കണ്ണൂർ:കണ്ണൂർ: സംസ്ഥാനത്തെ പരമ്പരാഗത -നാടോടി-അനുഷ്ഠാന കലകളുടെ പ്രോത്സാഹനത്തിനും സംരക്ഷണത്തിനുമായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന “ഉത്സവം 2018′ ആറു മുതൽ 12 വരെ സംസ്ഥാനത്തെ വിവിധ വേദികളിലായി അരങ്ങേറും. ഉത്സവം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആറിന് വൈകുന്നേരം ആറിന് കണ്ണൂർ ടൗൺ സ്ക്വയറിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിക്കും. പൈതൃകകലകൾ അവതരിപ്പിച്ചുവരുന്ന 10 ആചാര്യന്മാരെ വേദിയിൽ ആദരിക്കും.പതിനാലു ജില്ലകളിലും ഉത്സവം അരങ്ങേറും.ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുകൾ മുഖേനയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.കണ്ണൂർ ജില്ലയിൽ ടൗൺ സ്ക്വയറിലും പയ്യാമ്പലം പാർക്കിലുമായി വേലകളി, നാടൻവാദ്യം, ചവിട്ട് നാടകം, അയ്യപ്പൻതീയാട്ട്, കളമെഴുത്ത് പാട്ട്, വട്ടപ്പാട്ട്, ഒപ്പന, ഉരളിക്കൂത്ത്, ചരട് പിന്നിക്കളി, മാർഗംകളി, നാടൻപാട്ട്, അഷ്ടപദി, കോരകനൃത്തം, നോക്കുപാവക്കളി, അലാമികളി, വിൽപ്പാട്ട്, പൂപ്പാട് തുള്ളൽ, പടയണി, കാക്കരശിനാടകം, ചെറുനീലിയാട്ടം, ചിമ്മാനക്കളി, കരകനൃത്തം, മയിലാട്ടം തുടങ്ങിയവയാണ് ഉത്സവം പരിപാടിയുടെ ഭാഗമായി അരങ്ങേറുക.
ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് മതിലിലിടിച്ച് ഒരാൾ മരിച്ചു
ചെറുവത്തൂർ:ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് മതിലിലിടിച്ച് ഒരാൾ മരിച്ചു.ഒരാൾക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെ ഒരുമണിയോടെ ചെറുവത്തൂർ പയ്യങ്കിയിലാണ് അപകടം നടന്നത്.കാടാങ്കോട്ടെ രാജന്റെ മകൻ ജിഷ്ണുരാജ്(19) ആണ് മരിച്ചത്.സുഹൃത്ത് വിപിനെ(20) ഗുരുതരമായ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പടന്ന മുണ്ട്യ ക്ഷേത്രത്തിൽ ഒറ്റക്കോല മഹോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു.ഉടനെ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിഷ്ണു മരണത്തിനു കീഴടങ്ങുകയായിരുന്നു.
ശബരിമല ക്ഷേത്രത്തിന്റെ പേരുമാറ്റി ശ്രീധർമ്മശാസ്താ ക്ഷേത്രം എന്നാക്കുന്നു;തീരുമാനം ഇന്നുണ്ടായേക്കും
പത്തനംതിട്ട:ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും ശ്രീധർമ്മശാസ്താ ക്ഷേത്രം എന്നാക്കാൻ തീരുമാനം.ഇക്കാര്യം അംഗീ കരിക്കുന്നതിനായി ദേവസ്വം ബോർഡിന്റെ യോഗം ഇന്ന് ചേരും. പ്രയാർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ മുൻ ദേവസ്വം ബോർഡിന്റെ കാലത്താണ് ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രം എന്നതിന് പകരം ശബരിമല ശ്രീ അയ്യപ്പക്ഷേത്രം എന്ന പേര് സ്വീകരിച്ചത്.പേരുമാറ്റിയ നടപടിക്കെതിരെ പലകോണുകളിൽ നിന്നും പ്രതിഷേധമുയർന്നിരുന്നു. പ്രയാറിന്റെ മാത്രം താൽപ്പര്യപ്രകാരമാണ് പെരുമാറ്റിയതെന്നും ആരോപണമുയർന്നിരുന്നു.എന്നാൽ ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് അനുകൂലമാകുന്നതിനു പെരുമാറ്റം ആവശ്യമാണെന്നായിരുന്നു പ്രയാറിന്റെ വിശദീകരണം.അയ്യപ്പൻ നിത്യബ്രഹ്മചാരിയാണെന്നും അയ്യപ്പക്ഷേത്രം ശബരിമലയിൽ മാത്രമാണെന്നും അന്ന് വിശദീകരിച്ചിരുന്നു.എന്നാൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് വിലക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.തുടർന്നുള്ള നിയമ നടപടികളിലും ഔദ്യോഗിക രേഖകളിലും ശബരിമല ക്ഷേത്രത്തിന്റെ പേര് ധർമശാസ്താ ക്ഷേത്രം എന്നായിരിക്കും.
സർവകലാശാലകളുടെ സാമ്പത്തിക നിയന്ത്രണം സർക്കാർ ഏറ്റെടുക്കുന്നു
തിരുവനന്തപുരം:സർവകലാശാലകളുടെ സാമ്പത്തിക നിയന്ത്രണം സർക്കാർ ഏറ്റെടുക്കുന്നു.സർവ്വകലാശാലകൾ സ്വന്തം നിലയ്ക്ക് ചെയ്തു വന്നിരുന്ന പദ്ധതിയേതര വിഹിതത്തിലെ ഇടപാടുകൾ ഇനി മുതൽ ട്രെഷറിവഴിയായിരിക്കും നടത്തുക. കേരളസർവ്വകലാശാലയിൽ മാറ്റങ്ങൾ ജനുവരി മുതൽ നടപ്പിലാക്കി.മറ്റു സർവകലാശാലകളിൽ നടപടികൾ ഉടൻതന്നെ പൂർത്തിയാക്കും. സർവകലാശാലകളിൽ കൂടി നടത്തുന്ന ചെറിയ തുകയുടെ വിനിമയം പോലും സർക്കാർ അറിഞ്ഞേ നടക്കാവൂ എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.സർവകലാശാലകളിൽ ട്രെഷറി നിയന്ത്രണം വരുന്നതോടെ സർക്കാർ ഗ്രാന്റിൽ ഗണ്യമായ കുറവ് വരും.ശമ്പളം,പെൻഷൻ,പരീക്ഷ നടത്തിപ്പ് അടക്കമുള്ള അക്കാദമിക്ക് കാര്യങ്ങൾ,വികസന പ്രവർത്തനങ്ങൾ എന്നിവയ്‌ക്കെല്ലാം കൂടി സർക്കാർ നൽകുന്ന ഗ്രാന്റാണ് പദ്ധതിയേതര ഫണ്ട്.പലപ്പോഴും സർക്കാർ നൽകുന്ന ഈ ഫണ്ടിൽ 60-70 ശതമാനം മാത്രമേ സർവകലാശാലകൾക്ക് ചിലവാകാറുള്ളൂ. എന്നാൽ ചിലവ് സംബന്ധിച്ച് പലപ്പോഴും പെരുപ്പിച്ച കണക്കുകളാണ് ധനവകുപ്പിന് സർവ്വകലാശാലകൾ നൽകുന്നത്.പണം ട്രെഷറിയിലേക്ക് മാറുന്നതോടെ യഥാർത്ഥ ചിലവ് സർക്കാരിന് കൃത്യമായി അറിയാനാകും. തുടർവർഷങ്ങളിലേക്കുള്ള ഗ്രാന്റ് അതനുസരിച്ചായിരിക്കുമ്പോൾ തുകയിൽ ഗണ്യമായ കുറവ് വരും.ഫലത്തിൽ സർവ്വകലാശാലകൾ സർക്കാർ സ്ഥാപനങ്ങളായി മാറും.
ദളിത്-മറാത്താ സംഘർഷം;മഹാരാഷ്ട്രയിൽ ഇന്ന് ബന്ദ്
മുംബൈ:ദളിത്-മറാത്താ സംഘർഷത്തിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിൽ ഇന്ന് ദളിത് സംഘടനകൾ ബന്ദ് ആചരിക്കുന്നു.ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തിൽ കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു.ഇതിനെ തുടർന്നുണ്ടായ അക്രമത്തിൽ നൂറിലധികം വാഹനങ്ങൾ അടിച്ചു തകർത്തിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.പൂനയിൽ കൊറെഗാവ് യുദ്ധവാർഷികത്തിന്‍റെ ഇരുന്നൂറാം വാർഷികാഘോഷങ്ങൾക്കിടെ തിങ്കളാഴ്ച അനിഷ്ടസംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ആയിരങ്ങൾ തെരുവിലിറങ്ങിയതാണു സംഘർഷത്തിലേക്ക് വഴിവെച്ചത്. മുംബൈയിലെ മൂന്നു ലോക്കൽ ട്രെയിൻ പാതകളിലൊന്നായ ഹാർബർ ലൈനിൽ ദളിത് പ്രതിഷേധം മൂല ഗതാഗത തടസ്സവും ഉണ്ടായി. അക്രമവുമായി ബന്ധപ്പെട്ട് മുംബൈയിൽ മാത്രം നൂറോളംപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പടിഞ്ഞാറൻ മഹാരാഷ്‌ട്രയിലെ ഏഴു ജില്ലകളിൽ കർഫ്യൂവിനു സമാനമായ അന്തരീക്ഷമാണ്. അക്രമമുണ്ടായ സ്ഥലങ്ങളിൽ വൻതോതിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഓഖി ദുരന്തത്തിൽ മരിച്ച ആറുപേരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു
തിരുവനന്തപുരം:ഓഖി ദുരന്തത്തിൽ മരിച്ച ആറുപേരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു.ഇതിൽ മൂന്നുപേർ മലയാളികളാണ്.വിഴിഞ്ഞം സ്വദേശി ജെറോം,പൂന്തുറ സ്വദേശി ഡെൻസൺ,പുല്ലുവില സ്വദേശി സിറിൽ മിറാൻഡ എന്നിവരെയും മൂന്നു തമിഴ്‌നാട് സ്വദേശികളെയുമാണ് തിരിച്ചറിഞ്ഞത്.ഡി എൻ എ പരിശോധനയിലൂടെയാണ് ഇവരെ തിരിച്ചറിഞ്ഞത്.
പെരുമ്പാവൂർ ജിഷ കൊലക്കേസിൽ നിർണായക വെളിപ്പെടുത്തലുകളുമായി ഓട്ടോ ഡ്രൈവർ
പെരുമ്പാവൂർ:പെരുമ്പാവൂർ ജിഷ കൊലക്കേസിൽ നിർണായക വെളിപ്പെടുത്തലുകളുമായി ഓട്ടോ ഡ്രൈവർ കെ.വി നിഷ.ജിഷ കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്നും ഇതിനായി കോടതിയെ സമീപിക്കുമെന്നും നിഷ പറഞ്ഞു.പെരുമ്പാവൂരിലെ ഒരു പാറമടയിൽ നടന്ന ഒരു കൊലപാതകത്തിന് ജിഷ സാക്ഷിയായിരുന്നെന്നും ഇതിൽ കുറ്റവാളിയായവർക്കെതിരെ തെളിവുകൾ ശേഖരിക്കാനാണ് ജിഷ പെൻഡ്രൈവ് അടക്കമുള്ളവ വാങ്ങിയതെന്നും നിഷ വെളിപ്പെടുത്തി.ജിഷയുടെ അമ്മ രാജേശ്വരിക്ക് എല്ലാം അറിയാമെന്നും നിഷ പറയുന്നു.എന്നാൽ പോലീസ് ഇക്കാര്യങ്ങൾ പരിശോധിച്ചിരുന്നില്ല.ഒരു കൊലപാതകം നടന്ന വീട്ടിൽ സ്വീകരിക്കേണ്ട മുൻകരുതലുകളൊന്നും പോലീസ് സ്വീകരിച്ചിരുന്നില്ല.സംഭവം വിവാദമാകുന്നതുവരെ ആർക്കും ജിഷയുടെ വീട്ടിൽ കയറിയിറങ്ങാവുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.പോസ്റ്റ്‌മോർട്ടത്തിനു ശേഷം വളരെ വൈകിയ സമയത്തും മൃതദേഹം സംസ്ക്കരിച്ചതും തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടിയാണ്.ഇവയെല്ലാം തന്നെ ജിഷയുടെ കൊലപാതകത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നതെന്നും നിഷ വ്യക്തമാക്കി.
മുഴപ്പിലങ്ങാട് ടോൾ ബൂത്തിന് സമീപം പെയിന്റ് ലോറിക്ക് തീപിടിച്ചു
മുഴപ്പിലങ്ങാട്:മുഴപ്പിലങ്ങാട് ടോൾ ബൂത്തിന് സമീപം പെയിന്റ് ലോറിക്ക് തീപിടിച്ചു. തീപിടുത്തതോടൊപ്പം സ്ഫോടന ശബ്ദം കേട്ടത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി.ലോറിയുടെ ടയർ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ശബ്ദം ഉണ്ടായത്.കണ്ണൂർ നിന്നും തലശേരിയിൽ നിന്നും വന്ന 4 യൂണിറ്റ് ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതസ്തംഭനമുണ്ടായി.ആർക്കും പരിക്കില്ല.
കീഴാറ്റൂർ ബൈപാസിനെതിരെ സമരം നടത്തുന്ന വയൽകിളി കൂട്ടായ്‌മയ്‌ക്കൊപ്പം സമരം ചെയ്ത 11 പ്രവർത്തകരെ സിപിഎം പുറത്താക്കി
കണ്ണൂർ:കീഴാറ്റൂർ ബൈപാസിനെതിരെ സമരം നടത്തുന്ന വയൽകിളി കൂട്ടായ്‌മയ്‌ക്കൊപ്പം സമരം ചെയ്ത 11 പ്രവർത്തകരെ സിപിഎം പുറത്താക്കി.കീഴാറ്റൂർ സെൻട്രൽ ബ്രാഞ്ചിലെ ഒന്പതുപേരെയും കീഴാറ്റൂർ വടക്ക് ബ്രാഞ്ചിലെ രണ്ടുപേരേയുമാണ് പുറത്താക്കിയത്.സമരത്തിൽ പങ്കെടുത്തതിന് പാർട്ടി ഇവരോട് നേരത്തെ വിശദീകരണം തേടിയിരുന്നു.എന്നാൽ രണ്ടുപേർ മാത്രമാണ് വിശദീകരണം നൽകിയത്.എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാണ് പുറത്താക്കൽ.പാർട്ടിയുടെയും സർക്കാരിന്റെയും നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതാണ് പുറത്താക്കാൻ കാരണമെന്നു സിപിഎം നേതൃത്വം വ്യക്തമാക്കി.
കണ്ണൂർ റയിൽവെ സ്റ്റേഷനിൽ എമർജൻസി മെഡിക്കൽ സർവീസ് സെന്‍റർ പ്രവർത്തനം തുടങ്ങി
കണ്ണൂർ: ട്രെയിൻ യാത്രക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി നാഷണൽ ഹെൽത്ത് റൂറൽ മിഷൻ, സംസ്ഥാന സർക്കാരിന്‍റെ ആർദ്രം പദ്ധതി എന്നിവയുടെ സഹകരണത്തോടെ കണ്ണൂർ റയിൽവെ സ്റ്റേഷനിൽ എമർജൻസി മെഡിക്കൽ സർവീസ് സെന്‍റർ പ്രവർത്തനം തുടങ്ങി.രക്തസമ്മർദം, മുറിവേൽക്കൽ തുടങ്ങിയവയ്ക്ക് പ്രഥമ ശുശ്രൂഷ ഉൾപ്പെടെയുള്ളവ ലഭ്യമാക്കുന്ന സംവിധാനമാണിത്.രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ ഇവിടെനിന്നു യാത്രക്കാർക്ക് ആരോഗ്യസേവനം ലഭിക്കും.