കണ്ണൂർ:പയ്യാമ്പലം ബീച്ചിൽ ഡിടിപിസി നിർമിക്കുന്ന നടപ്പാതയുടെ നിർമാണം ആരംഭിച്ചു. മൂന്നരക്കോടി രൂപയാണ് പദ്ധതിയുടെ നിർമാണ ചിലവ്.പയ്യാമ്പലം ബീച്ചിലെത്തുന്നവരെയും രാവിലെയും വൈകുന്നേരവും ഇവിടെ നടക്കാനെത്തുന്നവരെയും മുന്നിൽക്കണ്ടാണ് നടപ്പാത നിർമാണം തുടങ്ങുന്നത്.ഒരു കിലോമീറ്ററാണ് പാതയുടെ നീളം.ഇതിൽ ഓരോ നൂറു മീറ്റർ ഇടവിട്ട് സഞ്ചാരികൾക്ക് വിശ്രമിക്കാനായുള്ള സൗകര്യവും ഏർപ്പെടുത്തും.ഇത്തരത്തിലുള്ള 11 വിശ്രമ കേന്ദ്രങ്ങളാണ് ഒരുക്കുക.പാതയ്ക്കരികിലായി സൗരോർജ വിളക്കുകൾ,കഫേകൾ,ഇരിപ്പിട സൗകര്യം,ശൗചാലയങ്ങൾ എന്നിവയും നിർമിക്കും.പദ്ധതി അടുത്ത വർഷം ഫെബ്രുവരിയോടുകൂടി പൂത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
മറുനാടൻ തൊഴിലാളികൾക്കായുള്ള ആശ്വാസ് ഇൻഷുറൻസ് പദ്ധതിയിൽ 15000 പേർ അംഗങ്ങളായി
കണ്ണൂർ:മറുനാടൻ തൊഴിലാളികൾക്കായുള്ള ആശ്വാസ് ഇൻഷുറൻസ് പദ്ധതിയിൽ 15000 പേർ അംഗങ്ങളായി.പ്രീമിയം അടയ്ക്കാതെയുള്ള പദ്ധതിയാണ് ഇത്.ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് 15000 രൂപ വരെ ചികിത്സ ചിലവ് ലഭിക്കും.മരണപ്പെടുന്നവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപവരെ സഹായധനവും നൽകും.ലേബർ വകുപ്പാണ് പദ്ധതിക്കായുള്ള അപേക്ഷ സ്വീകരിക്കുന്നത്.നിർമാണ മേഖല,ക്വാറി ക്രഷർ യൂണിറ്റ്, മത്സ്യത്തൊഴിലാളി മേഖല എന്നിവിടങ്ങളിലാണ് മറുനാടൻ തൊഴിലാളികൾ കൂടുതലായും ജോലി ചെയ്യുന്നത്.തൊഴിലാളികളുടെ വിവരശേഖരണവും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്നതാണ് പദ്ധതി.അതേസമയം പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ബയോമെട്രിക് കാർഡ് നല്കാനാകാതെ കുഴങ്ങുകയാണ് ഉദ്യോഗസ്ഥർ.കാർഡ് നൽകുന്നതിനുള്ള പതിനഞ്ചോളം മെഷീനുകൾ കണ്ണൂരിന് നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും നിലവിൽ മൂന്നെണ്ണം മാത്രമാണ് നൽകിയത്.ഇതാണ് ഉദ്യോഗസ്ഥരെ കുഴപ്പിച്ചിരിക്കുന്നത്. ആധാറുമായി ബന്ധിപ്പിച്ചാണ് ഇൻഷുറൻസ് കാർഡ് നൽകുന്നത്.ആധാർ കാർഡ് ഇല്ലാത്തവർക്ക് തിരിച്ചറിയൽ കാർഡോ മറ്റെന്തെകിലും ഔദ്യോഗിക തിരിച്ചറിയൽ രേഖയോ ഉപയോഗിക്കാം.കഴിഞ്ഞ ദിവസം പാപ്പിനിശ്ശേരിയിൽ മരിച്ച മറുനാടൻ തൊഴിലാളിക്ക് രണ്ടുലക്ഷം രൂപ നല്കാൻ തീരുമാനമായിട്ടുണ്ട്.
അഞ്ചുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കണ്ണൂർ:അഞ്ചുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.ആലക്കോട് സ്വദേശി ജോബി ആന്റണിയാണ് തിങ്കളാഴ്ച രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും കഞ്ചാവുമായി സി.ഐ രത്നകുമാറിന്റെ പിടിയിലായത്.അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് കഞ്ചാവ് തീവണ്ടിമാർഗം എത്തിച്ചതെന്നും ഇയാളെ കൂടുതൽ ചോദ്യം ചെയ്തു വരികയായണെന്നും പോലീസ് അറിയിച്ചു.
പഠനം പൂർത്തിയാക്കുന്നതിനായി ഹാദിയ ഇന്ന് സേലത്തേക്ക് തിരിക്കും
ന്യൂഡൽഹി:പഠനം പൂർത്തിയാക്കുന്നതിനായി ഹാദിയ ഇന്ന് സേലത്തേക്ക് തിരിക്കും. ഇതിനായുള്ള നടപടികൾ ആരംഭിച്ചു.കേരളഹൗസ് അധികൃതർ വിമാനടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു.ഹാദിയയുടെ അച്ഛനും അമ്മയും സേലത്തേക്ക് പോകാൻ സാധ്യതയുണ്ട്.പഠനം തുടരുന്നതിനായി സേലം ശിവരാജ് മെഡിക്കൽ കോളേജിൽ പകണമെന്നു ഹാദിയ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ഡൽഹിയിൽ നിന്നും നേരിട്ട് സേലത്തെ മെഡിക്കൽ കോളേജിലേക്ക് പോകാൻ ഹാദിയയോട് സുപ്രീം കോടതി നിർദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാദിയയെ ഇന്ന് തന്നെ സേലത്തെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചത്.കോളേജ് ഹോസ്റ്റലിലേക്ക് പോകുന്നത് വരെ ഹാദിയ കേരളാ ഹൗസിൽ തുടരണമെന്നും സേലത്തെത്തിക്കഴിഞ്ഞാൽ അവിടുത്തെ സർവകലാശാല ഡീൻ ഹാദിയയുടെ ലോക്കൽ ഗാർഡിയൻ പദവി വഹിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഹാദിയയെ സേലത്തെത്തിക്കാനുള്ള ചുമതല കേരളാ പോലീസിനാണ്.പിന്നീട് തമിഴ്‌നാട് പോലീസിന്റെ കനത്ത സുരക്ഷയിലായിരിക്കും ഹാദിയയുടെ തുടർപഠനം.
ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടുമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: സർക്കാരിന്‍റെ വിവിധ ക്ഷേമ പദ്ധതികൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാര്‍ച്ച് 31 വരെ നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ആധാര്‍ കേസില്‍ ഇടക്കാല സ്റ്റേ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.ആധാര്‍ നിര്‍ബന്ധമാക്കിയുള്ള ഹര്‍ജികളില്‍ അടുത്തയാഴ്ച മുതല്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കണ്ണൂർ താവം മേൽപ്പാലത്തിന്റെ ഗർഡർ നിലംപൊത്തി
കണ്ണൂർ:കണ്ണൂർ താവം മേൽപ്പാലത്തിന്റെ ഗർഡർ നിലംപൊത്തി.ക്രയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടെ താഴോട്ട് പതിക്കുകയായിരുന്നു.ഇത് നിലത്തേക്ക് പതിക്കുമ്പോൾ നിരവധി ആളുകൾ കാഴ്ചക്കാരായി പരിസരത്തുണ്ടായിരുന്നു.എന്നാൽ ഗർഡർ വീഴുന്നതുകൊണ്ട് ഇവർ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തായതിനെതിരെ ദിലീപ് കോടതിയിൽ ഹർജി നൽകി
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തായതിനെതിരെ ദിലീപ് കോടതിയിൽ ഹർജി നൽകി.അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് ദിലീപ് ഹർജി സമർപ്പിച്ചിരിക്കുന്നത്.വിദേശയാത്രക്കായി പാസ്പോര്ട്ട് തിരിച്ചുവാങ്ങാനായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തിയപ്പോഴാണ് ദിലീപ് ഹർജി നൽകിയത്.കുറ്റപത്രം കോടതി പരിഗണിക്കും മുന്പ് ഇതിന്‍റെ വിശദാംശങ്ങൾ മാധ്യമങ്ങളിൽ വന്നെന്നും ഇത് തനിക്കെതിരായ പോലീസിന്‍റെ ഗൂഢാലോചനയുടെ ഭാഗമാണെന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു.തന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനമായ ദേ പുട്ടിന്റെ ദുബായ് ശാഖയുടെ ഉൽഘാടനവുമായി ബന്ധപ്പെട്ടാണ് ദിലീപ് വിദേശത്തേക്ക് പോകുന്നത്.ഇതിനായി കോടതി ഉപാധികളോടെ ദിലീപിന് അനുവാദം നൽകുകയായിരുന്നു.
ഹാദിയയ്ക്ക് സ്വാതന്ത്ര്യം;മെഡിക്കൽ പഠനം തുടരാൻ കോടതി അനുമതി നൽകി
ന്യൂഡൽഹി:ഹാദിയയ്ക്ക് സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ടും മെഡിക്കൽ പഠനം തുടരാൻ അനുമതി നൽകിക്കൊണ്ടും കോടതി വിധി പ്രഖ്യാപിച്ചു.അതേസമയം ഹാദിയയ്ക്ക് അച്ഛനൊപ്പമോ ഭർത്താവിനൊപ്പമോ പോകാൻ കോടതി അനുമതി നൽകിയിട്ടില്ല.തത്കാലത്തേക്കു പഠനം പൂർത്തിയാക്കാൻ നിർദേശം നൽകിയ കോടതി, ഡൽഹിയിൽനിന്നു നേരെ സേലത്തെ മെഡിക്കൽ കോളജിലേക്കു പോകാനും വിധിച്ചു. സ്വാതന്ത്ര്യം ഹാദിയയുടെ അവകാശമാണെങ്കിലും തത്കാലം അതിന് നിവൃത്തിയില്ലെന്നും കോടതി പറഞ്ഞു.ഹാദിയയുടെ പഠനം പൂർത്തിയാക്കാൻ മെഡിക്കൽ കോളജ് അധികൃതർ സൗകര്യമൊരുക്കണം. ഹാദിയയ്ക്കു താമസിക്കാൻ സേലത്തെ ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തണം. ഇതിന്‍റെ ചെലവുകൾ കേരള സർക്കാർ വഹിക്കണം.സർവകലാശാല ഡീനിനെ ഹാദിയയുടെ രക്ഷാകർത്താവായി കോടതി ചുമതലപ്പെടുത്തി.കോളജ് ഹോസ്റ്റലിലേക്കു പോകുന്നതുവരെ ഹാദിയ ഡൽഹി കേരള ഹൗസിൽ തുടരണം. കഴിഞ്ഞ പതിനൊന്നു മാസമായി കടുത്ത മാനസിക പീഡനം അനുഭവിച്ചുവരികയാണെന്നു കോടതിയിൽ പറഞ്ഞ ഹാദിയ തന്നെ ഡൽഹിയിലെ സുഹൃത്തുക്കളുടെ അടുത്തു പോകാൻ അനുവദിക്കണമെന്ന് കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. കൂടാതെ രക്ഷാകർത്താവായി ഭർത്താവിനെ ചുമതലപ്പെടുത്തണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു.എന്നാൽ ഈ ആവശ്യം കോടതി തള്ളി. സർക്കാർ ചിലവിൽ പഠനം പൂർത്തിയാക്കാൻ ആഗ്രഹമുണ്ടോയെന്നും ലോക്കൽ ഗാർഡിയനെ ഏർപ്പെടുത്താമെന്നും കോടതി പറഞ്ഞു. എന്നാൽ തന്‍റെ ഭർത്താവിന് പഠനചിലവ് വഹിക്കാൻ കഴിയുമെന്നും അങ്ങനെ പഠിക്കാനാണ് താത്പര്യമെന്നും ഹാദിയ കോടതിയെ അറിയിക്കുകയായിരുന്നു.
ചെരുപ്പിനുള്ളിൽ വെച്ച് സ്വർണം കടത്താൻ ശ്രമിച്ച കാസർകോഡ് സ്വദേശി പിടിയിൽ
മംഗളൂരു:മംഗളൂരു വിമാനത്താവളത്തിൽ ചെരുപ്പിനുള്ളിൽ വെച്ച് സ്വർണം കടത്താൻ ശ്രമിച്ച കാസർകോഡ് സ്വദേശി പിടിയിലായി.ഞായറാഴ്ച പുലർച്ചെ ദുബായിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ മംഗളൂരുവിലെത്തിയ കാസർകോഡ് സ്വദേശി താഹിറിൽ നിന്നുമാണ് 804 ഗ്രാം തൂക്കം വരുന്ന സ്വർണ്ണം കസ്റ്റംസ് അധികൃതർ പിടികൂടിയത്.24 ലക്ഷം രൂപ വിലമതിക്കുന്നതാണിത്. ബോഡിങ് പാസ് എടുക്കുന്നതിനിടയിൽ സ്കാനിങ്ങിൽ സ്വർണ്ണത്തിന്റെ സാനിധ്യം തിരിച്ചറിഞ്ഞിരുന്നുവെങ്കിലും കണ്ടെത്താനായില്ല.എന്നാൽ പിന്നീട് വിശദമായി പരിശോധിച്ചപ്പോഴാണ് ചെരുപ്പിനടിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തിയത്.
തനിക്ക് സ്വാതന്ത്യം വേണമെന്ന് ഹാദിയ സുപ്രീം കോടതിയിൽ
ന്യൂഡൽഹി:തനിക്ക് സ്വാതന്ത്ര്യം വേണമെന്നും സ്വന്തം വിശ്വാസം അനുസരിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും ഹാദിയ സുപ്രീം കോടതിയിൽ പറഞ്ഞു. തന്നെ ആരും നിർബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നും ഹാദിയ വ്യക്തമാക്കി.മെഡിക്കൽ പഠനം പൂർത്തിയാക്കാൻ അനുമതി നൽകണമെന്നും ഹാദിയ കോടതിയിൽ മൊഴി നൽകി.നേരത്തെ കേസിന്റെ വാദം ഇന്നത്തേക്ക് കോടതി അവസാനിപ്പിക്കാൻ ഒരുങ്ങിയിരുന്നു.എന്നാൽ ഷെഫിൻ ജഹാന് വേണ്ടി ഹാജരായ അഡ്വ.കപിൽ സിബൽ ഇന്ന് തന്നെ ഹാദിയയുടെ നിലപാട് കേൾക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സുപ്രീം കോടതി ഹാദിയയുടെ നിലപാട് കേൾക്കാൻ തയ്യാറായത്.തുറന്ന കോടതിയിൽ ഹാദിയയുടെ വാദം കേൾക്കരുതെന്ന ഹാദിയയുടെ പിതാവിന്റെ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തുറന്ന കോടതിയിലാണ് ഹാദിയയുടെ മൊഴി കേൾക്കുന്നത്.