കണ്ണൂർ:താവക്കര പുതിയ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകൾക്ക് തീപിടിച്ചു.ബുധനാഴ്ച രാത്രിയാണ് സംഭവം.ഒരു ഓട്ടോ പൂർണ്ണമായും മറ്റൊന്ന് ഭാഗികമായും കത്തി നശിച്ചു.പ്രശാന്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോയാണ് പൂർണ്ണമായും കത്തിയത്.പി.പി സുജാതയുടെ പേരിലുള്ള ഓട്ടോയാണ് ഭാഗികമായി കത്തിയത്. ബസ്സ്റാൻഡിലുണ്ടായിരുന്നവരുടെയും സമീപത്തെ ബ്രോഡ് ബീൻ ഹോട്ടലിലെ ജീവനക്കാരുടെയും സമയോചിതമായ ഇടപെടലിനെ തുടർന്നാണ് വൻ ദുരന്തം ഒഴിവായത്.ഓട്ടോയ്ക്ക് തീപിടിക്കുന്നതു കണ്ട ഇവർ പെട്ടെന്ന് തന്നെ സമീപത്തുള്ള മറ്റ് ഓട്ടോകളും ഇരുചക്ര വാഹനങ്ങളും തള്ളിമാറ്റുകയായിരുന്നു.ഹോട്ടലിലെ തീയണയ്ക്കാനുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമവും നടത്തി.അഗ്നിശമനസേന എത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയത്.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
കോഴിക്കോട് ബസ്സും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു
കോഴിക്കോട്:കോവൂർ-വെള്ളിമാടുകുന്ന് റോഡിൽ ഇരിങ്ങാടൻപള്ളി ജംഗ്ഷനിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.രണ്ടു വാഹനങ്ങളും നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്ന യാത്രക്കാരെ പുറത്തെടുത്തത്.
സ്വർണ്ണം വായ്പ്പയായി വാങ്ങി പണം കൊടുക്കാതെ ജ്വല്ലറിയെ കബളിപ്പിച്ച സ്ത്രീ പിടിയിൽ
കണ്ണൂർ:കണ്ണൂരിലെ പ്രമുഖ ജ്വല്ലറിയിൽ നിന്നും സ്വർണ്ണം വായ്പ്പയായി വാങ്ങി പണം നൽകാതെ മുങ്ങി നടന്ന സ്ത്രീ പോലീസ് പിടിയിലായി.അഴീക്കോട് മൂന്നുനിരത്ത് മുക്രി ഹൗസിൽ റീത്ത ശിവകുമാറിനെയാണ്(54) പിലാത്തറയിൽ നിന്നും വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരിയും സംഘവും അറസ്റ്റ് ചെയ്തത്.ആറു മാസം മുൻപ് മകളുടെ വിവാഹ ആവശ്യങ്ങൾക്കായി കണ്ണൂരിലെ പ്രമുഖ ജ്വല്ലറിയിൽ നിന്നും നാല് ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണം കടമായി വാങ്ങി പണം നൽകാതെ മുങ്ങി നടക്കുകയായിരുന്നു ഇവർ.ബാങ്ക് വായ്‌പ്പാ കിട്ടിയാലുടൻ പണം നൽകാമെന്ന് പറഞ്ഞാണ് സ്വർണ്ണം വാങ്ങിയത്.ഇതിനു പുറമെ കാഞ്ഞങ്ങാട് സ്ഥലമുണ്ടെന്നു പറഞ്ഞ് സ്വത്തു തട്ടിപ്പും ഇവർ നടത്തിയിരുന്നു.നാലുപേരിൽ നിന്നായി 70 ലക്ഷം രൂപയാണ് ഇവർ ഇത്തരത്തിൽ തട്ടിയെടുത്തത്. തട്ടിപ്പ് നടത്തിയ ഇവർ മുംബൈയിലും ബെഗളൂരുവിലും ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലാകുന്നത്.
കണ്ണൂർ പുഷ്‌പോത്സവം ഫെബ്രുവരി രണ്ടു മുതൽ തുടങ്ങും
കണ്ണൂർ:ജില്ലാ അഗ്രി-ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കണ്ണൂർ പുഷ്‌പോത്സവത്തിനു നാളെ തുടക്കമാകും.ഫെബ്രുവരി രണ്ടു മുതൽ പതിമൂന്നു വരെ കണ്ണൂർ പോലീസ് മൈതാനത്താണ് പുഷ്‌പോത്സവം നടക്കുക.രണ്ടിന് വൈകുന്നേരം അഞ്ചുമണിക്ക് നടി സുരഭി ലക്ഷ്മി പുഷ്‌പോത്സവം ഉൽഘാടനം ചെയ്യും.ശേഷം വിനോദ് കോവൂരും സുരഭിലക്ഷ്മിയും അവതരിപ്പിക്കുന്ന കോമഡി ഷോ അരങ്ങേറും.കേരളത്തിനകത്തും പുറത്തുമുള്ള നിരവധി നഴ്‌സറികൾ പങ്കെടുക്കും.15000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ തീർത്ത ഉദ്യാനം,വർണ്ണ ജലധാരകൾ,ഫുഡ് കോർട്ടുകൾ,വയനാട്ടിലെ ആദിവാസികളുടെ മുളയുൽപ്പന്നങ്ങൾ, തുടങ്ങിയവയൊക്കെ പുഷ്‌പോത്സവത്തിന്റെ പ്രത്യേകതകളാണ്.രാവിലെ പത്തുമണി മുതൽ രാത്രി എട്ടുമണി വരെയാണ് പ്രവേശനം.30 രൂപയാണ് പ്രവേശന ഫീസ്.വിദ്യാർത്ഥികൾക്ക് 15 രൂപ.അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.13 നു വൈകുന്നേരം ആറുമണിക്ക് നടക്കുന്ന സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്യും.
ആകാശത്ത് വിസ്മയം തീർത്ത് സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ
കണ്ണൂർ:ആകാശത്ത് വിസ്മയം തീർത്ത് സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ ദൃശ്യമായി.എന്നാൽ ആകാശം മേഘാവൃതമായതു കാരണം 152 വർഷങ്ങൾക്കു ശേഷം ദൃശ്യമായ ഈ പ്രതിഭാസം ജില്ലയിൽ ദൃശ്യമായത് ഭാഗികമായി മാത്രം.പലയിടത്തും ആകാശം മേഘാവൃതമായതിനാൽ ചന്ദ്രന്റെ ഓറഞ്ച് ചന്തം പൂർണ്ണമായും കാണാനായില്ല. അപൂർവ പ്രതിഭാസം കാണുന്നതിനായി ജനങ്ങൾ വൈകിട്ടോടെ തന്നെ തുറസായ സ്ഥലങ്ങൾ,കടൽത്തീരം എന്നിവിടങ്ങളിൽ സ്ഥാനം പിടിച്ചു.കണ്ണൂർ സയൻസ് പാർക്കിലെ ഒബ്‌സർവേറ്ററി ടവറിലെ ടെലിസ്കോപ്പിലൂടെയും അല്ലാതെയും കുട്ടികളടക്കം നിരവധി ആളുകൾ കാഴ്ച കണ്ടു.പയ്യാമ്പലം ബീച്ചിലും കാഴ്ച കാണാൻ നിരവധി ആളുകൾ എത്തിയിരുന്നു.വൈകുന്നേരം മുതൽ ആകാശത്തെ അപൂർവ ദൃശ്യം കാണാൻ എത്തിയവരുടെ മുൻപിൽ 7.10 ഓടെയാണ് ചുവന്ന നിറമുള്ള ചന്ദ്രൻ തെളിയാൻ തുടങ്ങിയത്.ഇടയ്ക്ക് കാർമേഘം ചന്ദ്രനെ മറച്ചെങ്കിലും കാത്തു നിന്നവരെ നിരാശരാക്കാതെ പൂർണ്ണചന്ദ്രൻ ഉദിച്ചു.എന്നാൽ അപ്പോഴേക്കും ഓറഞ്ച് രാശി മാഞ്ഞിരുന്നു.മൂന്നു അപൂർവതകളോടെ ആകാശത്തുദിച്ച ചന്ദ്രനെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കാണികൾ മടങ്ങിയത്.
സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് ഒരേ നിറം;നടപടി ക്രമങ്ങൾ ഇന്ന് മുതൽ തുടങ്ങും
തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് ഒരേ നിറമാക്കി ഏകീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇന്ന് മുതൽ തുടങ്ങും.അടുത്ത വർഷം ഫെബ്രുവരി ഒന്നിനുള്ളിൽ ഇത് പൂർണ്ണമാകും.സംസ്ഥാന ഗതാഗത അതോറിട്ടിയുടേതാണ് തീരുമാനം.ഇന്ന് മുതൽ രജിസ്റ്റർ ചെയ്യുന്ന ബസുകൾക്കും ഫിറ്റ്നസ് പരിശോധനയ്‌ക്കെത്തുന്ന ബസുകൾക്കും പുതിയ നിറം നിർബന്ധമാക്കി.പുതിയ തീരുമാനം അനുസരിച്ച് സിറ്റി ബസ്സുകൾക്ക് ഇളം പച്ചയും,ഓർഡിനറി ബസ്സുകൾക്ക് ഇളം നീലയും,ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ്സുകൾക്ക് ഇളം മെറൂണുമാണ് നിറം നിശ്ചയിച്ചിരിക്കുന്നത്.എല്ലാ ബസുകൾക്കും അടിവശത്ത് ഓഫ് വൈറ്റ് നിറത്തിൽ മൂന്നു വരകളും ഉണ്ടാകും.മത്സരയോട്ടം തടയാൻ നിലവിലെ സമയക്രമം പുനഃ ക്രമീകരിക്കാനും ട്രാൻസ്‌പോർട് അതോറിറ്റി യോഗം തീരുമാനിച്ചു.
മണ്ണെണ്ണ ഉള്ളിൽച്ചെന്ന് ഒന്നര വയസ്സുകാരൻ മരിച്ചു
കൊച്ചി:മണ്ണെണ്ണ ഉള്ളിൽച്ചെന്ന് ഒന്നര വയസ്സുകാരൻ മരിച്ചു.പാറക്കടവ് കടവിൽ വീട്ടിൽ വിഷ്ണുലാലിന്റെ മകൻ അഭിനവ്(ഒന്നര)ആണ് മരിച്ചത്.മണ്ണെണ്ണ ഉള്ളിൽച്ചെന്നതിനെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി.ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.മുറിയിൽ നിലത്തുവീണ നെയിൽ പോളിഷ് തുടയ്ക്കുന്നതിനായി അമ്മ എടുത്തു വെച്ച മണ്ണെണ്ണ കുഞ്ഞ് കുടിക്കുകയായിരുന്നു.മണ്ണെണ്ണ എടുത്തു വെച്ചപ്പോൾ ഫോൺ അടിച്ചതിനെത്തുടർന്ന് കുട്ടിയുടെ അമ്മ അതെടുക്കാൻ പോയപ്പോൾ മുറിയിൽ കട്ടിലിൽ കിടക്കുകയായിരുന്ന കുഞ്ഞ് മണ്ണെണ്ണ കുടിക്കുകയായിരുന്നു.വായിലും മൂക്കിലും മണ്ണെണ്ണ പോയി അബോധാവസ്ഥയിലായ കുഞ്ഞിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചയോടെ കുഞ്ഞ് മരിക്കുകയായിരുന്നു.
ബസ് ചാർജ് വർധിപ്പിക്കേണ്ടി വരും:മുഖ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്തു ബസ് യാത്ര നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി. ഇന്ധന വിലവർദ്ധനവ് മോട്ടോർ വ്യവസായ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.ബസ് ചാർജ് കൂട്ടണമെന്ന ആവശ്യം ബസ്സുടമകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം താനുമായി നടത്തിയ ചർച്ചയിൽ നിരക്കുവർധന ഇല്ലാതെ പിടിച്ചു നിൽക്കാനാകില്ലെന്നാണ് ബസുടമകൾ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകൾ ജനുവരി 31 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് പറഞ്ഞിരുന്നു.എന്നാൽ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനം ഉടൻ എടുക്കുമെന്ന ഉറപ്പിനെ തുടർന്ന് സമരം പിൻവലിക്കുകയായിരുന്നു. മിനിമം ചാർജ് പത്തുരൂപയാക്കുക, വിദ്യാർത്ഥികളുടെ യാത്ര നിരക്ക് അഞ്ചുരൂപയായും നിലവിലുള്ള നിരക്കിന്റെ അമ്പതു ശതമാനമായും പുനർനിർണയിക്കുക, വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകൾ മുന്നോട്ട് വെച്ചിരിക്കുന്നത്.
കൊച്ചിയിൽ ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
കൊച്ചി:കൊച്ചിയിൽ ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി.ഹോങ്കോങ്ങിൽ നിന്നും കൊച്ചി സ്വദേശിയുടെ പേരിൽ പാർസലായി എത്തിയതാണ് മയക്കുമരുന്ന്.പാർസൽ കണ്ട് സംശയം തോന്നിയ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പാഴ്‌സലിൽ പേരുള്ള കൊച്ചി സ്വദേശിയെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. നിശാപാർട്ടികൾക്കും മറ്റും ഉപയോഗിക്കുന്ന മയക്കുമരുന്നായ ആംഫിറ്റമിൻ എന്ന മയക്കുമരുന്നാണ് പിടികൂടിയത്.വിദേശത്ത് ഒരു കിലോയ്ക്ക് രണ്ടു കോടി രൂപയോളം വിലവരുന്ന മയക്കുമരുന്നാണിത്.അരക്കിലോ മയക്കുമരുന്നാണ് പാഴ്‌സലിൽ ഉണ്ടായിരുന്നത്.
കാസർകോഡ് മഞ്ചേശ്വരത്ത് ട്രെയിൻ തട്ടി മൂന്നുപേർ മരിച്ചു
കാസർകോഡ്:കാസർകോഡ് മഞ്ചേശ്വരത്ത് ട്രെയിൻ തട്ടി മൂന്നുപേർ മരിച്ചു.പൊസോട്ടെ പരേതനായ അബൂബക്കറിന്റെ മകൾ ആമിന(50),സഹോദരി ആയിഷ(40),ആയിഷയുടെ മൂന്നു വയസ്സുള്ള ആൺകുട്ടി എന്നിവരാണ് മരിച്ചത്.മഞ്ചേശ്വരം റെയിൽവെ സ്റ്റേഷന് സമീപം പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.കാസർകോഡ് നിന്നും മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിൻ കടന്നുപോയ ഉടനെ ഇവർ പാളം മുറിച്ചു കടക്കുമ്പോൾ മംഗലാപുരം ഭാഗത്തും നിന്നും അടുത്ത ട്രാക്കിലൂടെ വന്ന എൻജിൻ തട്ടിയാണ് മൂവരും മരണപ്പെട്ടത്. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.