ഇരിക്കൂർ:പടിയൂർ പഞ്ചായത്തിലെ കല്യാട്.ഊരത്തൂർ മേഖലകളിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ അനധികൃതമായി ചെങ്കല്ല് കയറ്റിയ 36 ലോറികൾ പിടികൂടി.ഇരിട്ടി തഹസിൽദാർ കെ.കെ ദിവാകരൻ,ജില്ലാ ജിയോളജിസ്റ്റ് ജഗദീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.ഈ മേഖലകളിൽ 1500 ഏക്കറോളം വരുന്ന സ്ഥലത്ത് ഖനനം നിരോധിച്ച് ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്.ലോറികൾ പിടികൂടിയതോടെ തൊഴിലാളികൾ സംഘടിച്ചെത്തി പരിശോധന സംഘത്തെ തടയാൻ ശ്രമിച്ചു.വാക്കേറ്റം ശക്തമായതോടെ തഹസിൽദാർ പോലീസിന്റെ സഹായം തേടുകയായിരുന്നു. ഇത്രയും ലോറികൾ കസ്റ്റഡിയിലെടുത്തു കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പിഴയടച്ചാൽ ലോറി വിട്ടു നല്കാമെന്നുള്ള തഹസിൽദാരുടെ നിർദേശം ഒരു വിഭാഗം തൊഴിലാളികൾ അംഗീകരിക്കുകയായിരുന്നു.എന്നാൽ മറ്റു വിഭാഗം ജീവനക്കാർ പിഴയടക്കാൻ തയ്യാറായില്ല.പിഴയടച്ചില്ലെങ്കിൽ ലോറികൾ കസ്റ്റഡിയിലെടുക്കുമെന്ന് റെവന്യൂ വകുപ്പ് കർശന നിലപാടെടുത്തതോടെ പിഴയടക്കാൻ മറ്റുള്ളവരും തയ്യാറായി.ഇത്തരത്തിൽ നിയമലംഘനം തുടർന്നാൽ ഇനി മുതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ഇവർക്ക് മുന്നറിയിപ്പും നൽകി.ചെറിയ ലോറികൾക്ക് 10000 രൂപയും വലിയ ലോറികൾക്കും ജെസിബിക്കും 25000 രൂപയുമാണ് പിഴ ഈടാക്കിയത്.
അപകടത്തിൽപ്പെട്ട ബസ് ഉപേക്ഷിച്ച് ജീവനക്കാർ ഓടിരക്ഷപ്പെട്ടു;യാത്രക്കാർ പെരുവഴിയിലായി
കണ്ണൂർ:നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് അപകടത്തിൽപ്പെട്ട ബസ് ഉപേക്ഷിച്ച് ജീവനക്കാർ ഓടിരക്ഷപ്പെട്ടു.കണ്ണൂർ താണയിലാണ് സംഭവം.കോഴിക്കോട് നിന്നും വരികയായിരുന്ന സ്വകാര്യ ബസ് താണ ബസ്‌സ്റ്റോപ്പിന് സമീപത്തു വെച്ച് ബൈക്കിൽ ഇടിക്കുകയായിരുന്നു.ഇന്നലെ രാത്രി എട്ടുമണിയോട് കൂടിയാണ് അപകടം നടന്നത്. അപകടത്തിൽ ബൈക്ക് യാത്രക്കാരാണ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടാകും എന്ന് തെറ്റിദ്ധരിച്ച ബസ് ജീവനക്കാർ ആക്രമണത്തെ ഭയന്ന് പുറകെ വന്ന ബസിൽ കയറി രക്ഷപ്പെടുകയായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും അപകടം കണ്ട് ഞെട്ടലിൽ നിൽക്കുമ്പോഴായിരുന്നു ജീവനക്കാരുടെ ഈ ഒളിച്ചോട്ടം.ബസ്സ് ഇടിച്ചതിന്റെ ശക്തി അനുസരിച്ച് ബൈക്ക് യാത്രക്കാരന് സാരമായ പരിക്കേൽക്കേണ്ടതായിരുന്നു.എന്നാൽ ഇടിച്ചയുടനെ പുറത്തേക്ക് തെറിച്ചു വീണതിനാൽ ഇയാൾക്ക് കാലിനു നിസ്സാര പരിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.അപകടത്തിൽ പരിക്കേറ്റ പള്ളിക്കുന്ന് സ്വദേശി അതുൽ കണ്ണൂർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടി.അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.ട്രാഫിക്,ടൌൺ പോലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തിരുവനന്തപുരം മേയറെ ആക്രമിച്ച സംഭവം;ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
തിരുവനന്തപുരം:തിരുവനന്തപുരം മേയർ വി.കെ പ്രശാന്ത് ആക്രമിക്കപ്പെട്ട സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകനായ ആനന്ദ് അറസ്റ്റിൽ.പോലീസ് സ്റ്റേഷനിലെത്തി ഇയാൾ സ്വമേധയാ കീഴടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ ആഴ്ചയാണ് പ്രത്യേക നഗരസഭാ കൗൺസിൽ യോഗത്തിനിടെ മേയർ വി.കെ പ്രശാന്ത് ആക്രമിക്കപ്പെട്ടത്.ആനന്ദ് ഉൾപ്പെടെയുള്ളവർ തന്നെ അക്രമിച്ചുവെന്നാണ് മേയറുടെ പരാതി.പുറത്തുനിന്നെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും ഇതിൽ ഗൂഢാലോചയുണ്ടെന്നും മേയർ ആരോപിച്ചിരുന്നു.പുറത്തുനിന്നെത്തിയ പ്രധാന പ്രതിയാണ് ആനന്ദ് എന്ന് പറഞ്ഞ് സിപിഐഎമും രംഗത്തെത്തിയിരുന്നു.സംഭവത്തിൽ ബിജെപി കൗൺസിലർമാർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 25 പേർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
ഇടുക്കിയിൽ ഹർത്താൽ തുടങ്ങി;പരക്കെ ആക്രമണം
ഇടുക്കി:മൂന്നാർ കയ്യേറ്റങ്ങൾക്കെതിരെ റെവന്യൂ,വനം വകുപ്പ് അധികൃതർ സ്വീകരിച്ചു വരുന്ന നടപടികളിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ പത്തു പഞ്ചായത്തുകളിൽ മൂന്നാർ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു.ഹർത്താലിനിടെ ചിലയിടങ്ങളിൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.രാവിലെ വിദേശ വിനോദ സഞ്ചാരികളുമായി എത്തിയ വാഹനം തടഞ്ഞ് നിർത്തി ഹർത്താലനുകൂലികൾ ഡ്രൈവറെ മർദിച്ചതായി പരാതിയുണ്ട്. ഇതിന്റെ ദൃശ്യം പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരുടെ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി.സർവീസ് നടത്താൻ ശ്രമിച്ച കെഎസ്ആർടിസി ബസുകളെ തടഞ്ഞ് നിർത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത് മൂലം ഗതാഗതവും സ്തംഭിച്ചു.സോഡാക്കുപ്പിയും മറ്റും റോഡിൽ പൊട്ടിച്ചിട്ട് ഗതാഗത തടസ്സം സൃഷ്ട്ടിച്ചിരിക്കുകയാണ്. കയ്യേറ്റക്കാർക്ക് വേണ്ടിയാണ് സിപിഎം ഹർത്താൽ നടത്തുന്നതെന്ന നിലപാടിൽ സിപിഐയും കോൺഗ്രസ്സും ഹർത്താലിനെ അനുകൂലിക്കുന്നില്ല.
സ്കൂൾ സമയത്ത് ഗെയിൽ ടിപ്പർ ലോറികൾ സർവീസ് നടത്തിയതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ;ലോറി പോലീസ് കസ്റ്റഡിയിലെടുത്തു
കോഴിക്കോട്:സ്കൂള്‍ സമയത്ത് സര്‍വ്വീസ് നടത്തിയ ഗെയിലിന്‍റെ ടിപ്പര്‍ ലോറികള്‍ കാരശ്ശേരിയില്‍ നാട്ടുകാര്‍ തടഞ്ഞു.നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് മൂന്ന് ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയിലെടുത്തു. ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിക്കായി വയല്‍ നികത്താന്‍ മണ്ണുമായി എത്തിയതായിരുന്നു ടിപ്പര്‍ ലോറികള്‍. രാവിലെ ഒന്‍പതിനും പത്തിനുമിടയില്‍ സ്കൂള്‍ ആരംഭിക്കുന്ന സമയത്ത് ടിപ്പര്‍ ലോറികള്‍ സര്‍വ്വീസ് നടത്തരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇത് ലംഘിച്ച് സര്‍വ്വീസ് നടത്തിയ ഗെയിലിന്‍റെ മൂന്ന് ടിപ്പര്‍ ലോറികളാണ് കാരശേരിയില്‍ നാട്ടുകാര്‍ തടഞ്ഞത്.പകല്‍ സര്‍വ്വീസ് നടത്തുമ്പോള്‍ ലോഡ് കയറ്റിയ ടിപ്പറുകള്‍ സുരക്ഷയ്ക്കായി ഷീറ്റ് ഉപയോഗിച്ച് മൂടണമെന്ന നിയമവും പാലിച്ചിരുന്നില്ലെന്നാണ് പരാതി.എന്നാൽ ഇതിന് തങ്ങൾ ഉത്തരവാദികളല്ലെന്നും കരാർ എടുത്തയാളുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതാണെന്നുമാണ് ഗെയിലിന്‍റെ നിലപാട്.
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്
ന്യൂഡൽഹി:രാഹുൽ ഗാന്ധിയെ കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പു സമയക്രമം പ്രഖ്യാപിച്ചു. ഡിസംബർ ഒന്നാം തീയതി വിജ്ഞാപനം ഇറങ്ങും.ഡിസംബർ നാല് വരെ നാമനിർദേശപത്രിക നൽകാം.എതിർ സ്ഥാനാർഥികളില്ലെങ്കിൽ 11ന് രാഹുൽ ഗാന്ധിയെ അധ്യക്ഷനായി പ്രഖ്യാപിക്കും.എതിർ സ്ഥാനാർഥികളുണ്ടെങ്കിൽ ഡിസംബർ 16ന് വോട്ടെടുപ്പ് നടത്തുകയും 19ന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും.കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. രാഹുലിനെ അധ്യക്ഷനാക്കുന്നതിനുള്ള പ്രമേയം യോഗം പാസാക്കി.അതേസമയം, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്‍റണി ഉപാധ്യക്ഷനായേക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ബൈക്കിലിടിച്ച കാർ നിയന്ത്രണം വിട്ട് ബസ്‌സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു;നാലുപേർക്ക് പരിക്കേറ്റു
തിരുവനന്തപുരം:തിരുവല്ലത്ത് ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട കാർ ബസ്റ്റോപ്പിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു.ബസ് കാത്തുനിൽക്കുകയായിരുന്നു പാറവിള സ്വദേശി ദേവേന്ദ്രനാണ്(40) മരിച്ചത്.അപകടത്തിൽ സാരമായി പരിക്കേറ്റ പാറവിള സ്വദേശികളായ മധു,ധർമരാജ്,പ്രസാദ്, പ്രദീപ് എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നടിയെ ആക്രമിച്ച കേസ്;ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി അന്വേഷണസംഘം
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി അന്വേഷണസംഘം .തന്റെ വ്യാപാര സ്ഥാപനമായ ദേ പുട്ടിന്റെ ദുബായ് ശാഖയുടെ ഉൽഘാടനത്തിനായി ദുബായിൽ പോകാൻ അനുമതി ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.ഈ വിഷയത്തിൽ കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിലാണ് ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച കാര്യം പോലീസ് ഉൾപ്പെടുത്തുക.ഇതിനാൽ ദിലീപിനെ വിദേശത്തു പോകാൻ അനുവദിക്കരുതെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെടും.ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ വ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരൻ അന്വേഷസംഘത്തിനു അനുകൂലമായി മൊഴി നൽകിയിരുന്നെങ്കിലും പിന്നീട് മൊഴി മാറ്റുകയായിരുന്നു.ഇത് ദിലീപിന്റെ സ്വാധീനത്താലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.അതുപോലെ തന്നെ കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്കൊപ്പം ജയിലിലുണ്ടായിരുന്ന ചാർളിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.ചാർളിയെ മാപ്പു സാക്ഷി ആക്കാനായിരുന്നു പോലീസിന്റെ നീക്കം.എന്നാൽ ചാർളി കോടതിയിൽ ഹാജരായില്ല.ഇതും ദിലീപിന്റെ സ്വാധീനം കൊണ്ടാണെന്നാണ് പോലീസ് പറയുന്നത്.കുറ്റപത്രത്തിലും ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കാര്യം പോലീസ് ഉൾപ്പെടുത്തിയേക്കും.
നടിയെ ആക്രമിച്ച കേസ്;ദിലീപിനെതിരായ കുറ്റപത്രം നാളെ സമർപ്പിക്കും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം നാളെ സമർപ്പിക്കും.കുറ്റപത്രത്തിൽ ദിലീപ് എട്ടാം പ്രതിയായേക്കുമെന്നാണ് സൂചന.നേരത്തെ കേസിൽ ദിലീപ് ഒന്നാംപ്രതിയാകുമെന്ന് അന്വേഷണ സംഘം സൂചന നൽകിയിരുന്നു.അങ്ങനെ ചെയ്താൽ കുറ്റപത്രം മുഴുവൻ അഴിച്ചുപണിയേണ്ട സാഹചര്യം ഉണ്ടാകുമെന്നതിനാലാണ് എട്ടാം പ്രതിയാക്കുന്നതെന്നാണ് സൂചന.എന്നാൽ ചുമത്തുന്ന കുറ്റത്തിനാണ് പ്രസക്തിയെന്നും എത്രാമത്തെ പ്രതിയാണെന്നതിനു പ്രാധാന്യമില്ലെന്നും അഡ്വക്കേറ്റ് കാളീശ്വരം രാജ് പറഞ്ഞു.കുറ്റപത്രത്തിൽ സുനിയെ കൂടാതെ മാർട്ടിൻ,മണികണ്ഠൻ,വിജീഷ്, സലിം,പ്രദീപ്,ചാർളി എന്നിവരാണ് മറ്റു ഏഴുപ്രതികൾ.തന്റെ കടയുടെ ഉൽഘാടനത്തിനായി ദുബായിൽ പോകാൻ അനുമതി തേടി ദിലീപ് കോടതിയിൽ സമർപ്പിച്ച ഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.ഈ സാഹചര്യത്തിലാണ് പെട്ടെന്ന് കുറ്റപത്രം സമർപ്പിക്കുന്നതെന്നാണ് സൂചന.
വടകര തോടന്നൂരിൽ മുസ്ലിം ലീഗ് ഓഫീസ് തീയിട്ടു നശിപ്പിച്ചു
വടകര:വടകര തോടന്നൂരിൽ മുസ്ലിം ലീഗ് ഓഫീസ് തീയിട്ടു നശിപ്പിച്ചു.ഓഫീസിലെ ഫർണിച്ചറുകളും മറ്റും കത്തിനശിച്ചിട്ടുണ്ട്.അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.ഇവിടെ സിപിഎം-ലീഗ് സംഘർഷം നിലനിൽക്കുന്നുണ്ട്.സംഘർഷാവസ്ഥ ഒഴിവാക്കുന്നതിനായി സ്ഥലത്ത് പോലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.