്ഞ് കാരണം ഡ്രൈവർക്ക് കാഴ്ച മങ്ങിയതാണ് അപകടകാരണം.വിദ്യാർഥികൾ സ്കൂലേക്ക് പോകാനായി കയറിയ ബസ് മറ്റൊരു മിനി ബസുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ബേസിൽ നിന്നും ഇറങ്ങി മറ്റൊരു വാഹനത്തിനായി വിദ്യാർഥികൾ കാത്തു നിൽക്കുമ്പോഴാണ് അപകടമുണ്ടായത്.പിന്നിൽ നിന്നും വന്ന ട്രക്ക് വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
20-20 ക്രിക്കറ്റ്;ഇന്ത്യയ്ക്ക് പരമ്പര
തിരുവനന്തപുരം:ഇന്നലെ നടന്ന ഇന്ത്യ-ന്യൂസീലൻഡ് 20-20 മത്സരത്തിൽ വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി.ആര് റൺസിനാണ് ഇന്ത്യ വിജയിച്ചത്.കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് മൈതാനത്ത് ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കാണാനായി മഴയത്തും മണിക്കൂറുകളോളം ക്ഷമയോടെ കാത്തിരുന്ന ആരാധകരെ ടീം ഇന്ത്യ നിരാശപ്പെടുത്തിയില്ല.എട്ടോവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുത്തു. അനായാസ വിജയം സ്വപ്‌നം കണ്ട് മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് എട്ടോവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് താരതമ്യേന ചെറിയ സ്‌കോറായിട്ടും ജയം കൈപ്പിടിയിലൊതുക്കാന്‍ ഇന്ത്യയെ സഹായിച്ചത്. രണ്ട്ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത യുസ്‌വേന്ദ്ര ചാഹലും രണ്ട് ഓവറില്‍ പത്ത് റണ്‍ മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത ബുംറയും ഇന്ത്യന്‍ നിരയില്‍ കൂടുതല്‍ തിളങ്ങി.മഴ രസംകൊല്ലിയായി എത്തിയിട്ടും രണ്ടര മണിക്കൂറോളം ആവേശം കൈവിടാതെ സൂക്ഷിച്ച കാര്യവട്ടത്തെ കാണികളോടാണ് ഇരുടീമുകളും നന്ദി പറയേണ്ടത്. മഴമൂലം എട്ട് ഓവറാക്കി ചുരുക്കിയ മത്സരം രാത്രി ഏഴിന് പകരം ഒമ്പതരയോടെയാണ് ആരംഭിച്ചത്.സ്കോർ:ഇന്ത്യ-8 ഓവറിൽ അഞ്ചു വിക്കറ്റിന് 60 റൺസ്.ന്യൂസീലൻഡ്-8 ഓവറിൽ ആറ് വിക്കറ്റിന് 61 റൺസ്.
റയാൻ ഇന്റർനാഷണൽ സ്കൂളിൽ ഏഴുവയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്ലസ് വൺ വിദ്യാർത്ഥി പിടിയിൽ
ന്യൂഡൽഹി:ഹരിയാനയിലെ റയാൻ ഇന്റർനാഷണൽ സ്കൂളിൽ ഏഴുവയസ്സുകാരൻ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി പിടിയിൽ.സിബിഐ ആണ് കുട്ടിയെ കസ്റ്റഡിയിലെടുത്തത്.ഏഴാം ക്ലാസ്സുകാരൻ കൊല്ലപ്പെട്ട ദിവസം സ്കൂളിൽ ആദ്യം എത്തിയത് ഈ വിദ്യാർത്ഥിയായിരുന്നു.ഇതിനെ തുടർന്നാണ് കുട്ടിയെ ചോദ്യം ചെയ്തത്.വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തെങ്കിലും സംഭത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കാൻ സിബിഐ തയ്യാറായിട്ടില്ല.അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് സ്കൂൾ ബസ് ഡ്രൈവർ അശോക് കുമാറിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇക്കഴിഞ്ഞ സെപ്തംബര് എട്ടിനാണ് ഏഴുവയസ്സുകാരൻ പ്രത്യുമ്നൻ താക്കൂറിനെ സ്കൂളിലെ ശുചിമുറിയിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.ആദ്യം കേസന്വേഷിച്ച ഹരിയാന പോലീസ് ആണ് സ്കൂൾ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തത്.എന്നാൽ പ്രത്യുമ്നൻ താക്കൂറിന്റെ പിതാവിന്റെ അപേക്ഷ പ്രകാരം കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.
തന്നെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ചതായി ബിജെപി പ്രവർത്തകന്റെ വെളിപ്പെടുത്തൽ
കണ്ണൂർ:ബിജെപിയിൽ പ്രവർത്തിച്ചതിന്റെ പേരിൽ തന്നെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ചതായി ബിജെപി പ്രവർത്തകന്റെ വെളിപ്പെടുത്തൽ. പച്ചപ്പൊയ്കയിലെ ബിജെപി പ്രവർത്തകനായ മഞ്ജുനാഥാണ് കണ്ണൂരിൽ പത്ര സമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞത്.ദളിത് യുവാവായ തനിക്ക് കഴിഞ്ഞ ഒന്നര വർഷമായി സ്വന്തം വീട്ടിലേക്ക് വരാൻ കഴിയുന്നില്ല. അതിനാൽ ബന്ധു വീട്ടിലാണ് കഴിയുന്നത്.സിപിഎം ശക്തികേന്ദ്രമായ പ്രദേശത്തു ബിജെപിയിൽ പ്രവർത്തിച്ചതാണ് തനിക്കെതിരെയുള്ള കുറ്റമെന്നും മഞ്ജുനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസം സുഹൃത്തുമൊന്നിച്ച് പാച്ചപ്പൊയ്ക ശ്രീനാരായണ മണ്ഡപത്തിനു സമീപത്തു കൂടി നടന്നു വരികയായിരുന്ന തന്നെ ഒരു സംഘം ബലമായി ഓട്ടോയിൽ കയറ്റിക്കൊണ്ടുപോവുകയും ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി മർദിക്കുകയും ചെയ്തതായി മഞ്ജുനാഥ് പറയുന്നു.നാലുപേരടങ്ങിയ സംഘമാണ് തട്ടിക്കൊണ്ടു പോയത്.ഇതിൽ രണ്ടുപേരെ തനിക്ക് അറിയാമെന്നും മഞ്ജുനാഥ് പറഞ്ഞു.മഞ്ജുനാഥിനെതിരെ നടന്ന വധശ്രമത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പറഞ്ഞു.മഞ്ജുനാഥിനൊപ്പം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.2016 ഇൽ മഞ്ജുനാഥിന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ വീട് പൂർണ്ണമായും തകർന്നിരുന്നു.ഇതിനെതിരെയും നടപടിയുണ്ടായില്ല.സിപിഎം ശക്തി കേന്ദ്രത്തിൽ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നതിന്റെ വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
മംഗളൂരുവിൽ സഹകരണ ബാങ്കിനുള്ളിൽ മൂന്നു സുരക്ഷാ ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി
മംഗളൂരു:മംഗളൂരുവിൽ സഹകരണ ബാങ്കിനുള്ളിൽ മൂന്നു സുരക്ഷാ ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി.നഗരപ്രാന്തത്തിലുള്ള കൊടേക്കർ കാർഷിക സഹകരണ ബാങ്കിലെ സുരക്ഷാ ജീവനക്കാരായ സോമനാഥ്,ഉമേഷ്,സന്തോഷ് എന്നിവരെയാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച രാവിലെ ബാങ്ക് ജീവനക്കാർ എത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു.ഇവരുടെ ദേഹത്തു മുറിവേറ്റതിന്റെ പാടുകളൊന്നും ഇല്ല.തിങ്കളാഴ്ച ഈ പ്രദേശത്തു ശക്തമായ ഇടിമിന്നലുണ്ടായിരുന്നു. ഇടിമിന്നലേറ്റ് മരിച്ചതാകാം എന്ന് സംശയമുണ്ട്.ബാങ്കിൽ മോഷണമോ മോഷണ ശ്രമമോ നടന്നിട്ടില്ല.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വൻകുളത്തുവയലിൽ ബസ്‌സ്റ്റോപ്പുകൾ മാറ്റി സ്ഥാപിച്ചു
അഴീക്കോട്:വൻകുളത്തുവയലിൽ ബസ്‌സ്റ്റോപ്പുകൾ മാറ്റി സ്ഥാപിച്ചു.വൻകുളത്തുവയൽ ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്തെ ബസ്‌സ്റ്റോപ്പുകളാണ് അവിടെ നിന്നും അല്പം മാറ്റി സ്ഥാപിച്ചത്.കണ്ണൂരിൽ നിന്നും അഴീക്കൽ ഭാഗത്തേക്കുള്ള ബസുകൾ പാർവതി മെഡിക്കല്സിന് സമീപവും കണ്ണൂർ ഭാഗത്തേക്കുള്ള ബസുകൾ വിവേകാനന്ദ കോളേജിന് സമീപം നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും വേണം.തൊട്ടടുത്തുള്ള കണ്ണൂർ ഭാഗത്തേക്കുള്ള സ്റ്റോപ്പ് വാഗ്ഭടാനന്ദ പഞ്ചായത്ത് വായനശാലയ്ക്ക് മുൻപിലേക്ക് മാറ്റി.ഗതാഗത കുരുക്ക് കാരണം ബസ്സിൽ കയറാനും റോഡ് മുറിച്ചുകടക്കാനും ബുദ്ധിമുട്ടാണെന്ന് കാണിച്ചു അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയായ നിരഞ്ജന സുനിൽ കളക്റ്റർക്ക് നിവേദനം നൽകിയിരുന്നു.ഇതിനെ കുറിച്ച് ആർടിഒ അന്വേഷിക്കുകയും തുടർന്നാണ് മൂന്നു ഭാഗത്തേക്കുമുള്ള ബസ്‌സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്തത്.വൻകുളത്തുവയലിൽ സ്വകാര്യ വാഹനങ്ങൾ റോഡിനിരുവശങ്ങളിലും പാർക്ക് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. അനാവശ്യ പാർക്കിങ്ങുകൾ കണ്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ട്രാഫിക്ക് പോലീസ് അറിയിച്ചു.