കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാമാധവൻ അന്വേഷണസംഘത്തിന് നൽകിയ മൊഴി പുറത്ത്.ആക്രമിക്കപ്പെട്ട നടി പലകാര്യങ്ങളും ഇമാജിൻ ചെയ്തു പറയുന്ന സ്വഭാവക്കാരിയാണ്.ദിലീപും മുൻഭാര്യ മഞ്ജു വാര്യരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണം ആ നടിയാണെന്നും കാവ്യ നൽകിയ മൊഴിയിൽ പറയുന്നു.തന്നെയും ദിലീപേട്ടനെയും ചേർത്ത് ഈ നടി പലതും പറഞ്ഞിട്ടുണ്ടെന്നും മൊഴിയിലുണ്ട്. 2013 ഇൽ അബാദ് പ്ലാസ ഹോട്ടലിൽ വെച്ച് നടന്ന സ്റ്റേജ് പ്രോഗ്രാമിന്റെ റിഹേഴ്സൽ ക്യാമ്പിലും തന്നെയും ദിലീപിനെയും ചേർത്ത് നടി അപവാദ പ്രചാരണം നടത്തി.താൻ ഇക്കാര്യം ബിന്ദു പണിക്കരോട് പറഞ്ഞു.ബിന്ദു പണിക്കർ ഇക്കാര്യം ദിലീപിനോട് സൂചിപ്പിക്കുകയും ദിലീപ് ആവശ്യപ്പെട്ട പ്രകാരം നടൻ സിദ്ദിക്ക് ഈ വിഷയത്തിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയരുതെന്ന് നടിക്ക് മുന്നറിയിപ്പും നൽകി.നടി ആക്രമിക്കപ്പെട്ട വിവരം അറിയുന്നത് ഗായികയായ റിമി ടോമി വിളിച്ചറിയിച്ചപ്പോഴാണ്.പൾസർ സുനിയെ അറിയില്ല. കണ്ടിട്ടുള്ളതായും ഓർക്കുന്നില്ല.പ്രതികളിലൊരാളായ വിഷ്ണു കാക്കനാട്ടെ ‘ലക്ഷ്യ’ ഷോപ്പിൽ വന്ന് ഡ്രൈവറുടെ തന്റെ അച്ഛന്റെയോ അമ്മയുടേയോ നമ്പർ ആവശ്യപ്പെട്ടിരുന്നു.എന്നാൽ നൽകിയില്ലെന്നും മൊഴിയിൽ പറയുന്നു.
വീരേന്ദ്രകുമാർ രാജ്യസഭാംഗത്വം രാജിവെച്ചു
ന്യൂഡൽഹി:ജെഡിയു സംസ്ഥാന ഘടകം നേതാവ് എം.പി വീരേന്ദ്രകുമാർ രാജ്യസഭാംഗത്വം രാജിവെച്ചു.ദേശീയ നേതൃത്വം എൻ ഡി യിലേക്ക് ചുവടുമാറ്റിയതോടെയാണ് വീരേന്ദ്ര കുമാർ രാജിവെച്ചത്.രാജിക്കത്ത് രാജ്യസഭാധ്യക്ഷന് കൈമാറി.ബീഹാറിലെ മഹാസഖ്യം ഉപേക്ഷിച്ചാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ജെഡിയു എൻഡിഎയിൽ എത്തിയത്. ബന്ധത്തെ എതിർത്ത ശരത് യാദവിന്റെ രാജ്യസഭാംഗത്വം പാർട്ടി റദ്ദാക്കുകയും പാർട്ടി ചിഹ്നം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.ആ സമയത്ത് വീരേന്ദ്രകുമാറിന്റെ കാര്യത്തിൽ നിലപാട് എടുത്തിരുന്നില്ല.എന്നാൽ നിതീഷ് കുമാറിന്റെ ഔദാര്യത്തിൽ തനിക്ക് എംപി സ്ഥാനം വേണ്ടെന്നു അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
വീടുകളിൽ പ്രത്യേക രീതിയിലുള്ള അടയാളങ്ങൾ; പിന്നിൽ മോഷണസംഘമെന്ന് സംശയം
പഴയങ്ങാടി:കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ടുകാവിനു സമീപത്തുള്ള വീടുകളിൽ പ്രത്യേകതരം അടയാളങ്ങൾ കണ്ടെത്തി. കുടുംബസമേതം പ്രവാസി ജീവിതം നയിക്കുന്ന വെങ്ങരയിലെ മൊത്തങ്ങ ലിനേഷിന്‍റെ കുഞ്ഞിമംഗലത്തെ വീടാണ് മാർക്ക് ചെയ്യപ്പെട്ടത്. കഴിഞ്ഞദിവസം വിദേശത്തുനിന്നു തിരിച്ചെത്തിയപ്പോഴാണ് വീടിന്‍റെ മതിലിൽ ഒന്ന് എന്ന വൃത്തത്തിലുള്ള മാർക്ക് കാണപ്പെട്ടത്. തുടർന്നു വീട്ടുകാരെ വിവരമറിയിക്കുകയും ലിനേഷും കുടുംബവും തറവാട് വീട്ടിലേക്കു മാറി താമസിക്കുകയായിരുന്നു.നാടോടികളും സൈക്കിൾ റിക്ഷയുമായി വീടുകളിലും മറ്റും പഴയസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരാണ് പൂട്ടിക്കിടക്കുന്ന വീടുകളും മറ്റും നോക്കിവച്ചു കൊള്ളസംഘത്തിനു വിവരങ്ങൾ കൈമാറുന്നതെന്നു പ്രാഥമിക നിഗമനം. മാസങ്ങൾക്കു മുമ്പു പഴയങ്ങാടി, അടുത്തില, മുട്ടം, എരിപുരം തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിൽ മാർക്ക് ചെയ്യപ്പെട്ടു മോഷണം നടത്തിയിരുന്നു.
ഡിജിപി തോമസ് ജേക്കബിനെ സസ്‌പെൻഡ് ചെയ്തു
തിരുവനന്തപുരം:ഡിജിപി തോമസ് ജേക്കബിനെ സസ്‌പെൻഡ് ചെയ്തു.സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെത്തുടർന്നാണ് നടപടി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് വിവരം. നിലവിൽ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ്.തലസ്ഥാനത്തെ പ്രസ്ക്ലബിൽ അഴിമതിവിരുദ്ധ ദിനാചരണയോഗത്തിൽ പ്രസംഗത്തിനിടെയായിരുന്നു ജേക്കബ് തോമസ് വിവാദ പ്രസ്താവന നടത്തിയത്.പ്രസ്താവന ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നും ഐപിഎസ് ഉദ്യോഗസ്ഥന് ചേരാത്ത നടപടിയാണെന്നും വിലയിരുത്തിയാണ് നടപടി.സംസ്ഥാനത്തു നിയമവാഴ്ച ഇല്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാൻ ജനങ്ങൾ പേടിക്കുന്നതിനു കാരണം ഇതാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.ഭരണം എന്നാൽ ഗുണനിലവാരമില്ലാത്ത സേവനം നൽകുന്ന സംഭവമാണോ എന്നു ചോദിച്ച ജേക്കബ് തോമസ് ഭരണത്തിനു നിലവാരമില്ലാതാകുമ്പോഴാണു വലിയ പ്രചാരണങ്ങൾ വേണ്ടിവരുന്നതെന്നും വലിയ പരസ്യം കാണുമ്പോൾ ഭരണത്തിനു ഗുണനിലവാരമില്ലെന്ന് ഓർക്കണമെന്നും പറഞ്ഞിരുന്നു.സംസ്ഥാനത്തു നിയമവാഴ്ച ഇല്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാൻ ജനങ്ങൾ പേടിക്കുന്നതിനു കാരണം ഇതാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവർത്തനത്തിലെ പാളിച്ചയേയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. പണക്കാരുടെ മക്കളാണു കടലിൽ പോയതെങ്കിൽ ഇതാകുമായിരുന്നോ പ്രതികരണമെന്ന് ചോദിച്ച ജേക്കബ് തോമസ് ജനങ്ങളുടെ കാര്യം നോക്കാൻ കഴിയാത്തവർ എന്തിനു തുടരുന്നു എന്നാണു തീരപ്രദേശത്തുള്ളവർ ഭരണാധികാരികളോടു ചോദിച്ചതെന്നും പറഞ്ഞിരുന്നു.അഖിലേന്ത്യ സർവീസ് നിയമം 3(1 എ) പ്രകാരമാണ് നടപടി.സംസ്ഥാന താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ സമീപനമെടുക്കുന്ന ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും നീക്കാമെന്ന് ചട്ടത്തിൽ പറയുന്നു.
ശിവപുരത്ത് അഞ്ച് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു; മട്ടന്നൂർ നിയോജക മണ്ഡലത്തിൽ ഇന്ന് ബിജെപി ഹർത്താൽ
മട്ടന്നൂർ:ശിവപുരം ലക്ഷംവീട് കോളനിക്ക് സമീപം ഇന്നലെ രാത്രി അഞ്ച് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു.ബിജെപി മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് രാജൻ പുതുക്കുടി(49),വൈസ് പ്രസിഡന്റ് സുനിൽ പെരിഞ്ചേരി(44),മാങ്ങാട്ടിടം പഞ്ചായത്ത് ബിജെപി വൈസ് പ്രസിഡന്റ് അനീഷ് മാങ്ങാട്ടിടം(38),ഗംഗാധരൻ മാലൂർ(49),മോഹനൻ മാലൂർ(48), എന്നിവർക്കാണ് വെട്ടേറ്റത്.ഗുരുതരമായി പരിക്കേറ്റ സുനിൽ പെരിഞ്ചേരിയെ കോഴിക്കോട് മെഡിക്കൽ കോളേജിലും മറ്റുള്ളവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ നടന്ന രാഷ്ട്രീയ പ്രശ്നം ചർച്ച ചെയ്യാൻ രാത്രി പത്തരയോടെ മാലൂർ പോലീസ് സ്റ്റേഷനിലേക്ക് കാറിൽ പോകുമ്പോഴാണ് ഇവർക്ക് നേരെ അക്രമം ഉണ്ടായത്.കാർ തടഞ്ഞു നിർത്തി ഒരുസംഘം ആക്രമിക്കുകയായിരുന്നു.ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റത്തിൽ പ്രതിഷേധിച്ച് മട്ടന്നൂർ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ.
കോൺഗ്രസ് നേതാവിന് നേരെ ആക്രമണം
മാത്തിൽ:മാത്തിലിൽ കോൺഗ്രസ് നേതാവിന് നേരെ ആക്രമണം.ഇന്നലെ വൈകിട്ടാണ് സംഭവം.ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കാങ്കോൽ-ആലപ്പടമ്പ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ.വി നാരായണന് നേരെയാണ് ആക്രമണം നടന്നത്.ആലപ്പടമ്പിലെ വീട്ടിൽ നിന്നും മാത്തിൽ കുടുംബാരോഗ്യ കേന്ദ്രം ഉൽഘാടന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന വഴി നാലുപേരടങ്ങുന്ന സംഘം ബൈക്ക് തടഞ്ഞു നിർത്തി കമ്പിപ്പാര കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇരു കാല്മുട്ടുകൾക്കും ഗുരുതരമായി പരിക്കേറ്റ നാരായണനെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.സംഭവത്തിൽ പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓഖി ദുരന്തം;കേരളം കേന്ദ്രത്തോട് 7340 കോടി രൂപ ആവശ്യപ്പെട്ടു
തിരുവനന്തപുരം:ഓഖി ദുരിതാശ്വാസത്തിനായി 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.കേരളത്തിന്റെ ഈ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.ഗവ.ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി സഹായം ഉറപ്പുനൽകിയത്.ഓഖി ദുരന്തം വിലയിരുത്തുന്നതിനായി തിരുവനന്തപുരത്തെത്തിയതായിരുന്നു പ്രധാനമന്ത്രി.ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരദേശ പ്രദേശങ്ങൾ പുനർനിർമ്മിക്കുന്നതിനുമായിട്ടാണ് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരിക്കുന്നത്.ഓഖി ദുരന്തത്തെ ദേശീയ ദുരന്തമായി കണക്കാക്കി സഹായം അനുവദിക്കണമെന്ന് മുഖ്യമന്തി ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ പ്രധാനമന്ത്രി പ്രത്യേക മറുപടി നൽകിയില്ല.ദുരിത ബാധിതരെ രക്ഷിക്കാനും പുനരധിവസിപ്പിക്കാനും സാധ്യമായതെല്ലാം സംസ്ഥാന ഗവണ്മെന്റ് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.ദേശീയ ദുരന്ത നിവാരണ ഫണ്ടിന്റെ മാർഗരേഖ പ്രകാരം കണക്കാക്കിയ നഷ്ട്ടം 422 കോടി രൂപയാണ്.എന്നാൽ ഈ തുക തീർത്തും അപര്യാപ്തമായതു കൊണ്ടാണ് പ്രത്യേക പാക്കേജ് ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കതിരൂരിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു
കൂത്തുപറമ്പ്:കതിരൂരിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു.പൊന്ന്യം മണ്ഡൽ കാര്യവാഹകനായ കുറുവാങ്കണ്ടി പ്രവീണിനാണ്(33) വെട്ടേറ്റത്.ഇന്നലെ രാത്രി ഏഴുമണിയോട് കൂടി പുല്യോട് സി.എച് നഗറിനടുത്തുവെച്ചാണ് ആക്രമണം ഉണ്ടായത്.തലയ്ക്കും ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.തലശ്ശേരി ഡിവൈഎസ്പി പ്രിൻസ് എബ്രഹാം,കൂത്തുപറമ്പ് സർക്കിൾ ഇൻസ്പെക്റ്റർ ജോഷി ജോൺ,കതിരൂർ സബ് ഇൻസ്പെക്റ്റർ സി.ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.വെട്ടേറ്റ പ്രവീൺ നേരത്തെ രാഷ്ട്രീയ ആക്രമണ കേസുകളിൽ പ്രതിയാണെന്ന് കതിരൂർ പോലീസ് പറഞ്ഞു.
ഓഖി ചുഴലിക്കാറ്റ്;ഒരു മൃതദേഹം കൂടി കണ്ടെത്തി
കോഴിക്കോട്:ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.കൊയിലാണ്ടി തീരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ഇതോടെ മരണസംഖ്യ 72 ആയി.ലഭിച്ച 72 മൃതദേഹങ്ങളിൽ മുപ്പതോളം പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇനിയും നൂറിലധികം മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്നാണു റവന്യു വകുപ്പിന്‍റെ കണക്ക്.തീരദേശ സേനയും മൽസ്യത്തൊഴിലാളികളുമാണ് തിരച്ചിൽ നടത്തിയത്.
നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു വാര്യരുടെ മൊഴി പുറത്ത്
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടിമാരായ മഞ്ജു വാര്യരുടെയും സംയുക്ത വർമ്മയുടെയും മൊഴികൾ പുറത്ത്.കേസിലെ പ്രതിയായ ദിലീപും കാവ്യാമാധവനും തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നതായി മഞ്ജു വാര്യരുടെ വെളിപ്പെടുത്തൽ.നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നു പറഞ്ഞത് സാധാരണക്കാർ ചിന്തിക്കുന്ന രീതിയിൽ ചിന്തിച്ചതുകൊണ്ടാണ്.ദിലീപേട്ടനുമായുള്ള വിവാഹത്തിന് ശേഷം ഞാൻ പൂർണ്ണമായും സിനിമ ഫീൽഡിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.ഒരു ദിവസം ദിലീപേട്ടനും കാവ്യയുമായുള്ള മെസ്സേജുകൾ ദിലീപേട്ടന്റെ ഫോണിൽ നിന്നും കാണാനിടയായി.ഇതേപ്പറ്റി തന്റെ സുഹൃത്തുക്കളായ സംയുക്ത വർമ്മ,ഗീതു മോഹൻദാസ്,ആക്രമിക്കപ്പെട്ട നടി എന്നിവയുമായി സംസാരിച്ചു.ഇതിനെ തുടർന്ന് നടി അവൾക്കറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു.അക്കാര്യങ്ങളെല്ലാം ദിലീപേട്ടനെ കുറിച്ചും കാവ്യയെ കുറിച്ചും താൻ അറിഞ്ഞ കാര്യങ്ങൾക്ക് ശക്തികൂട്ടുന്നവയായിരുന്നു. അറിഞ്ഞ കാര്യങ്ങളെ കുറിച്ച് താൻ ദിലീപേട്ടനോട് ചോദിച്ചു.അതേത്തുടർന്ന് വീട്ടിൽ വഴക്കുണ്ടായി.ഇതിന്റെ പേരിൽ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി.ഞാനും സംയുക്തയും ഗീതുവും കൂടി നടിയുടെ വീട്ടിൽ പോയി.അവിടെ വെച്ച് അവളുടെ അച്ഛൻ അവളോട് നിനക്ക് ഇതെപ്പറ്റി എന്തെങ്കിലും അറിയാമെങ്കിൽ പറഞ്ഞുകൊടുക്കൂ എന്ന് പറഞ്ഞു.ദിലീപും കാവ്യയുമായുള്ള ബന്ധം റിമി ടോമിക്കും അറിയാമായിരുന്നെന്ന് നടി എന്നോട് പറഞ്ഞു.ഇതിനെ തുടർന്ന് റിമി ടോമിയെയും വിളിച്ചിരുന്നു.റിമിയും അതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു.പിന്നീട് 2013 ഏപ്രിൽ 17 നാണ് ഞാൻ ദിലീപേട്ടന്റെ വീട്ടിൽ നിന്നും എന്റെ വീട്ടിലേക്ക് വരുന്നത്.