ന്യൂഡൽഹി:കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രം പിൻവലിക്കാനൊരുങ്ങുന്നു.ദേശീയമാധ്യമമായ ഇന്ത്യൻ എക്സ്പ്രെസ്സാണ് ഇതുസംബന്ധിച്ചുള്ള വാർത്ത പുറത്തുവിട്ടത്.സംസ്ഥാനങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് ഉത്തരവ് പിൻവലിക്കുന്നതെന്നാണ് റിപ്പോർട്ടിലുള്ളത്.കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഈ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു.കാർഷിക ആവശ്യങ്ങൾക്കല്ലാതെ കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം മെയ് 23 നാണ് പുറത്തിറക്കിയത്.1960 ലെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമത്തിന്റെ 38 ആം ഉപവകുപ്പിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചട്ടങ്ങൾക്ക് രൂപം നൽകി വിജ്ഞാപനം ഇറക്കിയത്. കാള,പശു,പോത്ത്,ഒട്ടകം എന്നീ മൃഗങ്ങളാണ് നിരോധനത്തിന്റെ പരിധിയിൽ ഉണ്ടായിരുന്നത്.
തെക്കൻ കേരളത്തിൽ കനത്ത മഴ;നെയ്യാർ ഡാമിന്റെ ഷട്ടർ തുറന്നു
തിരുവനന്തപുരം:തെക്കൻ കേരളത്തിൽ കനത്ത മഴ.മഴ നാളെവരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.കന്യാകുമാരിക്ക് സമീപം രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചതാണ് മഴ ശക്തിപ്പെടാൻ കാരണം.കഴിഞ്ഞ ദിവസം രാത്രി മുതലാണ് തെക്കൻ കേരളത്തിൽ മഴ ശക്തിപ്പെട്ടത്.7 മുതൽ 11 സെന്റിമീറ്റർ വരെ മഴപെയ്യുമെന്നാണ് അറിയിപ്പ്.മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. പലയിടങ്ങളിലും കടൽ പ്രക്ഷുബ്ധമായതിനാൽ മൽസ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി ജില്ലകളിൽ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തിരുവനന്തപുരം നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു.ഡാമിന്റെ തീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.തിരുവനന്തപുരം ജില്ലയുടെ വിവിധപ്രദേശങ്ങളിൽ കനത്ത കാറ്റിലും മഴയിലും പലയിടത്തും മരങ്ങൾ വീണതിനെ തുടർന്ന് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. Read more
കൺസെഷൻ തർക്കം;ബസ് ജീവനക്കാരൻ വിദ്യാർത്ഥികളെ കുത്തിപ്പരിക്കേൽപ്പിച്ചു
അരൂർ:ബസിൽ കയറ്റാത്തത് ചോദ്യം ചെയ്ത വിദ്യാർത്ഥികളെ ജീവനക്കാരൻ കുത്തിപ്പരിക്കേൽപ്പിച്ചു.എറണാകുളം-നെട്ടൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ക്‌ളീനറാണ് വിദ്യാർത്ഥികളെ ആക്രമിച്ചത്.മരട് ഐടിഐയിലെ വിദ്യാർത്ഥികളായ ജിഷ്ണു ജ്യോതിഷ്,ഗൗതം, അഭിജിത് എന്നിവർക്കാണ് കുത്തേറ്റത്.ഇവരെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസ് കൺസെഷൻ സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വിദ്യാർത്ഥികളെ ആക്രമിച്ച ബസ് ജീവനക്കാരെയും ബസും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എ.കെ ആന്റണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി:ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുൻ പ്രതിരോധ മന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ എ.കെ ആന്റണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആന്റണിയെ ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.അടുത്ത 24 മണിക്കൂർ അദ്ദേഹം നിരീക്ഷണത്തിലായിരിക്കുമെന്നു ആശുപത്രി അധികൃതർ വ്യക്തമാക്കി.
ചാലക്കുടി രാജീവ് വധക്കേസിലെ പ്രതി അഡ്വ.ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി:ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതി അഡ്വ.ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.പ്രതിക്ക് ഇപ്പോൾ ജാമ്യം നൽകിയാൽ കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന പോലീസിന്റെ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്.റിയൽ എസ്റ്റേറ്റ് ബ്രോക്കറായ രാജീവ് കൊല്ലപ്പെട്ട കേസിൽ ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഉദയഭാനുവിന്റെ പോലീസ് അറസ്റ്റ് ചെയ്തത്.കേസിലെ മറ്റു പ്രതികളുമായും ഉദയഭാനുവിന് അടുത്ത ബന്ധമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.ഇരിഞ്ഞാലക്കുട സബ്ജയിലിലാണ് ഉദയഭാനു ഉള്ളത്.
സിപിഎം പ്രവർത്തകന് കുത്തേറ്റു
നീലേശ്വരം:സിപിഎം പ്രവർത്തകന് കുത്തേറ്റു.ഗുരുതരമായി പരിക്കേറ്റ സിപിഎം ബ്രാഞ്ച് സെക്രെട്ടറി വിദ്യാധരനെ നീലേശ്വരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.ചൊവ്വാഴ്ച രാത്രി മടിക്കൈക്കടുത്ത് കാട്ടിപൊയിലിലാണ് സംഭവം.അതേസമയം സംഭവത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നും വ്യക്തി വിരോധമാണ് അക്രമത്തിനു കാരണമെന്നും പോലീസ് പറഞ്ഞു.
ഷെഫിൻ ജഹാന് ഹാദിയയെ കാണാൻ അനുമതി ലഭിച്ചു
സേലം:ഷെഫിൻ ജഹാന് ഹാദിയയെ കാണാൻ അനുമതി ലഭിച്ചു.ഷെഫിന് ഹാദിയയെ ക്യാമ്പസിനുള്ളിൽ വെച്ച് കാണാമെന്ന് കോളേജ് ഡീൻ അറിയിച്ചു.പോലീസിന്റെ സാന്നിധ്യത്തിലാകും സന്ദർശനം അനുവദിക്കുക.തന്റെ അനുമതിയോടെ ഷെഫിൻ ജഹാനുൾപ്പെടെ ആരെയും ഹാദിയയ്ക്ക് കാണാവുന്നതാകുമെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി.ഹാദിയയ്ക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള അനുമതിയില്ല.മെഡിക്കൽ പഠനം പൂർത്തിയാക്കുന്നതിനായി ഹാദിയയെ കോളേജ് ഹോസ്റ്റലിലെത്തിച്ചിരുന്നു.കോളേജിലും പരിസരങ്ങളിലും കനത്ത സുരക്ഷയാണ് തമിഴ്‌നാട് പോലീസ് ഒരുക്കിയത്.ഹോസ്റ്റലിലും കോളേജിലും മുഴുവൻ സമയ സുരക്ഷയുണ്ടാകും.എന്നാൽ തനിക്ക് മുഴുവൻ സമയ സുരക്ഷ വേണ്ടെന്നു ഹാദിയ പറഞ്ഞു.പക്ഷെ തല്ക്കാലം പോലീസ് കൂടെയുണ്ടാകുമെന്നു കോളേജ് അധികൃതർ വ്യക്തമാക്കി.
മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് അശ്രദ്ധമായി ബസ്സോടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ധാക്കി
ഇരിട്ടി:മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് അശ്രദ്ധമായി ബസ്സോടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ധാക്കി.കണ്ണൂർ-ഇരിട്ടി റൂട്ടിലോടുന്ന പ്രസാദം ബസിലെ ഡ്രൈവർ ജിതേഷ് മാവിലായിയുടെ ലൈസൻസാണ് റദ്ധാക്കിയത്.ഇയാൾ മൊബൈലിൽ സംസാരിച്ചു കൊണ്ട് ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ ആരോപകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.ഇത് മോട്ടോർവാഹന വകുപ്പിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ എത്തിയതോടെയാണ് ഡ്രൈവർ കുടുങ്ങിയത്. ഇയാളുടെ ലൈസൻസ് മൂന്നുമാസത്തേക്ക് റദ്ദാക്കുകയും 1000 രൂപ പിഴയീടാക്കുകയും ചെയ്തു.മറ്റൊരു സംഭവത്തിൽ മോട്ടോർവാഹന വകുപ്പിലെ ജീവനക്കാർക്കെതിരെ സമൂഹ മാധ്യമത്തിലൂടെ അസഭ്യപദപ്രയോഗം നടത്തിയ ബസ് കണ്ടക്റ്റർക്കെതിരെയും നടപടിയെടുത്തു.കണ്ണൂർ-ഇരിട്ടി റൂട്ടിലോടുന്ന പാർത്ഥസാരഥി ബസിലെ കണ്ടക്റ്റർ രാജേഷ് വള്ളിത്തോടിനെതിരെയാണ് നടപടി.ഇയാളുടെ കണ്ടക്റ്റർ ലൈസൻസ് റദ്ധാക്കി. കാർ ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നില്ലെന്നു പറഞ്ഞ് മോട്ടോർവാഹന വകുപ്പിലെ ജീവനക്കാർക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ചതിനാണ് നടപടി.
എയ്ഡ്സ് ദിനാചരണം നാളെ മുതൽ
കണ്ണൂർ: ലോക എയ്ഡ്‌സ് ദിനത്തിന്‍റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, സന്നദ്ധ സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.30 ന് രാവിലെ പത്തുമണിക്ക് കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിൽ ജില്ലാതല ബോധവൽക്കരണ സെമിനാർ,സ്കിറ്റ് മത്സരം എന്നിവ സംഘടിപ്പിക്കും.വൈകുന്നേരം നാല് മണിക്ക് കളക്റ്ററേറ്റ് പരിസരത്ത് ബൈക്ക് റാലി,ആറുമണിക്ക് ദീപം തെളിയിക്കൽ എന്നിവയും നടക്കും.ഡിസംബർ ഒന്നിന് രാവിലെ 8.30 ന് ബോധവത്കരണ റാലിയും തുടർന്ന് ഒമ്പതിന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാതല ഉദ്ഘാടനവും എച്ച്‌ഐവി/എയ്ഡ്‌സ് ബാധിതരുടെ സംഗമവും നടക്കും.തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. മേയർ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്,ജില്ലാ കലക്റ്റർ മിർ മുഹമ്മദലി തുടങ്ങിയവർ പങ്കെടുക്കും.ചോല,സ്നേഹതീരം,ഹെൽത്ത് ലൈൻ എന്നീ സുരക്ഷാ പ്രോജെക്റ്റുകളുടെ നേതൃത്വത്തിൽ ഡിസംബർ ഒന്നിന് രാവിലെ പതിനൊന്നു മണിക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് എയ്ഡ്സ് ബോധവൽക്കരണ പ്രദർശനം, കണ്ണൂർ കോളേജ് ഓഫ് കോമേഴ്സിൽ രക്തദാന ക്യാമ്പ് എന്നിവയും സംഘടിപ്പിക്കും.
പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ചുകടത്തുകയായിരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടി
പേരട്ട: പച്ചക്കറി കയറ്റി പോകുകയായിരുന്ന വാഹനത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.ഇന്നലെ വൈകുന്നേരം കിളിയന്തറ ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് മിനി പിക്കപ്പ് വാനിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ചു വച്ചനിലയിൽ 2550 പായ്ക്കറ്റ് ലഹരിവസ്തുക്കൾ പിടികൂടിയത്. കൂൾ ലിപ്പ് പായ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ചൊക്ലിയിലെ സുരേഷ് ബാബു, വടകര അഴിയൂർ സ്വദേശി ഹനീഫ എന്നിവർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.