തിരുവനന്തപുരം:തിരുവനന്തപുരം മേയർ വി.കെ പ്രശാന്തിനെ മർദിച്ച സംഭവത്തിൽ ബിജെപി കൗൺസിലർമാർക്കും പ്രവർത്തകർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു.ഇന്നലെ നഗരസഭാ കൗൺസിൽ യോഗത്തിനിടെ ബിജെപി അംഗം കൊണ്ടുവന്ന പ്രമേയം തള്ളിയതിനെ തുടർന്നാണ് അക്രമം നടന്നത്. സംഘർഷത്തിനിടെ മേയർക്ക് പരിക്കേൽക്കുകയായിരുന്നു.ഇവർ മേയറെ നിലത്തിട്ടു ചവിട്ടി.ബിജെപി തിരുവനന്തപുരം ജില്ല പ്രസിഡന്റ് അഡ്വ.സുരേഷിന്റെ അടുത്ത ആളായ ആനന്ദ് ആണ് അക്രമത്തിന് നേതൃത്വം നൽകിയത്.ഇയാൾ അടക്കമുള്ള ബിജെപി പ്രവർത്തകർ മേയറെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.ബിജെപി കൗൺസിലർമാരും പുറത്തുനിന്നുള്ള പ്രവർത്തകരുമാണ് അക്രമം നടത്തിയതെന്ന് മേയർ തന്നെ വ്യക്തമാക്കിയിരുന്നു.എൽഡിഎഫ് കൗൺസിലർമാരായ റസിയ ബീഗം,സിന്ധു,മേയറുടെ സുരക്ഷാ ജീവനക്കാരൻ മോഹൻ,പിഎ ജിൻരാജ് എന്നിവർക്കും അക്രമത്തിൽ പരിക്കേറ്റു.
തിരുവനന്തപുരം നഗരസഭാ യോഗത്തിൽ സംഘർഷം; മേയർക്ക് പരിക്ക്
തിരുവനന്തപുരം:തിരുവനന്തപുരം നഗരസഭാ യോഗത്തിൽ സംഘർഷം.അക്രമത്തിൽ മേയർ പ്രശാന്തിന് പരിക്കേറ്റു.ഹൈമാസ്സ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയ്ക്ക് ശേഷം കൗൺസിൽ യോഗത്തിൽ നിന്നും പുറത്തെത്തിയ മേയറെ ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ കയ്യേറ്റം ചെയ്യുകയായിരുന്നു.ബിജെപി കൗൺസിലർമാരും പുറത്തുനിന്നെത്തിയ പ്രവർത്തകരുമാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് മേയർ തന്നെ വ്യക്തമാക്കിയിരുന്നു.ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവങ്ങളുടെ തുടക്കം.കൗൺസിൽ യോഗം കഴിഞ്ഞ് പുറത്തു വന്ന മേയറെ തടയാൻ ശ്രമിക്കുകയായിരുന്നു.പിടിവലിയിൽ മേയറുടെ ഷർട്ട് വലിച്ചുകീറി.പടി കയറുന്നതിനിടെ ബിജെപി കൗൺസിലർമാർ മേയറെ കാലിൽ പിടിച്ചു മറിച്ചിട്ടു.അടിതെറ്റി വീണ മേയറെ മറ്റുള്ള വാർഡ് കൗൺസിലർമാർ ചേർന്നാണ് ഓഫീസിലേക്ക് കൊണ്ടുപോയത്.ഓഫീസിൽ എത്തിയ മേയർക്ക് തളർച്ചയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയി.എൽഡിഎഫ് കൗൺസിലർമാരായ റസിയ ബീഗം,സിന്ധു,മേയറുടെ സുരക്ഷാ ജീവനക്കാരൻ മോഹൻ,പിഎ ജിൻരാജ് എന്നിവർക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.
ഇന്ത്യൻ സ്കൗട്ട് ബോബർ ഇന്ത്യ ബൈക്ക് വീക്കിൽ അവതരിപ്പിക്കാനൊരുങ്ങുന്നു
അമേരിക്കൻ നിർമാതാക്കളുടെ സ്കൗട്ട് നിരയിലേക്കുള്ള പുതിയ അംഗമായ ഇന്ത്യൻ സ്കോട്ട് ബോബർ 2017 നവംബർ 24 ന് ഇന്ത്യയിൽ അവതരിപ്പിക്കും.ഈ വർഷം ജൂലൈയിൽ ബൈക്ക് പുറത്തിറക്കിയിരുന്നെങ്കിലും നവംബർ 24 ന് നടക്കുന്ന ഇന്ത്യൻ ബൈക്ക് വീക്കിൽ പുതിയ മോഡൽ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.ലാളിത്യമാർന്ന എൻജിൻ കവറുകൾക്ക് ഒപ്പം എത്തുന്ന സ്കൗട്ട് ബോബർ സൗട്ടിന്റെ മറ്റൊരു അവതാരമാണ്.സ്കോട്ട് കുടുംബത്തിൽ നിന്നാണ് വരുന്നതെങ്കിലും പുതിയ മോഡലിന് ചില മെക്കാനിക്കൽ മാറ്റങ്ങൾ ഉണ്ടാകും. ഏകദേശം പതിനാറു ലക്ഷം രൂപ മുതലാണ് പുതിയ മോഡലിന്റെ വില ആരംഭിക്കുന്നത്.ഇന്ത്യൻ എന്ന ക്ലാസിക് എഴുത്തിനു പകരം പുതിയ ബ്ലോക്ക് ലെറ്ററുകളാണ് ഫ്യൂവൽ ടാങ്കിൽ ഇടം പിടിക്കുന്നത്.1133 സിസി ലിക്വിഡ് കൂൾഡ്,തണ്ടർ സ്ട്രോക്ക് 111 വി-ട്വിൻ എൻജിനിലാണ് സ്കൗട്ട് ബോബർ എത്തുന്നത്.100 bhp കരുത്തും 97.7 Nm torque ഉം ഏകുന്ന എൻജിനിൽ 6 സ്പീഡ് ഗിയർബോക്സും ഒരുങ്ങുന്നു.വെട്ടിയൊതുക്കിയ ഫെൻഡറുകൾ,ബ്ലാക്ക്‌ഡ് ഔട്ട് സ്റ്റൈലിംഗ്, കൊഴുത്തുരുണ്ട ടയറുകൾ എന്നിവയാണ് പുതിയ സ്കൗട്ട് ബോബെറിന്റെ ഡിസൈൻ ഫീച്ചറുകൾ. ചെറിയ ബാർ ഏൻഡ് മിററുകൾക്ക് ഒപ്പമുള്ള പുതിയ ട്രാക്കർ സ്റ്റൈൽ ബാർ,സിസ്സി ബാറോടുകൂടിയ പാസ്സന്ജർ സീറ്റ്,സോളോ റാക്ക് ബാഗ്,സാഡിൽ ബാഗ് ഉൾപ്പെടുന്ന ഫുൾ ലൈൻ ആക്സസറികൾ എന്നിവ സ്കൗട്ട് ബോബെറിന്റെ പ്രത്യേകതകളാണ്. രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ നിന്നും 50000 രൂപ ടോക്കൺ പണമടച്ച് ഉപഭോക്താക്കൾക്ക് ഇന്ത്യൻ സ്കൗട്ട് ബോബർ ബുക്ക് ചെയ്യാം.
കൊല്ലം ചവറയിൽ സംഘർഷം തുടരുന്നു
കൊല്ലം:കൊല്ലം ചവറയിൽ സംഘർഷം തുടരുന്നു.സിപിഎം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ ചവറയിൽ നടന്ന ബഹുജന റാലിക്ക് ഇടയിലേക്ക് എസ്‌ഡിപിഐ ജാഥ കടന്നു വന്നതോടെയാണ് സംഘർഷം ആരംഭിച്ചത്.സംഘർഷത്തിന്റെ ഭാഗമായി നടന്ന അക്രമത്തിൽ ഒട്ടേറെ പ്രവർത്തകർക്കും വഴിയാത്രക്കാർക്കും പോലീസുകാർക്കും പരിക്കേറ്റു.വാഹനങ്ങൾക്കു നേരെയും കല്ലേറുണ്ടായി.ഇതിനിടെ സിപിഎം വോളന്റിയർമാർ കുറുവടികളുമായി എസ്‌ഡിപിഐ പ്രവർത്തകരെ നേരിട്ടു.ഒട്ടേറെ ബൈക്കുകളും അടിച്ചു തകർത്തു.ഇതിനിടെ അക്രമത്തിൽ നിന്നും രക്ഷനേടാനായി ചിലർ അടുത്തുള്ള കൊറിയർ സർവീസ് കടയിലേക്ക് കയറിയതിനെ തുടർന്ന് അവിടെയെത്തിയ അക്രമിസംഘം കടയിലെ ഫർണിച്ചറുകൾ തകർത്തു.സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.ഇന്ന് എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീടിനുനേരെ പുലർച്ചെയോടെ ആക്രമണം നടന്നു. പന്മന വടക്കുംതല സ്വദേശിയും ഡിവൈഎഫ്ഐ നേതാവുമായ എസ്. ദിലീപിന്‍റെ വീട് അടിച്ചു തകർത്തു. വീട്ടിൽ കിടന്ന നാലുകാറുകളും നശിപ്പിച്ചു. പന്മന ചോലയിൽ എസ്എഫ്ഐ പ്രവർത്തകനായ രതീഷിന്‍റെ വീടും അടിച്ചുതകർത്തു. ചവറ തോട്ടിനുവടക്ക് രാജ് സ്ഥിരന്‍റെ വീടിന്‍റെ ജനൽപാളികൾ തകർത്തു. രണ്ട് കാറുകളും രണ്ട് ബൈക്കുകളും തകർത്തു. വീടിന്‍റെ മുന്നിലിരുന്ന ബൈക്ക് അഗ്നിക്കിരയാക്കുകയും ചെയ്തു.സംഘർഷാവസ്ഥ കണക്കിലെടുത്തു സ്ഥലത്തു വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
മലപ്പുറം പാസ്സ്‌പോർട്ട് ഓഫീസ് അടച്ചുപൂട്ടി
മലപ്പുറം:മലപ്പുറം പാസ്സ്‌പോർട്ട് ഓഫീസ് അടച്ചുപൂട്ടി.ഓഫീസിന്റെ ഫ്രണ്ട് ഓഫീസ് ഈ മാസം മുപ്പതുവരെ പ്രവർത്തിക്കും. പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ മാത്രമാണ് ഇവിടെ നടക്കുക.അതേസമയം പാസ്പോർട്ട് സേവാകേന്ദ്രം മലപ്പുറത്തു പ്രവർത്തിക്കുന്നതിനാൽ പുതിയ അപേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടാകില്ല.എന്നാൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർ,കേസുകളിൽ ഉൾപ്പെട്ടവർ തുടങ്ങിയവർ ഇനിമുതൽ കോഴിക്കോട് പാസ്പോര്ട്ട് ഓഫീസിന് ആശ്രയിക്കേണ്ടി വരും.രാജ്യത്തെ ഏറ്റവും തിരക്കേറിയ പാസ്പോർട്ട് ഓഫീസുകളിലൊന്നായിരുന്നു മലപ്പുറത്തേത്.മലപ്പുറം ജില്ലക്കാരും വയനാട് ജില്ലയിലെ കുറച്ചു ഭാഗത്തുള്ളവരുമാണ് മലപ്പുറം കേന്ദ്രത്തെ പ്രധാനമായും ആശ്രയിച്ചിരുന്നത്.
ഐഎസ് ബന്ധം;കാഞ്ഞിരോട്ട് പോലീസ് പരിശോധന നടത്തി
കണ്ണൂർ:ഭീകര സംഘടനയായ ഐഎസ്സുമായുള്ള ബന്ധത്തിന്റെ പേരിൽ ഡൽഹിയിലെ ജയിലിൽ കഴിയുന്ന കാഞ്ഞിരോട് സ്വദേശി ഷാജഹാന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തി.വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു പരിശോധന.ഷാജഹാന്റെ തലമുണ്ടയിലുള്ള ഭാര്യവീട്ടിലും പരിശോധന നടത്തി.കണ്ണൂർ ജില്ലയിലെ മുണ്ടേരി മേഖല കേന്ദ്രീകരിച്ച് ഐഎസ് റിക്രൂട്ട്മെന്റിന് നേതൃത്വം നൽകിയ ഷാജഹാനെ സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തുർക്കി പോലീസ് ഇന്ത്യയിലേക്ക് തിരിച്ചയക്കുകയായിരുന്നു.നാട്ടിലെത്തിയ ശേഷം വീണ്ടും സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ ഡൽഹി പോലീസിന്റെ പിടിയിലായത്.ഇയാൾ റിക്രൂട്ട് ചെയ്ത അഞ്ചുപേർ കഴിഞ്ഞ ദിവസം കണ്ണൂരിൽ പോലീസ് പിടിയിലായിരുന്നു.ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഷാജഹാന്റെ വീട്ടിൽ പരിശോധന നടത്തിയത്.റെയ്‌ഡിൽ ഒരാളുടെ പാസ്പോർട്ട് കോപ്പി പൊലീസിന് കിട്ടിയിട്ടുണ്ട്.
കെഎസ്ആർടിസി ഡിപ്പോയിൽ നിർത്തിയിട്ട ബസ് നീങ്ങി മറ്റൊരു ബസ്സിനിടിച്ച് രണ്ടു ജീവനക്കാർക്ക് പരിക്ക്
കാഞ്ഞങ്ങാട്:കെഎസ്ആർടിസി ഡിപ്പോയിൽ നിർത്തിയിട്ട ബസ് നീങ്ങി മറ്റൊരു ബസ്സിനിടിച്ച് രണ്ടു മെക്കാനിക്ക് ജീവനക്കാർക്ക് പരിക്ക്.കൊടക്കാട് പൊള്ളപ്പൊയിലിലെ ദീപേഷ്,പയ്യന്നൂർ കാങ്കോലിലെ ബിജു എന്നിവർക്കാണ് പരിക്കേറ്റത്.ദീപേഷിനെ മംഗളൂരു ആസ്പത്രിയിലും ബിജുവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം.അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നി നീങ്ങിയതാണ് ബസ് നീങ്ങാൻ കാരണമെന്നു പറയുന്നു.രണ്ടാമത്തെ ബസിന്റെ മുൻഭാഗത്ത് കിടന്നു ഗിയർ ബോക്സ് നന്നാക്കുന്ന ജോലി ചെയ്യുകയായിരുന്നു മെക്കാനിക്കുകൾ. ഇതിനിടെ ബസ് നീങ്ങുന്നത് ഇവർ കണ്ടില്ല.രണ്ടു ബസുകളും തമ്മിൽ കൂട്ടിയിടിച്ചപ്പോൾ ഇവർ ബസുകൾക്കിടയിൽ കുടുങ്ങി പോവുകയായിരുന്നു.ഇടിച്ച ബസിനെ പുറകോട്ട് നീക്കിയാണ് ഇവരെ പുറത്തെടുത്തത്.
കൂത്തുപറമ്പിൽ റോഡിൽ ബോംബ് സ്ഫോടനം
കൂത്തുപറമ്പ്:പാലപ്പറമ്പ് ലക്ഷംവീട് കോളനിക്ക് സമീപം റോഡിൽ ബോംബ് സ്ഫോടനം നടന്നു.വ്യാഴാഴ്ച രാത്രി പതിനൊന്നരയ്ക്കും വെള്ളിയാഴ്ച പുലർച്ചെ ഒന്നരയ്ക്കുമാണ് സ്‌ഫോടനങ്ങൾ ഉണ്ടായത്.സ്റ്റീൽ ബോംബിന്റെയും നാടൻ ബോംബിന്റെയും അവശിഷ്ട്ടങ്ങൾ റോഡിൽ ചിതറിക്കിടക്കുകയാണ്.സ്ഫോടനം നടത്തിയത് ആർഎസ്എസ് ആണെന്ന് കാണിച്ച് സിപിഎം കൂത്തുപറമ്പ് പോലീസിൽ പരാതി നൽകി.എന്നാൽ സംഭവത്തിൽ പങ്കില്ലെന്ന് ആർഎസ്എസ് നേതൃത്വം വ്യക്തമാക്കി.
കാസർകോഡ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ചു വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു
കാസർകോഡ്:വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ചുവയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു.തെക്കിൽ ഫെറി ഉക്രമ്പാടി ക്വാർട്ടേഴ്‌സിൽ ജാബിറിനെ മകൻ മുഹമ്മദ് ജമീലിനാണ് നായയുടെ കടിയേറ്റത്.ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കാസർകോഡ് ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.നെറ്റിയുടെ ഭാഗത്തെ തൊലി അറ്റു തൂങ്ങിയ നിലയിലായിരുന്നു.
ജിഷ്ണു കേസിൽ നിലപാട് ആവർത്തിച്ച് സിബിഐ
ന്യൂഡൽഹി:ജിഷ്ണു പ്രണോയ് കേസിൽ നിലപാട് ആവർത്തിച്ച് സിബിഐ.കേസ് ഏറ്റെടുക്കാൻ ആകില്ലെന്ന് സിബിഐ സംസ്ഥാന സർക്കാരിനെ അറിയിച്ചു. ഇക്കാര്യം സിബിഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.നിലവിൽ അന്വേഷണത്തിനായി നിരവധി കേസുകൾ ഉണ്ടെന്നാണ് സിബിഐ നൽകുന്ന വിശദീകരണം.മാത്രമല്ല സിബിഐ അന്വേഷിക്കാൻ തക്ക പ്രാധാന്യം ജിഷ്ണു പ്രണോയ് കേസിനില്ലെന്നും സിബിഐ വ്യക്തമാക്കി.ജിഷ്ണുവിന്റെ അമ്മ മഹിജയാണ് കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസിലെ അന്വേഷണ പുരോഗതി വ്യക്തമാക്കിക്കൊണ്ട് ഡിജിപി ലോക്നാഥ് ബെഹ്‌റ മന്ത്രിസഭയ്ക്ക് നൽകിയ രഹസ്യ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് കേസ് ഏറ്റെടുക്കാനാകില്ലെന്ന കർശന നിലപാട് സിബിഐ സർക്കാരിനെ അറിയിച്ചിരിക്കുന്നത്.സിബിഐയുടെ ഈ നിലപാട് ദുഃഖകരമാണെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു.സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും സിബിഐ നിലപാട് തിരുത്താൻ തയ്യാറാകണമെന്നും മഹിജ പറഞ്ഞു.