കോഴിക്കോട്:ഓഖി ചുഴലിക്കാറ്റിൽ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കോഴിക്കോട് തീരത്തു നിന്നും കണ്ടെത്തി.ഇതോടെ ദുരിതത്തിൽ മരിച്ചവരുടെ എണ്ണം 74 ആയി.നാവിക സേനയുടെ ഐഎൻഎസ് സുഭദ്ര എന്ന കപ്പൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.വൈകുന്നേരം അഞ്ചുമണിയോടെ ഈ മൃതദേഹങ്ങൾ കരയ്‌ക്കെത്തിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.പോസ്റ്മോർട്ടത്തിനും ഡി എൻ എ ടെസ്റ്റ് നടത്തുന്നതിനുമായി ഇവ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. മൽസ്യത്തൊഴിലാളികൾ നൽകിയ വിവരത്തെ തുടർന്നാണ് നാവികസേന തിരച്ചിൽ നടത്തിയത്.
ചീമേനിയിലെ റിട്ടയേർഡ് അധ്യാപികയുടെ കൊലപാതകം; അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്കും
കാസർകോഡ്:ചീമേനിയിൽ മോഷണത്തിനിടെ റിട്ടയേർഡ് അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു.അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് സംഘം കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്കു തിരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള വാഹനത്തെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. വാഹനം കർണാടകയിൽനിന്നും കടന്നുപോയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കൃത്യം നടത്തിയ സംഘത്തിൽ പ്രൊഫഷണൽ കൊലയാളിയുണ്ടെന്നതാണ് പോലീസിന്‍റെ വിലയിരുത്തൽ.ആദ്യം ആക്രമണത്തിനിരയായ കൃഷ്ണൻ മാസ്റ്റർ പോലീസിനു നൽകിയ സൂചനകളും നിഗമനം ശരിവയ്ക്കുന്നതാണ്. എങ്കിലും പ്രദേശത്തെക്കുറിച്ച് കൃത്യമായി അറിയുന്ന ഒരാൾ സംഘത്തിലുണ്ടായിരുന്നിരിക്കാമെന്ന് പോലീസ് ഉറപ്പിക്കുന്നു. മലയാളത്തിൽ കാര്യങ്ങൾ ചോദിച്ചതും സംഘത്തിലെ മറ്റുള്ളവരുമായി ഹിന്ദിയിൽ സംസാരിച്ചതും ഈ വീടിനെയും വീട്ടുകാരെയും കുറിച്ച് നന്നായി അറിയുന്ന ഒരാളാകാമെന്നാണ് പോലീസ് പറയുന്നത്.കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ. ദാമോദരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു
ന്യൂഡൽഹി:രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു.എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു അധികാര കൈമാറ്റം.ഡല്‍ഹി എഐസിസി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ രാഹുലിനെ അധ്യക്ഷനായി തെരഞ്ഞെടുത്തുകൊണ്ടുളള അധികാര രേഖ മുഖ്യ വരാണാധികാരി മുല്ലപ്പളളി രാമചന്ദ്രന്‍ കൈമാറി.കോൺഗ്രസിന്റെ പതിനേഴാമത്തെ പ്രെസിഡന്റാണ് 47 കാരനായ രാഹുൽ ഗാന്ധി.പിസിസി അധ്യക്ഷന്മാർ, എഐസിസി ജനറൽ സെക്രെട്ടറിമാർ,വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.സ്ഥാനമൊഴിയുന്ന സോണിയാ ഗാന്ധിക്കും പുതിയ പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിഹ് ആശംസയര്‍പ്പിച്ച് സംസാരിച്ചു.അടുത്ത വര്‍ഷം അദ്യം നടക്കുന്ന എഐസിസി പ്ലീനത്തോടെ സ്ഥാനമേറ്റെടുക്കല്‍ പൂര്‍ണമാകും.
കാര്യവട്ടം ക്യാമ്പസിലെ വനിതാ ഹോസ്റ്റലിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ടതായി പരാതി
തിരുവനന്തപുരം:കാര്യവട്ടം കോളേജ് ക്യാമ്പസ് വനിതാ ഹോസ്റ്റലിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ടതായി പരാതി.ഹോസ്റ്റല്‍ വാര്‍ഡന്‍മാരാണ് വിദ്യാര്‍ഥികളെ പൂട്ടിയിട്ടത്.രാവിലെ ഏഴ് മണിക്ക് ഹോസ്റ്റൽ മുറി ഒഴിയണമെന്ന് വി.സി യുടെ നിർദേശം ഉണ്ടായിരുന്നു.മുറി വിട്ട് പോകാന്‍ തയ്യാറാകാത്തതിനാലാണ് വിദ്യാര്‍ഥികളെ പൂട്ടിയിട്ടത് എന്നാണ് പരാതി.മുറി ഒഴിയാത്തവരെ സസ്‌പെൻഡ് ചെയ്യണമെന്നും വി.സി അറിയിച്ചിരുന്നു.
ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ സമ്മേളനം തുടങ്ങി
കണ്ണൂർ:ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ സമ്മേളനം തുടങ്ങി.മേയർ ഇ.പി ലത സമ്മേളനം ഉൽഘാടനം ചെയ്തു.മുതിർന്ന അംഗം കെ.പി ചന്ദ്രസേനൻ പതാകയുയർത്തി.ആധാരം എഴുത്തുകാരുടെ ക്ഷേമനിധി ആനുകൂല്യവും പെൻഷനും വർധിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.ശനിയാഴ്ച രാവിലെ പത്തുമണിക്ക് സ്റ്റേഡിയം കോർണറിൽ നിന്നും പ്രകടനം ആരംഭിക്കും.പൊതു സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്യും.
അഴീക്കോട് ഭ്രാന്തൻ നായയുടെ ആക്രമണത്തിൽ ഒൻപതുപേർക്ക് പരിക്കേറ്റു
അഴീക്കോട്:അഴീക്കോട് ഭ്രാന്തൻ നായയുടെ ആക്രമണത്തിൽ ഒൻപതുപേർക്ക് പരിക്കേറ്റു.ഇതിൽ അഞ്ചുപേർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കിയുള്ളവരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.തെരുവിലെ കെ.കമല(62),മൗവ്വേരി ഭരതൻ(70),കച്ചേരിപ്പാറയിലെ അസീസ്(65),ചോറോൻ പ്രകാശൻ(45),നസ്രി(12) എന്നിവരാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. സ്കൂളിൽ പോകുമ്പോഴാണ് നസ്രിയെ നായ ആക്രമിച്ചത്.നസ്റിക്ക് മുഖത്തും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.രാവിലെ മുറ്റമടിക്കാൻ പുറത്തിറങ്ങിയ സമയത്താണ് കമലയെ നായ ആക്രമിച്ചത്.ഈ പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നു നേരത്തെ പരാതിയുയർന്നിരുന്നു.ബൈക്ക് യാത്രക്കാർക്കും നായകൾ ഭീഷണിയാകുന്നുണ്ട്.നേരത്തെ നായയെ പിടിക്കാൻ പഞ്ചായത്ത് അധികൃതർ നടപടികളുമായി മുന്നോട്ട് പോയിരുന്നു.എന്നാൽ കുറച്ചു നായയെ കൊന്നൊടുക്കിയപ്പോൾ മുംബൈയിൽ നിന്നുള്ള ഒരു സാമൂഹിക സംഘടന ഇതിനെതിരെ അഴീക്കോട് പഞ്ചായത്ത് അധികൃതർക്ക് നോട്ടീസയച്ചു.കോടതിയിൽ ഹർജി നൽകുകയും ചെയ്തു.ഈ കേസ് ഇനിയും തീർന്നിട്ടില്ല.അതിനാൽ പഞ്ചായത്ത് ഈ വിഷയത്തിൽ നിസ്സഹായരാണെന്ന് വൈസ് പ്രസിഡന്റ് എ.സുരേശൻ പറഞ്ഞു.
ഓഖി ദുരന്തം;പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളം സന്ദർശിക്കും
തിരുവനന്തപുരം :ഓഖി ചുഴലിക്കാറ്റിലുണ്ടായ ദുരന്തം വിലയിരുത്തുന്നതിനും ദുരിതബാധിതരെ സന്ദർശിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തും.ഇത് സംബന്ധിച്ചുള്ള അറിയിപ്പ് കേരളത്തിന് ലഭിച്ചു.എന്നാൽ തീയതി നിശ്ചയിച്ചിട്ടില്ല.പ്രധാനമന്ത്രി ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്ന് ലത്തീൻ സഭ നേതൃത്വം അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. ആദ്യം ലക്ഷദ്വീപ് സന്ദർശിച്ച ശേഷമായിരിക്കും പ്രധാനമന്ത്രി കേരളത്തിലെത്തുക.
തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട് 50 പവനിലേറെ സ്വർണ്ണം കവർന്നു
തൃപ്പുണിത്തുറ:തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട് 50 പവനിലേറെ സ്വർണ്ണം കവർന്നു.ഇന്നലെ അർധരാത്രിയായിരുന്നു സംഭവം.കവർച്ച ശ്രമം തടയാനെത്തിയ ഗൃഹനാഥനെ കവർച്ച സംഘം ആക്രമിച്ചു.ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള പത്തംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ.തൃപ്പൂണിത്തുറ ഹിൽപാലസിന് സമീപം അനന്തകുമാർ എന്നയാളുടെ വീട്ടിലാണ് കവർച്ച നടന്നത്.50 പവനിലേറെ സ്വർണ്ണവും ക്രെഡിറ്റ് കാർഡുകളും പണവും മോഷണം പോയിട്ടുണ്ട്.വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന സംഘം വീട്ടുകാരെ കെട്ടിയിട്ട ശേഷമാണ് മോഷണം നടത്തിയത്.ഇന്ന് നേരം പുലർന്ന ശേഷമാണ് സംഭവം പുറംലോകമറിയുന്നത്.ഇന്നലെ കൊച്ചി നഗരമധ്യത്തിലെ വീട്ടിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. അഞ്ചുപവനാണ് ഇവിടെ നിന്നും കവർന്നത്.
നടിയെ ആക്രമിച്ച കേസ്;ദിലീപ് കോടതിയിലെത്തി രേഖകൾ പരിശോധിച്ചു
കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് കോടതിയിലെത്തി രേഖകൾ പരിശോധിച്ചു.മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് ദിലീപ് രേഖകൾ പരിശോധിച്ചത്. അഭിഭാഷകനോടൊപ്പമാണ് ദിലീപ് കോടതിയിലെത്തിയത്.രേഖകൾ പരിശോധിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നേരത്തെ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കാണിക്കരുതെന്ന് പോലീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.നിലവിൽ കേസിലെ ഒൻപതാം പ്രതിയാണ് ദിലീപ്.
ഗംഗാ തീരത്ത് പ്ലാസ്റ്റിക്കിന് വിലക്കേർപ്പെടുത്തി
ന്യൂഡൽഹി:ഗംഗാ നദിയുടെ തീരത്തുള്ള നഗരങ്ങളിൽ പ്ലാസ്റ്റിക്കിന് നിരോധനമേർപ്പെടുത്തി ഹരിത ട്രിബ്യുണലിന്റെ ഉത്തരവ്.ഹരിദ്വാർ,ഋഷികേശ് തുടങ്ങിയ നഗരങ്ങളിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.പ്ലാസ്റ്റിക്ക് വിലക്ക് ലംഘിച്ചാൽ 5000 രൂപ പിഴ ഇടാക്കും.