തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽപ്പെട്ട് മരിച്ചവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു.പൂന്തുറ ചെറിയമുട്ടം സ്വദേശി ജയിംസ്(41), തമിഴ്നാട് കൊല്ലംകോട് സ്വദേശി ജോണ്‍സണ്‍ (58) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.മൃതദേഹങ്ങൾ ബുധനാഴ്ച ബന്ധുക്കൾ ഏറ്റുവാങ്ങും.തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചശേഷം വിവിധ ആശുപത്രികളിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ് ഡിഎൻഎ ടെസ്റ്റിൽ തിരിച്ചറിഞ്ഞത്.
സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളിലും മാർച്ച് മാസത്തോടെ ഇ-പോസ് മെഷീൻ സ്ഥാപിക്കും
കണ്ണൂർ:ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് റേഷൻ വിതരണം നടത്തുന്നതിനുള്ള ഇ-പോസ് മെഷീൻ മാർച്ച് മാസത്തോടെ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും സ്ഥാപിക്കുമെന്ന് മന്ത്രി പി.തിലോത്തമൻ.മുണ്ടേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരോട് സപ്ലൈക്കോ മാവേലി സ്റ്റോർ ഉൽഘാടനം ചെയ്യവെയാണ് മന്ത്രി ഇക്കാര്യം വ്യകത്മാക്കിയത്.ഇ-പോസ് മെഷീൻ നിലവിൽ വന്നാൽ പിന്നീട് ആർക്കും കാർഡുടമകളുടെ ഒരുമണി അരിപോലും കുറയ്ക്കാനോ തട്ടിയെടുക്കാനോ സാധിക്കില്ല.റേഷൻ നമ്മുടെ അവകാശമാണെന്നും എല്ലാവരും റേഷൻ കടകളിൽ പോയി അരിയും ഗോതമ്പും ആട്ടയും വാങ്ങി ഉപയോഗിക്കണം.ഇതിന്റെ പ്രതിഫലനം വിപണയിൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.നിത്യോപയോഗ സാധനങ്ങൾ കൂടുതൽ എത്തിച്ചു റേഷൻ കടകൾ ശാക്തീകരിക്കും.ഇ-പോസ് മെഷീൻ വന്നുകഴിഞ്ഞാൽ ബാങ്കിങ് സർവീസ് അടക്കം റേഷൻ കടകളിലൂടെ നല്കാൻ കഴിയും.അടുത്ത സാമ്പത്തിക വർഷത്തോടെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മാവേലി സ്റ്റോർ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.കെ.കെ രാഗേഷ് എം.പി മുഖ്യാതിഥിയായിരുന്നു.മുണ്ടേരി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് എ.പങ്കജാക്ഷൻ ആദ്യവില്പന നിർവഹിച്ചു.
സഹകരണ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ ഉയർത്തി
ആലപ്പുഴ:സഹകരണ ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ കാൽശതമാനം ഉയർത്തി.ബുധനാഴ്ച ആരംഭിക്കുന്ന നിക്ഷേപ സമാഹരണം മുൻനിർത്തിയാണ് പലിശനിരക്ക് ഉയർത്തുന്നത്.പലിശനിരക്ക് ആകർഷകമല്ലാത്തത് നിക്ഷേപസമാഹരണത്തെ ബാധിക്കുമെന്ന ആശങ്കയെ തുടർന്നാണിത്. പ്രാഥമിക സഹകരണ സംഘങ്ങൾ,ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകൾ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്.15 മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശയിൽ വർധനയില്ല.മറ്റെല്ലാ സ്ഥിര നിക്ഷേപങ്ങൾക്കും പലിശ കൂടും.സംസ്ഥാന സഹകരണ ബാങ്ക് സ്വീകരിക്കുന്ന വ്യക്തിഗത നിക്ഷേപങ്ങൾക്കും കാൽശതമാനം പലിശ അധികം കിട്ടും.മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് അരശതമാനം പലിശ കൂടുതൽ ലഭിക്കും.
ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്;22 ട്രെയിനുകൾ റദ്ദാക്കി
ന്യൂഡൽഹി:കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ ഇന്ന് 22 ട്രെയിനുകൾ റദ്ദാക്കി.കാഴ്ച അവ്യക്തമായതിനാലാണ് സർവീസ് റദ്ദാക്കിയത്.40 ട്രെയിനുകൾ വൈകിയോടുകയും ചെയ്യുന്നുണ്ട്.ഉത്തരേന്ത്യയും കാഷ്മീർ താഴ്‌വരയും അതിശൈത്യത്തിന്‍റെ പിടിയിലാണ്. ഹരിയാന സർക്കാർ കഴിഞ്ഞ ദിവസം മൂടൽ മഞ്ഞിനെ തുടർന്നു ജനുവരി 14 വരെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മൂടൽമഞ്ഞ് ഏതാനും ദിവസങ്ങൾ കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വി.ടി ബൽറാമിനെതിരെ തൃത്താലയിൽ കയ്യേറ്റ ശ്രമവും ചീമുട്ടയേറും
പാലക്കാട്:വി.ടി ബൽറാമിനെതിരെ തൃത്താലയിൽ കയ്യേറ്റ ശ്രമവും ചീമുട്ടയേറും.എ കെ ജിക്കെതിരായി വിവാദ പരമാശം നടത്തിയതിനാണ് ബൽറാമിനെതിരെ കയ്യേറ്റശ്രമം നടന്നത്.പാലക്കാട് കൂറ്റനാട് സ്വകാര്യ ലാബിന്റെ ഉൽഘാടനത്തിനായി എത്തിയതായിരുന്നു വി.ടി ബൽറാം.ഇതിനിടെ സ്ഥലത്തേക്ക് പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ എത്തുകയായിരുന്നു.സ്ഥലത്ത് സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധക്കാർ ബൽറാമിന് നേരെ ചീമുട്ടയെറിഞ്ഞു.പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശി.പോലീസുകാർക്കും പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്.
ബസ്സിൽ നിന്നും വീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ക്‌ളീനർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ-ഇരിട്ടി റൂട്ടിൽ ഇന്ന് ബസ് പണിമുടക്ക്
കണ്ണൂർ:ബസ്സിൽ കയറുന്നതിനിടെ വീണ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.എടയന്നൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഇ.എം ആദിത്യൻ,കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി പാർവൺ പ്രകാശ് എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ രാവിലെയായിരുന്നു സംഭവം.ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ആഷിക്ക് ബസ് കൊതേരി സ്റ്റോപ്പിൽ നിർത്തിയപ്പോൾ വിദ്യാർഥികൾ കയറുന്നതിനിടെ ക്‌ളീനർ വാതിലടച്ചെന്നാണ് പരാതി.കൈ വാതിലിനിടിച്ചു വീണതിനെ തുടർന്നാണ് ഇരുവർക്കും പരിക്കേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് ബസിലെ ക്‌ളീനർ സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.ഇതിൽ പ്രതിഷേധിച്ച് ഇരിട്ടി-കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും.
അൻപത്തിയെട്ടാമത് സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം
തൃശൂർ:അൻപത്തിയെട്ടാമത് കേരളാ സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം.49 മത്സര ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോൾ 874 പോയിന്റുമായി കോഴിക്കോടാണ് ഒന്നാം സ്ഥാനത്ത്.868 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്.855 പോയിന്റ് നേടിയ മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്.നാടോടി നൃത്തവും മിമിക്രിയുമാണ് ഇന്ന് നടക്കാനുള്ള മത്സരങ്ങൾ.പ്രധാന വേദിയായ നീർമാതളത്തിൽ വൈകിട്ട് നാലുമണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്യും.മന്ത്രിമാരടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.
സംസ്ഥാന സ്കൂൾ കലോത്സവം;തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി
തൃശൂർ:സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ദിവസമായ നാളെ തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് ജില്ലാ കലക്റ്റർ അവധി പ്രഖ്യാപിച്ചു. സർക്കാർ,എയ്ഡഡ്,അൺ എയ്ഡഡ് സ്കൂളുകൾക്കാണ് അവധി.സിബിഎസ്ഇ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
വാഹന രെജിസ്ട്രേഷൻ കേസ്;നടി അമല പോൾ ക്രൈം ബ്രാഞ്ചിന് മുൻപാകെ ഹാജരാകണമെന്ന് ഹൈക്കോടതി
കൊച്ചി:വ്യാജ രേഖ ചമച്ച് പോണ്ടിച്ചേരിയിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത കേസിൽ നടി അമല പോൾ ക്രൈം ബ്രാഞ്ചിന് മുൻപാകെ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശം.ഈ മാസം 15ന് അമല ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.അന്ന് രാവിലെ 10 മണി മുതൽ ഒരുമണി വരെ ക്രൈം ബ്രാഞ്ചിന് അമലയെ ചോദ്യം ചെയ്യാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് അമല പോൾ നൽകിയ ഹർജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.ഒരുകോടി 20 ലക്ഷം രൂപ വിലവരുന്ന ആഡംബര കാർ പുതുച്ചേരിയിൽ വ്യാജ മേൽവിലാസമുപയോഗിച്ച് രജിസ്റ്റർ ചെയ്തത് വഴി അമല പോൾ 20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കേസ്.
പൂട്ടിക്കിടന്ന വീടിന്റെ തട്ടിൻപുറത്തു നിന്നും ബോംബ് ശേഖരം കണ്ടെടുത്തു
കണ്ണൂർ:ഏലാംകോട് പൂട്ടിക്കിടന്ന വീടിന്റെ തട്ടിൻപുറത്തു നിന്നും ബോംബ് ശേഖരം കണ്ടെടുത്തു.വീടിന്‍റെ തട്ടിൻപുറത്ത് ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.പോലീസ് പരിശോധന തുടരുകയാണ്.