ചെറുവത്തൂർ:ഓട്ടോഡ്രൈവർ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് ഓട്ടോയിൽ നിന്നും ചാടിയ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.പീലിക്കോട് ഏക്കച്ചിയിലെ സന്തോഷ് കുമാറിന്റെ ഭാര്യ സവിതയ്ക്കാണ്(28) ഗുരുതരമായി പരിക്കേറ്റത്.തലയ്ക്ക് സാരമായി പരിക്കേറ്റ സവിതയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ദേശീയപാതയിൽ സിപിഎം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി ഓഫീസിനു സമീപത്താണ് സംഭവം നടന്നത്. ചെറുവത്തൂർ ഭാഗത്തു നിന്നും കാലിക്കടവിലേക്ക് പോകുന്ന ഓട്ടോയിൽ തോട്ടം ഗേറ്റിനു സമീപത്തു നിന്നുമാണ് സവിത കയറിയത്.ഓട്ടോയിൽ കയറിയത് മുതൽ ഡ്രൈവർ യുവതിയോട് അപമര്യാദയായി പെരുമാറാൻ തുടങ്ങി.ഇതിനെ തുടർന്ന് ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഡ്രൈവർ ഓട്ടോയുടെ വേഗം കൂട്ടുകയായിരുന്നു.ഇതോടെ ഭയന്ന സവിത റോഡിലേക്ക് ചാടുകയായിരുന്നു.അവശനിലയിൽ റോഡിൽക്കിടന്ന ഇവരെ അതുവഴി വന്ന കാർ യാത്രക്കാർ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.മകൾ പഠിക്കുന്ന സ്കൂളിൽ പി ടി എ യോഗത്തിൽ പങ്കെടുക്കുന്നതിനായി പോയതായിരുന്നു സവിത.
കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം ഇന്ന് മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും
കൂത്തുപറമ്പ്:കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം ഇന്ന് മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും.ദിനാചരണത്തിന്റെ ഭാഗമായി പ്രകടനവും പൊതു സമ്മേളനവും നടക്കും.ജില്ലയിലെ പതിനെട്ട് കേന്ദ്രങ്ങളിൽ യുവജന പ്രകടനവും ബഹുജന റാലിയും സംഘടിപ്പിക്കും.ഇതോടൊപ്പം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി പുതുക്കുടി പുഷ്പ്പന് കൈമാറുന്ന സഹായധനം ഇന്ന് മുഖ്യമന്തി പിണറായി വിജയൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി കൈമാറും.
ശ്രീകണ്ഠപുരത്ത് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വ്യാപക സംഘർഷം
ശ്രീകണ്ഠാപുരം:ശ്രീകണ്ഠപുരത്ത് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വ്യാപക സംഘർഷം. ഏരുവേശി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്. അക്രമത്തിൽ യുഡിഎഫ് പ്രവർത്തകനായ സിറിയക്കിന്റെ കാലിന് പരിക്കേറ്റു.അക്രമത്തിനു പിന്നിൽ സിപിഎമ്മാണെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു.
ഈജിപ്തിൽ ഭീകരാക്രമണത്തിൽ 235 പേർ മരിച്ചു
കെയ്‌റോ:ഈജിപ്തിലെ വടക്കൻ സിനായി പ്രവിശ്യയിലെ മുസ്ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ 235 പേർ മരിച്ചു.120 പേർക്ക് പരിക്കേറ്റു.വെള്ളിയാഴ്ച പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിയ വിശ്വാസികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.പള്ളിക്ക് പുറത്തു സ്ഫോടനം നടത്തി പരിഭ്രാന്തി പരത്തിയ ശേഷം അകത്തുകടന്ന ഭീകരർ വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.2014 ഇൽ ഐഎസുമായി ചേർന്ന സിനായിലെ തീവ്രവാദ വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.സൂഫികളെയും ക്രിസ്തുമത വിശ്വാസികളെയും ലക്ഷ്യമിട്ട് ഇസ്ലാമിക് സ്റ്റേറ്റ് സിനായിൽ നിരവധി തവണ ആക്രമണം നടത്തിയിട്ടുണ്ട്.
ഇരിട്ടിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഇരിട്ടി:ഇരിട്ടി ഉളിക്കല്ലിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉളിക്കൽ കോക്കാടിലെ കുന്നുംപുറത്ത് അനിൽ കുമാർ-കനകവല്ലി ദമ്പതികളുടെ മകൻ അമൽ കുമാറിനെയാണ്(16) ഇന്നലെ സന്ധ്യയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഉളിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
നടി ആക്രമിക്കപ്പെട്ട കേസ്;ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നു;കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരായി അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്.ആക്രമിക്കപ്പെട്ട നടിയെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.കൊച്ചിയിൽ നടന്ന അമ്മ താരനിശയിൽ വെച്ചായിരുന്നു സംഭവം. ദിലീപിന്റെ സുഹൃത്തും നടനുമായ സിദ്ദിക്കും ഇതിനു സാക്ഷിയാണ്.ഈ സംഭവത്തിന് ശേഷം സിദ്ദിക്കും നടിയെ വിളിച്ചു താക്കീത് ചെയ്തിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു.താരനിശയ്ക്കിടെ ദിലീപും കാവ്യയുമായുള്ള രഹസ്യബന്ധം നടി ചിലരോട് പറഞ്ഞിരുന്നു.ഇതാണ് ദിലീപിന്റെ ഭീഷണിക്ക് കാരണമായത്.ഇതിനു പുറമെ ആക്രമണത്തിൽ ദിലീപിന് പങ്കുണ്ടാകുമെന്ന ആദ്യ സൂചന പൊലീസിന് നൽകിയത് ആക്രമിക്കപ്പെട്ട നടിയുടെ സഹോദരനാണ്. പിന്നീട് പൾസർ സുനി ജയിലിൽ നിന്നും ദിലീപിന് കത്ത് അയച്ച വിവരങ്ങൾ പുറത്തുവന്നതോടു കൂടി സംശയം ബലപ്പെടുകയായിരുന്നു. കേസിൽ ദിലീപിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പോലീസിനോട് നടിയുടെ സഹോദരൻ ആവശ്യപ്പെട്ടതായും കുറ്റപത്രത്തിലുണ്ട്.
തമിഴ്‌നാട്ടിലെ വെല്ലൂരിൽ നാല് പ്ലസ് വൺ വിദ്യാർത്ഥിനികൾ കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്തു
തമിഴ്‌നാട്:തമിഴ്‍നാട്ടിലെ വെല്ലൂരിൽ അദ്ധ്യാപികയുടെ ശകാരത്തിൽ മനം നൊന്ത് നാല് പ്ലസ് വൺ വിദ്യാർത്ഥിനികൾ കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്തു.ചെന്നൈയിൽ നിന്നും 88 കിലോമീറ്റർ അകലെ പനപക്കം ഗ്രാമത്തിലെ സ്കൂളിന് സമീപമുള്ള കിണറ്റിലാണ് വിദ്യാർത്ഥിനികൾ ഒരുമിച്ചു ചാടിയത്.പനപക്കം സർക്കാർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനികളായ രേവതി,ശങ്കരി,ദീപിക,മനീഷ എന്നിവരാണ് ആത്മഹത്യ ചെയ്തത്.ഇവർ പഠനത്തിൽ മോശമായതിനെ തുടർന്ന് അദ്ധ്യാപിക ശകാരിക്കുകയും രക്ഷിതാവിനെ വിളിച്ചു കൊണ്ടുവരുവാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഇതേ തുടർന്നാണ് കുട്ടികൾ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.ഇതിൽ രേവതി,ശങ്കരി,ദീപിക എന്നിവരുടെ മൃതദേഹം ഇന്നലെയും മനീഷ എന്ന വിദ്യാർത്ഥിനിയുടെ മൃതദേഹം ഇന്ന് രാവിലെയുമാണ് കണ്ടെത്തിയത്.നാട്ടുകാരും അഗ്‌നിശമനസേനാംഗങ്ങളും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.അതേസമയം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളോട് കാണിക്കുന്ന സാധാരണ നടപടികൾ മാത്രമാണ് ഇവർക്കെതിരെ ഉണ്ടായിട്ടുള്ളതെന്ന വിശദീകരണവുമായി സ്കൂൾ അധികൃതർ രംഗത്തെത്തിയിട്ടുണ്ട്.ഹാജർ നിലയും മാർക്കും കുറഞ്ഞ പതിനാലു വിദ്യാർത്ഥികളോട് രക്ഷിതാക്കളെ കൊണ്ടുവരുവാൻ ആവശ്യപ്പെട്ടിരുന്നു.ഇവരിൽ പത്തുപേരും വെള്ളിയാഴ്ച മാതാപിതാക്കളെ കൂട്ടിക്കൊണ്ടുവന്നിരുന്നു.ഇതിൽ ഭയന്നാകാം വിദ്യാർത്ഥിനികൾ കിണറ്റിൽ ചാടിയതെന്നാണ് പ്രാഥമിക വിവരം.
കണ്ണൂർ മിൽമ ഡയറിയിൽ ഈ മാസം 26,27 തീയതികളിൽ പൊതുജനങ്ങൾക്കു പ്രവേശനം അനുവദിക്കും
കണ്ണൂർ: ഡോ.വർഗീസ് കുര്യന്‍റെ ജന്മദിനമായ നവംബർ 26ന് നടക്കുന്ന ദേശീയ ക്ഷീരദിനാചരണത്തോടനുബന്ധിച്ച് പൊടിക്കുണ്ടിലെ കണ്ണൂർ മിൽമയുടെ ആഭിമുഖ്യത്തിൽ 26, 27 തീയതികളിൽ സെമിനാറുകളും ഡയറി സന്ദർശന പരിപാടികളും സംഘടിപ്പിക്കുന്നു. ഈ ദിവസങ്ങളിൽ മിൽമ ഡയറി സന്ദർശിക്കുന്നതിന് പൊതുജനങ്ങൾക്കു പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മിൽമയുടെ ഉത്പന്നങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ ലഭ്യമാക്കും.കണ്ണൂർ കളക്ടറേറ്റ് കോംബൗണ്ടിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ മിൽമ ബൂത്തിനു സമീപം ഒരുക്കുന്ന സ്പെഷൽ സ്റ്റാളുകളിലൂടെയും 27, 28 തീയതികളിൽ ഉപഭോക്താക്കൾക്കു ഡിസ്കൗണ്ട് നിരക്കിൽ മിൽമ ഉത്പന്നങ്ങൾ ലഭ്യമാക്കും.ഇതിനു പുറമെ കണ്ണൂർ ഡെയറിയിൽ മൂന്ന് സ്പെഷൽ സ്റ്റാളുകളും പ്രവർത്തിക്കും.
കോട്ടയം ഭാരത് ആശുപത്രിയിൽ നഴ്സുമാർ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു
കോട്ടയം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്സുമാർ കഴിഞ്ഞ മൂന്നുമാസത്തിലേറെയായി നടത്തി വന്നിരുന്ന സമരം പിൻവലിച്ചു.ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്.പിരിച്ചു വിട്ട നഴ്സുമാർക്ക് ഡിസംബർ 31 വരെയുള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകും.സമരം നടന്ന മൂന്നു മാസത്തെ ശമ്പളം നൽകാനും പരസ്പപരം നൽകിയ കേസുകൾ പിൻവലിക്കാനും ചർച്ചയിൽ ധാരണയായി. ശമ്പളവർദ്ധനവ്,അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാർ സമരം ആരംഭിച്ചത്.എന്നാൽ സമരത്തിന് നേതൃത്വം നൽകിയ മുഴുവൻ പേരെയും കരാർ കാലാവധിയുടെ പേരുപറഞ്ഞ് മാനേജ്‌മെന്റ് പിരിച്ചു വിടുകയായിരുന്നു. ഇതോടെ സമരക്കാരുടെ പ്രധാന ആവശ്യം ഇവരെ തിരിച്ചെടുക്കുക എന്നുള്ളതായി. ഹൈക്കോടതിയുടെ മധ്യസ്ഥ ചർച്ചകളിലും ലേബർ ഓഫീസറുടെ സമവായ ചർച്ചയിലും ഫലം കണ്ടില്ല.പകരം പിരിഞ്ഞ് പോകുന്നവർക്ക് പ്രതിഫലം നൽകാമെന്ന നിലപാട് മാനേജ്‌മെന്റ് മുന്നോട്ടുവെച്ചു.എന്നാൽ ജോലിയിൽ നിന്നും പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിൽ നഴ്സുമാരും ഉറച്ചു നിന്നു.തുടർന്ന് ഒക്ടോബർ പതിനേഴു മുതൽ നഴ്സുമാർ നിരാഹാര സമരവും നടത്തിവരികയായിരുന്നു.
മലപ്പുറത്ത് പ്രതിരോധ കുത്തിവെയ്പ്പിനെത്തിയ നഴ്സിന് നേരെ അക്രമം;മൂന്നുപേർ അറസ്റ്റിൽ
മലപ്പുറം:വളാഞ്ചേരി എടയൂർ ഗവ.എൽ.പി സ്കൂളിൽ നടന്ന മീസിൽസ്-റൂബെല്ല വാക്‌സിനേഷന് എത്തിയ നഴ്സിനെ ഒരു സംഘം ആക്രമിച്ചു.ഇന്നലെ ഉച്ചയോടെ സ്കൂളിൽ ക്യാമ്പ് നടക്കുന്നതിനിടെ ഒരു കൂട്ടം സംഘടിച്ചെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു.അക്രമത്തിൽ പരിക്കേറ്റ ആരോഗ്യ പ്രവർത്തക ശ്യാമളാബായ് കുറ്റിപ്പുറം ആശുപത്രിയിൽ ചികിത്സയിലാണ്.വാക്സിനെടുക്കുന്നതിനിടെ ഒരു സംഘം യുവാക്കളെത്തി നഴ്സിന്‍റെ കൈപിടിച്ച് വലിക്കുകയും മൊബൈൽ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു.സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇനിയും ഒമ്പതുപേരെ കൂടി പിടികൂടാനുണ്ടെന്ന് വളാഞ്ചേരി പോലീസ് അറിയിച്ചു. അനാവശ്യ ആരോപണങ്ങളും അപവാദങ്ങളും പറഞ്ഞ് കുത്തിവെയ്പ്പ് തടസ്സപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് മെഡിക്കൽ ഓഫീസർ അലി അഹമ്മദ് പറഞ്ഞു.എന്നാൽ കുത്തിവെയ്‌പ്പെടുക്കാൻ താൽപ്പര്യമില്ലാത്ത രണ്ടുകുട്ടികളും കൂട്ടത്തിലുണ്ടായിരുന്നെന്നും ഇതിന്റെ പേരിലാണ് പ്രശനമുണ്ടായതെന്നുമാണ് നാട്ടുകാരിൽ ചിലർ പറയുന്നത്.