കണ്ണൂർ:ജില്ലയിൽ പുഴാതി പ്രാഥമികാരോഗ്യ കേന്ദത്തിനു കീഴിൽ 13 വയസ്സുകാരിക്ക് ഡിഫ്തീരിയ ബാധ സ്ഥിതീകരിച്ചു.ഈ സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി കലക്റ്റർ മിർ മുഹമ്മദലി പറഞ്ഞു.ഡിഫ്തീരിയ ബാധയുള്ള രോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്.രോഗി ഉപയോഗിച്ച തൂവാലകൾ,ഗ്ലാസ്സുകൾ തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരാം.രോഗാണുബാധയുണ്ടായി രണ്ടു മുതൽ അഞ്ചു ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷങ്ങൾ കണ്ടുതുടങ്ങും.പനി,ശരീര വേദന,വിറ,തൊണ്ടയിലെ ലിംഫ് ഗ്രന്ഥികളുടെ വീക്കം,കടുത്ത ശബ്ദത്തോടുകൂടിയുള്ള ചുമ,തൊണ്ടവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇതോടൊപ്പം തൊണ്ടയിൽ കാണുന്ന തുകൽ പോലെയുള്ള പാടയാണ് രോഗത്തിന്റെ ഏറ്റവും പ്രകടമായ ലക്ഷണം.ഡിഫ്തീരിയ ബാക്ടീരിയ പുറപ്പെടുവിക്കുന്ന വിഷസമാനമായ ടോക്സിനുകളാണ് രോഗത്തിന്റെ കാഠിന്യം വർധിപ്പിക്കുന്നത്.ഈ ടോക്സിൻ മറ്റ് അവയവങ്ങളെയും ബാധിച്ച് ഹൃദയ സ്തംഭനം,പക്ഷാഘാതം,വൃക്കരോഗം എന്നിവയ്ക്കും കാരണമാകും.പ്രതിരോധ കുത്തിവെയ്പ്പിലൂടെ തടയാവുന്ന രോഗമാണ് ഡിഫ്തീരിയ. അതുകൊണ്ടു തന്നെ ഇതുവരെ കുത്തിവെയ്പ്പ് എടുക്കാത്തവരും ഭാഗികമായി എടുത്തിട്ടുള്ളതുമായ ഏഴുവയസ്സിൽ താഴെയുള്ള മുഴുവൻ കുട്ടികൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നതിനായി രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.
സിപിഎം-ലീഗ് സംഘർഷം;പുല്ലൂക്കരയിൽ പോലീസ് കാവൽ ശക്തമാക്കി
പെരിങ്ങത്തൂർ:സിപിഎം-ലീഗ് സംഘർഷത്തെ തുടർന്ന് പുല്ലൂക്കരയിൽ പോലീസ് കാവൽ ശക്തമാക്കി.ബുധനാഴ്ച രാത്രിയാണ് പുല്ലൂക്കര മുക്കിൽ പീടികയിലെ സിപിഎം പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫീസിനു നേരെയും പുല്ലൂക്കരയിലും കൊച്ചിയങ്ങാടിയിലും ഉള്ള മുസ്ലിം ലീഗ് ഓഫീസുകൾക്ക് നേരെയും അക്രമം നടന്നത്.സംഭവത്തിൽപോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഏതാനും ആളുകളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൊച്ചിയങ്ങാടിയിൽ ലീഗ് പ്രവർത്തകന് വെട്ടേറ്റതായും പരാതിയുണ്ടായിരുന്നു.തലശ്ശേരി എസ്പി ചൈത്ര തെരേസ ജോൺ,പാനൂർ സിഐ വി.വി ബെന്നി,ചൊക്ലി എസ്‌ഐ ഇ.വി ഫായിസ് അലി, പാനൂർ എസ്‌ഐ ഷൈജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശം സന്ദർശിച്ചു.
ശ്യാമപ്രസാദ് വധം;പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
പേരാവൂർ:കാക്കയങ്ങാട്ട് എബിവിപി പ്രവർത്തകൻ കൊല്ലപ്പെട്ട കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.കേസിൽ ഉന്നതതല ഗൂഢാലോചന നടന്നതായി പ്രതികൾ അന്വേഷണ സംഘത്തിന് മുൻപാകെ മൊഴി നൽകി.ശ്യാമപ്രസാദിന്റെ വധിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് പ്രതികളിൽ മൂന്നുപേർ രഹസ്യ സങ്കേതത്തിൽ ഗൂഢാലോചന നടത്തിയതും ഉന്നതരായ മറ്റു ചിലർ കൂടി ഇവരുടെ ഒപ്പം ഉണ്ടായിരുന്നതായും ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഗൂഢാലോചനയിൽ പങ്കെടുത്തവരെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെങ്കിലും കേസന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇത് പുറത്തുവിട്ടിട്ടില്ല. കണ്ണൂർ എസ്പി ശിവവിക്രമിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാർഡും പ്രതികളിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്.ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ സൂക്ഷ്മതയായ അന്വേഷണമാണ് കേസിൽ മുഴുവൻ പ്രതികളെയും തെളിവുകളും ഉടൻ ശേഖരിക്കാൻ സഹായകമായത്.കേസിലെ തൊണ്ടിമുതലുകളും മുഴുവൻ തെളിവുകളും പോലീസ് ശേഖരിച്ചു കഴിഞ്ഞു.ഫോറൻസിക് ഫലം കൂടി കിട്ടുന്നതോടെ കുറ്റപത്രം പൂർത്തിയാക്കി കോടതിയിൽ സമർപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.
ആറളം ഫാമിൽ വീണ്ടും കാട്ടാനകളുടെ വിളയാട്ടം; തെങ്ങുകളും കശുമാവ് കൃഷിയും നശിപ്പിച്ചു
ആറളം:ആനമതിൽ തകർത്ത് ഫാമിനുള്ളിൽ പ്രവേശിച്ച കാട്ടാനക്കൂട്ടം ഫാമിനകത്ത് കനത്ത നാശം വിതച്ചു.ഫാമിന്റെ അധീനതയിലുള്ള കൃഷിസ്ഥലത്ത് എത്തിയ കാട്ടാനക്കൂട്ടം വ്യാഴാഴ്ച പുലർച്ചയോടെ ഒൻപതു തെങ്ങുകൾ കുത്തി വീഴ്ത്തി.നിരവധി കശുമാവുകളും നശിപ്പിച്ചു. ഒരാഴ്ച മുൻപും കാട്ടാനക്കൂട്ടം ഫാമിന്റെ രണ്ട്,നാല് ബ്ലോക്കുകളിൽ നിന്നും 12 തെങ്ങുകൾ നശിപ്പിച്ചിരുന്നു.ഇതോടെ കഴിഞ്ഞ നാലുമാസത്തിനുള്ളിൽ കാട്ടാനക്കൂട്ടം ഇവിടെ 500 ഓളം തെങ്ങുകളാണ് നശിപ്പിച്ചിരിക്കുന്നത്.നേരത്തെ ഫാമിനകത്തു താമസമാക്കിയ ആനകൾക്ക് പുറമെ കഴിഞ്ഞ ദിവസം അഞ്ച് ആനകൾ കൂടി ആനമതിൽ തകർത്ത് ഫാമിനകത്തു പ്രവേശിച്ചിട്ടുണ്ട്.ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താനുള്ള ഒരു നടപടിയും ഇത് വരെ വനം വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.ഭയം കാരണം തൊഴിലാളികളും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ എത്തിയതാണ് എന്നാരോപിച്ച് പൊന്നാനിയിൽ ആൾക്കൂട്ടം യാചകനെ നഗ്നനാക്കി മർദിച്ചു
മലപ്പുറം:കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയതാണെന്നാരോപിച്ച് പൊന്നാനിയിൽ ആൾക്കൂട്ടം വയോധികനായ യാചകനെ കെട്ടിയിട്ട് നഗ്നനാക്കി മർദിച്ചു.മർദനത്തിൽ തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ ആന്ധ്രാസ്വദേശിയായ വൃദ്ധനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംവത്തിൽ നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും കേസെടുത്തു.പൊന്നാനി നഴ്സിംഗ് ഹോമിന് സമീപത്തുവെച്ച് ഇന്നലെ രാവിലെ പത്തുമണിയോടെയാണ് സംഭവം.വൃദ്ധനെ ആൾക്കൂട്ടം നിലത്തിട്ടു ചവിട്ടുകയും നഗ്‌നനാക്കി കെട്ടിയിട്ട് മർദിക്കുകയും ചെയ്തു.മർദന വിവരമറിഞ്ഞെത്തിയ പോലീസുകാർ ഇയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പോലീസുകാരെയും മർദിക്കുകയായിരുന്നു. ഇതോടെ കൂടുതൽ പോലീസുകാർ സ്ഥലത്തെത്തി ലാത്തിവീശിയാണ് അക്രമികളെ തുരത്തിയത്.യാചകന്റെ പക്കൽ നിന്നും മിട്ടായിയും ക്ലോറോഫോമും കണ്ടെത്തിയെന്നായിരുന്നു നാട്ടുകാരുടെ പ്രചാരണം.എന്നാൽ പോലീസ് അന്വേഷണത്തിൽ ഇത് നുണയാണെന്ന് തെളിഞ്ഞു.കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി സോഷ്യൽ മീഡിയകളിലൂടെ നടക്കുന്ന പ്രചരണങ്ങളുടെ പ്രതിഫലനമാണ് നാട്ടുകാരുടെ കയ്യേറ്റത്തിന് പിന്നിലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാന ബജറ്റ് ഇന്ന്
തിരുവനന്തപുരം:പിണറായി വിജയൻ സർക്കാരിന്റെ മൂന്നാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് അവതരിപ്പിക്കും.ചരക്ക് സേവന നികുതി നടപ്പാക്കിയതിനു ശേഷമുള്ള ആദ്യ ബജറ്റാണു ധനമന്ത്രി ടി.എം. തോമസ് ഐസക് ഇന്നു രാവിലെ ഒൻപതിന് അവതരിപ്പിക്കുന്നത്. സാമ്പത്തിക അച്ചടക്കങ്ങൾ പാലിക്കുന്നതിന് വേണ്ടിയുള്ള നയങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ ചെലവു ചുരുക്കൽ നിർദേശങ്ങളും ബജറ്റിലുണ്ടാകും.ബജറ്റ് പ്രസംഗം രാത്രി തന്നെ പൂർത്തിയാക്കിയ ധനമന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തുള്ള വരുമാന വർധനയുടെ ഭാഗമായി ഫീസുകൾ,ഭൂനികുതി,പിഴകൾ,കെട്ടിടനികുതി,ഭൂമിയുടെ ന്യായവില,തുടങ്ങിയവ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണു പുറത്തുവരുന്ന വിവരം. കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുന്നതിനും മത്സ്യത്തൊഴിലാളി മേഖലയുടെ സമഗ്ര പുരോഗതിക്കായുള്ള പാക്കേജുകൾ ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന.
എ.കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം:ഫോൺ കെണി വിവാദത്തെ തുടർന്ന് രാജിവെച്ച എ.കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.ഗവർണ്ണർ പി.സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പിണറായി മന്ത്രിസഭയിൽ എൻസിപിയുടെ ഏക പ്രതിനിധിയാണ് എ.കെ ശശീന്ദ്രൻ.ഫോൺ വിളി വിവാദവുമായി ബന്ധപ്പെട്ട കേസിൽ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയതിനു പിന്നാലെയാണ് ശശീന്ദ്രന് വീണ്ടും മന്ത്രിസ്ഥാനത്തേക്കുള്ള വഴിതുറന്നത്.കഴിഞ്ഞ വർഷം മാർച്ചിലാണ് ഫോൺകെണി വിവാദത്തെ തുടർന്ന് ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെച്ചത്.തുടർന്ന് തോമസ് ചാണ്ടി മന്ത്രിയായി.എന്നാൽ കായൽകയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തെ തുടർന്ന് തോമസ് ചാണ്ടിക്കും രാജിവെയ്‌ക്കേണ്ടി വന്നു.ഇക്കഴിഞ്ഞ ജനുവരി 27 നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കേസിൽ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്.കേസ് പിൻവലിക്കുകയാണെന്നുള്ള പരാതിക്കാരിയുടെ ഹർജി അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി നടപടി.
കേന്ദ്ര ബജറ്റ് 2018;റെയിൽവേക്ക് 1.48 ലക്ഷം കോടി; കേരളത്തിന് ലഭിച്ചത് 19,703 കോടി രൂപ
ന്യൂഡൽഹി:2018-19 വർഷത്തെ കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചു.ബജറ്റിൽ കേരളത്തിന് നികുതി വിഹിതമായി 19,703 കോടി രൂപ പ്രഖ്യാപിച്ചു.എന്നാൽ കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.പാലക്കാട് കോച്ച് ഫാക്റ്ററിയുടെ ക്രൈം ഇത്തവണത്തെ ബഡ്ജറ്റിലും ഇടം പിടിച്ചില്ല.എന്നാൽ പെരുമ്പാവൂരിൽ പുതിയ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്റ്ററി സ്ഥാപിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.2022ഓടെ എല്ലാവര്‍ക്കും വീട് എന്നതാണ് ലക്ഷ്യമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം ഗ്രാമങ്ങളില്‍ 11 ലക്ഷം വീട് നിര്‍മിക്കും. ദരിദ്രരായ സ്ത്രീകള്‍ക്ക് എട്ട് കോടി സൌജന്യ പാചക വാതക കണക്ഷന്‍ നല്‍കും. രണ്ട് കോടി കക്കൂസുകള്‍ നിര്‍മിക്കും. ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൌകര്യ വികസനത്തിന് 14.34 ലക്ഷം കോടി വകയിരുത്തും. 321 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.റെയിൽവേയുടെ നവീകരണത്തിനും വികസനത്തിനുമായി ഇത്തവണ ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത് 1,48,500 കോടി രൂപയാണ്.യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി 11000 ട്രെയിനുകളിലായി 12 ലക്ഷം സിസിടിവി ക്യാമറകൾ സ്ഥാപിക്കും.25000 ലധികം യാത്രക്കാരെത്തുന്ന എല്ലാ സ്റ്റേഷനുകളിലും എസ്‌കലേറ്റർ സ്ഥാപിക്കും.എല്ലാ റെയിൽവെ സ്റ്റേഷനുകളിലും പടിപടിയായി വൈഫൈ സംവിധാനവും സിസിടിവി ക്യാമറകളും സ്ഥാപിക്കും.പുതുതായി 4000 കിലോമീറ്റർ റെയിൽവെ ലൈൻ വൈദ്യുതീകരിക്കും.18000 കിലോമീറ്റർ പാത ഇരട്ടിപ്പിക്കും.
ക്ലാസ് മുറിയിൽ വിദ്യാർത്ഥിനികൾ ആത്മഹത്യയ്ക് ശ്രമിച്ചു
അടിമാലി:സഹപാഠികളായ വിദ്യാർത്ഥിനികൾ ക്ലാസ് മുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ചു.അടിമാലിയിൽ മാനേജ്‌മന്റ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളാണ് വിഷം കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.ഉച്ച വിശ്രമം കഴിഞ്ഞ് ക്ലാസ്സിലെത്തിയ വിദ്യാർത്ഥിനികൾ പലവട്ടം ഛർദിച്ചു.കാരണം അന്വേഷിച്ച അധ്യാപകരോടും സഹപാഠികളോടും തലവേദനയും ഛർദിയുമാണെന്നാണ് ഇവർ പറഞ്ഞത്.തുടർന്ന് അദ്ധ്യാപകർ വിവരമറിയിച്ചതിനെ തുടർന്ന് ഇവരുടെ രക്ഷിതാക്കളെത്തി അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവിടെ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും ഉള്ളിൽ വിഷം ചെന്നതായി ഡോക്റ്റർമാർ കണ്ടെത്തിയത്.അപ്പോഴേക്കും അവശനിലയിലായ ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.അടിമാലി പോലീസ് മെഡിക്കൽ കോളേജിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തി.ചൊവ്വാഴ്ച രാത്രി ഇതിൽ ഒരു പെൺകുട്ടിയുടെ വീട്ടിൽ സഹോദരനുമായി വഴക്കുണ്ടാകുകയും ഇതേ തുടർന്ന് ഈ കുട്ടി പിറ്റേദിവസം വാഴയ്ക്ക് തളിക്കുവാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന വിഷം എടുത്തുകൊണ്ടാണ് സ്കൂളിലെത്തിയത്.സ്കൂളിൽ വെച്ച് രണ്ടാമത്തെ കുട്ടിയോട് വീട്ടിൽ നടന്ന പ്രശ്നങ്ങൾ വിവരിക്കുകയും താൻ ജീവനൊടുക്കുവാൻ പോവുകയാണെന്ന് പറയുകയും ചെയ്തു.ഇതോടെ മനോവിഷമത്തിലായ പെൺകുട്ടിയും കൂട്ടുകാരി കൊണ്ടുവന്ന വിഷം ക്ലാസ് മുറിയിൽ വെച്ച് കഴിക്കുകയായിരുന്നു എന്നാണ് വിവരം.
നടി സനുഷയ്ക്ക് നേരെ ട്രെയിനിൽ ആക്രമണ ശ്രമം;തമിഴ്‌നാട് സ്വദേശി പിടിയിൽ
കൊച്ചി:തീവണ്ടി യാത്രയ്ക്കിടെ നടി സനുഷയ്ക്ക് നേരെ ആക്രമണ ശ്രമം.ബുധനാഴ്ച രാത്രി മാവേലി എക്സ്പ്രെസ്സിൽ യാത്ര ചെയ്യവെയാണ് സംഭവം.രാത്രിയോടെ ട്രെയിനിൽ അടുത്ത ബെർത്തിൽ ഉണ്ടായിരുന്ന യാത്രക്കാരനാണ് അപമാനിക്കാൻ ശ്രമിച്ചതെന്ന് നടി വ്യക്തമാക്കി.അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈപിടിച്ച് വെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായിക്കാൻ തയ്യാറായില്ലെന്ന് സനുഷ പറഞ്ഞു.ഒടുവിൽ ട്രെയിനിൽ തന്നെ ഉണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണിയും മറ്റൊരു യാത്രക്കാരനും മാത്രമാണ് നടിയുടെ സഹായത്തിന് എത്തിയത്.ട്രെയിൻ വടക്കാഞ്ചേരി സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. റെയിൽവെ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് തൃശൂർ സ്റ്റേഷനിൽ നിന്നും പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.തമിഴ്‌നാട് സ്വദേശി ആന്റോ ബോസ് എന്നയാളാണ് അറസ്റ്റിലായത്.മാനഭംഗ ശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.