നടുവിൽ:ജോലിക്കിടെ വൈദ്യുതലൈനിൽ നിന്നും ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു.കൊല്ലം കരുനാഗപ്പള്ളി സ്വദേശി പീടികച്ചിറയിൽ പ്രസാദാണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിയോടുകൂടി വെള്ളാട് ടൗണിന് സമീപമാണ് അപകടം നടന്നത്.വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനു ശേഷമാണ് പോസ്റ്റിൽ കയറിയത്.എന്നാൽ ലൈനിൽ കൂടി വൈദ്യുതി പ്രവഹിക്കുകയായിരുന്നു.ഷോക്കേറ്റ് താഴെ വീണ പ്രസാദിനെ നാട്ടുകാർ ചേർന്ന് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആറുമാസം മുൻപാണ് പ്രസാദ് ആലക്കോട് സെക്ഷനിൽ ലൈൻമാനായി ജോലിയിൽ പ്രവേശിച്ചത്.ഭാര്യ:അമ്പിളി, മക്കൾ:സൂര്യനാഥ്,സൂര്യരാജ്.
വടകരയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കാറുമായി കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്
വടകര:ആന്ധ്രായിൽ നിന്നും വരികയായിരുന്ന ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കാറുമായി കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു.ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. കാറിൽ സഞ്ചരിച്ച കുടുംബത്തിനാണ് പരിക്കേറ്റത്.ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വടകരയിൽവെച്ചാണ് അപകടം നടന്നത്.കണ്ണൂർ ഉളിയിൽ സ്വദേശി ഫൈസലും സംഘവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
ലോക കേരളസഭയ്ക്ക് തുടക്കമായി
തിരുവനന്തപുരം:കേരളാ വികസനത്തിന് സംസ്ഥാനത്തിന് പുറത്തുള്ള മലയാളികളെ കൂടി ഉൾപ്പെടുത്തുന്ന ലോക കേരളാ സഭയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി.സഭയുടെ ആദ്യ സമ്മേളനം നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്തു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രതിനിധികൾ സഭയിൽ പങ്കെടുക്കുന്നതിനായി തലസ്ഥാനത്തെത്തി.ചീഫ് സെക്രെട്ടറി പോൾ ആന്റണി സഭാരൂപീകരണം സംബന്ധിച്ച് പ്രഖ്യാപനം നടത്തി.തുടർന്ന് സഭാംഗങ്ങൾ ഒരുമിച്ചു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.351 അംഗങ്ങളാണ് സഭയിൽ ഉണ്ടാകുക.ലോക കേരളസഭയെ കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പി.ജെ കുര്യൻ,കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം,മുൻ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി,മുൻ കേന്ദ്രമന്ത്രി വയലാർ രവി തുടങ്ങിയവർ അവതരിപ്പിക്കും.ഉച്ചയ്ക്ക് 2.30 മുതൽ അഞ്ചു ഉപവേദികളിലായി മേഖല തിരിച്ചുള്ള സമ്മേളനങ്ങൾ നടക്കും.മന്ത്രിമാർ,എംപിമാർ,എംഎൽഎമാർ,പ്രവാസി വ്യവസായികൾ, സംരംഭകർ തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിക്കും. 6.15 മുതല്‍ സാംസ്‌കാരിക പരിപാടികള്‍ ആരംഭിക്കും. രണ്ടാം ദിനം വിവിധ വിഷയങ്ങള്‍ അടിസ്ഥാനമാക്കി മേഖലാ സമ്മേളനങ്ങളും പൊതുസഭാ സമ്മേളനവും നടക്കും. വൈകുന്നേരം 3.45ന് മുഖ്യമന്ത്രി സമാപന പ്രസംഗം നടത്തും. വെകുന്നേരം 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനവും കലാപരിപാടികളും അരങ്ങേറും.
തമിഴ്‌നാട് ട്രാൻസ്‌പോർട് കോർപറേഷൻ ജീവനക്കാർ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു
ചെന്നൈ:തമിഴ്‌നാട് ട്രാൻസ്‌പോർട് കോർപറേഷൻ ജീവനക്കാർ കഴിഞ്ഞ എട്ടുദിവസമായി നടത്തിവന്നിരുന്ന സമരം പിൻവലിച്ചു.തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടാണ് ഡ്രൈവർമാരും കണ്ടക്റ്റർമാരും അടക്കമുള്ള ജീവനക്കാർ സമരം ആരംഭിച്ചത്.ഡിഎംകെ, സിഐടിയു, എഐടിയുസി, ഐഎൻടിയുസി തുടങ്ങി 17 യൂണിയനുകൾ സമരത്തിൽ പങ്കെടുത്തു.
കണ്ണൂർ നടുവനാട് സിപിഐഎം ഓഫീസിനു നേരെ ആക്രമണം
കണ്ണൂർ:കണ്ണൂർ നടുവനാട് സിപിഐഎം ബ്രാഞ്ച് ഓഫീസിനു നേരെ ആക്രമണം.ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചു.ഇന്ന് പുലർച്ചെ നാലുമണിയോട് കൂടിയാണ് ആക്രമണം ഉണ്ടായത്.ഓഫീസ് അക്രമികൾ പൂർണ്ണമായും അടിച്ചു തകർത്തു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വനിതാ അഭിഭാഷക ഇന്ദു മൽഹോത്ര സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക്
ന്യൂഡൽഹി:രാജ്യത്തെ നീതിന്യായ ചരിത്രത്തിന് പുതിയ അധ്യായം രചിച്ച് വനിതാ അഭിഭാഷക ഇന്ദു മൽഹോത്ര സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക്.ഇന്ദു മൽഹോത്രയേയും മലയാളിയായ ജസ്റ്റീസ് കെ.എം ജോസഫിനെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ കൊളീജിയം ശിപാർശ ചെയ്തു.രാജ്യത്ത് ആദ്യമായാണ് ഒരു വനിത അഭിഭാഷക സുപ്രീം കോടതി ജഡ്ജിയായി നേരിട്ട് ശിപാർശ ചെയ്യപ്പെടുന്നത്.മുതിർന്ന അഭിഭാഷകയായി നിയമിക്കപ്പെടുന്ന രണ്ടാമത്തെ വനിതയായിരുന്നു ഇന്ദു. ജസ്റ്റീസ് ലീലാ സേത്താണ് ഈ ബഹുമതി ആദ്യം കരസ്ഥമാക്കിയത്.
കൂത്തുപറമ്പിൽ എസ്‌ഡിപിഐ പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ:കൂത്തുപറമ്പ് വട്ടോളിയിൽ എസ്‌ഡിപിഐ പ്രവർത്തകന് വെട്ടേറ്റു.കണ്ണവം ലത്തീഫിയ സ്കൂൾ വാൻ ഡ്രൈവറായ അയൂബിനാണ് വെട്ടേറ്റത്.ഇന്ന് വൈകുന്നേരമാണ് വെട്ടേറ്റത്.വാനിൽ കുട്ടികളെ ഇറക്കി മടങ്ങിവരുമ്പോൾ വാൻ തടഞ്ഞു നിർത്തിയാണ് ആക്രമിച്ചത്.പരിക്കേറ്റ അയൂബിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരാഴ്ച മുൻപും അയൂബിനു നേരെ കണ്ണവത്തുവെച്ച് വധശ്രമം ഉണ്ടായിരുന്നു.എസ്‌ഐ കെ.വി ഗണേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുറ്റിപ്പുറം പാലത്തിനടിയിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തി
മലപ്പുറം:കുറ്റിപ്പുറം പാലത്തിനടിയിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തി.445 വെടിയുണ്ടകളും അനുബന്ധ സാമഗ്രികളുമാണ് കണ്ടെത്തിയത്.കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇവിടെ നിന്നും പോലീസ് കുഴിബോംബുകൾ കണ്ടെടുത്തിരുന്നു.തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തുകയാണ്.കഴിഞ്ഞ ദിവസം പാലത്തിനടിയിൽ നിന്ന് ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ എൻഐഎ ഉൾപ്പടെയുള്ള ദേശീയ ഏജൻസികൾ അന്വേഷണം തുടരുന്നതിനിടെയാണ് വെടിയുണ്ടകളും കണ്ടെത്തിയിരിക്കുന്നത്.
കാസർകോട്ട് ഓട്ടോയിൽ നിന്നും തെറിച്ചു വീണ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കാസർകോഡ്:കാസർകോട്ട് ഓട്ടോയിൽ നിന്നും തെറിച്ചു വീണ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.ബേക്കൽ മീത്തൽ സ്വദേശികളായ ഷരീഫ്-ഫസീല ദമ്പതികളുടെ എട്ട് മാസം പ്രായമുള്ള മകൻ മുഹമ്മദ് നയാൻ ആണ് മരിച്ചത്.ഇവർ സഞ്ചരിച്ച ഓട്ടോ കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് കുഞ്ഞ് അമ്മയുടെ കൈയിൽ നിന്നും തെറിച്ചു റോഡിലേക്ക് വീഴുകയായിരുന്നു.
ലാവ്‌ലിൻ കേസ്;പിണറായി വിജയന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡൽഹി:ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീം കോടതി നോട്ടീസ്. സിബിഐ നല്‍കിയ അപ്പീലിലാണ് നോട്ടീസ്.കുറ്റവിമുക്തരാക്കിയ മറ്റ് രണ്ട് പേര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.മുന്‍ ജോയിന്‍റ് സെക്രട്ടറി എ.ഫ്രാന്‍സിസ് , ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍ എന്നിവർക്ക് നോട്ടീസ് അയക്കാനാണു സുപ്രീം കോടതി തീരുമാനം.ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതി വിധി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.ലാവ്‌ലിൻ കേസിൽ മൂന്നു പ്രതികൾ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിയും സുപ്രീം കോടതി സ്റ്റേ ചെയ്തു. മുൻ കെഎസ്ഇബി ഉദ്യാഗസ്ഥരായ കസ്തൂരിരംഗ അയ്യർ, ആർ. ശിവദാസൻ, കെ.ജി. രാജശേഖരൻ എന്നിവരുടെ വിചാരണയ്ക്കാണ് സ്റ്റേ. ഇവർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി നടപടി. കേസിൽ പിണറായി വിജയൻ, മോഹനചന്ദ്രൻ, ഫ്രാൻസീസ് എന്നിവരുടെ പങ്കിനു മതിയായ തെളിവുകളുണ്ടെന്നും പ്രഥമദൃഷ്ട്യാ ഗൂഢാലോചനയ്ക്കു തെളിവുണ്ടെന്നും സിബിഐ അറിയിച്ചു.