കൊച്ചി:പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ വിധി ഇന്ന് പ്രഖ്യാപിക്കും.അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആസാം സ്വദേശി അമീറുൽ ഇസ്ലാമാണ് കേസിലെ ഏക പ്രതി.കൊലയ്ക്കുപയോഗിച്ച കത്തിയിൽ നിന്നും പ്രതിയുടെ ചെരുപ്പിൽ നിന്നുമടക്കം വേർതിരിച്ചെടുത്ത അഞ്ചു ഡി എൻ എ പരിശോധന റിപ്പോർട്ടുകൾ,പ്രതിയുടെ കയ്യിലുണ്ടായിരുന്ന മുറിവ് ജിഷ കടിച്ചതാണെന്ന ഡോക്റ്ററുടെ മൊഴി,അയൽവാസിയായ ശ്രീലേഖയുടെ മൊഴി തുടങ്ങിയവയാണ് പ്രതിക്കെതിരെ പ്രോസിക്യൂഷൻ കോടതി മുൻപാകെ ഹാജരാക്കിയത്.അതേസമയം കേസിൽ പോലീസ് ഹാജരാക്കിയ തെളിവുകൾ പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാൻ ആവില്ലെന്ന് വിശ്വസിക്കുന്നതായി അഡ്വ.ബി.എ ആളൂർ.ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് അമീറുൽ ഇസ്ലാമിനെ പ്രതിയാക്കിയത്.യഥാർത്ഥ പ്രതികൾ എവിടെയോ മറഞ്ഞിരിക്കുന്നുണ്ടെന്നും ആളൂർ വ്യക്തമാക്കി.ശാസ്ത്രീയമായ തെളിവുകൾ മാത്രം വെച്ച് പ്രതിയെ ശിക്ഷിക്കാൻ സാധിക്കില്ലെന്നും ആളൂർ പറയുന്നു.പ്രതിക്കെതിരായ തെളിവുകൾ പൂർണ്ണമല്ലെന്നും അതിനാൽ സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആളൂർ പറഞ്ഞു.
കേരളാ ബാങ്ക് രൂപീകരണത്തിൽനിന്നും സർക്കാർ പിന്മാറുന്നു;പകരം ജില്ലാബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുകളിൽ ലയിപ്പിക്കും
തിരുവനന്തപുരം:സഹകരണമേഖലയിൽ കേരളാ ബാങ്ക് രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിൽ നിന്നും സർക്കാർ പിന്മാറുന്നു.പകരം ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുകളിൽ ലയിപ്പിക്കും.ഇതിനായി സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്റ്റർ നോഡൽ ഓഫീസറായി നിയമിച്ചു. കോഴിക്കോട്, തൃശൂർ,ഇടുക്കി തുടങ്ങിയ മിക്ക ജില്ലാബാങ്കുകളും എല്ലാ ആധുനിക സംവിധാനങ്ങളും ഉള്ളവയാണ്.സംസ്ഥാന ബാങ്കിൽ ലയിക്കുന്നതോടെ ഇവയുടെ ബാങ്കിങ് ലൈസൻസ് ഇല്ലാതാകും.ലയന ശേഷം റിസർവ് ബാങ്ക് സംസ്ഥാന ബാങ്കിന് ആധുനിക ബാങ്കിങ് സംവിധാനമൊരുക്കാൻ അനുമതി നൽകിയില്ലെങ്കിൽ അത് സഹകരണ മേഖലയ്ക്ക് ആകെ തിരിച്ചടിയാകും.നിഷ്ക്രിയ ആസ്തി അഞ്ചുശതമാനത്തിൽ കുറവായിരിക്കണം, മൂന്നുവർഷം തുടർച്ചയായി ലാഭത്തിലായിരിക്കണം,മൂലധന പര്യാപ്തത കുറഞ്ഞത് ഒൻപതുശതമാനമെങ്കിലും ഉണ്ടാകണം,റിസർവ് ബാങ്ക് അംഗീകരിച്ച കോർബാങ്കിങ് സംവിധാനം ഉണ്ടാകണം തുടങ്ങിയവയാണ് അനുമതി നകുന്നതിനായി റിസർവ് ബാങ്ക് മുന്നോട്ട് വെച്ചിരിക്കുന്ന മാനദണ്ഡങ്ങൾ. ഇവയൊന്നും സംസ്ഥാന സഹകരണ ബാങ്കിനില്ല.ജില്ലാ സഹകരണ ബാങ്കുകളുടെ ആകെ ലാഭത്തേക്കാൾ കൂടുതലാണ് സംസ്ഥാന സഹകരണ ബാങ്കിന്റെ നഷ്ട്ടം.നിഷ്ക്രിയ ആസ്തിയും റിസർവ് ബാങ്ക് നിർദേശിക്കുന്നതിനേക്കാൾ കൂടുതലാണ്.ഈ നിലയ്ക്ക് ഇന്റർനെറ്റ്-മൊബൈൽ ബാങ്കിങ്,എ ടി എം ഇവയൊന്നും സ്വന്തമായി നടത്താൻ സംസ്ഥാന ബാങ്കിന് അനുമതി കിട്ടാൻ ഇടയില്ല.അതേസമയം കേരളാ ബാങ്ക് രൂപീകരിക്കാനുള്ള സാധ്യതകളെ കുറിച്ച് പഠിക്കാൻ സർക്കാർ ബെംഗളൂരു ഐഐഎമ്മിലെ പ്രൊഫ.എം.എസ് ശ്രീറാമിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു.ഇന്റർനെറ്റ് ബാങ്കിങ്,മൊബൈൽ ബാങ്കിങ്,വിപുലമായ എ ടി എം ശൃംഖല എന്നിവയൊക്കെ കേരളബാങ്കിന് ഒരുക്കാനാകണമെന്ന് 2017 ഏപ്രിൽ 28 ന് ശ്രീറാം കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ പറയുന്നു.ഇക്കാര്യങ്ങളൊക്കെ പ്രയോഗിക തലത്തിൽ കൊണ്ടുവരാൻ നബാർഡ് മുൻ ചീഫ് ജനറൽ മാനേജർ വി.ആർ രവീന്ദ്രനാഥ് ചെയർമാനായ കർമസേനയും രൂപീകരിച്ചു.പ്രാഥമിക അനുമതി തേടി നബാർഡിനും ആർബിഐക്കും അപേക്ഷ നൽകിയിട്ടുണ്ട്.
തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വൻ അഗ്നിബാധ
തളിപ്പറമ്പ്:തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വൻ അഗ്നിബാധ.ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് ആശുപത്രി കെട്ടിടത്തിന് തീപിടിച്ചത്. ഫാർമസിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് കരുതുന്നത്.ഉടൻ അഗ്നിശമനസേനകൾ എത്തി തീയണച്ചതിനാൽ വൻ ദുരന്തത്തിൽ നിന്നും രക്ഷ നേടാൻ സാധിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.പുക കാരണം ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ അറുപതോളം രോഗികളെ സുരക്ഷിതരായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.തളിപ്പറബ് ലൂർദ് ആശുപത്രി,പരിയാരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കാണ് ഇവരെ മാറ്റിയത്.സംഭവം നടക്കുമ്പോൾ ഏകദേശം ഇരുനൂറോളം രോഗികൾ ആശുപത്രിയിലുണ്ടായിരുന്നു.കണ്ണൂർ എസ്. പിയും, ജില്ലാ കളക്ടർ മീർ മുഹമ്മദ് അലിയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.കണ്ണൂരിൽ നിന്നും തളിപ്പറമ്പിൽ നിന്നും മൂന്നു യൂണിറ്റ് അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്.
കണ്ണൂർ പെരിങ്ങത്തൂരിൽ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് 3 പേർ മരിച്ചു
കണ്ണൂർ:കണ്ണൂർ പെരിങ്ങത്തൂരിൽ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് 3 പേർ മരിച്ചു.രാവിലെ ആറുമണിയോടുകൂടിയാണ് അപകടം നടന്നത്.പെരിങ്ങത്തൂർ പാലത്തിന്റെ കൈവരി തകർത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു.ബസ് ജീവനക്കാരൻ കതിരൂർ വെട്ടുമ്മൽ സ്വദേശി ജിത്തു എന്ന ജിതേഷ്(35),ബസ് യാത്രക്കാരായ പ്രജിത്ത്(32),പ്രേമലത (52) എന്നിവരാണ് മരിച്ചത്.ബെംഗളൂരുവിൽ നിന്നും നാദാപുരത്തേക്ക് പോവുകയായിരുന്ന ലാമ ബസാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ മുഴുവൻ ഇറക്കിയ ശേഷം ബസ് തലശ്ശേരി ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.അപകട സമയത്ത് താനടക്കം ആറു യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് ഡ്രൈവർ പറയുന്നത്.ബസിലെ ക്‌ളീനറാണ് മരിച്ച ജിതേഷ്.ബസ് അപകടത്തിൽപ്പെടാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.തലശ്ശേരി,പാനൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
രാഹുൽ ഗാന്ധി എഐസിസിയുടെ പതിനാറാമത് അധ്യക്ഷൻ
ന്യൂഡൽഹി:രാഹുൽ ഗാന്ധിയെ എഐസിസിയുടെ പതിനാറാമത് അധ്യക്ഷനായി തിരഞ്ഞെടുത്തു.തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്.നെഹ്‌റു കുടുംബത്തിൽ നിന്നുള്ള ആറാമത്തെ അധ്യക്ഷനാണ് രാഹുൽഗാന്ധി.എതിരില്ലാതെയാണ് രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തത്.2013 മുതലുള്ള സമ്മർദത്തെ തുടർന്നാണ് രാഹുൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത്.ഇക്കഴിഞ്ഞ നവംബറിൽ നടന്ന എഐസിസി സമ്മേളനത്തിൽ രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് നിർദേശിക്കുന്ന പ്രമേയം പാസാക്കിയിരുന്നു.16ന് സോണിയ ഗാന്ധി എഐസിസിയെ അഭിസംബോധന ചെയ്യുന്നതിനു പിന്നാലെ രാഹുൽ അധ്യക്ഷസ്ഥാനം ഏറ്റെടുക്കും. 19 വർഷത്തിന് ശേഷമാണ് അധ്യക്ഷസ്ഥാന മാറ്റം കോൺഗ്രസില്‍ നടക്കുന്നത്.
വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും വിവാഹിതരായി
മിലാൻ:ഇന്ത്യൻ ക്രിക്കറ്റ് നായകൻ വീരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക്ക ശർമയും വിവാഹിതരായി.ഇറ്റലിയിലെ മിലാനിലായിരുന്നു വിവാഹം.രഹസ്യമായിട്ടായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്.ഏറെക്കാലമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഈ മാസം 26 ന് മുംബൈയിൽ പ്രത്യേക വിരുന്ന് ഒരുക്കിയിട്ടുണ്ട്.തന്റെ തിരക്കിട്ട ക്രിക്കറ്റ് ജീവിതത്തിന് ചെറിയ അവധി നൽകി കോഹ്ലി ഇറ്റലിയിലേക്ക് തിരിച്ചപ്പോൾ തന്നെ ഇരുവരുടെയും വിവാഹം നടക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു.എന്നാൽ വിവാഹം സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളൊന്നും ഇരുവരും നടത്തിയിരുന്നില്ല.
കുഞ്ചാക്കോബോബൻ നായകനാകുന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; രണ്ടുപേർ പിടിയിൽ
ആലപ്പുഴ: കുഞ്ചാക്കോ ബോബൻ നായകനായ സിനിമയുടെ സെറ്റിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ആലപ്പുഴ കൈനകരിയിൽ ചിത്രീകരണം നടത്തുകയായിരുന്ന കുട്ടനാടൻ മാർപ്പാപ്പ എന്ന സിനിമയുടെ സെറ്റിലാണ് ആക്രമണമുണ്ടായത്.അക്രമത്തിൽ രണ്ട് പ്രൊഡക്ഷൻ മാനേജർമാർക്ക് പരിക്കേറ്റു.സെറ്റിൽ മദ്യപിച്ചെത്തിയ നെടുമുടി സ്വദേശി പ്രിൻസ്,പുന്നമട സ്വദേശി അഭിലാഷ് എന്നിവർ താരങ്ങൾക്കൊപ്പം ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടു. സിനിമയുടെ അണിയറ പ്രവർത്തകർ ഇതുതടഞ്ഞതോടെ ഇവർ ബഹളമുണ്ടാക്കുകയായിരുന്നു. തുടർന്ന് സെറ്റിൽ നിന്നും പോയ ഇവർ തിരിച്ചു വീണ്ടും ലൊക്കേഷനിൽ എത്തി അണിയറ പ്രവർത്തകരെ ടോർച്ച് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.ആക്രമണം നടക്കുമ്പോൾ കുഞ്ചാക്കോ ബോബനും സലിം കുമാറും ഉൾപ്പടെയുള്ളവർ സെറ്റിലുണ്ടായിരുന്നു.അണിയറ പ്രവർത്തകരുടെ പരാതിയിൽ കേസെടുത്ത പോലീസ് അഭിലാഷ്,പ്രിൻസ് എന്നിവരെ അറസ്റ്റ് ചെയ്തു.
അഴീക്കോട് ഒലാടതാഴയിൽ വീടുകൾക്ക് നേരെ ആക്രമണം
അഴീക്കോട്:ഒലാടതാഴയിൽ ഡിവൈഎഐ പ്രവർത്തകർക്ക് നേരെ നടന്ന അക്രമത്തിന് പിന്നാലെ വീടുകൾക്ക് നേരെയും ആക്രമണം നടന്നു.സംഘർഷത്തിന്റെ തുടച്ചയായി ഉപ്പായിച്ചാലിലെ എസ്‌ഡിപിഐ പ്രവർത്തകരായ അബ്ദുൽ ലത്തീഫ്,റിഷാൽ എന്നിവരുടെ വീടുകൾ എറിഞ്ഞു തകർത്തു.സിപിഐഎം പ്രവർത്തകൻ മൈലാടത്തടത്ത് ഫഹദിന്റെ വീടിനു നേരെയും അക്രമമുണ്ടായി.അക്രമത്തിൽ ഫഹദിന്റെ വീടിന്റെ ചില്ലുകൾ തകർന്നു.ആക്രമണങ്ങളിൽ പ്രതിഷേധിച്ച് അഴീക്കോട് നോർത്തിൽ സിപിഐഎം ഇന്ന് ഹർത്താലിന് ആഹ്വാനം നൽകിയിട്ടുണ്ട്.രാവിലെ ആറു മുതൽവൈകുന്നേരം ആറുമണിവരെയാണ് ഹർത്താൽ.വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പറശ്ശിനിക്കടവ്-മാട്ടൂൽ റൂട്ടിൽ ബോട്ട് സർവീസ് പുനരാരംഭിച്ചു
പറശ്ശിനിക്കടവ്:ഒരു മാസത്തോളമായി മുടങ്ങിക്കിടക്കുകയായിരുന്ന പറശ്ശിനിക്കടവ്-മാട്ടൂൽ ബോട്ട് സർവീസ് പുനരാരംഭിച്ചു.ഇതിനായി പുതിയ ബോട്ട് ഇന്നലെ മുതൽ സർവീസ് നടത്തിത്തുടങ്ങി.നിലവിലുണ്ടായിരുന്ന ബോട്ട് തകരാറായതിനെ തുടർന്ന് അറ്റകുറ്റപ്പണി നടത്തി വരികയാണ്.പറശ്ശിനിക്കടവ് ഉത്സവത്തിന്റെ സമയത്ത് ബോട്ട് സർവീസ് ഇല്ലാതിരുന്നത് തീർത്ഥാടകരെ വലച്ചിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചുഴലിക്കാറ്റിനെ തുടർന്ന് മാട്ടൂൽ-അഴീക്കൽ ബോട്ട് സർവീസും നിർത്തിവെച്ചിരുന്നു.ഇതോടെ ഈ റൂട്ടിനെ ആശ്രയിച്ചവരും യാത്രാക്ലേശം കൊണ്ട് ബുദ്ധിമുട്ടിയിരുന്നു.ഈ റൂട്ടിലോടുന്ന ബോട്ട് നിരവധി തവണ അപകടത്തിൽപ്പെട്ടിരുന്നു.ചുഴലിക്കാറ്റ് സമയത്തും ഈ ബോട്ട് അപകടത്തിൽപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ വേണ്ടത്ര സുരക്ഷാ സംവിധാനം ഒരുക്കാത്ത ഇത്തരം ബോട്ടുകൾ പിൻവലിച്ച് ജലഗതാഗത വകുപ്പ് തന്നെ വളപട്ടണം പുഴയിൽ കൂടുതൽ ബോട്ടുകൾ ഓടിക്കണം എന്ന ആവശ്യം ശക്തമാണ്.
ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു
ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു.കോതച്ചിറ വെളുത്തേടത്ത് ബാലകൃഷ്ണൻ നായരുടെ മകൻ സുഭാഷാണ്(37) മരിച്ചത്.ഞായറാഴ്ച്ച രാവിലെ ശീവേലി എഴുന്നള്ളിപ്പിന്റെ രണ്ടാം പ്രദക്ഷിണത്തിനിടെയായിരുന്നു സംഭവം.ഇടഞ്ഞ ശ്രീകൃഷ്ണൻ എന്ന ആന രണ്ടാം പാപ്പനായി സുഭാഷിനെ തുമ്പിക്കൈകൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം വയറിനു കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഭാഷിനെ അമല ആശുപത്രിയിൽ എത്തിച്ചു അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ശ്രീകൃഷ്ണൻ ഇടഞ്ഞത് കണ്ട് തിടമ്പേറ്റിയിരുന്ന ഗോപീകണ്ണൻ എന്ന ആനയും രവികൃഷ്‍ണൻ എന്ന ആനയും വിരണ്ടോടി.ഗോപീകണ്ണന്റെ പുറത്തുണ്ടായിരുന്ന കീഴ്‌ശാന്തി മേലേടം ശ്രീഹരി നമ്പൂതിരി തിടമ്പുമായി താഴെ വീണു.ആന വിരണ്ടത് കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തിരക്കിൽപെട്ട് നിരവധി ഭക്തർക്കും പരിക്കേറ്റു.