News Desk

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം;അനുപമയുടെ കുഞ്ഞിനെ തിരികെയെത്തിക്കാനായി പൊലീസ് ആന്ധ്രയിലേക്ക്

keralanews adoption of child without knowledge of mother police go to andhra pradesh to bring anupamas baby back

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിനെ തിരികെയെത്തിക്കാനായി പൊലീസ് സംഘം ആന്ധ്രയിലേക്ക് പുറപ്പെട്ടു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഒരു ശിശുക്ഷേമ സമിതി അംഗവുമാണ് സംഘത്തിലുള്ളത്. ആന്ധ്രയിലുള്ള ദമ്പതികളാണ് കുഞ്ഞിനെ ദത്തെടുത്തിരിക്കുന്നത്. കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചാല്‍ ആദ്യം ഡിഎന്‍എ ടെസ്റ്റ് നടത്തും.ഇന്ന് രാവിലെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നുമാണ് പൊലീസ് സംഘം പുറപ്പെട്ടത്. ഉച്ചയോടെ ആന്ധ്രയിലെത്തുമെങ്കിലും തിരികെ എത്തുക എപ്പോഴാണെന്ന് വ്യക്തമല്ല. ഇവിടെയെത്തിച്ചാല്‍ കുഞ്ഞിന്റെ സംരക്ഷണച്ചുമതല ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ്.ദത്തു നടപടികള്‍ നിറുത്തി വയ്‌ക്കണമെന്ന് കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ ശിശുക്ഷേമ സമിതി കൈക്കൊണ്ടത്.

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന്;സ്‌കൂള്‍ തുറന്ന ശേഷമുള്ള സാഹചര്യവും തിയേറ്റര്‍ കാണികളുടെ എണ്ണവും ചര്‍ച്ചയാവും

keralanews review meeting led by cm to assess covid situation in the state today situation after the opening of the school will discuss

തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന് ചേരും. വൈകിട്ട് മൂന്നരയ്ക്കാണ് യോഗം.സ്‌കൂളുകള്‍ തുറന്ന ശേഷമുള്ള കൊവിഡ് വ്യാപന സാഹചര്യം യോഗത്തിൽ ചർച്ചയാകും.അതോടൊപ്പം സംസ്ഥാനത്തെ സിനിമ തിയറ്ററുകളിൽ കാണികളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും ചര്‍ച്ചയായേക്കും.തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് സൂചനകള്‍. നിലവില്‍ 50 ശതമാനം സീറ്റുകളില്‍ പ്രവേശിപ്പിക്കുന്ന കാണികളുടെ എണ്ണം സീറ്റിംഗ് കപ്പാസിറ്റിയുടെ 75 ശതമാനം ആക്കാനാണ് ആലോചനകള്‍ പുരോഗമിക്കുന്നത്. ഇരുപത്തിയഞ്ചാം തീയതി വെള്ളിയാഴ്ച മുതല്‍ സീറ്റിംഗ് കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബസ് ചാർജ് വർധന;ഉടമകളുമായി ഗതാഗതമന്ത്രിയുടെ ചർച്ച ഇന്ന്

keralanews bus fare hike transport ministers talk with bus owners today

തിരുവനന്തപുരം:സംസ്ഥാനത്തെ ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് ബസ് ഉടമകളുമായി ഗതാഗതമന്ത്രിയുടെ ചർച്ച ഇന്ന്.വൈകുന്നേരം നാലരയ്‌ക്ക് തിരുവനന്തപുരത്ത് വെച്ചാണ് ചർച്ച നടക്കുക. ബസ് നിരക്ക് വർദ്ധനവ് കഴിഞ്ഞ സർക്കാർ ഉറപ്പ് നൽകിയിരുന്നു.മിനിമം ചാർജ് 12 രൂപയാക്കി ഉയർത്തുക, വിദ്യാർത്ഥികളുടെ കൺസെഷൻ മിനിമം ആറ് രൂപയാക്കുക, കൊറോണ കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകൾ പ്രധാനമായും മുന്നോട്ട് വച്ചിരിക്കുന്നത്. ഈ ആവശ്യങ്ങളിൽ ഉടൻ പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. അതേസമയം വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന ആവശ്യത്തിൽ വിശദമായ കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനം ഉണ്ടാകൂ. 2018ലാണ് അവസാനമായി ബസ് ചാർജ് വർധിപ്പിച്ചത്. എട്ട് രൂപയായാണ് ഉയർത്തിയത്. അന്ന് ഡീസലിന് 63 രൂപയായിരുന്നു. ഇപ്പോൾ ഡീസൽ വില 95 ആയി ഉയർന്ന സാഹചര്യത്തിൽ മിനിമം ചാർജും വിദ്യാർത്ഥികളുടെ നിരക്കും ഉയർത്താതെ മുന്നോട്ട് പോകാനാകില്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്.

പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കി; തീര്‍ഥാടകര്‍ക്ക്​ ദര്‍ശനത്തിന്​ അനുമതി

keralanews restrictions imosed in sabarimala due to rise in water level in pamba partially lifted pilgrims allowed to visit

പത്തനംതിട്ട: പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കി. മഴയില്‍ കുറവ് വന്നതോടെയാണ് നിയന്ത്രണങ്ങൾ നീക്കിയത്.നിലയ്ക്കല്‍ കഴിയുന്ന തീര്‍ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കി സാധ്യമാകുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായി ദര്‍ശനം അനുവദിക്കാനാണ് തീരുമാനം. കനത്ത മഴയെ തുടർന്ന് പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ശബരിമല തീര്‍ഥാടനത്തിന് ശനിയാഴ്ച ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സനും ജില്ല കലക്ടറുമായ ഡോ. ദിവ്യ എസ്. അയ്യരുമായി ശബരിമല എ.ഡി.എം അര്‍ജുന്‍ പാണ്ഡ്യന്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനമായത്.വാരാന്ത്യമായതിനാല്‍ വെര്‍ച്വല്‍ ക്യൂ വഴി ശനിയാഴ്ച 20,000 പേരാണ് ബുക്ക് ചെയ്തിരുന്നത്. ഇതില്‍ 90 ശതമാനം പേരും എത്താനാണ് സാധ്യത.വെള്ളിയാഴ്ച അര്‍ധരാത്രിയാണ് തീര്‍ഥാടകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതറിയാതെ നിലയ്ക്കലില്‍ ധാരാളം തീര്‍ഥാടകര്‍ എത്തിയിട്ടുണ്ട്. ഇവരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതും ആളുകളെ കടത്തിവിടാന്‍ കാരണമായി.ശനിയാഴ്ച രാവിലെ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. പമ്പ ത്രിവേണിയിലടക്കം ജലനിരപ്പ് തൃപ്തികരമാണ്.മഴ തുടരുകയാണെങ്കില്‍ പുഴയില്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൃത്യമായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തീര്‍ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുക.

സംസ്ഥാനത്ത് ഇന്ന് 5754 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;49 മരണം;6489 പേർ രോഗമുക്തി നേടി

keralanews 5754 corona cases confirmed in the state today 49 deaths 6489 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5754 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1109, തിരുവനന്തപുരം 929, കോഴിക്കോട് 600, തൃശൂർ 530, കോട്ടയം 446, കൊല്ലം 379, കണ്ണൂർ 335, പത്തനംതിട്ട 301, ഇടുക്കി 262, വയനാട് 209, പാലക്കാട് 199, മലപ്പുറം 191, ആലപ്പുഴ 181, കാസർഗോഡ് 83 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 63,534 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 155 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 37,051 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 25 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5382 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 310 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 37 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6489 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 905, കൊല്ലം 553, പത്തനംതിട്ട 264, ആലപ്പുഴ 169, കോട്ടയം 727, ഇടുക്കി 242, എറണാകുളം 973, തൃശൂർ 794, പാലക്കാട് 276, മലപ്പുറം 249, കോഴിക്കോട് 651, വയനാട് 191, കണ്ണൂർ 335, കാസർഗോഡ് 160 എന്നിങ്ങനെയാണ് രോഗമുക്തിയായത്.

തമിഴ്നാട്ടില്‍ കനത്ത മഴയിൽ വീടിന് മുകളിലേക്ക് മതിലിടിഞ്ഞു വീണ് ഒന്‍പത് മരണം

keralanews nine died when house collpases du to heavy rain in tamilnadu

ചെന്നൈ:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമർദത്തിന്റെ ഫലമായി തമിഴ്‌നാട്ടിൽ കനത്ത മഴ. വെല്ലൂരില്‍ വീടിനുമുകളില്‍ മതില്‍ ഇടിഞ്ഞു വീണ് ഒന്‍പത് പേര്‍ മരിച്ചു.ഇന്ന് രാവിലെ 6.30 ഓടെ പേരണംപേട്ട് ടൗണിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.സമീപത്തെ മതില്‍ തകര്‍ന്ന് വീടിന് മുകളില്‍ വീഴുകയായിരുന്നു. പാലാര്‍ നദി തീരത്തെ വീടാണ് അപകടത്തില്‍ തകര്‍ന്നത്. കനത്ത മഴയില്‍ നദി കരകവിഞ്ഞ സാഹചര്യത്തില്‍ ഇവിടെ നിന്നും ആളുകള്‍ മാറി താമസിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.റവന്യൂ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച്‌ മാറി താമസിക്കാന്‍ തയ്യാറാകാതിരുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.ഇവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലും വെല്ലൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൃഷ്ണഗിരി, ധര്‍മപുരി, വെല്ലൂര്‍, തിരുപ്പട്ടൂര്‍, ഈറോട്, സേലം ജില്ലകളില്‍ അടുത്ത 12 മണിക്കൂര്‍ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിര്‍ത്താലാക്കുന്നു;വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ കിറ്റ് നൽകാനാവില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ

keralanews free food kits will not be distributed in the state due to rising prices says food minister g r anil

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിര്‍ത്താലാക്കുന്നു. കൊവിഡ് സമയത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് റേഷന്‍ കടകള്‍ വഴി കിറ്റ് വിതരണം ചെയ്തതെന്നും വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ കിറ്റ് നല്‍കില്ലെന്നും ഭക്ഷ്യ മന്ത്രി ജി ആര്‍ അനിൽ ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ വ്യക്തമാക്കി.ആളുകള്‍ക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നല്‍കിയത്. ഇപ്പോള്‍ തൊഴില്‍ ചെയ്യാന്‍ പറ്റുന്ന സാഹചര്യമുണ്ട്. വരും മാസങ്ങളില്‍ കിറ്റ് കൊടുക്കുന്ന കാര്യം സ‌ര്‍ക്കാരിന്റെ പരിഗണനയിലോ ആലോചനയിലോ ഇല്ല.സപ്ലൈക്കോ വഴിയും കണ്‍സ്യൂമ‌ര്‍ഫെഡും ന്യായ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ ആറ് വ‌ര്‍‌ഷമായി പതിമൂന്ന് നിത്യോപയോഗ സാധനങ്ങള്‍ക്ക് സപ്ലൈക്കോയില്‍ വില വ‌ര്‍ദ്ധിപ്പിച്ചിട്ടില്ല. രാജ്യത്തൊട്ടാകെയുള്ള വിലക്കയറ്റം കേരളത്തെ ബാധിക്കാതിരിക്കാന്‍ വേണ്ടതെല്ലാം സ‌ര്‍ക്കാ‌ര്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.കിറ്റ് വിതരണം തുടരില്ലെന്ന് നേരത്തേ തന്നെ സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. സൗജന്യ കിറ്റുവിതരണം സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കിയ സാഹചര്യത്തിലായിരുന്നു ഇത്.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം; കനത്ത മഴയിൽ ആന്ധ്ര‍യില്‍ വെള്ളപ്പൊക്കം; തിരുപ്പതിയില്‍ കുടുങ്ങി നൂറുകണക്കിന് തീര്‍ത്ഥാടകര്‍

keralanews low pressure formed in bay of bengal floods in andhra pradesh due to heavy rains hundreds of pilgrims trapped in tirupati

അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും.കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വെങ്കടേശ്വര ഭഗവാന്റെ ആസ്ഥാനമായ തിരുമലയില്‍ നൂറ് കണക്കിന് തീര്‍ത്ഥാടകരാണ് ഒറ്റപ്പെട്ടത്.ക്ഷേത്രനഗരിയായ തിരുപ്പതിയിലും ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലും നിരവധി ഭക്തര്‍ കുടുങ്ങിയിരിക്കുകയാണ്.വെള്ളപ്പൊക്കം മൂലം തീര്‍ത്ഥാടകര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്തതിനാല്‍ ഭഗവാന്റെ ദര്‍ശനവും നിര്‍ത്തിവച്ചിരിക്കുകയാണ്. തിരുമലയിലെ ജപാലി ആഞ്ജനേയ സ്വാമി ക്ഷേത്രം വെള്ളത്തിനടിയിലാവുകയും പ്രതിഷ്ഠാവിഗ്രഹം മുങ്ങുകയും ചെയ്തു.വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് തിരുമല മലനിരകളിലേയ്ക്കുള്ള രണ്ട് ചുരങ്ങള്‍ അടച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്ന് വിമാനങ്ങളും വഴിതിരിച്ചുവിട്ടു.തിരുപ്പതി, കടപ്പ ചിറ്റൂര്‍ മേഖലകളില്‍ മഴ തുടരുന്നുണ്ടെങ്കിലും ന്യൂനമര്‍ദ്ദം കരതൊട്ടതിനാല്‍ തീവ്രമഴയില്ല. കടപ്പ ജില്ലയില്‍ ചെയേരു നദി കരകവിഞ്ഞൊഴുകിയതിനേത്തുടര്‍ന്ന് നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. പല ഗ്രാമങ്ങളിലും വീടുകളില്‍ വെള്ളംകയറി. അനന്ത്പുര്‍, കടപ്പ ജില്ലകളില്‍ വെള്ളിയാഴ്ചയും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ദക്ഷിണ ചെന്നൈ തീരം കടന്ന ന്യൂനമര്‍ദ്ദം അനന്ത്പുര്‍- ബെംഗളൂരു ബെല്‍റ്റിലേക്ക് നീങ്ങുകയാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട മേഖലകളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

മോഡലുകളുടെ അപകട മരണം;ഹോട്ടലുടമ റോയ് വയലാട്ട് ഉൾപ്പെടെ ആറ് പ്രതികൾക്ക് ജാമ്യം

keralanews death of models six incuding hotel owner got bail

കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ അറസ്റ്റിലായ ഹോട്ടലുടമ റോയ് വയലാട്ട് ഉൾപ്പെടെ ആറ് പ്രതികൾക്ക് ജാമ്യം. റോയിയുടെ മൊഴിയെടുത്ത ശേഷമാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.മോഡലുകളുടെ മരണത്തിലെ നിർണായക തെളിവായ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് ആറ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പ്രതികളെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഹോട്ടലുടമ റോയ് വയലാട്ടിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ഇയാളുടെ മൊഴി ആശുപത്രിയിൽവെച്ചാണ് പോലീസ് രേഖപ്പെടുത്തിയത്.കോടതിയിൽ പ്രതികൾക്കെതിരെ ശക്തമായ വാദങ്ങളായിരുന്നു പ്രോസിക്യൂഷൻ ഉയർത്തിയത്. എന്നാൽ മോഡലുകളുടെ മരണവും ഹാർഡ് ഡിസ്‌ക് നശിപ്പിക്കുന്നതും തമ്മിലുള്ള ബന്ധം എന്തെന്നാണ് പ്രതിഭാഗം ഉയർത്തിയ വാദം. ഇവരുടെ മരണത്തെ ഇതുമായി ബന്ധിപ്പിക്കാൻ സാധിക്കില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്. അപകടത്തനിടയാക്കി എന്ന് വിശ്വസിക്കുന്ന ഓഡി കാർ ഡ്രൈവർ സൈജുവിന് ജാമ്യം ലഹിച്ചു. ഇയാളാണ് അപകടത്തിൽ പെട്ട കാറിനെ ചേസ് ചെയ്തത്. റഹ്മാൻ മദ്യപിച്ച് കാർ ഓടിച്ചതായി പോലീസും പറയുന്നു. ഇതാണ് അപകടത്തിനുള്ള കാരണങ്ങൾ. ഇതിൽ തങ്ങൾ പ്രതിയാകുന്നതെങ്ങനെ എന്നും റോയിയുടെ അഭിഭാഷകൻ വാദിച്ചു.ഹോട്ടലിൽ സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയെന്നും നിർണായക തെളിവായ ഹാർഡ് ഡിസ്‌ക് കായലിലേയ്‌ക്ക് എറിഞ്ഞന്നെ് തെളിഞ്ഞതായും പോലീസ് പറഞ്ഞു. ഇതിലൂടെ റോയ് കേസിലെ പ്രധാന തെളിവ് നശിപ്പിക്കുകയാണെന്നും ആരെയോ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു. കേസിൽ ഒന്നാം പ്രതിയായ അബ്ദു റഹ്മാന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

ആളിയാർ ഡാമിന്റെ ഷട്ടറുകൾ അടച്ചു;പാലക്കാട് പുഴകളിൽ ജലനിരപ്പ് കുറഞ്ഞു

keralanews aliyar dam shutters closed water level in palakkad rivers falls

പാലക്കാട്; ആളിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ച് തമിഴ്‌നാട്. ഇതോടെ പാലക്കാട് ജില്ലകളിലെ പുഴകളിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങി.വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് അണക്കെട്ടിന്റെ ഒമ്പത് ഷട്ടറുകളും അടച്ചത്. ഷട്ടറുകൾ മുന്നറിയിപ്പില്ലാതെയാണ് തുറന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു.ചിറ്റൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു. തുടർന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് മേഖലയിലുണ്ടായത്.ശക്തമായ മഴയെ തുടർന്ന് ബുധനാഴ്ച രാത്രിയാണ് ആളിയാർ ഡാം തുറന്നത്. സെക്കൻഡിൽ ആറായിരം ഘനയടി വെള്ളം പുറത്തുവന്നതോടെ പാലക്കാട് ചിറ്റൂർ, യാക്കര പുഴകളിൽ വെള്ളം നിറഞ്ഞൊഴുകിയിരുന്നു. അപ്രതീക്ഷിതമായി വെള്ളം എത്തിയത് ജനങ്ങളെ പരിഭ്രാന്തരാക്കി.