ശ്രീകണ്ഠപുരം:ചെമ്പന്തൊട്ടിയിൽ സ്കൂൾ ബസ് മറിഞ്ഞ് പത്തു കുട്ടികൾക്ക് പരിക്ക്.കോട്ടൂർ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ശ്രീകണ്ഠപുരം,തളിപ്പറമ്പ്,കണ്ണൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച നടത്താനിരുന്ന മോട്ടോർ വാഹന പണിമുടക്ക് പിൻവലിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ശനിയാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന മോട്ടോർ വാഹന പണിമുടക്ക് പിൻവലിച്ചു.നിർദിഷ്ട മോട്ടോർവാഹന നിയമ ഭേദഗതി ബിൽ പാർലമെന്റിന്റെ പരിഗണനയ്ക്ക് വരാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിൻവലിക്കുന്നതെന്ന് കോൺഫെഡറേഷൻ ഓഫ് ട്രാൻസ്‌പോർട് വർക്കേഴ്സ് ഫെഡറേഷൻ അറിയിച്ചു.ബിൽ ഈ മാസം അഞ്ചിന് പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് സമരമെന്നാണ് സംഘാടകർ അറിയിച്ചത്.നിയമ ഭേദഗതി നടപ്പു സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു.
പി.മോഹനനെ വീണ്ടും സിപിഎം കോഴിക്കോട് ജില്ലാ സെക്രെട്ടറിയായി തിരഞ്ഞെടുത്തു
കോഴിക്കോട്:പി.മോഹനനെ വീണ്ടും സിപിഎം കോഴിക്കോട് ജില്ലാ സെക്രെട്ടറിയായി തിരഞ്ഞെടുത്തു.എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷടക്കം ഏഴ് പേര്‍ പുതുതായി ജില്ലാ കമ്മറ്റിയിലെത്തി.ടി.പി രാമകൃഷ്ണന്റെ പിൻഗാമിയായി കഴിഞ്ഞ സമ്മേളനത്തിലാണ് പി.മോഹനനെ കോഴിക്കോട് ജില്ലാ സെക്രെട്ടറിയായി തിരഞ്ഞെടുത്തത്. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രെട്ടറിയും ഒഞ്ചിയം ഏരിയ സെക്രെട്ടറിയുമായ ടി.പി ബിനീഷ്,മുസഫർ അഹമ്മദ്,കെ.കെ മുഹമ്മദ്,കാനത്തിൽ ജമീല,പി.പി ചത്ത്,കെ.കെ കൃഷ്ണൻ,ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രെട്ടറി പി.നിഖിൽ എന്നിവരാണ് പുതുതായി കമ്മിറ്റിയിൽ ഇടം പിടിച്ചത്.ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ സമരം നടത്തുന്നത് വികസന വിരോധികളാണ് വ്യക്തമാക്കുന്ന പ്രമേയവും സമ്മേളനം പാസാക്കി. ഗെയില്‍ വിരുദ്ധ സമരം നടത്തുന്ന വികസ വിരോധികളെ ഒറ്റപ്പെടുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു.
ശബരിമല ദർശനം നടത്തുന്ന സ്ത്രീകൾ ഇനി മുതൽ പ്രായം തെളിയിക്കുന്ന രേഖയും കയ്യിൽ കരുതണം
ശബരിമല:ശബരിമല ദർശനം നടത്തുന്ന സ്ത്രീകൾ ഇനി മുതൽ പ്രായം തെളിയിക്കുന്ന രേഖയും കയ്യിൽ കരുതണം.പത്തുവയസ്സുമുതൽ അമ്പതു വയസ്സുവരെയുള്ള സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നതിന് അനുവാദമില്ല.എന്നിട്ടും നിരവധി സ്ത്രീകൾ ഇവിടെ എത്തുകയും ഇവർ പിടിക്കപ്പെടുകയും ചെയ്യാറുണ്ട്.ഈ പശ്ചാത്തലത്തിലാണ് സ്ത്രീകൾക്ക് വയസ്സുതെളിയിക്കുന്ന രേഖ നിർബന്ധമാക്കിയിരിക്കുന്നത്.
200 രൂപ നോട്ടുകൾ എ ടി എമ്മുകളിൽ നിറയ്ക്കാൻ ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകി
ന്യൂഡൽഹി:200 രൂപ നോട്ടുകൾ രാജ്യത്തെ എല്ലാ എ ടി എമ്മുകളിലും നിറയ്ക്കാൻ ആർബിഐയുടെ നിർദേശം.കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ആർബിഐ 200 രൂപാ നോട്ടുകൾ പുറത്തിറക്കിയത്.തുടർന്ന് കഴിഞ്ഞ മാസത്തോടെ നോട്ടുകൾ ബാങ്കുകളിലൂടെ വിതരണത്തിനെത്തിയിരുന്നു.ഇന്ത്യയിൽ മൊത്തം 2,22,000 എടിഎം കൗണ്ടറുകളാണ് ഉള്ളത്.ഇതിൽ എല്ലാം കൂടി നിറയ്ക്കാൻ 110 കോടി രൂപയാണ് വേണ്ടത്.അതുകൊണ്ടുതന്നെ എല്ലാ എടിഎം മെഷീനുകളുടെയും പൂർണ്ണ വിവരങ്ങൾ എത്തിക്കാൻ ബാങ്കുകൾക്ക് ആർബിഐ നോട്ടീസ് നൽകിയിട്ടുണ്ട്.
ജയിലിൽ സന്ദർശകരെ അനുവദിച്ചതിൽ ചട്ടലംഘനം; ദിലീപിനെതിരായുള്ള ഹർജി തള്ളി
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് ദിലീപിന് ജയിലിൽ സന്ദർശകരെ അനുവദിച്ചതിൽ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് കാട്ടി നൽകിയ ഹർജി ഹൈക്കോടതി തള്ളി.ആ സമയത്ത് ജയിലിലെ സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ലെന്നും ഹർജിയിൽ ആരോപണമുണ്ടായിരുന്നു. തൃശ്ശൂര്‍ പീച്ചി സ്വദേശിനി മനീഷ എം.ആണ് ഹർജി നൽകിയത്.ജയില്‍ വകുപ്പിന്‍റെയും പോലീസിന്‍റെയും റിപ്പോര്‍ട്ട് അനുസരിച്ചാണ് ഹര്‍ജി തള്ളിയത്.ചട്ടം അനുസരിച്ചാണ് സന്ദര്‍ശകരെ അനുവദിച്ചതെന്നും ജയിലിലെ 24 ക്യാമറകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണൂരിലെ ആർഎസ്എസ് നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി:കണ്ണൂരിലെ ആർഎസ്എസ് നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.കണ്ണൂരിലെ സിപിഎമ്മിന്‍റെ കൊലപാതക രാഷ്‌ട്രീയത്തെക്കുറിച്ചും അക്രമത്തെക്കുറിച്ചും അന്വേഷിക്കാൻ ആർഎസ്എസ് നേതാക്കളെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.അണ്ടല്ലൂരിലെ സന്തോഷ്, പയ്യന്നൂരിലെ ബിജു തുടങ്ങിയ പ്രവര്‍ത്തകരെ സിപിഎം ഭരണത്തിന്‍റെ മറവില്‍ കൊലപ്പെടുത്തുകയും പ്രവർത്തകരെ ആക്രമിക്കുകയും ചെയ്യുന്നതിനാല്‍ രാഷ്ട്രീയപ്രവര്‍ത്തനം സാധ്യമല്ലെന്നും ജീവിക്കാന്‍ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജില്ലയിലെ ഒരു ആർഎസ്എസ് പ്രവർത്തകൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലയിലെ ആർഎസ്എസ് നേതാക്കൾ പ്രധാനമന്ത്രി വിളിപ്പിച്ചത്.ആർഎസ്എസ് നേതാക്കളായ വത്സൻ തില്ലങ്കേരി സുരേഷ് ബാബു, അഡ്വ.ജയപ്രകാശ്, അഡ്വ. കെ.കെ ബൽറാം എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
പുതിയ പത്തുരൂപ നോട്ട് റിസർവ് ബാങ്ക് ഉടൻ പുറത്തിറക്കും
ന്യൂഡൽഹി:മഹാത്മാഗാന്ധി സീരീസിൽപ്പെട്ട പുതിയ പത്തുരൂപ നോട്ട് റിസർവ് ബാങ്ക് ഉടൻ പുറത്തിറക്കും.ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള നോട്ടിൽ കൊണാർക്ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്.കഴിഞ്ഞയാഴ്ചയാണ് സർക്കാർ പുതിയ പത്തുരൂപ നോട്ടിന്റെ ഡിസൈന് അംഗീകാരം നൽകിയത്.കള്ളനോട്ടുകളുടെ ക്രയവിക്രയം തടയുന്നതിന്റെ സർക്കാരിന്റെ പദ്ധതികളുടെ ഭാഗമായാണ് റിസർവ് ബാങ്ക് മൂല്യം കുറഞ്ഞ നോട്ടുകൾ പുറത്തിറക്കുന്നത്.
സിപിഎം ഓഫീസിനു നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് ചെറുവാഞ്ചേരിയിൽ ഇന്ന് ഹർത്താൽ
ചെറുവാഞ്ചേരി:ചെറുവാഞ്ചേരിയിൽ സിപിഎം ഓഫീസിനു നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താൽ ആചരിക്കും.ഇത് മുപ്പതാം തവണയാണ് ഈ ഓഫീസിനു നേരെ ആക്രമണം ഉണ്ടാകുന്നത്.ഡിസംബർ പതിനേഴിനും ഇവിടെ അക്രമം നടന്നിരുന്നു.ഇത്തവണ ഓഫീസിന്റെ ഓടിളക്കി അകത്തുകടന്ന അക്രമിസംഘം ഫ്ളക്സ് ബോർഡുകളും കൊടികളും നശിപ്പിച്ചു.പുതിയ ഓഫീസിനായിട്ട തറക്കല്ലും അടിച്ചു തകർത്തിട്ടുണ്ട്.തലശ്ശേരി എഎസ്പി ചൈത്ര തെരേസ ജോൺ,വിരലടയാള വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമത്തിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെ ചെറുവാഞ്ചേരിയിൽ സിപിഎം ഹർത്താൽ നടത്തും.വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ജില്ലയിൽ 20 ക്വാറികൾക്ക് പാരിസ്ഥിക അനുമതി നൽകിയതായി കലക്റ്റർ
കണ്ണൂർ:ജില്ലയിൽ 20 ക്വാറികൾക്ക് പാരിസ്ഥിക അനുമതി നൽകിയതായി കലക്റ്റർ മിർ മുഹമ്മദലി.കോടതി വിധിയെ തുടർന്ന് പ്രവർത്തനം നിലച്ച ക്വാറികൾക്കാണ് നിയപ്രകാരമുള്ള പരിശോധനകൾ പൂർത്തിയാക്കി അനുമതി നൽകിയത്.നാല്പതോളം വരുന്ന ചെങ്കൽ ക്വാറികൾക്കും അനുമതി നൽകിയിട്ടുണ്ട്.ഇതോടെ പൊതുമരാമത്തു വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും കീഴിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമഗ്രികൾക്ക് അനുഭവപ്പെടുന്ന ക്ഷാമത്തിന് ചെറിയ തോതിൽ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കലക്റ്റർ പറഞ്ഞു.എന്നാൽ മണലെടുപ്പിന്റെ കാര്യത്തിൽ ജില്ലാഭരണകൂടത്തിന് തല്ക്കാലം ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ്.വെള്ളത്തിനടിയിൽ ഖനനം നടത്താൻ നടത്താൻ പാടില്ലെന്ന സുപ്രീം കോടതി വിധിയുടെ സാഹചര്യത്തിലാണിത്. തുറമുഖമണൽ മാത്രമാണ് ഇപ്പോൾ എടുക്കുന്നത്.അതേസമയം അനുമതി ലഭിച്ചുകഴിഞ്ഞാലും ക്വാറി പ്രവർത്തിക്കണമെങ്കിൽ കടമ്പകളേറെ കടക്കണമെന്ന് ക്വാറി ഉടമകൾ പറഞ്ഞു.പാരിസ്ഥിക അനുമതിക്ക് ഒരുലക്ഷം രൂപവരെ ഫീസടയ്ക്കണം.അനുമതി ലഭിച്ചു കഴിഞ്ഞാൽ തിരുവനന്തപുരത്തുള്ള മൈനിങ് ആൻഡ് ജിയോളജി ഡയറക്റ്ററേറ്റിൽ നിന്നും ലീസെടുക്കണം.ലീസടച്ചാൽ അത് ജില്ലാ രജിസ്ട്രാർ ഓഫീസിൽ എട്ടുശതമാനം മുദ്രക്കടലാസ് ഫീസും രണ്ടുശതമാനം രജിസ്‌ട്രേഷൻ ഫീസും നൽകി രജിസ്റ്റർ ചെയ്യണം. കല്ലുപൊട്ടിക്കണമെങ്കിൽ മൈനിങ് മാനേജർ,ബ്ലാസ്റ്റ്മാൻ എന്നീ ഉദ്യോഗസ്ഥർ സ്ഥിരം സ്റ്റാഫായി ക്വാറിയിൽ ഉണ്ടാകണം.കേരളത്തിൽ ഇതിനുള്ള പരീക്ഷകൾ പാസായവർ കുറവായതിനാൽ ആന്ധ്രാ,കർണാടക എന്നിവിടങ്ങളിൽ നിന്നും ഇവരെ ജോലിക്കെടുക്കണം.