കണ്ണൂർ:ജില്ലയിൽ മന്തുരോഗ സാമൂഹിക ചികിത്സ പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ ജില്ലാതല ഉൽഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിർവഹിച്ചു.കേരളത്തിൽ നിന്നും 2020 ഓടുകൂടി മന്തുരോഗം പൂർണ്ണമായും നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജനുവരി മൂന്നുമുതൽ ആറുവരെ ആരോഗ്യവകുപ്പ് ഈ പദ്ധതി നടപ്പിലാക്കുന്നത്.അന്യസംസ്ഥാന തൊഴിലാളികൾക്കും രോഗസംക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന നാട്ടുകാർക്കുമാണ് മന്തുരോഗ ഗുളികകൾ നൽകുക.ജില്ലയിലെ മന്തുരോഗ നിവാരണത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളാണ് നടക്കുന്നത്.
പുതുച്ചേരി വാഹന രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട് തലശ്ശേരിയിൽ ഒരാൾക്കെതിരെ നിയമനടപടി തുടങ്ങി
തലശ്ശേരി:പുതുച്ചേരി വാഹന രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട് തലശ്ശേരിയിൽ ഒരാൾക്കെതിരെ നിയമനടപടി തുടങ്ങി.മട്ടന്നൂർ സ്വദേശിയായ വാഹന ഉടമയ്‌ക്കെതിരെയാണ് നടപടി.മറ്റു പതിമൂന്നുപേർക്ക് കാരണംകാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.തലശ്ശേരിയിലെ വൻകിട കച്ചവടക്കാർ ഉൾപ്പെടെയുള്ളവർ നോട്ടീസ് ലഭിച്ചവരിൽ ഉൾപ്പെടും.ഇവരിൽ ചിലർ തവണകളായി നികുതി അടയ്ക്കാമെന്നു സമ്മതിച്ചിട്ടുണ്ട്.PY01 നമ്പറിൽ രെജിസ്ട്രേഷൻ നടത്തിയ വാഹന ഉടമകൾക്കാണ് നോട്ടീസ് നൽകിയത്.മാഹിയിൽ സ്ഥാപനങ്ങൾ നടത്തുന്നവരാണ് ഇത്തരത്തിൽ രെജിസ്ട്രേഷൻ നടത്തിയതെന്നാണ് നിഗമനം.ഇവരുടെ രേഖകൾ പരിശോധിച്ച ശേഷം മറുപടി തൃപ്തികരമല്ലെങ്കിൽ നടപടി എടുക്കുമെന്ന് അധികൃതർ അറിയിച്ചു.
മോട്ടോർ വാഹന നിയമഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് ശനിയാഴ്ച വാഹന പണിമുടക്ക്
തിരുവനന്തപുരം:മോട്ടോർ വാഹന നിയമഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് ശനിയാഴ്ച വാഹന പണിമുടക്ക്.രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് പണിമുടക്ക്.ഓട്ടോറിക്ഷ,ലൈറ്റ് മോട്ടോർ വാഹനങ്ങൾ,ലോറി,സ്വകാര്യ-കെഎസ്ആർടിസി ബസുകൾ,ഓട്ടോമൊബൈൽ വർക്ക് ഷോപ്പുകൾ,സ്പെയർപാർട്സ് വിൽപ്പന സ്ഥാപനങ്ങൾ എന്നിവ പണിമുടക്കുമെന്നു മോട്ടോർ വ്യവസായ സംരക്ഷണ സമിതി അറിയിച്ചു.മോട്ടോർ വാഹന ഭേദഗതി ബിൽ നിയമവിരുദ്ധമാണെന്നും സർക്കാർ ഈ നീക്കത്തിൽ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടാണ് സമരം.
എറണാകുളത്തെ പീസ് ഇന്റർനാഷണൽ സ്കൂൾ പൂട്ടാൻ ഉത്തരവ്
തിരുവനന്തപുരം:എറണാകുളം ചക്കരപ്പറമ്പിനടുത്ത് പ്രവർത്തിക്കുന്ന പീസ് ഇന്റർനാഷണൽ സ്കൂൾ പൂട്ടാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്.മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടർന്ന് ജില്ലാ കളക്റ്ററുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും റിപ്പോർട്ടുകൾ പരിഗണിച്ചാണ് നടപടി.സ്കൂൾ പൂട്ടി ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികളെ മറ്റു സ്കൂളുകളിൽ ചേർക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്ലാമിക തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാഠപുസ്തകങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നതെന്നാണ് പരാതി.ഇതേതുടർന്ന് സ്കൂൾ പ്രിൻസിപ്പൽ,അഡ്മിനിസ്ട്രേറ്റർ,മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.വിദേശത്തുള്ള സ്കൂൾ എംഡി അക്ബറിനെ വിദേശത്തു നിന്നും നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് തുടരുകയാണ്.കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പീസ് ഫൗണ്ടേഷന് കീഴിൽ പീസ് ഇന്റർനാഷണൽ എന്ന പേരിൽ പത്തിലധികം സ്കൂളുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.സർക്കാരിന്റെ ഈ നടപടി പീസ് ഇന്റർനാഷനലിന്റെ മറ്റു സ്കൂളുകൾക്കും ബാധകമാകുമോ എന്ന കാര്യം അടുത്തദിവസം പുറത്തിറങ്ങുന്ന ഉത്തരവിൽ വ്യക്തമാകും.വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനയിൽ എൻ സി ഇ ആർ ടി,സി ബി എസ് ഇ,എസ് സി ഇ ആർ ടി എന്നിവ നിർദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.
ഫ്രാൻസിൽ കനത്ത നാശം വിതച്ച് എലനോർ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു
പാരീസ്:ഫ്രാൻസിൽ കനത്ത നാശം വിതച്ച് എലനോർ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു.കനത്ത മഴയ്‌ക്കൊപ്പമെത്തിയ കാറ്റിൽ ഒരാൾ മരിക്കുകയും നിരവധിപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.1,10,000 ലേറെ വീടുകളിലെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ നദികൾ കരകവിഞ്ഞൊഴുകുകയും ചെയ്യുന്നുണ്ട്.വരും ദിവസങ്ങളിൽ കനത്ത മഞ്ഞു വീഴ്ചയും വെള്ളപ്പൊക്കവും ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
മുംബൈയിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ നാലുപേർ മരിച്ചു;ഏഴുപേർക്ക് പരിക്ക്
മുംബൈ:മുംബൈ നഗരത്തിൽ ബഹുനിലകെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ നാലുപേർ മരിച്ചു.ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവരെ കൂപ്പർ,മുകുന്ദ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.മാറോളിലെ മൈമൂൺ കെട്ടിടത്തിൽ ഇന്നലെ അർധരാത്രിയോടെയാണ് അപകടം നടന്നത്.ഒന്നിലേറെ അഗ്നിശമനസേന യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.ഒരാഴ്ച മുൻപ് മുംബൈയിലെ കമല മില്ലിലുണ്ടായ തീപിടുത്തത്തിൽ 14 പേർ മരിച്ചിരുന്നു.നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മുത്തലാഖ് ബില്ലിനെതിരെ പ്രതിപക്ഷ ബഹളം; രാജ്യസഭ പിരിഞ്ഞു
ന്യൂഡൽഹി:മുത്തലാഖ് വിഷയത്തിൽ പ്രക്ഷുബ്‌ധമായ രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞു. മുത്തലാഖ് ബിൽ പരിഗണിക്കുന്നതിനിടെ ബില്‍ സെലക്ട് കമ്മീറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കി. എന്നാൽ പ്രതിപക്ഷത്തിന്‍റെ ആവശ്യത്തെ ഭരണപക്ഷം ശക്തിയായി എതിര്‍ത്തു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ സഭയിൽ വാഗ്‌വാദവുമുണ്ടായി. ഒടുവില്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി പി.ജെ കുര്യന്‍ അറിയിക്കുകയായിരുന്നു.ബിൽ വ്യാഴാഴ്ച രാജ്യസഭ വീണ്ടും പരിഗണിക്കും.ബിൽ പാസാക്കുന്നത് അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്‍റെ പ്രമേയം ചട്ടവിരുദ്ധമാണെന്നും ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെങ്കിൽ ഒരു ദിവസം മുൻപ് നോട്ടീസ് നൽകണമെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു. അല്ലാതെ പ്രതിപക്ഷം പറയുന്പോൾ സെലക്ട് കമ്മിറ്റിയെ രൂപീകരിക്കാനാവില്ലെന്നും ജയ്റ്റ്ലി വ്യക്തമാക്കി.ജയ്റ്റ്ലിയുടെ മറുപടിയോടെ പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽ ബഹളമുണ്ടാക്കി. ഇതോടെയാണ് സഭ ഇന്നത്തേക്കു പിരിഞ്ഞത്.
ആർ.ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സലകുമാരി അന്തരിച്ചു
കൊല്ലം:കേരളാ കോൺഗ്രസ് ബി അധ്യക്ഷൻ ആർ.ബാലകൃഷ്ണ പിള്ളയുടെ ഭാര്യയും കെ.ബി ഗണേഷ്‌കുമാർ എംഎൽഎയുടെ അമ്മയുമായ വത്സലകുമാരി(70) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഇന്ന് രാവിലെയാണ് വത്സലകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ബിന്ദു,ഉഷ എന്നിവരാണ് മറ്റു മക്കൾ. സംസ്ക്കാരം നാളെ.
വാഹനരജിസ്ട്രേഷൻ കേസ്;സുരേഷ്‌ഗോപിയുടെ അറസ്റ്റ് പത്തുദിവസത്തേക്ക് കൂടി തടഞ്ഞു
കൊച്ചി:പുതുച്ചേരി വാഹനരജിസ്ട്രേഷൻ കേസിൽ നടനും എംപിയുമായ സുരേഷ്‌ഗോപിയുടെ അറസ്റ്റ് ഹൈക്കോടതി പത്തുദിവസത്തേക്ക് കൂടി തടഞ്ഞു.സുരേഷ് ഗോപി നികുതി വെട്ടിച്ചു കേരളത്തിൽ വാഹനം ഉപയോഗിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.എന്നാൽ അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കാൻ തയ്യാറാണെന്ന് സുരേഷ്‌ഗോപിയുടെ അഭിഭാഷകൻ അറിയിച്ചു.മുൻകൂർ ജാമ്യാപേക്ഷ അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.
കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ റെനേ മ്യുലെൻസ്റ്റീൻ രാജിവെച്ചു
കൊച്ചി:ഐഎസ്എലിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ റെനേ മ്യുലെൻസ്റ്റീൻ രാജിവെച്ചു.വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.അതേസമയം ഐഎസ്എൽ നാലാം സീസണിൽ ടീമിന്റെ മോശം പ്രകടനമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.2017 ജൂലൈ 14നാണ് മ്യൂളസ്റ്റീൻ ബ്ലാസ്റ്റേഴ്സിന്‍റെ മുഖ്യപരിശീലകനായി സ്ഥാനമേറ്റെടുത്തത്.നാളെ കൊച്ചിയിൽ എഫ്സി പൂന സിറ്റിക്കെതിരേയുള്ള മത്സരത്തിൽ സഹപരിശീലകനായിരുന്ന തംഗ്ബോയ് സിംഗ്തോ ടീമിനെ ഒരുക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടീം ക്യാന്പിൽ അസ്വാരസ്യങ്ങളുള്ളതായി സൂചനകളുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയാണു റെനിയുടെ രാജിയെന്നാണു കരുതുന്നത്.പുതുവത്സര തലേന്ന് ബെംഗളൂരുവിനോടെ 3-1 ന് ദയനീയമായി തോറ്റതും രാജിക്ക് കാരണമായതായാണ് സൂചന.നിലവിൽ കളിച്ച ഏഴു മത്സരങ്ങളിൽ ടീമിനു ജയിക്കാനായത് ഒരെണ്ണത്തിൽ മാത്രമാണ്. രണ്ടെണ്ണത്തിൽ തോറ്റു. നാലെണ്ണം സമനിലയിലും കലാശിച്ചു. ഏഴു പോയിന്‍റുമായി പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സിപ്പോൾ.