കണ്ണൂർ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോംബ് പൊട്ടി കണ്ണൂരിൽ പന്ത്രണ്ടുകാരന് പരിക്കേറ്റു. നരിവയല്‍ സ്വദേശി ശ്രീവര്‍ധനാണ് പരിക്കേറ്റത്.നെഞ്ചിനും കാലിനും പരിക്കേറ്റ കുട്ടിയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളിക്കുന്നതിനിടെ പന്ത് ഗ്രൗണ്ടിന് തൊട്ടടുത്തുള്ള കാടുപിടിച്ച പറമ്പിലേക്ക് പോയപ്പോള്‍ കുട്ടികള്‍ അതെടുക്കാന്‍ പോകുകയായിരുന്നു. ഇതോടെ പറമ്പിന്റെ മതിലിന് അരികിലുണ്ടായിരുന്ന ബോള്‍ രൂപത്തിലുള്ള ഐസ്‌ക്രീം കപ്പുകള്‍ കുട്ടികളുടെ ശ്രദ്ധയില്‍പെട്ടു. ശ്രീവര്‍ധന്‍ ഇത് എടുക്കുകയും സംശയം തോന്നിയതോടെ വലിച്ചെറിയുകയും ചെയ്തു. ആ സമയത്താണ് ബോംബ് പൊട്ടിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം;മൂന്നുപേർ കസ്റ്റഡിയിൽ
പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ.പാലക്കാട് സ്വദേശി സുബൈര്‍ നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്.മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് സുബൈര്‍. സുബൈറിന്റെ മുറിയില്‍ നിന്നാണ് മറ്റുള്ളവരെ പിടികൂടിയത്. കേസില്‍ ഇവര്‍ക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇതു വരെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.വിശദമായ ചോദ്യം ചെയ്യലിന് ശേഷമാകും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുക.കഴിഞ്ഞയാഴ്ചയാണ് ഭാര്യ അര്‍ഷികയുടെ മുന്നില്‍വച്ച് സഞ്ജിത്തിനെ അക്രമി സംഘം കൊലപ്പെടുത്തിയത്. ഇരുവരും ബൈക്കില്‍ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ സഞ്ജിത്തിനെ റോഡില്‍വെച്ച് വെട്ടുകയായിരുന്നു.സഞ്ജിത്തിന്‍റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് എഫ്‌ഐആര്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കൊലപാതകത്തിന് എത്തിയ പ്രതികൾ സഞ്ചരിച്ച മാരുതി 800 കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. സഞ്ജിത്ത് കൊല്ലപ്പെട്ടിട്ട് ഒരാഴ്ച തികഞ്ഞതോടെ പ്രതികളെ പിടികൂടാത്ത പോലീസ് നടപടിയിൽ പ്രതിഷേധവും ശക്തമായിരുന്നു.
രണ്ട് കോടിയോളം രൂപയുടെ നിരോധിത നോട്ടുകളുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ മംഗളൂരുവിൽ പിടിയിൽ
ബെംഗളൂരു: രണ്ട് കോടിയോളം രൂപയുടെ നിരോധിത നോട്ടുകളുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ മംഗളൂരുവിൽ പിടിയിൽ.കണ്ണൂർ സ്വദേശി സുബൈർ, പടീൽ സ്വദേശി ദീപക് കുമാർ, ബജ്പെ സ്വദേശി അബ്ദുൽ നസീർ എന്നിവരാണ് പിടിയിലായത്. അസാധുവാക്കിയ നോട്ടുകൾ ശിവമോഗ, ചിത്രദുർഗ എന്നിവിടങ്ങളിൽ നിന്നാണ് കൊണ്ടുവന്നതെന്ന് പ്രതികൾ വെളിപ്പെടുത്തി.കാറിൽ കടത്തുകയായിരുന്ന ഒരു കോടി 92 ലക്ഷത്തി അമ്പതിനായിരം രൂപയുടെ നിരോധിത നോട്ടുകളാണ് ഇവരിൽ നിന്നും പിടികൂടിയത്. അഡയാറിൽ നിന്ന് ലാൽബാഗിലേക്കുള്ള യാത്രാമധ്യേ വാഹന പരിശോധനയ്‌ക്കിടെയായിരുന്നു സംഭവം. രണ്ട് ബാഗുകളിലായാണ് നോട്ടുകൾ സൂക്ഷിച്ചിരുന്നത്.ഇലക്ട്രിക്കൽ കോൺട്രാക്ടറാണ് അറസ്റ്റിലായ ദീപക്. നസീറും സുബൈറും ഡ്രൈവർമാരാണ്. ആയിരം രൂപയുടെ 10 കെട്ടുകളും 500 രൂപയുടെ 57 കെട്ടുകളുമാണ് ഉണ്ടായിരുന്നത്. 50 ശതമാനം മൂല്യമുള്ള പഴയ നോട്ടുകൾ ബാങ്ക് എടുക്കുമെന്ന് പ്രചരിപ്പിച്ച് ഇവർ ആളുകളെ കബളിപ്പിക്കാൻ ശ്രമിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടത്തിക്കൊണ്ട് വന്ന പണം സൂക്ഷിക്കാനാണ് മംഗളൂരുവിൽ എത്തിച്ചത്.
ഗുണനിലവാരം ഇല്ല; പാരസെറ്റമോള്‍ ഉള്‍പ്പെടെ 10 ബാച്ച് മരുന്നുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചു
തിരുവനന്തപുരം: ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പാരസെറ്റമോള്‍ ഉള്‍പ്പെടെ 10 ബാച്ച് മരുന്നുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചു.ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് മരുന്നിന് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയത്. നിരോധിത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും ഇവ വിതരണക്കാരന് തിരികെ നല്‍കി വിശദാംശങ്ങള്‍ ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് മരുന്നിന് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയത്. പാരസെറ്റമോള്‍ (ടി 3810), കാല്‍ഷ്യം വിത്ത് വിറ്റമിന്‍ ഡി 3 (ടിഎച്ച്‌ടി -21831), പാരസെറ്റമോള്‍ ആന്‍ഡ് ഡൈക്ലോഫെനാക് പൊട്ടാസ്യം ഗുളിക (എംഎസി 90820), അമോപിന്‍ 5, അമ്ലോഡിപൈന്‍ ഗുളിക (എഎംപി 1001), ഗ്ലിബന്‍ക്ലമൈഡ് ആന്‍ഡ് മെറ്റ്‌ഫോര്‍മിന്‍ (പിഡബ്ല്യുഒഎകെ 58), ലൊസാര്‍ടന്‍ പൊട്ടാസ്യം ഗുളിക (എല്‍പിടി 20024), എസ്‌വൈഎംബിഇഎന്‍ഡി– അല്‍ബെന്‍ഡസോള്‍ (എസ്‌ടി 20-071), ബൈസോപ്രോലോല്‍ ഫ്യുമേറേറ്റ് ഗുളിക (56000540), സൈറ്റികോളിന്‍ സോഡിയം ഗുളിക (ടി 210516), റോംബസ് ഹാന്‍ഡ് സാനിറ്റൈസര്‍ (292) എന്നിവയാണ് നിരോധിച്ച മരുന്നുകൾ.
നിയമസഭാ കയ്യാങ്കളിക്കേസ്; വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും;ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ ഹാജരാകില്ല
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് നിയമസഭയിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്.അതേ സമയം മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരാവില്ലെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ ദിവസം പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളിയിരുന്നു.വിടുതല്‍ ഹര്‍ജി തള്ളിയ വിചാരണ കോടതി നടപടിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നതിനാലാണ് പ്രതികള്‍ ഹാജരാകാത്തത്. ഇക്കാര്യം പ്രതികളുടെ അഭിഭാഷകര്‍ കോടതിയെ അറിയിക്കും. മന്ത്രി വി. ശിവന്‍കുട്ടി, ഇപി ജയരാജന്‍, കെടി ജലീല്‍ എംഎല്‍എ, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണവേളയിലാണ് വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ നിയമസഭയിലെ പൊതുമുതല്‍ നശിപ്പിച്ചത്. കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി രൂക്ഷവിമര്‍ശനത്തോടെ തള്ളിയിരുന്നു.ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ് ഈ ആറ് പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് തന്നെ ഈ വിടുതൽ ഹർജികൾ അംഗീകരിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചാണ് കോടതി പ്രതികളുടെ വിടുതൽ ഹർജികൾ തള്ളിയത്.
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം;അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു.രാത്രി എട്ടരയോടെയാണ് കുഞ്ഞുമായി ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്.ആന്ധ്രയിലെ ദമ്പതികളിൽ നിന്നും കുഞ്ഞിനെ ഇന്നലെ വൈകീട്ടോടെയാണ് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ ഏറ്റുവാങ്ങിയത്. പോലീസ് സംരക്ഷണത്തോടെയാണ് കുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചത്. കുട്ടി അനുപമയുടേതാണെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധനയ്‌ക്ക് വിധേയമാക്കും. പരിശോധനയ്‌ക്കായി അനുപമയുടെയും, ഭർത്താവ് അജിത്തിന്റെയും സാമ്പിളുകൾ അടുത്ത ദിവസം ശേഖരിക്കും. പരിശോധനാ ഫലം രണ്ട് ദിവസത്തിനുള്ളിൽ പുറത്തുവരും. ഇതിന് ശേഷമേ കുഞ്ഞിനെ അനുപയ്‌ക്ക് കൈമാറുകയുള്ളൂ. അതുവരെ ശിശു സംരക്ഷണ ഓഫീസർ നിശ്ചയിക്കുന്ന ആൾ കുട്ടിയെ സംരക്ഷിക്കും.
സംസ്ഥാനത്ത് ഇന്ന് 6075 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;32 മരണം;6061 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6075 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂർ 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂർ 367, ഇടുക്കി 241, മലപ്പുറം 215, ആലപ്പുഴ 213, പത്തനംതിട്ട 212, പാലക്കാട് 205, വയനാട് 203, കാസർകോട് 100 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 216 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 37,299 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 24 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5686 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 330 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6061 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1002, കൊല്ലം 668, പത്തനംതിട്ട 29, ആലപ്പുഴ 239, കോട്ടയം 473, ഇടുക്കി 288, എറണാകുളം 963, തൃശൂർ 507, പാലക്കാട് 187, മലപ്പുറം 158, കോഴിക്കോട് 775, വയനാട് 118, കണ്ണൂർ 471, കാസർഗോകോട് 183 എന്നിങ്ങനെയാണ് രോഗമുക്തിയായത്.
ബസുടമകളുടെ ആവശ്യത്തോട് യോജിച്ച് സര്‍ക്കാര്‍;സംസ്ഥാനത്ത് ബസ് ചാർജ്ജ് വർദ്ധിപ്പിക്കാൻ തീരുമാനം
തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് ചാർജ്ജ് വർദ്ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു.ബസ് ഉടമകളുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.നത്തിന് അമിത ഭാരം ഈടാക്കാതെ എങ്ങനെ നിരക്കു വര്‍ധന നടപ്പിലാക്കാമെന്നാണ് ആലോചിക്കുന്നതെന്നു മന്ത്രി പറഞ്ഞു. പുതിയ ബസ് ചാര്‍ജ് എന്നു മുതല്‍ നിലവില്‍ വരണമെന്ന് ഉടന്‍ തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനുമായി ആശയവിനിമയം നടത്തും. ചാര്‍ജ് വര്‍ധിപ്പിക്കുമ്പോൾ ഓരോ ഫെയര്‍ സ്റ്റേജിലെയും നിരക്കു സംബന്ധിച്ച് കഴിഞ്ഞ ഉത്തരവിലുണ്ടായിരുന്ന അപാകത മാറ്റും. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷം വൈകാതെ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.മിനിമം ചാർജ് 12 രൂപയായി ഉയർത്തുക, വിദ്യാർഥികളുടെ കൺസെഷൻ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകൾ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ.
പാര്‍ലമെന്റില്‍ കാര്‍ഷിക ബില്ല് പിന്‍വലിക്കുന്നതുവരെ സമരം തുടരും;കര്‍ഷകര്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണം; കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നൽകണമെന്നും കർഷക സംഘടനകൾ
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് കര്‍ഷക സംഘടനകള്‍.സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സിംഘു അതിര്‍ത്തിയില്‍ ചേര്‍ന്ന യോഗത്തിലാണ് സമരം തുടരാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. എന്നാല്‍ തങ്ങളുടെ ആവശ്യം നിയമപരമായി ഉറപ്പാക്കിയ ശേഷം മാത്രമാകും സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. അതുവരെ കേന്ദ്രസര്‍ക്കാരിന് എതിരെ ട്രാക്റ്റർ റാലി അടക്കമുള്ള പ്രക്ഷോഭങ്ങൾ തുടരുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.താങ്ങുവിലയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ലെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു. കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് കോര്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സമരവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണം. സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കര്‍ഷകര്‍ സര്‍ക്കാരിന് മുന്നില്‍വെയ്ക്കും. നിയമങ്ങള്‍ റദ്ദാക്കാനുള്ള സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താനും യോഗത്തില്‍ ധാരണയായി.
പാപ്പിനിശ്ശേരി ദേശീയപാതയിൽ സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കണ്ണൂർ: പാപ്പിനിശ്ശേരി ദേശീയപാതയിൽ സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പാപ്പിനിശ്ശേരി പഴഞ്ചിറ ധര്‍മക്കിണറിന് സമീപത്തെ കെട്ടിട നിര്‍മാണ തൊഴിലാളി മേപ്പയില്‍ സന്ദീപ് കുമാറാണ് (32) മരിച്ചത്.ദേശീയപാതയില്‍ കീച്ചേരി പാമ്പാലയ്ക്ക് സമീപം വെള്ളിയാഴ്ച വൈകീട്ട് 5.45 ഓടെയാണ് അപകടം നടന്നത്. സ്വകാര്യ ബസും ബൈക്കും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതിനിടെ പാമ്പാലയ്ക്ക് സമീപത്തെ സർവീസ് സ്റ്റേഷന് സമീപത്തു വെച്ച് ബസ് ബൈക്കിനെ മറികടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബൈക്കില്‍ ബസ് തട്ടിയതോടെ ബൈക്ക് യാത്രക്കാനായ യുവാവ് ബസിനടിയില്‍പെടുകയായിരുന്നു. ബസിന്റെ ടയര്‍ ശരീരത്തില്‍ കയറിയിറങ്ങുകയും ഹെല്‍മറ്റടക്കം തകരുകയും ചെയ്തു.പഴഞ്ചിറയിലെ ശ്രീധരന്റെയും മേപ്പയില്‍ ചന്ദ്രമതിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: സനല്‍, സജിഷ്, ഷംന. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്ന് സംസ്കരിക്കും.