ചെന്നൈ:ചെന്നൈ വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻസിന്റെ പാസ്സന്ജർ ബസ്സിന് തീപിടിച്ചു.രാവിലെ യാത്രക്കാരെ ഇറക്കിയതിനു ശേഷം പാർക്ക് ചെയ്യുന്നതിനായി പോയപ്പോഴാണ് അപകടം നടന്നത്.ഇൻഡിഗോ എയർലൈൻസ് യാത്രക്കാരെ റൺവേയിൽ എത്തിക്കുന്നതിനും തിരിച്ചു പോകുന്നതിനുമായി ഉപയോഗിക്കുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.ബസ്സ് പൂർണ്ണമായും കത്തിനശിച്ചു.അപകടമുണ്ടായതിന് പിന്നാലെ അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.
മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് 14 പേർ മരിച്ചു
മുംബൈ:മുംബൈ സേനാപതി മാർഗിലെ കമല മിൽസ് കോമ്പൗണ്ടിലെ റെസ്റ്റോറന്റുകളും ഓഫീസുകളും ഉൾപ്പെടുന്ന കെട്ടിട സമുച്ചയത്തിന് തീപിടിച്ച് 14 പേർ മരിച്ചു.മരിച്ചവരിൽ 12 പേർ സ്ത്രീകളാണ്.കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഒരു പബ്ബിലെ ഷോർട് സർക്യൂട്ടാണ് അപകട കാരണം.ഇവിടെ ഇന്നലെ അർധരാത്രി ഒരു ജന്മദിനാഘോഷ പരിപാടികൾ നടന്നിരുന്നു. തീപിടുത്തമുണ്ടായി അരമണിക്കൂറിനുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. സംഭവത്തിൽ പബ്ബ് ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.നിരവധി ഹോട്ടലുകളും മാധ്യമ സ്ഥാപനങ്ങളും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.തീപിടുത്തമുണ്ടായതോടെ ഇവയുടെ പ്രവർത്തനങ്ങളും അവതാളത്തിലായി.
തളിപ്പറമ്പിൽ നിന്നും പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടികൂടി
തളിപ്പറമ്പ്:തളിപ്പറമ്പിലെ വ്യാപാര സ്ഥാപനങ്ങളില്‍ നഗരസഭാ അധികൃതര്‍ നടത്തിയ റെയ്ഡില്‍ 20 കിലോ പ്ലാസ്റ്റിക് കാരി ബാഗുകള്‍ പിടികൂടി. നഗരസഭാ അധികൃതരുടെ നേതൃത്വത്തില്‍ ആണ് റെയ്ഡ് നടന്നത്. 40 ഓളം സ്ഥാപനങ്ങളിൽ ബുധനാഴ്ച നടത്തിയ റെയ്ഡിലാണ് കാരി ബാഗുകൾ പിടികൂടിയത്. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ജില്ലയെ പ്ലാസ്റ്റിക് രഹിത ജില്ലയായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങൾ പ്ലാസ്റ്റിക് കാരിബാഗുകള്‍ നല്‍കുന്നത് വിലക്കിയിരുന്നതാണ്.
കടലിൽ ഉയർന്ന തിരമാലകൾക്ക് സാദ്ധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോവരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം:സംസ്ഥാനത്ത് വിഴിഞ്ഞം മുതൽ കാസർകോഡ് വരെയുള്ള തീരപ്രദേശങ്ങളിൽ വ്യാഴം,വെള്ളി ദിവസങ്ങളിൽ ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.നിലവിൽ ശാന്തമായി കാണപ്പെടുന്ന കടൽ ഏതു നിമിഷവും പ്രക്ഷുബ്ധമാകാൻ ഇടയുള്ളത് കൊണ്ട് കടലിൽ പോകാതെ മത്സ്യത്തൊഴിലാളികൾ സഹകരിക്കണമെന്ന് സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്തെ പി.ജി ഡോക്റ്റർമാർ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം:ഡോക്റ്റർമാരുടെ പെൻഷൻ പ്രായം കൂട്ടാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ പി.ജി ഡോക്റ്റർമാർ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. സമരത്തിന്റെ ആദ്യഘട്ടത്തിൽ അത്യാഹിതം,ലേബർ റൂം,ഐസിയു,എമർജൻസി ഓപ്പറേഷൻ തീയേറ്റർ എന്നിവിടങ്ങളിൽ സമരമുണ്ടാകില്ല.കഴിഞ്ഞ വെള്ളിയാഴ്ച ആരോഗ്യമന്ത്രി കെ.കെ ഷൈലജയും കേരള മെഡിക്കോസ് ജോയിന്റ് ആക്ഷൻ കൗൺസിൽ നേതാക്കളും നടത്തിയ ചർച്ചയിൽ വിഷയം അടുത്ത മന്ത്രിസഭായോഗത്തിൽ അവതരിപ്പിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു.എന്നാൽ വിഷയം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്‌തില്ലെന്നും അതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ഡോ.യു.ആർ രാഹുൽ പറഞ്ഞു.
ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് മാസംതോറും വില വർധിപ്പിക്കുവാനുള്ള തീരുമാനം കേന്ദ്രം പിൻവലിച്ചു
ന്യൂഡൽഹി:ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് മാസംതോറും വില വർധിപ്പിക്കുവാനുള്ള തീരുമാനം കേന്ദ്രം പിൻവലിച്ചു.പ്രതിമാസം നാല് രൂപ വീതം കൂട്ടാനായിരുന്നു തീരുമാനം.എതിർപ്പുകളെ തുടർന്ന് വില വർധിപ്പിക്കുന്നത് ഒക്ടോബർ മുതൽ നിർത്തിവെച്ചിരുന്നു.ഒരുഭാഗത്ത് പാവങ്ങൾക്കുള്ള സൗജന്യ പാചകവാതക വിതരണ പദ്ധതിയും മറുഭാഗത്ത് മാസംതോറുമുള്ള വിലവർധനയും എന്ന വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.2016 ജൂലൈ ഒന്നുമുതൽ മാസംതോറും രണ്ടുരൂപ വീതം കൂട്ടാൻ എണ്ണക്കമ്പനികൾക്ക് അനുമതി നൽകിയിരുന്നു.പത്തു മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ജൂൺ ഒന്ന് മുതൽ പ്രതിമാസം നാലുരൂപ വീതം കൂട്ടാൻ അനുമതി നൽകുകയായിരുന്നു.2018 മാർച്ചോടെ സബ്‌സിഡി പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ഉത്തരവാണ് റദ്ദാക്കിയത്.
മുത്തലാഖ് നിരോധന ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും
ന്യൂഡൽഹി: മുത്തലാഖ് നിരോധിക്കാനുള്ള ബിൽ ഇന്നു പാർലമെന്‍റിൽ അവതരിപ്പിക്കും. മൂന്നു തലാഖ് ചൊല്ലുന്നതു നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്ലാണ് അവതരിപ്പിക്കുന്നത്. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ അവതരിപ്പിക്കുന്നത്.മൂത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നു വർഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണു ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. അതേസമയം ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ബില്ലിൽ വേണ്ടത്ര ചർച്ച നടത്താതെയാണു തയാറാക്കിയതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.
പത്തനംതിട്ടയിലും കൊല്ലത്തും നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല
പത്തനംതിട്ട:പത്തനംതിട്ട,കൊല്ലം ജില്ലകളിലെ വിവിധപ്രദേശങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു.കുളത്തൂപ്പുഴ,ആര്യങ്കാവ്,കോന്നി,കൊട്ടാരക്കര,തെന്മല,തിരുവല്ല,കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.ഭൂചലനം മൂന്നു സെക്കൻഡുകൾ മാത്രമേ നീണ്ടു നിന്നുള്ളൂ.നിരവധി വീടുകളുടെ ഓടുകൾ ഇളകി വീണു.ഭൂകമ്പ മാപിനിയിൽ 2.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കൊല്ലത്തിനും പത്തനംതിട്ടയ്ക്കും ഇടയിലാണെന്നാണ് പ്രാഥമിക നിഗമനം.കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകന് വെട്ടേറ്റു;ഇന്ന് ഹർത്താൽ
തിരുവനന്തപുരം:തിരുവനന്തപുരം ശ്രീകാര്യത്ത് സിപിഎം പ്രവർത്തകന് വെട്ടേറ്റു.സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം എൽ.എസ് സാജുവിനാണ് വെട്ടേറ്റത്.ഇയാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇരുപതോളംപേർ ചേർന്നാണ് സാജുവിനെ അക്രമിച്ചതെന്നാണ് വിവരം.ബുധനാഴ്ച രാത്രി ഒൻപതുമണിയോട് കൂടി ഇടവക്കോട് ജംഗ്ഷനിലായിരുന്നു സംഭവം.സുഹൃത്തിനോട് സംസാരിച്ചു നിൽക്കുകയായിരുന്ന സാജുവിനെ ബൈക്കുകളിൽ മാരകായുധങ്ങളുമായെത്തിയ സംഘം വെട്ടുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയവർ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഇയാളുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സിപിഎം-ആർഎസ്എസ് സംഘർഷം നിലനിൽക്കുന്ന പ്രദേശമാണിത്.സംഭവത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലെ രണ്ട് പഞ്ചായത്തുകളിൽ ഇന്ന് സിപിഎം ഹർത്താൽ ആചരിക്കുകയാണ്.
പയ്യന്നൂരിൽ സിപിഎം-ലീഗ് സംഘർഷം;മൂന്നുപേർക്ക് പരിക്ക്
പയ്യന്നൂർ:പയ്യന്നൂർ കവ്വായിയിൽ സിപിഎം-ലീഗ് സംഘർഷം.സംഘർഷത്തെ തുടർന്ന് മൂന്നു ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റു.അഞ്ചു വീടുകൾ തകർത്തു.പരക്കെ ബോംബേറുമുണ്ടായി.സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പയ്യന്നൂർ സിഐയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം ഏർപ്പെടുത്തി.