തിരുവനന്തപുരം:തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘർഷം.സംഘർഷത്തിൽ കരിക്കകത്ത് രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു.സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയും അക്രമമുണ്ടായി.പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി എത്തിയ ബിജെപി-ആർഎസ്എസ് സംഘമാണ് സിപിഎം കമ്മിറ്റി ഓഫീസ് ആക്രമിച്ചതെന്ന് ജില്ലാ സെക്രെട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.ഇതേ സമയത്താണ് കരിക്കകത്ത് മറ്റൊരു സംഘം രണ്ട് സിപിഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചത്.പരിക്കേറ്റ സിപിഎം പ്രവർത്തകരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ കാട്ടാക്കടയിൽ സിപിഎം പ്രവർത്തകന് നേരെ വധശ്രമം നടന്നിരുന്നു.എസ്‌ഡിപിഐക്കാരാണ് അക്രമിച്ചതെന്നാണ് ആരോപണം. തിരുവനന്തപുരം ജില്ലയിൽ പലയിടങ്ങളിലായി സിപിഎം-ബിജെപി സംഘർഷം നിലനിൽക്കുകയാണ്.അതേസമയം ഞായറാഴ്ച വൈകിട്ട് റൂറൽ എസ്പി അശോക് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ അക്രമം ആവർത്തിക്കില്ലെന്ന് ഇരു വിഭാഗവും ഉറപ്പു നൽകിയതായും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
കണ്ണൂരിൽ വിവിധ സ്ഥലങ്ങളിൽ സിപിഎം,ബിജെപി, എസ്‌ഡിപിഐ സംഘർഷം;പുന്നാടും,ചക്കരക്കല്ലിലും ബോംബേറ്
കണ്ണൂർ:കണ്ണൂർ ജില്ലയിൽ വിവിധ ഇടങ്ങളിലായി സിപിഎം,ബിജെപി,എസ്‌ഡിപിഐ സംഘർഷം.പുന്നാട്,ചക്കരക്കൽ,അഴീക്കോട്,അഴീക്കൽ എന്നിവിടങ്ങളിലാണ് സംഘർഷം. അഴീക്കൽ ഒലാടതാഴെയിൽ സിപിഎം-എസ്‌ഡിപിഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു.സിപിഎം പ്രവർത്തകരായ കെ.വിനോദൻ,എ.കെ രഞ്ജിത് എസ്‌ഡിപിഐ പ്രവർത്തകരായ അമീർ,ഷാനി എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ രാവിലെ പത്തുമണിയോടെ പോസ്റ്റർ നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് സംഘഷമുണ്ടായത്. ഇരിട്ടി പുന്നാട് സിപിഎം പ്രവർത്തകരുടെ പ്രകടനത്തിന് നേരെ ബോംബേറുണ്ടായി.സിപിഎം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ഇവിടെ സ്ഥാപിച്ച ബോർഡുകളും പതാകകളും നശിപ്പിച്ചതിൽ പ്രതിഷേധിച്ച് നടത്തിനെ പ്രകടനത്തിന് നേരെയാണ് ബോംബേറുണ്ടായത്.ബോംബേറിൽ ആർക്കും പരിക്കേറ്റിട്ടില്ല.പിന്നീട് നടന്ന സംഘർഷത്തിൽ സിപിഎം ബ്രാഞ്ച് സെക്രെട്ടറി കെ.റിജീഷിന് മർദനമേറ്റു.ഇയാളെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടുകൂടി ചക്കരക്കൽ പള്ളിപ്പൊയിൽ എസ്‌ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് സി.പി ജാഫറിന്റെ വീടിനു നേരെ ബോംബേറുണ്ടായി.വീടിനു നേരെ രണ്ടുബോംബുകളാണ് എറിഞ്ഞത്.ഇതിൽ ഒരെണ്ണം മാത്രമാണ് പൊട്ടിയത്.ബോംബേറിൽ ജനൽചില്ലുകൾ പൊട്ടി. ചില്ലുകൾ തെറിച്ച് ജാഫറിന്റെ പിതാവിന് മജീദിന് ചെറിയ പരിക്ക് പറ്റി.ചൊക്ളിയിൽ എസ്എഫ്ഐ ജില്ലാകമ്മിറ്റിയംഗം എം.കെ വിഷ്ണുവിന് മർദനമേറ്റു.ശനിയാഴ്ച രാത്രി ഒൻപതരയോടെ സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുത്തു മടങ്ങിവരുമ്പോൾ ബൈക്ക് തടഞ്ഞു നിർത്തി ഒരു സംഘം ആളുകൾ മർദിച്ചതായാണ് പരാതി.ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഴീക്കോട് നാല് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു
അഴീക്കൽ:അഴീക്കോട് നാല് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു.അഴീക്കൽ വെള്ളക്കല്ലിലെ കെ.നിഖിൽ(22),നിതിൻ (25),അശ്വിൻ(25),ശ്രീരാഗ്(24) എന്നിവർക്കാണ് വെട്ടേറ്റത്.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം.പരിക്കേറ്റവരെ കണ്ണൂർ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.രാത്രി കടയ്ക്കരുകിൽ ഇരിക്കുകയായിരുന്ന ഇവരെ കടപ്പുറം ഭാഗത്തുകൂടി എത്തിയ ഇരുപത്തഞ്ചോളം പേരാണ് ആക്രമിച്ചതെന്ന്ബിജെപി പ്രവർത്തകർ പറഞ്ഞു.നിഖിൽ,നിതിൻ എന്നിവർക്ക് തലയ്ക്കാണ് പരിക്കേറ്റത്.വെള്ളക്കലിൽ സംഘർഷത്തിനിടയാക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്.
തിരുവനന്തപുരത്ത് സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം
തിരുവനന്തപുരം:തിരുവനന്തപുരം കാട്ടാക്കടയിൽ സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.ഇന്ന് രാവിലെ ഏഴുമണിയോട് കൂടിയാണ് സംഭവം.കാട്ടാക്കട ദേശാഭിമാനി ഏജന്റും സിപിഐഎം പ്രവർത്തകനുമായ കുമാറിനെയാണ് ബൈക്കിലെത്തിയ സംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. ബൈക്കിൽ പത്രവിതരണം നടത്തുകയായിരുന്ന കുമാറിനെ പിന്നിൽ ബൈക്കിലെത്തിയ രണ്ടുപേർ ഇരുമ്പുവടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്നും രക്ഷപെടാൻ എഴുന്നേറ്റ് ഓടിയ കുമാറിനെ പിന്നാലെയെത്തിയ സംഘം വീണ്ടും പിന്തുടർന്ന് അടിച്ചു.തുടർന്ന് സമീപത്തെ പെട്രോൾ പമ്പിൽ കയറിയാണ് കുമാർ രക്ഷപ്പെട്ടത്.ഇയാൾ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.കുമാർ രക്ഷപ്പെട്ടതിന്റെ ദേഷ്യത്തിൽ അക്രമികൾ ഇയാളുടെ ബൈക്ക് അടിച്ചു തകർത്തു.അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.ആക്രമണത്തിന് പിന്നിൽ എസ്‌ഡിപിഐ പ്രവർത്തകരാണെന്നാണ് സൂചന.
മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് കണ്ണൂർ കളക്റ്ററേറ്റിൽ സുരക്ഷ ശക്തമാക്കി
കണ്ണൂർ:മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് കണ്ണൂർ കളക്റ്ററേറ്റിൽ സുരക്ഷ ശക്തമാക്കി. നിലമ്പൂരിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോവാദികൾ കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനമായതിനാൽ ആക്രമണം നടന്നേക്കാനിടയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കനത്ത സുരക്ഷ ഏർപ്പെടുത്തിയത്. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ശനിയാഴ്ച കളക്റ്ററേറ്റിൽ ബോംബ് സ്ക്വാർഡും പരിശോധന നടത്തി.കളക്റ്ററേറ്റ് ഓഫീസിലെ അലമാരകൾ,ഫയലുകൾ, ശുചിമുറി, കളക്റ്ററേറ്റ് വളപ്പിൽ നിർത്തിയിട്ടതും ഉപയോഗശൂന്യമായതുമായ വാഹനങ്ങൾ പൂന്തോട്ടം, കാന്റീൻ എന്നിവിടങ്ങളിലും പരിശോധന നടത്തി.ജില്ലയുടെ മലയോര മേഖലകളിൽ പോലീസ് റെഡ് അലെർട് പ്രഖ്യാപിച്ചിരുന്നു.ഇവിടെ തണ്ടർബോൾട്ട് ഉൾപ്പെടെയുള്ള സായുധ പോലീസിനെ കഴിഞ്ഞ ഒരാഴ്ചയായി വിന്യസിച്ചിട്ടുണ്ട്.
തലശ്ശേരി ജനറൽ ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്നു വീഴുന്നു
തലശ്ശേരി:തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവ വാർഡിലേക്കുള്ള വഴിയിൽ കോൺക്രീറ്റ് അടർന്നു വീഴുന്നതായി പരാതി.മുകൾ നിലയിലെ പ്രസവ വാർഡിലേക്ക് പോകുന്ന ചെരിഞ്ഞ വഴിക്ക് മുകളിലുള്ള കോൺക്രീറ്റാണ് അടർന്നു വീഴുന്നത്.ഇവിടെ ഇരുപതിലേറെ ഭാഗങ്ങളിലായി കോൺക്രീറ്റ് അടർന്നു വീഴുകയും ചിലയിടങ്ങളിൽ അടർന്നു വീഴാറായ അവസ്ഥയിലുമാണ് ഉള്ളത്.ഗർഭിണികളെയും കൈക്കുഞ്ഞുങ്ങളെയും കൊണ്ടുപോകുന്ന വഴിയാണിത്.ഈ വഴിയിലും തൊട്ടടുത്തുള്ള സ്ഥലത്തുമാണ് രോഗിയുടെ കൂട്ടിരുപ്പുകാർ രാത്രി കിടന്നുറങ്ങുന്നത്. കഴിഞ്ഞ ദിവസം ഇവിടെ കിടന്നുറങ്ങുകയായിരുന്ന ഒരാളുടെ തലയുടെ തൊട്ടടുത്താണ് വലിയ കോൺക്രീറ്റ് കഷ്ണം അടർന്നു വീണത്.ഇവിടെ ജനാലക്കമ്പികളും തുരുമ്പെടുത്തിട്ട് വർഷങ്ങളായി. ചുമരിൽ വള്ളിപ്പടർപ്പുകൾ പടർന്നു കയറിയിരിക്കുകയാണ്.ഏറെ ഭീതിയോടെയാണ് രോഗികളും കൂട്ടിരുപ്പുകാരും ഇതിലെ നടക്കുന്നത്.അതേസമയം അറ്റകുറ്റപ്പണി നടത്തുന്നതിന് പദ്ധതി തയ്യാറായിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.പീയുഷ് പറഞ്ഞു ഇതിനു മൂന്നുമാസം സമയമെടുക്കും.
ജില്ലാ ആശുപത്രിയുടെ നവീകരിച്ച മോർച്ചറിയിൽ ഈ മാസം 25 മുതൽ മൃതദേഹ പരിശോധന തുടങ്ങും
കണ്ണൂർ:കണ്ണൂർ ജില്ലാ ആശുപത്രിയുടെ നവീകരിച്ച മോർച്ചറിയിൽ ഈ മാസം 25 മുതൽ മൃതദേഹ പരിശോധന തുടങ്ങും.പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം ഈ മാസം 21 ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നിർവഹിക്കും.ആശുപത്രിയിൽ താൽകാലിക ഒഴിവിലേക്ക് നേരിട്ട് നിയമനം നടത്താനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ നേതൃത്വത്തിൽ ചേർന്ന ആശുപത്രി മാനേജ്‌മന്റ് യോഗം തീരുമാനിച്ചു.ആശുപത്രിയിൽ രാത്രികാലങ്ങളിൽ മോഷണ ശ്രമവും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും ഉണ്ടാകുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരായി രണ്ടു വനിതകളെ അടക്കം അഞ്ചുപേരെ നിയമിക്കാനും തീരുമാനമായി.ആശുപത്രിയിലെ ഡയാലിസിസ് സെന്ററിൽ തീപിടുത്തമുണ്ടായ സംഭവത്തിൽ ഇലെക്ട്രിക്കൽ,പ്ലംബിംഗ് ജീവനക്കാരോട് വിശദീകരണം തേടാനും യോഗം തീരുമാനിച്ചു.ഇവിടെ ഷോർട് സർക്യൂട്ട് ഉള്ളതായി നേരത്തെ അറിയിച്ചിട്ടും ജീവനക്കാർ യഥാസമയം പരിശോധന നടത്തിയില്ലെന്നു പരാതിയുണ്ടായിരുന്നു.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടു ഡയാലിസിസ് യന്ത്രങ്ങളും ഉടൻ പ്രവർത്തനക്ഷമമാക്കുമെന്നും യോഗം തീരുമാനിച്ചു.
മീസിൽസ്-റൂബെല്ല വാക്‌സിനേഷൻ ഈ മാസം 25 വരെ നീട്ടി
തിരുവനന്തപുരം:മീസിൽസ്-റൂബെല്ല വാക്‌സിനേഷൻ ഈ മാസം 25 വരെ നീട്ടി.പത്തനംതിട്ട, ഇടുക്കി,ആലപ്പുഴ എന്നീ ജില്ലകൾ ഒഴികെയുള്ള ജില്ലകളിലാണ് പദ്ധതി ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്.പത്തനംതിട്ട,ഇടുക്കി,ആലപ്പുഴ എന്നീ ജില്ലകളിൽ 96 ശതമാനം നേട്ടം കൈവരിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ കുത്തിവെയ്‌പ്പെടുക്കാത്ത കുട്ടികളെ കണ്ടെത്തി മരുന്ന് നല്കാൻ നിർദേശം നൽകിയിട്ടുണ്ട്.ഈ മാസം മൂന്നിന് പദ്ധതി അവസാനിപ്പിക്കാനിരുന്നതാണെങ്കിലും ലക്‌ഷ്യം കൈവരിക്കാത്തതിനാൽ പതിനെട്ടു വരെ നീട്ടുകയായിരുന്നു.ഇതാണ് ഇപ്പോൾ ഇരുപത്തിയഞ്ചാം തീയതി വരെ നീട്ടിയിരിക്കുന്നത്.മലപ്പുറം ജില്ലയാണ് ഇതിൽ ഏറ്റവും പിറകിൽ നിൽക്കുന്നത്. ഇവിടെ 56.44 ശതമാനം മാത്രമേ കുത്തിവെയ്പ്പ് എടുത്തിട്ടുള്ളൂ.ഇവിടെ പ്രത്യേക കർമ്മ പദ്ധതി നടപ്പിലാക്കാനും നിർദേശമുണ്ട്.
ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി എൻജിനീയറിങ് വിദ്യാർത്ഥി പോലീസ് പിടിയിൽ
കോഴിക്കോട്:ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി എൻജിനീയറിങ് വിദ്യാർത്ഥി പോലീസ് പിടിയിലായി.യുവാക്കൾ കൂടുതലായും ഉപയോഗിക്കുന്ന എൽഎസ്‌ഡിയാണ് ഇയാളിൽ നിന്നും പിടികൂടിയത്.ഈറോഡ് മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയായ കല്ലായി സ്വദേശി കുണ്ടുങ്ങൽ മനക്കാന്റകം വീട്ടിൽ ഷാനൂബാണ് പോലീസ് പിടിയിലായത്.ഗ്രാമിന് 10,000 രൂപ വിലവരുന്ന 165 ഗ്രാം എൽഎസ്‌ഡിയാണ് ഇയാളുടെ കൈയ്യിൽ നിന്നും കണ്ടെടുത്തത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയും കൂടിയ അളവിൽ എൽഎസ്‌ഡി പിടികൂടുന്നതെന്ന് ഡിസിപി മെറിൻ ജോസഫ് പറഞ്ഞു.എട്ടു മുതൽ പതിനെട്ടു മണിക്കൂർ വരെ എൽഎസ്‌ഡിയുടെ ലഹരി നിലനിൽക്കും.ഹോളണ്ടിൽ നിന്നും ഓർഡർ ചെയ്തു വരുത്തിക്കുന്ന ഇവ നേപ്പാൾ വഴിയാണ് ഇന്ത്യയിലെത്തുന്നത്.കുറച്ചു നാളുകൾക്ക് മുൻപ് ലോഡ്ജ് മുറിയിൽ മയക്കുമരുന്ന് ഉപയോഗിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷാനൂബിനെ കുറിച്ച് വിവരം ലഭിക്കുന്നത്.പിന്നീട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എസ് കാളിരാജ് മഹേഷ്‌കുമാറിന്റെ നിർദേശപ്രകാരം യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എൽഎസ്‌ഡി പിടികൂടിയത്.
ഡിസംബർ ഒന്നിന് ഭാരത് ബന്ദിന് ആഹ്വാനം നൽകി ശ്രീ രാജ്‌പുത് കർണി സേന
ബെംഗളൂരു:ഭാരത് ബന്ദിന് ആഹ്വാനം നൽകി ശ്രീ രാജ്‌പുത് കർണി സേന.ബോളിവുഡ് ചിത്രം ‘പത്മാവതി’ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന ഡിസംബർ ഒന്നിനാണ് രാജ്യവ്യാപക ബന്ദിന് ആഹ്വാനം നൽകിയിരിക്കുന്നത്.സിനിമയ്‌ക്കെതിരെ കൂടുതൽ പ്രമുഖർ പ്രക്ഷോഭകാരികൾക്ക് പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയിട്ടുണ്ട്.ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചു ബിജെപി രാജസ്ഥാൻ അധ്യക്ഷൻ അശോക് പർണാമി, കോൺഗ്രസ് രാജ്യസഭാംഗം സഞ്ജയ് സിങ്,ഉദ്യപൂർ രാജകുടുംബാംഗം ലക്ഷ്യരാജ് സിംഗ് എന്നിവർ നേരത്തെ രംഗത്തു വന്നിരുന്നു.സിനിമയിലെ രംഗങ്ങൾ ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തുന്നുവെങ്കിൽ അതിനെതിരെ നടപടി വേണമെന്ന് കോൺഗ്രസ്സും ആവശ്യപ്പെട്ടു. ഇതിനിടെ താൻ ‘പത്മാവതി’ കണ്ടുവെന്നും അതിൽ എതിർക്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും അഭിപ്രായപ്പെട്ടതുമായുള്ള വാർത്ത സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷി നിഷേധിച്ചു.’പത്മാവതി’യുടെ റിലീസ് തടയാൻ ആർക്കും കഴിയില്ലെന്ന ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്റെ പ്രസ്താവന പ്രകോപനപരമാണെന്ന് കർണി സേന നേതാവ് ലോകേന്ദ്ര സിംഗ് കാൽവി പറഞ്ഞു.ഗുരുഗ്രാം.പാറ്റ്ന,ഭോപ്പാൽ എന്നിവിടങ്ങളിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കാനും കർണി സേനയ്ക്ക് പദ്ധതിയുണ്ട്.