കൊച്ചി:നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന ദിലീപിന്റെ പരാതിയിൽ ഇന്ന് വിധി പറയും.അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക.കേസിൽ വാദം നേരത്തെ പൂർത്തിയായിരുന്നു.കുറ്റപത്രം റദ്ദാക്കണമെന്നാണവശ്യപ്പെട്ടാണ് ദിലീപ് പരാതി നൽകിയിരിക്കുന്നത്.കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിന് മുന്പ് തന്നെ പോലീസ് അതിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്നാണ് ദിലീപിന്റെ പരാതി. അതേസമയം കുറ്റപത്രം ചോർന്നതിൽ പൊലീസിന് പരാതിയില്ലെന്നും പ്രതിഭാഗം തന്നെയാണ് കുറ്റപത്രം ചോർത്തി നൽകിയതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപടക്കമുള്ള പന്ത്രണ്ട് പ്രതികൾക്കെതിരായുള്ള കുറ്റപത്രം അന്വേഷണ സംഘം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കുന്നതിന് തൊട്ട് മുൻപാണ് ചോർന്നത്.കോടതി പരിശോധിച്ച് അംഗീകരിക്കുന്നതിന് മുൻപായിരുന്നു ഇത്.
സ്വകാര്യ-കെഎസ്ആർടിസി ബസ്സുകളിൽ ഇനി മുതൽ ഗർഭിണികൾക്കും സീറ്റ് സംവരണം
തിരുവനന്തപുരം:സ്വകാര്യ-കെഎസ്ആർടിസി ബസ്സുകളിൽ ഇനി മുതൽ ഗർഭിണികൾക്കും സീറ്റ് സംവരണം ലഭിക്കും.എല്ലാ ബസ്സുകളിലും ഒരു സീറ്റെങ്കിലും ഗർഭിണികൾക്കായി നീക്കിവെയ്ക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുപ്രകാരമാണ് നടപടി.സ്ത്രീകൾക്കായി നീക്കിവെച്ച സീറ്റുകളിൽ ഒന്നാണ് ഗർഭിണികൾക്കായി മാറ്റുക.ഡ്രൈവറുടെയും കണ്ടക്റ്ററുടെയും സീറ്റുകൾ ഒഴിച്ചുള്ള സീറ്റുകളിൽ നാലിലൊന്ന് വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ളതാണ്.അതായത് 48 സീറ്റുള്ള ബസ്സിൽ 11 എണ്ണം.ഇതിൽ ഒരു സെറ്റ് മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികളുമായി കയറുന്ന അമ്മയ്ക്കായി നീക്കിവെച്ചിട്ടുണ്ട്.ഒരു സീറ്റ് ഇനി മുതൽ ഗർഭിണികൾക്കായും നീക്കിവെയ്ക്കും.
അഴീക്കോട് ധനേഷ് വധം;2 ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം
കണ്ണൂർ:അഴീക്കോട് ഡിവൈഎഫ്ഐ പ്രവർത്തകൻ മീൻകുന്നിലെ പുളിക്കാമ്പ്രത്ത് ധനേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 2 ബി.ജെ.പി പ്രവർത്തകർക്ക് ജീവപര്യന്തം തടവും 30,000 രൂപ പിഴയും.തലശ്ശേരി അഡീഷണൽസെഷൻസ്കോടതിയാണ് ശിക്ഷ വിധിച്ചത്.ബിജെപി പ്രവർത്തകരായ മുടത്തിപ്പാറയിൽ എം.പി പ്രജിൻ ,മുണ്ടച്ചാലിൽ എം .വിജിത്ത് എന്നിവരെയാണ് കോടതി ശിക്ഷിച്ചത് .പിഴ അടച്ചില്ലെങ്കിൽ പ്രതികൾ 1 വർഷം കൂടി തടവ് അനുഭവിക്കണം .പിഴ തുക ധനേഷിന്റെ പിതാവിന് നൽകാനും കോടതി ഉത്തരവിട്ടു .കേസിലെ മറ്റ് പ്രതികളായ 7 ബി.ജെ.പി പ്രവർത്തകരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു .2008 ജനുവരി 12 നാണ് ധനേഷ് കൊല്ലപ്പെട്ടത്.
ഡ്രൈവർ മദ്യപിച്ച് ലക്ക്കെട്ടു;യാത്രക്കാരൻ ബസിന്റെ നിയന്ത്രണം ഏറ്റെടുത്തു;ബസ്സിൽ നാടകീയ രംഗങ്ങൾ
കണ്ണൂർ:ബെംഗളൂരുവിൽ നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന ബസിൽ നാടകീയ രംഗങ്ങൾ.ഡ്രൈവർ മദ്യപിച്ച് ലക്ക് കെട്ടതിനെ തുടർന്ന് യാത്രക്കാർ ഡ്രൈവറെ പിടിച്ചുമാറ്റി.പകരം യാത്രക്കാരിലൊരാൾ ബസ്സിന്റെ നിയന്ത്രണം ഏറ്റെടുത്തു.ബുധനാഴ്ച്ച രാത്രി ബെംഗളൂരുവിൽ നിന്നും പയ്യന്നൂരെക്ക് പുറപ്പെട്ട ബസ്സിലാണ് സംഭവം നടന്നത്.യാത്രക്കാർ ഭക്ഷണം കഴിക്കുന്നതിനായി ബസ് വീരാജ്പേട്ടയ്ക്കപ്പുറം നിർത്തിയിരുന്നു.ഇവിടെ നിന്നും ഡ്രൈവർ വിനയൻ അമിതമായി മദ്യപിച്ചു.ഇതോടെ ഇയാൾക്ക് ബസ് ഓടിക്കാൻ പറ്റാതെയായി.മൂന്നിടത്ത് വെച്ച് അപകടവും ഉണ്ടായി.ഇതേ തുടർന്ന് വീരാജ്പേട്ടയിലെത്തിയപ്പോൾ യാത്രക്കാരിലൊരാൾ ബസ്സിന്റെ നിയന്ത്രണം ഏറ്റെടുത്തു. എന്നാൽ വളപട്ടണത്തെത്തിയപ്പോൾ ഇയാൾക്ക് ഇറങ്ങേണ്ടതിനാൽ റോഡരികിൽ ബസ് നിർത്തി ഇയാൾ ഇറങ്ങി.ഇതോടെ യാത്രക്കാർ വളപട്ടണം എസ് ഐ യുടെ നമ്പറിൽ വിളിച്ചു സഹായം തേടി.തുടർന്ന് എസ്‌ഐ ശ്രീജിത്ത് കോടേരി ഒരു ഡ്രൈവറുമായി സ്ഥലത്തെത്തി.ഈ ഡ്രൈവർ ബസ്സ് പയ്യന്നൂരിലെത്തിച്ചു.പിന്നീട് മദ്യപിച്ച് വാഹനമോടിച്ചതിനും അപകടകരമായ രീതിയിൽ ബസ്സോടിച്ചതിനും പോലീസ് ഡ്രൈവർ വിനയന്റെ പേരിൽ വളപട്ടണം പോലീസ് കേസെടുത്തു.
2017 ലെ ഇന്ത്യയിലെ മികച്ച പത്ത് ഐഎഎസ് ഓഫീസർമാരിൽ ഒരാൾ കണ്ണൂർ ജില്ലാ കലക്റ്റർ മിർ മുഹമ്മദലി
കണ്ണൂർ:2017 ലെ ഇന്ത്യയിലെ മികച്ച പത്ത് ഐഎഎസ് ഓഫീസർമാരിൽ ഒരാൾ കണ്ണൂർ ജില്ലാ കലക്റ്റർ മിർ മുഹമ്മദലി.ദ ബെറ്റർ ഇന്ത്യ ഓൺലൈൻ ആണ് പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ പദ്ധതി നടപ്പിലാക്കിയതിന് അദ്ദേഹത്തിനു ഈ അംഗീകാരം നല്‍കിയത്.2017 ഏപ്രിലിൽ കണ്ണൂർ ആദ്യത്തെ പ്ലാസ്റ്റിക്-സ്വതന്ത്ര ജില്ലയായി മാറി.കണ്ണൂർ ജില്ലാ കലക്റ്റർ മിർ മുഹമ്മദലിയാണ് ഇതിൽ പ്രധാന പങ്ക് വഹിച്ചത്.പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തദ്ദേശീയ സംഘടനകൾക്കും മേധാവികൾക്കും അദ്ദേഹം നിർദേശം നൽകിയിരുന്നു.
ദേശീയ സ്കൂൾ മീറ്റിൽ ഇരുപതാം തവണയും കേരളം ചാപ്യന്മാർ
റോത്തക്ക്:ഹരിയാനയിൽ നടന്ന ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി ഇരുപതാം തവണയും കേരളം കിരീടം നേടി.ഒൻപതു സ്വർണ്ണമെഡലുകളോടെയാണ് കേരളത്തിന്റെ ചരിത്ര നേട്ടം.ആതിഥേയരായ ഹരിയാനയുടെ കടുത്ത വെല്ലുവിളി മറികടന്നാണ് കേരളം കിരീടത്തിൽ മുത്തമിട്ടത്.
ഓഖി;തിരച്ചിലിനായി പോയ ബോട്ടുകൾ ഇന്ന് മടങ്ങിയെത്തും
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കാണാതായവർക്കായുള്ള തിരച്ചിലിന് പോയ ബോട്ടുകൾ ഇന്ന് മടങ്ങിയെത്തും.നൂറോളം ബോട്ടുകളാണ് തിരച്ചിലിനായി കടലിലേക്ക് പോയിരിക്കുന്നത്.സര്‍ക്കാര്‍ നിര്‍ദേശം വരുന്ന മുറക്കായിരിക്കും ഇനി തിരച്ചില്‍ പുനരാരംഭിക്കുക.ബേപ്പൂര്‍ വിഴിഞ്ഞം വൈപ്പിന്‍ എന്നിവിടങ്ങളില്‍ നിന്നായി തിരച്ചിലിനായി 100 ഓളം ബോട്ടുകള്‍ നാല് ദിവസം മുന്‍പാണ് പുറപ്പെട്ടത്. മംഗലാപുരം വരെ നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ച് ബോട്ടുകള്‍ മടക്കയാത്രയിലാണ്. ഇന്ന് രാത്രി 10 മണിയോടെ തിരച്ചില്‍ അവസാനിപ്പിക്കും. തീരക്കടല്‍ മുതല്‍ 100 നോട്ടിക്കല്‍ മൈല്‍ അകലെ വരെ നാല് ദിവസങ്ങളിലായി നടത്തിയ തിരച്ചിലില്‍ 5 മൃതദേഹങ്ങളാണ് സംഘം കണ്ടെത്തിയത്.ഇതോടെ ഓഖി ദുരന്തത്തിൽപ്പെട്ട മരിച്ചവരുടെ എണ്ണം 75 ആയി.ഇനിയും 131 പേരെ കൂടി കണ്ടെത്താനുണ്ട്.കിട്ടിയ മൃതദേഹങ്ങളിൽ 44 എണ്ണം ഇനിയും തിരിച്ചറിയാനുണ്ട്.
കേരള,ലക്ഷദ്വീപ് തീരങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റിനു സാധ്യത;ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പ്
കൊച്ചി:അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളാ-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.കടലിൽ ശക്തമായ തിരമാലകളുണ്ടാകാനും സാധ്യതയുണ്ട്. ഇതിനാൽ മൽസ്യത്തൊഴിലാളികൾ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഓഖി ദുരന്തം;പത്തുപേർ കൂടി തീരത്ത് തിരിച്ചെത്തി
കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ കാണാതായ ഒരു മത്സ്യബന്ധന ബോട്ടുകൂടി തോപ്പുംപടി തീരത്ത് തിരിച്ചെത്തി. പത്ത് പേരാണ് തിരിച്ചെത്തിയ ബോട്ടിലുണ്ടായിരുന്നത്. തമിഴ്നാട്, ആസാം സ്വദേശികളാണ് ഈ ബോട്ടിൽ ഉണ്ടായിരുന്നത്.45 ദിവസം മുൻപ് ഓഷ്യൻ ഹണ്ടർ എന്ന ബോട്ടിലാണ് ഇവർ തീരത്തുനിന്ന് കടലിൽ പോയത്. ചുഴലിക്കാറ്റിൽ ദിശതെറ്റിയ ബോട്ടിന് കേടുപാടുകളും സംഭവിച്ചു. അതിനാലാണ് ഇവർക്ക് ദിവസങ്ങളോളം കടലിൽ കഴിയേണ്ടി വന്നത്. തിരിച്ചെത്തിയവർക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഇവർക്ക് വേണ്ട സഹായങ്ങൾ നൽകുമെന്നും അധികൃതർ അറിയിച്ചു.
തലശ്ശേരിയിൽ ബൈക്ക് കലുങ്കിലിടിച്ച് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു
തലശ്ശേരി:തലശ്ശേരിയിൽ നിയന്ത്രണം വിട്ട ബൈക്ക് കലുങ്കിലിടിച്ച് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു.രണ്ടുപേർക്ക് പരിക്കേറ്റു.പാട്യം പി.കെ.ഹൗസിൽ പ്രദീപന്റെയും ഷീബയുടേയും മകൻ പ്രണവാണ് മരിച്ചത്.പരിക്കേറ്റ പത്തായക്കുന്ന് കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ ഷിനോദിന്റെ മകൻ നവരംഗി (15)നെ കോഴിക്കോട് മെഡിക്കൽ കോളേജിലും പത്തായക്കുന്ന് കണ്ട്യൻഹൗസിൽ പുരുഷുവിന്റെ മകൻ നിഖിലി (16) നെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലശ്ശേരി കൂത്തുപറമ്പ് റോഡിൽ കോട്ടയംപൊയിലിന് സമീപം കുന്നിനുമീത്തൽ വളവിൽ ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ആണ് അപകടം നടന്നത്.വളവിൽ നിന്ന് നിയന്ത്രണം വിട്ട് റോഡിന്റെ അരുകിലെ സ്ലാബിൽ തട്ടി മറഞ്ഞ് തൊട്ടടുത്ത പറമ്പിലേക്ക് വീഴുകയായിരുന്നു.വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റ പ്രണവ് സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടിരുന്നു.അപകടം നടന്ന കുന്നിനുമീത്തൽ വളവ് ഇറക്കത്തോടുകൂടിയുള്ളതാണ്. അശാസ്ത്രീയമായ രീതിയിലാണ് റോഡ് പണിതിരിക്കുന്നതെന്നും ഇത് അപകടത്തിന് കാരണമാവുമെന്നും കെ.എസ്.ടി.പി.അധികൃതരോട് ഡ്രൈവർമാരും നാട്ടുകാരും പറഞ്ഞിരുന്നെങ്കിലും കെ.എസ്.ടി.പി.അധികൃതർ ചെവിക്കോണ്ടിട്ടില്ലെന്ന പരാതിയുണ്ട്.