ചെറുപുഴ:രാജഗിരി മരുതുംതട്ടിൽ തേനീച്ചയുടെ കുത്തേറ്റ് രണ്ട് വിദ്യാർഥികളടക്കം നാലുപേർക്ക് പരിക്ക്.ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ മരുതുംതട്ടിൽ നിന്നും സ്കൂളിലേക്ക് പോകാനായി നടന്നുവരികയായിരുന്ന രണ്ട് വിദ്യാർത്ഥികൾക്കാണ് ആദ്യം കുത്തേറ്റത്.ചെറുപുഴ കന്നിക്കളം ആർക്ക് ഏയ്ഞ്ചൽസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അലൻ സിനോയി(16),സഹോദരൻ ഏഴാം ക്ലാസ് വിദ്യാർത്ഥി ജോയൽ സിനോയി(13),എന്നിവർക്കാണ് തേനീച്ചക്കുത്തേറ്റത്. മരുതുംതട്ടിൽ നിന്നും ബൈക്കിൽ രാജഗിരിയിലേക്ക് പോവുകയായിരുന്ന വിൻസെന്റ്,രാജഗിരിയിൽ നിന്നും മരുതുംത്തട്ടിലേക്ക് വരികയായിരുന്ന ഷിനോജ് എന്നിവർക്കാണ് പിന്നീട് കുത്തേറ്റത്.നാലുപേരും ചെറുപുഴ സെന്റ് സെബാസ്ററ്യൻസ് ആശുപത്രിയിൽ ചികിത്സ തേടി.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആർദ്രം എമർജൻസി കെയർ പ്രവർത്തനം തുടങ്ങി
കണ്ണൂർ:കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആർദ്രം എമർജൻസി കെയർ പ്രവർത്തനം തുടങ്ങി. റെയിൽവെ അതോറിറ്റിയും ദേശീയ ആരോഗ്യ ദൗത്യവും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാനുള്ളതാണ് പദ്ധതി.മൈതാനപ്പള്ളി അർബൻ പി.എച്.സി.യുടെ കീഴിലാണ് ആർദ്രം സെന്റർ പ്രവർത്തിക്കുന്നത്.രോഗിക്ക് ആവശ്യമുള്ള മരുന്നുകളും ഉപകരണങ്ങളും അടുത്തുള്ള പി.എച്ച്.സിയിൽ നിന്നും എത്തിക്കും.രാവിലെ ഒൻപതുമണി മുതൽ രാത്രി എട്ടുമണി വരെയാണ് പ്രവർത്തന സമയം.രക്തസമ്മർദ്ദ പരിശോധന,പ്രമേഹ പരിശോധന,സി പി ആർ ആൻഡ് എ ഇ ഡി പരിശോധന എന്നിവയാണ് അടിയന്തിര ഘട്ടത്തിൽ ലഭിക്കുക.
തലശ്ശേരി മൂഴിക്കരയിൽ അജ്ഞാതനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
തലശ്ശേരി:തലശ്ശേരി മൂഴിക്കരയിൽ അജ്ഞാതനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.ചൊവ്വാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് മൂഴിക്കര ബസ്‌സ്റ്റോപ്പിന് സമീപത്തെ നിർമാണത്തിലിരിക്കുന്ന വീടിനോട് ചേർന്ന് മൃതദേഹം കണ്ടത്.താടി നീട്ടി വളർത്തിയിട്ടുണ്ട്. നീല കുപ്പായവും ചുവന്ന ലുങ്കിയുമാണ് ധരിച്ചിരിക്കുന്നത്.കഴുത്തിൽ നൈലോൺ കയർ ഉപയോഗിച്ച് മുറുക്കിയ നിലയിലാണ് മൃതദേഹമുള്ളത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തലശ്ശേരി എഎസ്പി ചൈത്ര തെരേസ ജോൺ,സിഐ വി.വി ബെന്നി എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിവരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. പോലീസ് നായ മണം പിടിച്ചു കൊപ്പാലം ഭാഗത്തുള്ള ക്വാർട്ടേഴ്‌സ് പരിസരം വരെ ഓടി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.അതേസമയം കൊല്ലപ്പെട്ടയാളോടൊപ്പം മദ്യപിച്ചതെന്നു കരുതുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിലെ ചായക്കടയിലെ തൊഴിലാളിയാണ് മരിച്ചതെന്നാണ് ഇയാൾ ചേദ്യം ചെയ്യലിൽ പറഞ്ഞത്.എന്നാൽ മദ്യലഹരിൽ ഇയാൾ പറയുന്ന കാര്യങ്ങൾ വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
മലപ്പുറത്ത് കാനറാ ബാങ്ക് എടിഎം തകർത്ത് മോഷണ ശ്രമം
മലപ്പുറം:മലപ്പുറം രാമപുരത്ത് കാനറാ ബാങ്ക് എടിഎം തകർത്ത് മോഷണ ശ്രമം.എടിഎം പൂർണ്ണമായും തകർത്തു.എന്നാൽ പണം നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം.ബാങ്ക് അധികൃതർ എത്തി പരിശോധിച്ചാൽ മാത്രമേ പണം നഷ്ട്ടമായോ എന്ന് കൃത്യമായി മനസിലാക്കാൻ സാധിക്കുകയുള്ളൂ.കരിഓയിൽ തേച്ചാണ് കള്ളനെത്തിയത്.കറുത്ത സ്പ്രേ സിസിടിവി ക്യാമറയിൽ അടിച്ചെങ്കിലും മോഷണ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വിദേശത്തു നടക്കുന്ന രീതിയിൽ വാഹനം കെട്ടിവലിച്ചു എടിഎം മെഷീൻ തന്നെ കടത്തിക്കൊണ്ടുപോയി പണം തട്ടാനാണ് ശ്രമം നടന്നിട്ടുള്ളതെന്ന നിഗമനത്തിലാണ് പോലീസ്. രാമപുരം-കടുങ്ങപുരം റോഡിൽ കരിമ്പനയ്ക്കൽ യൂസഫിന്റെ ഉടമസ്ഥതയിലുള്ള കരിമ്പനയ്ക്കൽ കോംപ്ലക്സിലാണ് എടിഎം പ്രവർത്തിക്കുന്നത്. ബുധനാഴ്ച പുലർച്ചെയാണ് കവർച്ച ശ്രമം നടന്നത് .രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ് എടിഎം കൗണ്ടറിനു മുൻപിൽ സാധനങ്ങൾ ചിതറിക്കിടക്കുന്നത് കണ്ടത്. ഇവർ കെട്ടിട ഉടമയെ വിവരം അറിയിച്ചതിനെ തുടർന്ന് അദ്ദേഹം പോലീസിൽ അറിയിക്കുകയും പോലീസ് എത്തി പരിശോധിച്ചാണ് കവർച്ച ശ്രമം നടന്നതായി കണ്ടെത്തിയത്.
നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ നിർത്തിയിട്ട വാഹനത്തിൽ നിന്നും എടുത്തതാണെന്ന വാദവുമായി ദിലീപ് കോടതിയിൽ
കൊച്ചി:നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ നിർത്തിയിട്ട വാഹനത്തിൽ നിന്നും എടുത്തതാണെന്ന വാദവുമായി ദിലീപ് കോടതിയിൽ.കേസിലെ കുറ്റപത്രം ചോദ്യം ചെയ്ത് ദിലീപ് കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ആദ്യ കുറ്റപത്രത്തിൽ നിന്നും വ്യത്യസ്തമാണ് അനുബന്ധ കുറ്റപത്രത്തിലെ വിവരങ്ങളെന്നും ദിലീപ് ആരോപിച്ചു. നടിയെ ആക്രമിച്ച വീഡിയോയിലുള്ള ശബ്ദവും ദൃശ്യവും പ്രോസിക്യൂഷൻ പറഞ്ഞതിന് വിപരീതമാണ്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയും ദിലീപും തമ്മിൽ ഒത്തുകളി നടന്നിട്ടുണ്ട്.ഈ മെമ്മറി കാർഡിലെ സ്ത്രീശബ്ദത്തെ പറ്റിയും ദിലീപ് പരാതിപ്പെടുന്നുണ്ട്. വീഡിയോയിലുള്ള സ്ത്രീശബ്ദം ഒഴിവാക്കി മെമ്മറി കാർഡിൽ തിരിമറി നടത്താനുള്ള ശ്രമം നടന്നിട്ടുണ്ട്.ചില സമയങ്ങളിൽ ഈ സ്ത്രീ ശബ്ദം കേൾക്കാൻ കഴിയുന്നുണ്ട്.ചില നിർദേശങ്ങളാണ് സ്ത്രീ നൽകുന്നത്.പൊലീസിന് ഇഷ്ട്ടമുള്ള വീഡിയോകളും ശബ്ദങ്ങളും മാത്രമടങ്ങുന്ന മെമ്മറി കാർഡാണ് കോടതിയിൽ കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.കഴിഞ്ഞ മാർച്ചിലാണ് പോലീസ് ഒന്നാം പ്രതിയുടെ ശബ്ദ സാമ്പിളുകൾ എടുത്തത്.വീഡിയോയിൽ ഉള്ള പ്രതിയുടെ ശബ്ദവുമായി ഒത്തുനോക്കാൻ വേണ്ടിയായിരുന്നു ഇത്.ഇതിന്റെ റിസൾട്ട് ഇതുവരെ ലഭ്യമായിട്ടില്ലെന്നും ദിലീപിന്റെ പരാതിയിൽ പറയുന്നു.
ഇരിട്ടി മേഖലയിൽ അഞ്ചിടങ്ങളിൽ തീപിടുത്തം
ഇരിട്ടി:ഇരിട്ടി മേഖലയിൽ അഞ്ചിടങ്ങളിൽ തീപിടുത്തം.തില്ലങ്കേരി തെക്കംപോയിലിലെ ബാലൻ മാസ്റ്ററുടെ റബർത്തോട്ടം, മുക്കട്ടിയിലെ റബർതോട്ടം, മിത്തലെ പുന്നാട്, എടക്കാനം, ബാരാപ്പോൾ പദ്ധതി പ്രദേശം എന്നിവടങ്ങളിലാണ് തീപ്പിടിത്തമുണ്ടായത്.ഇരിട്ടിയിൽ നിന്നും മട്ടന്നൂരിൽ നിന്നും എത്തിയ അഗ്‌നിശമന സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
കേന്ദ്രസർക്കാർ ഹജ്ജ് സബ്‌സിഡി നിർത്തലാക്കി
ന്യൂഡൽഹി:ഹജ്ജ് തീർത്ഥാടകർക്കായി കേന്ദ്രം നൽകിവരുന്ന സബ്‌സിഡി കേന്ദ്രം നിർത്തലാക്കി. പകരം ഈ തുക മുസ്ലിം ന്യൂനപക്ഷങ്ങൾക്കായി ചെലവഴിക്കാനാണ് തീരുമാനം. കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.700 കോടി രൂപയാണ് ഹജ്ജ് സബ്സിഡിക്കായി നീക്കിവെച്ചിരുന്നത്.സബ്സിഡി നൽകുന്നത് ഘട്ടം ഘട്ടമായി നിർത്തലാക്കണമെന്ന സുപ്രീംകോടതി നിർദേശത്തിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ തീരുമാനം.2022ഓടെ സബ്സിഡി നൽകുന്നത് ഘട്ടം ഘട്ടമായി നിർത്തലാക്കണമെന്നായിരുന്നു ഉത്തരവ്. ഇതിന്‍റെ ചുവടുപിടിച്ചാണ് നാലുവർഷം ബാക്കി നിൽക്കെ ഒറ്റയടിക്ക് കേന്ദ്രസർക്കാർ സബ്സിഡി നിർത്തലാക്കിയത്.
യുവനടൻ സിദ്ധു ആർ പിള്ളയെ ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തി
പനാജി:ദുൽക്കർ സൽമാൻ നായകനായ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവനടൻ സിദ്ധു ആർ പിള്ളയെ(25) ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തി.പ്രശസ്ത നിർമാതാവായിരുന്ന പി.കെ.ആർ പിള്ളയുടെ മകനാണ് സിദ്ധു.നാട്ടിൽ നിന്നും ഗോവയിലെത്തിയ അമ്മയാണ് സിധുവിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.മരണ കാരണം വ്യക്തമല്ല.സെക്കൻഡ് ഷോ കൂടാതെ നിരവധി ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഹരിപ്പാട്ട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 34 പേർക്ക് പരിക്ക്
ഹരിപ്പാട്:ഹരിപ്പാട് നങ്യാർകുളങ്ങരയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 34 പേർക്ക് പരിക്കേറ്റു.പാലക്കാട്ട് വിവാഹത്തിന് പോയി മടങ്ങിയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അഞ്ചാലുംമൂട്ടിലേക്ക് വരികയായിരുന്നു ബസ്.പരിക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ഫെബ്രുവരി ഒന്നുമുതൽ അനിശ്ചിതകാല ബസ് സമരം
തിരുവനന്തപുരം:സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതൽ അനശ്ചിതകാല സ്വകാര്യ ബസ് സമരം.നിരക്കു വർധന ആവശ്യപ്പെട്ടാണ് സമരം.മിനിമം ചാർജ് പത്തുരൂപയാക്കണമെന്നാണ് ആവശ്യം.കേരള ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.2014ന് ശേഷം ബസ് ചാർജ് വർധിപ്പിച്ചിട്ടില്ലെന്നും അതിനാൽ അടിയന്തരമായി നിരക്ക് വർധിപ്പിക്കണമെന്നും ജസ്റ്റീസ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് പൂർണമായും നടപ്പാക്കണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം.