ഹാസൻ:കർണാടകയിലെ ഹാസനിൽ ബസ് മറിഞ്ഞ് എട്ടുപേർ മരിച്ചു.ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്.കർണാടക റോഡ് ട്രാൻസ്‌പോർട് കോർപറേഷന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.മൊത്തം 43 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്.ബസിന്റെ ഡ്രൈവറും കണ്ടക്റ്ററും ഉൾപ്പെടെ അഞ്ചുപേർ സംഭവസ്ഥലത്തുവെച്ചും രണ്ടുപേർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയും ഒരാൾ ആശുപത്രിയിൽവെച്ചുമാണ് മരിച്ചത്.അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിൽ നിന്നും ധർമശാലയിലേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
നാടൻ കലകളുടെ ‘ഉത്സവം’ കൊടിയിറങ്ങി
കണ്ണൂർ:നാടൻ കലകളുടെ ‘ഉത്സവം’ കൊടിയിറങ്ങി.പരമ്പരാഗത അനുഷ്ഠാന കലകളുടെ സംസ്ഥാനതല അവതരണത്തിനാണ് വെള്ളിയാഴ്ച സമാപനമായത്.നാടൻ കലകളുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി ടൂറിസം വകുപ്പാണ് ‘ഉത്സവം’ സംഘടിപ്പിച്ചത്. ഫോക്‌ലോർ അക്കാദമിയായിരുന്നു നാടൻകലകളുടെ അവതരണം നടത്തിയത്. ജനുവരി ആറിന് കണ്ണൂരിലാണ് ഉത്സവത്തിന്റെ സംസ്ഥാനതല ഉൽഘാടനം നടന്നത്. ഫോക്‌ലോർ അക്കാദമിയായിരുന്നു നാടൻകലകളുടെ അവതരണം നടത്തിയത്.ആറുദിവസം നീണ്ടുനിന്ന പരിപാടികളുടെ സമാപനദിവസമായ വെള്ളിയാഴ്ച പയ്യാമ്പലത്ത് നാടൻപാട്ടുകളുടെ അവതരണം നടത്തി.മറ്റൊരു വേദിയായ ടൌൺ സ്‌ക്വയറിൽ ചിമ്മാനക്കളി,കരകനൃത്തം,തീയാട്ടം എന്നിവ അരങ്ങേറി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻപുണ്ടായിരുന്നതും ഇപ്പോൾ അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്നതുമായ കലാരൂപങ്ങളെ വരും തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉത്സവം സംഘടിപ്പിച്ചത്.
മട്ടന്നൂർ എടയന്നൂരിൽ കോൺഗ്രസ്-സിപിഎം സംഘർഷത്തെ തുടർന്ന് 11 പേർക്ക് പരിക്കേറ്റു
മട്ടന്നൂർ:എടയന്നൂരിൽ കോൺഗ്രസ്-സിപിഎം സംഘർഷത്തെ തുടർന്ന് 11 പേർക്ക് പരിക്കേറ്റു. എടയന്നൂരിലെ കോൺഗ്രസ് ഓഫീസും സിപിഎം പ്രവർത്തകർ സഞ്ചരിച്ച ജീപ്പും അടിച്ചു തകർത്തു.ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.എടയന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് എസ്എഫ്ഐ,കെഎസ്‌യു പ്രവർത്തകർ സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷം തുടങ്ങിയത്.ഇത് പിന്നീട് കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലായി മാറുകയായിരുന്നു. എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കോൺഗ്രസ് ഓഫീസായ പ്രിയദർശിനി മന്ദിരത്തിനു നേരെ അക്രമമുണ്ടായി.ഓഫീസിനുള്ളിലെ ടി.വിയും ഫർണിച്ചറുകളും തകർത്തു.തുടർന്ന് സിപിഎം,സിഐടിയു പ്രവർത്തകർ സഞ്ചരിച്ച ജീപ്പ് തടഞ്ഞുവെച്ച് അടിച്ചു തകർക്കുകയായിരുന്നു. കോൺഗ്രസ് ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെ എടയന്നൂരിൽ കോൺഗ്രസ് ഹർത്താൽ ആചരിക്കും.വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
ഇത്തരഭാഷാ പഠനത്തിന് സാമ്പത്തിക സഹായം നൽകാനൊരുങ്ങി കണ്ണൂർ ജില്ലാപഞ്ചായത്ത്
കണ്ണൂർ:ഇത്തരഭാഷാ പഠനത്തിന് സാമ്പത്തിക സഹായം നൽകാനൊരുങ്ങി കണ്ണൂർ ജില്ലാപഞ്ചായത്ത്.നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ ജോലിചെയ്യുന്ന കേരളത്തിൽ ഇവരുമായുള്ള ആശയവിനിമയത്തിന് മലയാളികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്‌ഷ്യം.പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഇംഗ്ലീഷ്,ഹിന്ദി ഭാഷകൾ പഠിക്കുന്നതിനാണ് സാമ്പത്തിക സഹായം നൽകുക.സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന അച്ചി ഹിന്ദി,ഗുഡ് ഇംഗ്ലീഷ് കോഴ്‌സുകളിലൂടെയാണ് പദ്ധതി നടപ്പാക്കുക.ജില്ലാ പഞ്ചായത്തിന്റെ ഓരോ ഡിവിഷനിൽ നിന്നും ആദ്യം ചേരുന്ന 34 പേർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുക.17 വയസ്സ് പൂർത്തിയായ എട്ടാംക്ലാസ് യോഗ്യതയുള്ളവർക്ക് കോഴ്‌സിൽ ചേരാം.കോഴ്‌സിൽ ചേരുന്നതിനായുള്ള അപേക്ഷ നൽകുന്നതിന് ഈ മാസം 18 നകം ജില്ലാപഞ്ചായത്ത് അംഗങ്ങളെയോ തദ്ദേശസ്ഥാപനങ്ങളിലെ സാക്ഷരതാ പ്രേരക്മാരുമായോ ബന്ധപ്പെടാം.ഫോൺ:0497 2707699.
ആനമതിൽ തകർത്ത് കാട്ടാനക്കൂട്ടം ജനവാസകേന്ദ്രത്തിലേക്ക്
ആറളം:ആറളം വന്യജീവി സങ്കേതത്തിലെ ആന്മത്തിൽ തകർത്ത് കാട്ടാനക്കൂട്ടം ആദിവാസി പുനരധിവാസ മേഖലയിലേക്ക് കടന്നു.വന്യജീവി സങ്കേതവുമായി ആദിവാസി പുനരധിവാസ മേഖലയ്ക്ക് സംരക്ഷണം നൽകി ഫാം ഒൻപതാം ബ്ലോക്ക് വളയംചാലിനടുത്ത് ആനമുക്കിൽ സ്ഥാപിച്ച രണ്ടുമീറ്ററോളം പൊക്കമുള്ള ആനമതിലാണ് കാട്ടാനക്കൂട്ടം തകർത്തത്. ആദിവാസികളുടെ വീട്ടുമുറ്റത്തുകൂടിയാണ് ആനക്കൂട്ടം കടന്നുപോയത്.വെള്ളിയാഴ്ച പുലർച്ചയോടെയാണ് മതിൽ തകർത്തതെന്നാണ് സംശയം.പത്തുമീറ്ററോളം നീളത്തിൽ മതിലിന്റെ പകുതിയിലധികം ഭാഗം ആനക്കൂട്ടം തകർത്തു.അഞ്ചാനകൾ ജനവാസ മേഖലയിലേക്ക് പ്രവേശിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാരുടെ പരസ്യ വിമർശനം
ന്യൂഡൽഹി:സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാരുടെ പരസ്യ വിമർശനം. നിയമവ്യവസ്ഥയുടെ തലപ്പത്തെ പക്ഷപാതിത്വം ജനാധിപത്യം അപകടത്തിലാക്കുമെന്ന് വാർത്താസമ്മേളനം വിളിച്ചു ചേർത്ത് നാല് ജഡ്ജിമാർ തുറന്നടിച്ചു. ജസ്റ്റിസുമാരായ ജെ.ചെലമേശ്വർ,രഞ്ജൻ ഗോഗോയ്, മദൻ.ബി.ലോക്കൂർ,കുര്യൻ ജോസഫ് എന്നിവരാണ് കോടതി നടപടികൾ നിർത്തിവെച്ച് ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയിൽ വാർത്താസമ്മേളനം നടത്തിയത്.സുപ്രീം കോടതിയിൽ കുറച്ചു കാലങ്ങളായി ശരിയല്ലാത്ത കാര്യങ്ങൾ നടക്കുന്നതായി മുതിർന്ന ജഡ്ജിമാർ വിളിച്ചുപറഞ്ഞത് രാഷ്ട്രീയ,നിയമ മേഖലകളെ ഞെട്ടിച്ചിരിക്കുകയാണ്.കോടതിയുടെ പ്രവർത്തനങ്ങളിലെ താളപ്പിഴകൾ ചൂണ്ടിക്കാട്ടിയിട്ടും ചീഫ് ജസ്റ്റിസ് നടപടി എടുത്തില്ലെന്നും അതുകൊണ്ടുതന്നെ ഏറെ വേദനയോടെയാണ് മാധ്യമങ്ങളെ കാണുന്നതെന്നുമുള്ള ആമുഖത്തോടെയാണ് ജഡ്‌ജിമാർ മാധ്യമ പ്രവർത്തകരെ കണ്ടത്.നാല് ജഡ്ജിമാരും ചേർന്ന് ചീഫ് ജസ്റ്റിസിനെഴുതിയ ഏഴുപേജുള്ള കത്തും പുറത്തുവിട്ടു. സമാനതകളില്ലാത്ത ഈ സാഹചര്യം രാജ്യത്തെ ആശയക്കുഴപ്പത്തിലാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി നിയമമന്ത്രി രവിശങ്കർ പ്രസാദുമായി കൂടിക്കാഴ്ച നടത്തി.പരമോന്നത നീതിപീഠത്തിലെ ഭിന്നിപ്പിന്റെ ആഴവും പ്രത്യാഘാതങ്ങളും വിലയിരുത്തിയെങ്കിലും പ്രത്യക്ഷമായി ഇടപെടേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം.ഇത് നീതിന്യായ സംവിധാനത്തിന്റെ ആഭ്യന്തര കാര്യമാണെന്നും പ്രശ്നങ്ങൾ ജുഡീഷ്യറി തന്നെ സ്വയം പരിഹരിക്കുമെന്നും നിയമ സഹമന്ത്രി പി.പി ചൗധരി പറഞ്ഞു.കേസുകൾ പരിഗണിക്കുന്ന ബെഞ്ച് നിശ്ചയിക്കുന്നതിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര യുക്തിരാഹിത്യവും കീഴ്വഴക്ക ലംഘനവുമാണ് കാട്ടുന്നതെന്നും മുതിർന്ന ജഡ്ജിമാരെ വിശ്വാസത്തിലെടുക്കുന്നില്ലെന്നുമാണ് പരാതി.കേസുകൾ ഏത് ബെഞ്ച് കേൾക്കണമെന്ന് തീരുമാനിക്കാനുള്ള പരമാധികാരം തനിക്കാണെന്ന് കഴിഞ്ഞ നവംബറിൽ മെഡിക്കൽ കോഴക്കേസിലെ വിവാദ വിധിക്കു ശേഷം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തുറന്നടിച്ചതോടെയാണ് ജഡ്ജിമാർക്കിടയിലെ അവിശ്വാസം പരസ്യമായി തുടങ്ങിയത്.
പച്ചക്കറികൾക്ക് വിൽപ്പന വില നിശ്ചയിക്കണമെന്ന് കർഷക സംഘടന
ന്യൂഡൽഹി:പച്ചക്കറികൾക്കും മറ്റു ഭക്ഷ്യവിളകൾക്കും പരമാവധി വിൽപ്പന വില നിശ്ചയിക്കണമെന്ന് ആർഎസ്എസ് കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘ്.കർഷകർ വലിയ അനീതിയാണ് നേരിടുന്നതെന്നും പച്ചക്കറികൾക്കും മറ്റ് കാർഷികോൽപ്പനങ്ങൾക്കും വില്പന വില നിശ്ചയിക്കാൻ സർക്കാർ തയ്യാറാകണമെന്നുമാണ് കിസാൻസംഘ് ആവശ്യപ്പെടുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള നരേന്ദ്രമോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് രാജ്യത്തെ കർഷകരെ സംബന്ധിച്ച നിർണായക ആവശ്യവുമായി ഭരണാനുകൂല്യ സംഘടന തന്നെ രംഗത്തെത്തിയിരിക്കുന്നത്. കാർഷിക വിളകളുടെ താങ്ങുവില ഉയർത്തുമെന്ന സർക്കാരിന്റെ പ്രഖ്യാപനം വെറും തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നും കിസാൻസംഘ് കുറ്റപ്പെടുത്തുന്നു. നിലവിൽ പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് പച്ചക്കറി ഉത്പന്നങ്ങൾക്ക് താങ്ങുവില നൽകുന്നത്.ഇപ്പോൾ 23 ഇനങ്ങൾക്ക് മാത്രമാണ് സർക്കാർ താങ്ങുവില നിശ്ചയിച്ചിട്ടുള്ളത്.എല്ലാ പ്രധാനപ്പെട്ട വിളകൾക്കും താങ്ങുവില നല്കാൻ സർക്കാർ തയ്യാറാകണമെന്നും ഭാരതീയ കിസാൻസംഘ് ദേശീയ സെക്രെട്ടറി മോഹിനി മോഹൻ മിശ്ര പറഞ്ഞു.
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനെ തിരഞ്ഞെടുത്തു
ന്യൂഡൽഹി:രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനെ തിരഞ്ഞെടുത്തു.റെയിൽവേ സ്റ്റേഷനുകളുടെ ശുചിത്വ സർവേയിലാണിത്.ട്രാവൽ ആപ്പായ ഇക്സിഗോ നടത്തിയ ഓൺലൈൻ സർവേയിലാണ് കോഴിക്കോടിനെ ഏറ്റവും വൃത്തിയുള്ള സ്റ്റേഷനായി തിരഞ്ഞെടുത്തത്.കോഴിക്കോടിനെ കൂടാതെ കർണാടകത്തിലെ ഹൂബ്ലി ജംഗ്‌ഷൻ,ദേവനഗരി,ജാർഖണ്ഡിലെ ദൻബാദ്,മധ്യപ്രദേശിലെ ജബൽപൂർ, ഛത്തീസ്ഗഡിലെ ബിലാസ്പൂർ,ഗുജറാത്തിലെ വഡോദര തുടങ്ങിയ സ്റ്റേഷനുകളും പട്ടികയിലുണ്ട്. ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനാണ് ശുചിത്വത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നിൽ.
ജെഡിയു യുഡിഎഫ് വിട്ടു;ഇനി എൽഡിഎഫിനൊപ്പം
തിരുവനന്തപുരം:ജനതാദൾ യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേരാൻ തീരുമാനിച്ചു.എം.പി വീരേന്ദ്രകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഡിഎഫിൽ നിന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല.ജെഡിയുവിന്റെ രാഷ്ട്രീയ വിശ്വാസം എൽഡിഎഫുമായി ചേർന്നുപോകുന്നതാണ്.വർഗീയത ചെറുക്കാൻ ഇടതുപക്ഷമാണ് നല്ലതെന്നും വൈകാരികമായും എൽഡിഎഫിനോടാണ് ബന്ധമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന കൗൺസിൽ യോഗത്തിനു ശേഷമാണ് വീരേന്ദ്രകുമാർ ഇടതുമുന്നണിയിലേക്ക് മാറുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ഇടതുമുന്നണിയിൽ ചേരാനുള്ള പാർട്ടി തീരുമാനം എം.വി. ശ്രേയാംസ്കുമാർ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഇടതുമുന്നണി കണ്‍വീനർ വൈക്കം വിശ്വനെയും നേരിട്ടു കണ്ട് അറിയിച്ചു.ഇന്നലെ രാവിലെ ചേർന്ന ജനതാദൾ-യു നേതൃയോഗം യുഡിഎഫ് വിടാനുള്ള തീരുമാനം ഏകകണ്ഠമായാണ് എടുത്തത്. എതിർപ്പു പ്രകടിപ്പിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന മുൻ മന്ത്രി കെ.പി. മോഹനനും കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മനയത്ത് ചന്ദ്രനും പാർട്ടി പ്രസിഡന്‍റ് എം.പി. വീരേന്ദ്രകുമാറിന്‍റെ തീരുമാനത്തെ പൂർണമായും പിന്താങ്ങി.
ആലപ്പുഴയിൽ സ്കൂളിലെ ശുചിമുറിയുടെ മതിലിടിഞ്ഞു വീണ് രണ്ടാംക്ലാസ് വിദ്യാർത്ഥി മരിച്ചു
ആലപ്പുഴ:ആലപ്പുഴയിൽ സ്കൂളിലെ ശുചിമുറിയുടെ മതിലിടിഞ്ഞു വീണു രണ്ടാംക്ലാസ് വിദ്യാർത്ഥി മരിച്ചു.ആലപ്പുഴ തലവടി ചൂട്ടുമാലിൽ എൽപി സ്കൂളിലാണ് സംഭവം.സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി മുണ്ടച്ചിറയിൽ ബൻസന്റെയും ആൻസാമ്മയുടെയും മകൻ സെബാസ്റ്റ്യൻ ആണ് മരിച്ചത്.കാലപ്പഴക്കം വന്ന് ദ്രവിച്ച ഭിത്തിയാണ് അപകടം വരുത്തിവച്ചത്.