തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ വാഹനപണിമുടക്ക്.രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് പണിമുടക്ക്.ഓട്ടോ,ടാക്സി,സ്വകാര്യ ബസ്സുകൾ,ലോറി,ടാങ്കർ ലോറി, കെഎസ്ആർടിസി ബസുകൾ,ഡ്രൈവിംഗ് സ്കൂൾ,വർക്ക് ഷോപ്,സ്പെയർ പാർട്സ് ഡീലേഴ്‌സ് തുടങ്ങിയ വിവിധ മേഖലകളിലെ തൊഴിലുടമ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കും. പാൽ,പത്രം,ആംബുലൻസ്,ആശുപത്രി തുടങ്ങിയവ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്ക് പൂർണ്ണമാക്കാൻ സഹകരിക്കണമെന്നും മോട്ടോർ വ്യവസായ സംരക്ഷണ സമിതി കൺവീനർ കെ.കെ ദിവാകരൻ അറിയിച്ചു.
നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷൻ
കൊച്ചി:നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷൻ. കേസിന്‍റെ അനുബന്ധ കുറ്റപത്രത്തോടൊപ്പം പോലീസ് സമർപ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകർപ്പും ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ രണ്ട് ഹർജികൾക്ക് നൽകിയ മറുപടിയിലാണ് പ്രോസിക്യൂഷൻ ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്.ആക്രമണ ദൃശ്യങ്ങളിൽ നിന്നും ഒരു സ്ത്രീ ശബ്ദം എഡിറ്റ് ചെയ്തു മാറ്റിയിട്ടുണ്ടെന്നും ഇടയ്ക്ക് ഈ സ്ത്രീ ചില നിർദേശങ്ങൾ നൽകുന്നത് കേൾക്കാമെന്നുമായിരുന്നു ദിലീപ് ഹർജിയിൽ പറയുന്നത്.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളിലെ സൂക്ഷ്മ ശബ്ദങ്ങൾ ദിലീപ് കോടതിയിൽനിന്നു കേട്ടുമനസിലാക്കി എന്നു വിശ്വസിക്കാൻ പ്രയാസമാണെന്നും അത്തരം സൂക്ഷ്മ ശബ്ദങ്ങൾ മനസിലാക്കാൻ അത്യാധുനിക ലാബിന്‍റെ സേവനം ആവശ്യമാണെന്നും പ്രോസിക്യൂഷൻ സത്യവാങ്മൂലത്തിൽ പറയുന്നു. അതുകൊണ്ടുതന്നെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും അടുത്തിടെ ദിലീപ് നടത്തിയ വിദേശയാത്ര ഈ ശബ്ദങ്ങൾ പരിശോധിക്കാനാണോ എന്ന് സംശയമുള്ളതായും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം:അനുജന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 774 ദിവസമായി ശ്രീജിത്ത് സെക്രെട്ടെറിയേറ്റ് പടിക്കൽ സമരം നടത്തുകയാണ്.ഇന്നത്തെ വിധി അനുകൂലമായാൽ ശ്രീജിത്ത് സമരം അവസാനിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.കേസിൽ കുറ്റാരോപിതരായ പോലീസുകാർ തങ്ങൾക്കെതിരെയുള്ള നടപടികൾ സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ നിന്നും ഉത്തരവ് സമ്പാദിച്ചിരുന്നു.ഈ സ്റ്റേ നീക്കണമെന്നും സിബിഐ അന്വേഷണത്തിന് ഉത്തരവ് നൽകണമെന്നും ആവശ്യപ്പെട്ടാണ് ശ്രീജിത്ത് ഹർജി നൽകിയിരിക്കുന്നത്.
ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ
ന്യൂഡൽഹി:ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ.ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദ് ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള കൊല്ലം സ്വദേശി ഷെഫിൻ ജഹാന്റെ ഹർജിയാണ് സുപ്രീം കോടതി പ്രധാനമായും പരിഗണിക്കുക. കഴിഞ്ഞ തവണ കേസ് പരിഗണിച്ച സുപ്രീം കോടതി ഹാദിയയെ പഠനത്തിനായി സേലത്തെ ശിവരാജ് മെഡിക്കൽ കോളേജിലേക്ക് അയച്ചിരുന്നു.അതിനു ശേഷം ഇന്നാണ് കോടതി കേസ് പരിഗണിക്കുന്നത്. ദേശീയശ്രദ്ധ ആകര്‍ഷിച്ച കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. ഹാദിയയുടെ ഇപ്പോഴത്തെ സ്ഥിതി കോടതി ആരാഞ്ഞേക്കും. കേസുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. വിവാഹ വെബ്‌സൈറ്റിലൂടെയാണ് ഷെഫിൻ ജഹാനെ കണ്ടെത്തിയതെന്ന് ഹാദിയയുടെ മൊഴി തെറ്റാണെന്നു സ്ഥാപിക്കുന്നതാണ് എൻഐഎയുടെ പുതിയ കണ്ടെത്തൽ. ഹാദിയ പറഞ്ഞ വിവാഹ വെബ്സൈറ്റ് പണം നൽകുന്നവർക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ എന്നും വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് ഷെഫിൻ ഈ സൈറ്റിൽ അക്കൗണ്ട് തുടങ്ങിയതെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ചാലപ്പുറം സ്വദേശി സജീവ് കുമാറിനെയാണ്(46) ഇന്ന് പുലർച്ചെ നെഫ്രോളജി വിഭാഗം ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ദിലീപിന് നൽകാനാകില്ലെന്ന് പ്രോസിക്യൂഷൻ
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ദിലീപിന് നൽകാനാകില്ലെന്ന് പ്രോസിക്യൂഷൻ.കേസിൽ കുറ്റപത്രത്തോടൊപ്പം പോലീസ് സമർപ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകർപ്പും ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് പ്രോസിക്യൂഷൻ ഇക്കാര്യം കോടതിയെ അറിയിച്ചത്.കേസ് വിധി പറയാനായി ഈമാസം 25 ലേക്ക് മാറ്റി.അതേസമയം ദൃശ്യങ്ങളിലെ ചില സംഭാഷണങ്ങൾ അടർത്തി മാറ്റി നടിയെ വീണ്ടും ആക്രമിക്കാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്നും ഇത് നടിയുടെ സ്വകാര്യതയെ ബാധിക്കുന്നതിനാൽ ദൃശ്യങ്ങൾ നല്കാനാകില്ലെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
സംസ്ഥാനത്ത് നാല് ബ്രാൻഡുകളിലുള്ള വെളിച്ചെണ്ണയ്ക്ക് നിരോധനം ഏർപ്പെടുത്തി
കൊച്ചി:സംസ്ഥാനത്ത് നാല് ബ്രാൻഡുകളിലുള്ള വെളിച്ചെണ്ണയ്ക്ക് നിരോധനം ഏർപ്പെടുത്തി. എറണാകുളം ഫുഡ് ആൻഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുടേതാണ് ഉത്തരവ്.കേര ഫൈൻ കോക്കനട്ട് ഓയിൽ,കേര പ്യൂവർ ഗോൾഡ്,അഗ്രോ കോക്കനട്ട് ഓയിൽ,കുക്സ് പ്രൈഡ് കോക്കനട്ട് ഓയിൽ എന്നീ നാലു ബ്രാൻഡുകൾക്കാണ് വിൽപ്പന നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വെളിച്ചെണ്ണയുടെ പരിശോധനാഫലം വിലയിരുത്തിയ ശേഷം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ആക്ട്-2006 സെക്ഷൻ 36(3)(ബി) പ്രകാരം പൊതുജനാരോഗ്യം കണക്കിലെടുത്താണ് നിരോധനമെന്ന് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
മലപ്പുറം ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ
മലപ്പുറം:പെരിന്തൽമണ്ണയിൽ നടന്ന സിപിഎം-മുസ്ലിം ലീഗ് സംഘർഷത്തെ തുടർന്ന് മലപ്പുറം ജില്ലയിൽ നാളെ ഹർത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു. രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ.ആവശ്യസർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പെരിന്തൽമണ്ണ പോളിടെക്‌നിക്കിൽ നടന്ന എസ്എഫ്ഐ-എംഎസ്എഫ് ഏറ്റുമുട്ടലാണ് സംഘർഷത്തിൽ കലാശിച്ചത്.സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ ലീഗ് ഓഫീസ് അടിച്ചുതകർത്തു.ഇതിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകർ മലപ്പുറം-പാലക്കാട് ദേശീയ പാത ഉപരോധിച്ചു.
നടി ഭാവന വിവാഹിതയായി
തൃശൂർ:നടി ഭാവന വിവാഹിതയായി.കന്നഡ സിനിമ നിർമാതാവ് നവീനാണ് വരൻ. അഞ്ചുവർഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ ഇനി ഭാവന നവീന് സ്വന്തം.രാവിലെ 9.30 നും 10 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ വെച്ചാണ് താലികെട്ട് നടന്നത്.ലളിതമായ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.മറ്റു ചടങ്ങുകൾ തൃശൂർ ജവഹർലാൽ കൺവെൻഷൻ സെന്ററിൽ നടന്നു.സിനിമയിലെ സുഹൃത്തുക്കൾക്കായി വൈകുന്നേരം ലുലു കൺവെൻഷൻ സെന്ററിൽ റിസപ്ഷൻ നടത്തും.മഞ്ജു വാര്യർ, രമ്യ നമ്പീശൻ, സയനോര, സിദ്ധിഖ്, നവ്യ നായർ, ഭാഗ്യലക്ഷ്മി, ഭാമ, ലെന തുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിനെത്തി.
കൊറ്റാളിയിൽ തെരുവുനായയുടെ ആക്രമണത്തിൽ പതിനാറുപേർക്ക് പരിക്കേറ്റു
കൊറ്റാളി:കൊറ്റാളി,അത്തായക്കുന്നു മേഖലകളിൽ തെരുവുനായയുടെ ആക്രമണത്തിൽ പതിനാറുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒൻപതുമണിയോടെയാണ് സംഭവം. നായയുടെ കടിയേറ്റ കൊറ്റാളി അത്തായക്കുന്ന് സ്വദേശികളായ സവിത (49), മുസ്തഫ (70), ശൈലജ (61),മുസമ്മിൽ (62),ജിഷ്ണു (22),ഉഷ (48),രുഗ്മിണി (50), സൗമിനി (78),അല്ലു (അഞ്ച്),രുജാന (ഒൻപത്),ഷംസുദ്ദീൻ (56),സാഹിദ (50), ജിഷ്ണു (21) എന്നിവരെ ജില്ലാ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ രമേശൻ (63),പ്രദീപൻ (43),കൃഷ്ണൻ (79),എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രഥമ ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി.മുള്ളൻപന്നിയുടെ മുള്ള് തലയിൽ കൊണ്ട നിലയിലാണ് നായയെന്ന് നാട്ടുകാർ പറഞ്ഞു.