ബെംഗളൂരു:ബെംഗളൂരുവിൽ മലിനജല ശുദ്ധീകരണ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മൂന്നു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു.സോമസുന്ദരപാളയത്തിലെ അപ്പാർട്ട്മെന്റിലെ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ ബെംഗളൂരു സ്വദേശികളായ മഹാദേവപ്പ,ശ്രീനിവാസ്,രമേശ് എന്നിവരാണ് മരിച്ചത്.ഞായറാഴ്ച രാവിലെ പത്തരയോടെയാണ് ഇവർ പത്തടി താഴ്ചയുള്ള ടാങ്ക് വൃത്തിയാക്കാനായി ഇറങ്ങിയത്.രണ്ടര മണിക്കൂറിനു ശേഷവും ആളനക്കം കാണാത്തതിനെ തുടർന്ന് പ്രദേശവാസികൾ പോലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിക്കുകയായിരുന്നു.ശ്വാസം കിട്ടാതെ കുഴഞ്ഞു വീണ തൊഴിലാളികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സ്വകാര്യ കരാറുകാരന് കീഴിൽ ജോലി ചെയ്യുന്ന മൂന്നുപേരും എല്ലാ മാസവും അപ്പാർട്മെന്റിലെ ടാങ്ക് വൃത്തിയാക്കാൻ എത്താറുണ്ടായിരുന്നു.മരിച്ചവരുടെ ബന്ധുക്കൾക്ക് ബിബിഎംപി അഞ്ചുലക്ഷം രൂപ വീതം നഷ്ട്ടപരിഹാരം അനുവദിച്ചു.
മാട്ടൂലിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം; ഏഴുലക്ഷം രൂപയും സ്വർണവും കവർന്നു
പഴയങ്ങാടി:മാട്ടൂൽ മൂസാക്കാൻ പള്ളിക്ക് സമീപം പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം. 6,90,000 രൂപ,30,000 രൂപ വിലമതിക്കുന്ന രണ്ട് സ്വർണനാണയം,20,000 രൂപയുടെ വാച്ച് എന്നിവയാണ് മോഷണം പോയത്.പരേതനായ എം.കെ മൂസാൻ ഹാജിയുടെ മകൾ കെ.ടി ഷെരീഫയുടെ വീട്ടിലാണ് മോഷണം നടന്നത്. പഴയങ്ങാടി സദ്ദാംറോഡിനടുത്ത് നടന്ന ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കുന്നതിനായി വീട്ടുകാർ വെള്ളിയാഴ്ച വീട് പൂട്ടി പോയിരുന്നു. ചടങ്ങിൽ പങ്കെടുത്ത ശേഷം ശനിയാഴ്ച്ച രാത്രി വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്ലും വാതിലും പൊളിച്ച് അകത്തു കടന്ന മോഷ്ട്ടാവ് കിടപ്പുമുറിയുടെ അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി വേണുഗോപാൽ,പഴയങ്ങാടി എസ്‌ഐമാരായ കെ.സി പ്രേമരാജൻ,പി.വി ചന്ദ്രൻ എന്നിവരും കണ്ണൂരിൽ നിന്നുള്ള പോലീസ് നായയും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
പാനൂർ പാലക്കൂൽ രാമൻപീടികയിൽ സിപിഎം സമ്മേളന ഓഫീസ് തീവെച്ചു നശിപ്പിച്ചു
പാനൂർ: പാനൂർ പാലക്കൂൽ രാമൻപീടികയിൽ സിപിഎം സമ്മേളന ഓഫീസ് തീവെച്ചു നശിപ്പിച്ചു.പാനൂർ സിപിഎം ലോക്കൽ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസിനായി താൽക്കാലികമായി തയ്യാറാക്കിയ ഷെഡ്ഡ് ആണ് ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടുകൂടി തീവെച്ചു നശിപ്പിച്ചത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാനൂർ പോലീസും അഗ്നിശമന സേനയും ചേർന്നാണ് തീയണച്ചത്.ഇതിനു മുൻപും ഇവിടെ സിപിഎം ഓഫീസിനു നേരെ ആക്രമണം ഉണ്ടായിരുന്നു.
സംസ്ഥാനത്തെ റേഷൻ കടകളിൽ 13 കോടി രൂപയുടെ അഴിമതി നടന്നതായി വിജിലൻസ് കണ്ടെത്തൽ
കൊച്ചി:സംസ്ഥാനത്തെ റേഷൻ കടകളിൽ 13 കോടി രൂപയുടെ അഴിമതി നടന്നതായി വിജിലൻസ് കണ്ടെത്തൽ.വെള്ള അരി ജയാ അരി എന്ന പേരിൽ പൊതുവിപണിയിൽ എത്തിച്ച് 20 കോടിയുടെ വെട്ടിപ്പാണ് നടക്കുന്നതെന്നും വിജിലൻസ് കണ്ടെത്തി.നഗരങ്ങളിൽ കാർഡ് ഉടമകളിൽ നാലിലൊന്നുപേർ മാത്രമാണ് റേഷൻ വാങ്ങാൻ എത്തുന്നത്.ആരെങ്കിലും ചോദിച്ചാൽ അരി കൊള്ളില്ല എന്ന് പറഞ്ഞ് ഇവരെ പിന്തിരിപ്പിക്കുകയും ചെയ്യും.ഇത്തരത്തിലുള്ള അരി പിന്നീട് കരിഞ്ചന്തയിലേക്ക് മാറ്റും.കരിഞ്ചന്തയിൽ അരി എത്തിക്കുന്നതിന് മൊത്തവിൽപ്പന ശാലകൾ കേന്ദ്രീകരിച്ച് വലിയ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.മിക്ക റേഷൻ കടകളിൽ നിന്നും ആഴ്ചയിൽ രണ്ടു മുതൽ അഞ്ചു ചാക്കുവരെ വരെ അരി ഇങ്ങനെ പുറത്തെത്തിക്കും.ഇങ്ങനെ പുറത്തെത്തിക്കുന്ന റേഷൻ കുത്തരി കിലോയ്ക്ക് 45-48 രൂപയ്ക്കാണ് പുറത്തു വിൽക്കുന്നത്.അഴിമതി നടന്നു ജയ അരിയായി എത്തുന്ന വെള്ള അരിക്കും ഏതാണ്ട് ഇതേ വിലയാണ്.
ശബരിമലയിൽ കാട്ടാനയുടെ കുത്തേറ്റ് അയ്യപ്പഭക്തൻ മരിച്ചു
പത്തനംതിട്ട:ശബരിമല കാനനതീർത്ഥാടന പാതയിലെ കരിമലയിൽ കാട്ടാനയുടെ കുത്തേറ്റ് അയ്യപ്പഭക്തൻ മരിച്ചു.ചെന്നൈ സ്വദേശി നിരോഷ് കുമാർ(30) ആണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച രാത്രി ഒന്നരമണിയോടെയാണ് സംഭവം.പതിനാലുപേരടങ്ങുന്ന സംഘമാണ് ശബരിമല ദർശനത്തിനെത്തിയത്.ഇവരിൽ നിന്നും കൂട്ടംതെറ്റിയ നിരോഷ് കുമാർ കാട്ടാനക്കൂട്ടത്തിന്റെ മുൻപിൽപെടുകയായിരുന്നു.മൃതദേഹം പമ്പയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ബെംഗളൂരുവിലെ ബാറിലുണ്ടായ അഗ്നിബാധയിൽ അഞ്ചു മരണം
ബെംഗളൂരു:ബെംഗളൂരുവിലെ ബാർ റെസ്റ്റോറന്റിലുണ്ടായ വൻ അഗ്നിബാധയിൽ അഞ്ചു ബാർ ജീവനക്കാർ മരിച്ചു.കലാശിപ്പാളയത്തെ കൈലാഷ് ബാർ റെസ്റ്റോറന്റിലാണ് ഇന്ന് പുലർച്ചെ തീപിടുത്തമുണ്ടായത്.കെ.ആർ മാർക്കറ്റിനു സമീപത്താണ് ബാർ പ്രവർത്തിക്കുന്നത്.തുംകൂർ സ്വദേശികളായ പ്രസാദ്(20),സ്വാമി(23),മഹേഷ്(35),മഞ്ജുനാഥ്(45),മാണ്ട്യ സ്വദേശിനിയായ കീർത്തി(24) എന്നിവരാണ് മരിച്ചത്.പുലർച്ചെ 2.30 ഓടെയാണ് റെസ്റ്റോറന്റിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്.സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേന സ്ഥലത്തി തീയണച്ചു.അതിനു ശേഷം നടത്തിയ പരിശോധനയിലാണ് അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ജില്ലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ വിദഗ്ദ്ധ ഉപസമിതിയെ നിയോഗിക്കുന്നു
കണ്ണൂർ:ജില്ലയിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ നിർദേശം.ജില്ലാ പദ്ധതി കരട് രേഖയിന്മേൽ നടന്ന ചർച്ചയിലാണ് നിർദേശം.ദേശീയപാതകളടക്കം ജില്ലയിലെ പ്രധാന റോഡുകളിൽ ഓരോ പതിനഞ്ചു കിലോമീറ്ററിലും വഴിയോര വിശ്രമ കേന്ദ്രങ്ങൾ ഒരുക്കാനും നിർദേശമുണ്ട്.സ്ത്രീകൾക്ക് മുലയൂട്ടുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുമുള്ള സൗകര്യം,കോഫീ ഷോപ്പ്,വൈഫൈ സൗകര്യം എന്നിവയും ഇവിടെ ലഭ്യമാക്കും.പൊതുമരാമത്തു വകുപ്പ്, ദേശീയപാത വിഭാഗം,ആർ ടി എ,പോലീസ് എന്നിവരുൾപ്പെടുന്ന വിദഗ്ദ്ധ സമിതി ഒരാഴ്ചയ്ക്കകം പ്രാഥമിക നിർദേശം സമർപ്പിക്കും.കാലപ്പഴക്കം കാരണം ജീർണ്ണിച്ച വാസയോഗ്യമല്ലാത്ത വീടുകൾ പൊളിച്ച് പുതുക്കിപ്പണിയാൻ പ്രത്യേക ഭവന പദ്ധതി രൂപീകരിക്കണമെന്ന് സാമൂഹിക ക്ഷേമം-പാർപ്പിടം ഉപസമിതി നിർദേശിച്ചു.ജില്ലാ ആസൂത്രണ സമിതി സമ്മേളന ഹാളിൽ നടന്ന സെമിനാർ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തു പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷത വഹിച്ചു.ടി.വി രാജേഷ് എംഎൽഎ,മേയർ ഇ.പി ലത,കലക്റ്റർ മിർ മുഹമ്മദലി,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്,പി.പി ദിവ്യ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.പി ജയബാലൻ,വി.കെ സുരേഷ് ബാബു,ടി.ടി റംല,കെ.ശോഭ,ജില്ലാ പാലുണ്ണിങ് ഓഫീസർ കെ.പ്രശാന്തൻ,ജില്ലാ പഞ്ചായത്തു ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
രാജ്യത്തെ മികച്ച പത്തു പോലീസ് സ്റ്റേഷനുകളിൽ ഒൻപതാം സ്ഥാനത്ത് വളപട്ടണം പോലീസ് സ്റ്റേഷനും
കണ്ണൂർ:രാജ്യത്തെ മികച്ച പത്തു പോലീസ് സ്റ്റേഷനുകളിൽ ഒൻപതാം സ്ഥാനത്ത് കണ്ണൂർ വളപട്ടണം പോലീസ് സ്റ്റേഷനും.കേരളത്തിൽ നിന്നും പട്ടികയിൽ ഉൾപ്പെട്ട ഏക സ്റ്റേഷനും വളപട്ടണമാണ്.കേന്ദ്ര അഭയന്തര മന്ത്രാലയത്തിന്റെ പരിശോധനയുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.കേസുകൾ തീർപ്പാക്കുന്നതിലും കുറ്റപത്രം സമർപ്പിക്കുന്നതിലുമുള്ള വേഗത, പൊതുജനങ്ങളോടുള്ള പെരുമാറ്റം, ക്രമസമാധാന പാലനം തുടങ്ങി 30 കാര്യങ്ങൾ വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്. അവസാന നിമിഷം വരെ ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന വളപട്ടണം അവസാന നിമിഷമാണ് ഒമ്പതാം സ്ഥാനത്തേക്ക് പോയത്.മണൽക്കടത്തിനെതിരെയുള്ള നടപടികളും ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമാണ് വളപട്ടണം പോലീസിനെ ശ്രദ്ധേയമാക്കിയത്.പോലീസുകാരുടെ ജനകീയ ഇടപെടലുകളാണ് മറ്റൊരു ഘടകം.സാമൂഹ്യ ദ്രോഹികള്‍ക്കെതിരേയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും അക്രമ രാഷ്ട്രീയത്തിനെതിരേയും കൈക്കൊണ്ട ചില നിലപാടുകള്‍ വളപട്ടണം പോലീസിനു ജനകീയ മുഖം നല്‍കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.ഓണം, പെരുന്നാള്‍, ക്രിസ്മസ്, ന്യൂ ഇയര്‍ തുടങ്ങിയ പരിപാടികളില്‍ നിര്‍ധനരും പാവങ്ങളുമായവരെ സഹായിക്കാന്‍ എസ്ഐ ശ്രീജിത്ത് കൊടേരിയും സിഐ എ. കൃഷ്ണനും മറ്റു പോലീസ് ഉദ്യോഗസ്ഥരും മുന്‍ നിരയില്‍ ഉണ്ടാവാറുണ്ട്.രണ്ടുവര്‍ഷം മുന്‍പ് ശ്രീജിത്ത് കൊടേരി ചുമതലയേല്‍ക്കുമ്പോള്‍ ഉണ്ടായിരുന്ന വളപട്ടണം സ്റ്റേഷന്‍റെ മുഖച്ഛായ തന്നെ മാറ്റിയ പ്രവര്‍ത്തനങ്ങളായിരുന്നു പിന്നീടുണ്ടായത്.വളപട്ടണം പോലീസ് സ്റ്റേഷനെ ദേശീയ അംഗീകാരത്തിന്റെ പട്ടികയിലെത്തിച്ചതിന്റെ നേട്ടം എസ്‌ഐ ശ്രീജിത്ത് കോടേരിക്കും സഹപ്രവർത്തകർക്കും അവകാശപ്പെട്ടതാണ്. പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ട സ്റ്റേഷനുകൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ സന്ദർശിച്ചിരുന്നു.ആറുമാസക്കാലം പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.ജനങ്ങളിൽ നിന്നുള്ള അഭിപ്രായവും സ്വീകരിച്ചു.ഇങ്ങനെ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മികച്ച സ്റ്റേഷനുകൾ തിരഞ്ഞെടുത്തത്.
ഡൽഹിയിൽ വാഹനാപകടത്തിൽ നാല് ഭാരദ്വഹന താരങ്ങൾ മരിച്ചു
ന്യൂഡൽഹി:ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഉണ്ടായ വാഹനാപകടത്തിൽ നാല് ഭാരദ്വഹന താരങ്ങൾ മരിച്ചു.രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഡൽഹി-ചണ്ഡീഗഡ് ദേശീയപാതയിൽ ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.ഡിവൈഡറിലിടിച്ച് നിയന്ത്രണംവിട്ട കാർ വഴിയരികിലെ തൂണിൽ ഇടിച്ചുകയറുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുകൾഭാഗം പൂർണ്ണമായും തകർന്നു.ഡൽഹിയിൽ നിന്നും പാനിപ്പത്തിലേക്ക് പോവുകയായിരുന്നു ആറുപേരും.പരിക്കേറ്റ രണ്ടുപേരെ ഡൽഹി ഷാലിമാർ ബാഗിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാരദ്വഹന ചാമ്പ്യൻഷിപ്പിൽ ലോക ചാമ്പ്യനായ സാക്ഷം യാദവും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. അമിത വേഗതയിലായിരുന്നു കാറെന്ന് പോലീസ് പറഞ്ഞു.
പീഡനക്കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പരാതിക്കാരി കോടതിയിൽ
കൊച്ചി:പീഡനക്കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പരാതിക്കാരി കോടതിയിൽ.എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണയ്ക്കിടെയാണ് പരാതിക്കാരി ആവശ്യമുന്നയിച്ചത്. തന്‍റെ പേര് നടൻ വെളിപ്പെടുത്തിയെന്നും തനിക്ക് ഭീഷണിയുണ്ടെന്നും പരാതിക്കാരിയായ യുവതി പറഞ്ഞു.തുടർന്ന് പരാതിക്കാരിയോട് ഈ മാസം 27 ന് കോടതിയിൽ ഹാജരാകണമെന്ന് എറണാകുളം സിജെഎം കോടതി അറിയിക്കുകയും ചെയ്തു. ഉണ്ണിമുകുന്ദൻ സിനിമ മേഖലയിലുള്ള യുവതിയെ വീട്ടിൽ വച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ഓഗസ്റ്റ് 28 നു ഉച്ചകഴിഞ്ഞു 3.30 നു നടന്‍റെ ഇടപ്പള്ളിയിലുള്ള വീട്ടിൽ വച്ച് മാനഭംഗ ശ്രമം നടന്നുവെന്നാണ് പരാതി.അതേസമയം, സിനിമാ ജീവിതം തകർക്കാനും തന്നെ അപമാനിക്കാനും മറ്റു ചിലരുമായി ഗൂഢാലോചന നടത്തി യുവതി കള്ളക്കേസ് ചമച്ചതാണെന്നാണ് ഉണ്ണി മുകുന്ദൻ ആരോപിക്കുന്നത്. തിരക്കഥ വായിച്ചു കേൾപ്പിക്കാനാണെന്നു പറഞ്ഞാണ് യുവതി തന്റെ വീട്ടിലെത്തിയത്.എന്നാൽ തിരക്കഥ അപൂർണ്ണമായതിനാൽ ആ സിനിമ നിരസിക്കുകയായിരുന്നു.അതിനുള്ള പകയാണ് യുവതിക്ക് തന്നോടുള്ളതെന്നും ഉണ്ണിമുകുന്ദന്റെ പരാതിയിൽ പറയുന്നു.പിന്നീട് യുവതി ഫോണിൽ വിളിച്ചു തനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം നൽകണമെന്നും അതിനു തയ്യാറായില്ലെങ്കിൽ പോലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയതായും ഉണ്ണി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.അതിനു ശേഷം പെൺകുട്ടിയുടെ അഭിഭാഷകനാണെന്നു പരിചയപ്പെടുത്തി ഒരാൾ തന്നെ വിളിച്ചിരുന്നുവെന്നും പെൺകുട്ടിയെ വിവാഹം ചെയ്യണമെന്നും അല്ലാത്തപക്ഷം 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഭീഷണിപ്പെടുത്തിയതായും ഉണ്ണി പറയുന്നു.