ന്യൂഡൽഹി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ നടക്കുന്ന മാധ്യമ വിചാരണ അന്വേഷിക്കണമെന്ന് കേരള പോലീസിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.വയനാട് സ്വദേശിയായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം നടത്താൻ നിർദേശം നൽകിയിരിക്കുന്നത്.ദിലീപിന് കുടുംബത്തിനും എതിരെ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെയാണ് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.അടുത്ത എട്ടാഴ്ചയ്ക്കുള്ളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പോലീസ് കൈക്കൊണ്ട നടപടികളെ കുറിച്ച് പരാതിക്കാരനെ അറിയിക്കണമെന്നും വയനാട് പോലീസ് സൂപ്രണ്ടിന് നൽകിയ മനുഷ്യാവകാശ കമ്മീഷന്റെ നിർദേശത്തിൽ പറയുന്നു.സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വയനാട് ജില്ലാ പോലീസ് മേധാവി എറണാകുളം റൂറൽ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
എ.പദ്മകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രെസിഡന്റാകും
തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രെസിഡന്റായി മുൻ എംഎൽഎ എ.പദ്മകുമാറിനെയും ബോർഡ് അംഗമായി സിപിഐയിലെ ശങ്കർ ദാസിനെയും നിയമിക്കാൻ തീരുമാനിച്ചു.ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഉടൻതന്നെ പുറത്തിറങ്ങും.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി രണ്ടു വർഷമാക്കി വെട്ടിച്ചുരുക്കിക്കൊണ്ടുള്ള സർക്കാർ ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചതോടെ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.സിപിഎം പത്തനംതിട്ട ജില്ലാ സെക്രെട്ടറിയേറ്റ് അംഗവും സഹകരണ ഗ്യാരന്റി ബോർഡ് വൈസ് ചെയർമാനുമാണ് എ.പദ്മകുമാർ.
സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.കഴിഞ്ഞ രണ്ടുമാസമായി നാലു മുതൽ എട്ടു മടങ്ങു വരെ പച്ചക്കറി വില ഉയർന്നു.സംസ്ഥാനത്തേക്ക് പ്രധാനമായും പച്ചക്കറി എത്തിക്കുന്ന സംസ്ഥാനങ്ങളായ തമിഴ്‌നാട്,കർണാടക,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കാലാവസ്ഥ പ്രതികൂലമായതും കൃഷി നാശവുമാണ് വിലവർദ്ധനവിന്റെ പ്രധാന കാരണമായി അധികൃതർ പറയുന്നത്.സവാളയുടെയും ചെറിയ ഉള്ളിയുടെയും തക്കാളിയുടെയും വിലയാണ് ദിവസേന കൂടിക്കൂടി വരുന്നത്.ഇവ മൂന്നും മലയാളിക്ക് ഒഴിച്ചുകൂടാനാകാത്തതുമാണ്. ഓണത്തിന് മുൻപ് കിലോയ്ക്ക് മുപ്പതു രൂപ ആയിരുന്ന ചെറിയുള്ളിയുടെ വില ഇപ്പോൾ നൂറ്റി എൺപതു രൂപ വരെ ആയിരിക്കുകയാണ്.സവാള വിലയും അൻപതിലേക്ക് കടക്കുകയാണ്. കുറച്ചു നാൾ മുൻപുവരെ പന്ത്രണ്ടു രൂപയായിരുന്നു തക്കാളിയുടെ വിലയും ഇപ്പോൾ അമ്പതു രൂപവരെയായി.അതേസമയം ഇരുനൂറു രൂപയായിരുന്നു മുരിങ്ങക്കായുടെ വില ഇപ്പോൾ എഴുപതു രൂപയായി കുറഞ്ഞിട്ടുണ്ട്.
തോമസ് ചാണ്ടി രാജിവെയ്ക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി
കൊച്ചി:കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കെതിരായി കലക്റ്റർ സമർപ്പിച്ച റിപ്പോർട്ടിനെ ചോദ്യം ചെയ്ത് തോമസ് ചാണ്ടി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.നേരത്തെ ഹർജി പിൻവലിക്കാൻ തോമസ് ചാണ്ടിക്ക് കോടതി അവസരം നൽകിയിരുന്നു.എന്നാൽ ഹർജി പിൻവലിക്കേണ്ടതില്ലെന്ന് തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരായ അഡ്വ.വിവേക് തൻഖാ അറിയിച്ചത്.തുടർന്ന് ഉച്ചയ്ക്ക് വാദം കേട്ട ശേഷം കോടതി ഹർജി തള്ളുകയായിരുന്നു.തോമസ് ചാണ്ടി രാജിവെയ്ക്കുന്നതാണ് നല്ലതെന്നു വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു.നിയമത്തെ മാനിക്കുന്നുവെങ്കിൽ സാധാരണക്കാരനെപ്പോലെ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി സ്ഥാനത്തു ഇരുന്നുകൊണ്ടല്ല നിയമനടപടിക്ക് ഇറങ്ങേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. മന്ത്രി സ്ഥാനം രാജിവെച്ച ശേഷം ഹർജി പരിഗണിക്കാമെന്നും കോടതി പറഞ്ഞു.മന്ത്രിയുടെ കേസിൽ സർക്കാരാണ് ഒന്നാമത്തെ എതിർകക്ഷിയെന്നും സർക്കാർ നിങ്ങൾക്കെതിരെ വാദിക്കുന്നത് സർക്കാരും നിങ്ങളെ വിശ്വസിക്കുന്നില്ല എന്നതിന് തെളിവാണെന്നും കോടതി അഭിപ്രായപ്പെട്ടു.അതേസമയം, മന്ത്രിയായിട്ടല്ല, ഒരു വ്യക്തി എന്ന നിലയിലാണ് അദ്ദേഹം ഹർജി നൽകിയതെന്ന് തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. കളക്ടറുടെ റിപ്പോർട്ട് വ്യക്തിപരമായി അവമതിപ്പുണ്ടാക്കുന്നതാണെന്നായിരുന്നു ചാണ്ടിയുടെ വാദം.
ചെന്നൈയിൽ യുവതിയെ വീടിനുള്ളിൽ തീയിട്ടു കൊന്നു
ചെന്നൈ:ചെന്നൈയിൽ യുവതിയെ വീടിനുള്ളിൽ തീയിട്ടു കൊന്നു.ചെന്നൈ ആഡംബക്കത്താണ് സംഭവം.ഇന്ദുജയെന്ന യുവതിയാണ് മരിച്ചത്.യുവതിയുടെ പുറകെ കാലങ്ങളായി പ്രണയാഭ്യർത്ഥനയുമായി നടക്കുന്നയാളാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.യുവതിയെ രക്ഷിക്കാൻ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും പൊള്ളലേറ്റു.ഇവരെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ആനന്ദ് വധം;മൂന്നു സിപിഎം പ്രവർത്തകർ അറസ്റ്റിൽ
ഗുരുവായൂർ:ഗുരുവായൂർ നെന്മിനിയിൽ ആർഎസ്എസ് പ്രവർത്തകൻ ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ഫാഹിസ്,ജിതേഷ്,കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്.അറസ്റ്റിലായ ഫാഹിസിന്റെ സഹോദരൻ ഫാസിലിനെ കൊന്നകേസിൽ രണ്ടാം പ്രതിയായിരുന്നു കൊല്ലപ്പെട്ട ആനന്ദ്.ഈ പകയാണ് കൊലയ്ക്ക് കാരണം.കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഇന്ന് പുലർച്ചെയാണ് ഗുരുവായൂരിൽ നിന്നും പിടികൂടിയത്.അതേസമയം സംഘർഷ സാധ്യത നിലനിൽക്കുന്ന ഗുരുവായൂരിലെ വിവിധ സ്ഥലങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും.
തിരുവിതാംകൂർ ദേവസ്വം ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചു
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ കാലാവധി രണ്ടു വർഷമായി വെട്ടിക്കുറച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഓർഡിനൻസിൽ ഗവർണർ ജസ്റ്റീസ് പി.സദാശിവം ഒപ്പുവച്ചു. ബോർഡ് അംഗങ്ങളുടെ കാലാവധി മൂന്നു വർഷത്തിൽനിന്നു രണ്ടു വർഷമായി കുറച്ചുകൊണ്ടുള്ള ഓർഡിനൻസിൽ ഗവർണർ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.ഇതേത്തുടർന്ന് സർക്കാർ നിയമ സെക്രട്ടറി വഴി മറുപടി നൽകിയിരുന്നു.കെടുകാര്യസ്ഥത, ഫണ്ട് വിനയോഗത്തിലെ അപാകത, അനാസ്ഥ തുടങ്ങിയ കാരണങ്ങളാലാണ് നിലവിലുള്ളവരെ മാറ്റിയതെന്നായിരുന്നു സർക്കാർ ഗവണറെ ധരിപ്പിച്ചത്. ശബരിമല തീർഥാടനത്തെ മാറ്റം ബാധിക്കുമോയെന്ന ഗവർണറുടെ ചോദ്യത്തിന്, ഒരുക്കങ്ങൾ പൂർത്തിയായെന്നും സർക്കാർ അറിയിച്ചിരുന്നു.കഴിഞ്ഞ സർക്കാർ നിയമിച്ച ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനെയും അംഗം അജയ് തറയിലിനെയും ഒഴിവാക്കാനായി ഇവർ അധികാരമേറ്റ് രണ്ടു വർഷം തികയുന്നതിനു തലേദിവസം പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നാണ് ദേവസ്വം ഓർഡിനൻസ് ഇറക്കിയത്. എന്നാൽ, ഈ വർഷത്തെ മണ്ഡല- മകരവിളക്ക് സീസണുകൾ ആരംഭിക്കാൻ നാലു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ പ്രസിഡന്‍റിനെയും ദേവസ്വം ബോർഡ് അംഗത്തെയും പുറത്താക്കിക്കൊണ്ട് ഇറക്കിയ ഓർഡിനൻസിനെതിരേ പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഗവർണർ ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്നു കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന രണ്ടുപേർ പിടിയിൽ
പയ്യന്നൂർ:ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന രണ്ടുപേർ പിടിയിൽ.വെങ്ങര വെള്ളച്ചാലിലെ സി.കെ യദുകൃഷ്ണൻ(29),തൃക്കരിപ്പൂർ ഇളമ്പച്ചിയിലെ ബി.മുബാറക്(19) എന്നിവരെയാണ് പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം ഏഴാം തീയതി മാടായിക്കാവിൽ ദർശനം നടത്തി വരികയായിരുന്ന അതിയടത്തെ ചേണിച്ചേരി സുമതിയുടെ മൂന്നരപവന്റെ മാല പൊട്ടിച്ച കേസിലാണ് ഇവർ അറസ്റ്റിലായത്.എരിപുരം റെസ്റ്റ്‌ഹൗസിനടുത്തു വെച്ച് ബൈക്കിലെത്തിയ ഇവർ മാല പൊട്ടിക്കുകയായിരുന്നു.പിടിവലിക്കിടയിൽ മാലയുടെ ഒരുകഷ്ണം റോഡിൽ വീണിരുന്നു.പിന്നീട് ബൈക്കിൽ രക്ഷപ്പെട്ട ഇവർ രണ്ടുപേരും പയ്യന്നൂരിലെ ഒരു ജ്വല്ലറിയിൽ ഈ മാല വിറ്റു.ആലക്കോട് വാടക ക്വർട്ടേഴ്‌സിലുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ നിരവധി കേസുകളിൽ പ്രതിയാണെന്നറിഞ്ഞത്. നീലേശ്വരം ഉപ്പിലക്കൈയ്യിലെ അദ്ധ്യാപികയുടെ അഞ്ചു പവന്റെ മാല കവരാൻ ശ്രമിച്ചിരുന്നു.അതുപോലെ കഴിഞ്ഞ മാസം ആലക്കോട് കുട്ടാപ്പറമ്പിൽ പള്ളിയിൽ പോവുകയായിരുന്ന സ്ത്രീയുടെ രണ്ടുപവന്റെ മാലയും വായാട്ടുപറമ്പ് അങ്കണവാടി ഹെൽപ്പറുടെ സ്വർണ്ണമാല കവർന്നതും ഇവരാണെന്ന് പോലീസ് പറഞ്ഞു.തൃക്കരിപ്പൂരിലെ പെട്രോൾ പമ്പ് ഉടമയുടെ കയ്യിൽ നിന്നും മൂന്നരലക്ഷം രൂപ തട്ടിയെടുത്ത കേസിലും ഇവർ പ്രതിയാണ്.കഴിഞ്ഞ സെപ്റ്റംബർ 30 ന് പയ്യന്നൂരിലെ സഹകരണ ആശുപത്രിക്ക് സമീപത്തു നിന്നും ഇവർ ബൈക്ക് മോഷ്ടിച്ചിരുന്നു.ഈ ബൈക്കിന്റെ നമ്പർ മാറ്റിയാണ് ഇവർ പിടിച്ചുപറി നടത്തിയിരുന്നത്.
കണ്ണൂർ ജനസേവന കേന്ദ്രം കാര്യക്ഷമമാക്കാൻ 10 ലക്ഷം രൂപ അനുവദിച്ചു
കണ്ണൂർ:സംസ്ഥാന ഐ.ടി മിഷന് കീഴിൽ തുടങ്ങിയ ‘ഫ്രണ്ട്‌സ്’ ജനസേവനകേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ 10 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി.കൂടാതെ ജീവനക്കാരുടെ ഒഴിവുകൾ അടിയന്തിരമായി നികത്താനും നിർദേശമുണ്ട്.കംപ്യൂട്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും ഓഫീസിനകത്തുണ്ട്.എന്നാൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ നിലവിൽ മിക്ക കൗണ്ടറുകളും പ്രവർത്തനരഹിതമാണ്. പൊതുജനങ്ങൾക്ക് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ബില്ലുകൾ,നികുതികൾ,തുടങ്ങിയവ ഒരിടത്തു അടയ്ക്കാനുള്ള സൗകര്യമാണ് ജനസേവനകേന്ദ്രത്തിലുള്ളത്.ഞായറാഴ്ചയും ബില്ലടയ്ക്കാനുള്ള സൗകര്യമുള്ളത് ജനത്തിന് വളരെയധികം ഉപകാരപ്രദമായിരുന്നു.2009 ലാണ് എല്ലാ ജില്ലകളിലും ഓരോ കേന്ദ്രങ്ങൾ തുടങ്ങിയത്.കലക്റ്റർ ചെയർമാനായ സമിതിയുടെ മേൽനോട്ടത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം.കെഎസ്ഇബി,ജലസേചന വകുപ്പ് എന്നിവയിൽ നിന്നും രണ്ടുവീതം ജീവനക്കാരെ ജനസേവന കേന്ദ്രത്തിൽ നിയമിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കത്ത് നൽകിയിട്ടുണ്ട്.തിരക്കുള്ള ദിവസങ്ങളിൽ ആയിരത്തോളം ഇടപാടുകൾ ഇവിടെ നടക്കുന്നുണ്ട്.കോർപറേഷൻ നികുതി ഉൾപ്പെടെ സ്വീകരിക്കുന്നതിനുള്ള സൗകര്യം എടുത്തു കളഞ്ഞത് ജനത്തിന് തിരിച്ചടിയായി.
മന്ത്രി തോമസ് ചാണ്ടിക്ക് ഇന്ന് നിർണായകം; കയ്യേറ്റവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി:മന്ത്രി തോമസ് ചാണ്ടിക്ക് ഇന്ന് നിർണായക ദിനം.കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട നാല് ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കയ്യേറ്റത്തിനെതിരെ സമർപ്പിച്ച പൊതു താൽപ്പര്യ ഹർജികളും കയ്യേറ്റം സ്ഥിതീകരിച്ച് കലക്റ്റർ അനുപമ സമർപ്പിച്ച റിപ്പോർട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി സമർപ്പിച്ച ഹർജിയുമാണ് ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുക.ഇതിൽ ഒരു കേസിൽ ഹൈക്കോടതി നേരത്തെ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.മന്ത്രിക്കും സാധാരണക്കാരനും ഇവിടെ രണ്ടുതരം നീതിയാണോ എന്ന് തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെ ചോദ്യം ചെയ്ത് കോടതി ചോദിച്ചിരുന്നു. കേസിൽ കോടതിയിൽ നിന്നും അനുകൂല നിലപാടുണ്ടായാൽ മന്ത്രി സ്ഥാനത്ത് പിടിച്ചുനിൽക്കാമെന്ന പ്രതീക്ഷയിലാണ് തോമസ് ചാണ്ടി. അതേസമയം വി.എസ് അച്യുതാനന്ദൻ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയ പല മുതിർന്ന നേതാക്കളും തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു കഴിഞ്ഞു.ചാണ്ടി സ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ പിടിച്ചു പുറത്താക്കേണ്ടി വരുമെന്നായിരുന്നു വി.എസ് അഭിപ്രായപ്പെട്ടത്. കാഞ്ഞിരപ്പള്ളിയിൽ നടന്ന യോഗത്തിലാണ് പന്ന്യൻ പരസ്യമായി രാജി ആവശ്യപ്പെട്ടത്.പാർട്ടിയുടെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ മുന്നണിയുടെ ഭാഗമായി തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.