ചെന്നൈ:മധുര മീനാക്ഷി ക്ഷേത്രത്തിനു സമീപമുണ്ടായ വൻ തീപിടുത്തത്തിൽ നിരവധി കടകൾ കത്തിനശിച്ചു.ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിനടുത്തുള്ള 35 ഓളം കടകളാണ് അഗ്നിക്കിരയായത്.രാത്രി 10.30 ഓടു കൂടിയാണ് അപകടം നടന്നത്.ക്ഷേത്രത്തിന്റെ ആയിരംകാൽ മണ്ഡപത്തിന്റെ മേൽക്കൂര ഭാഗികമായി നശിച്ചു.അഗ്നിശമസേനയെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും നാശനഷ്ടത്തെ കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്നും മധുര കലക്റ്റർ കെ.വീരരാഘവ റാവു പറഞ്ഞു.തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം
ഡർബൻ:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം.ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെ സെഞ്ചുറി മികവില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് നേടി.ഡര്‍ബനിലെ വേഗം കുറഞ്ഞ പിച്ചില്‍ ഡു പ്ലസിയെക്കൂടാതെ മറ്റാര്‍ക്കും തിളങ്ങാനായില്ല. ഡുപ്ളെസിക്ക് പുറമെ ക്വിന്‍റണ്‍ ഡികോക്ക് (34), ആന്‍ഡില്‍ ഫെലൂക്വായോ (പുറത്താകാതെ 27) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.270 റൺസ് എന്ന വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 5 ഓവറും 3 പന്തുമായപ്പോള്‍ ലക്ഷ്യം കണ്ടു.സെഞ്ചുറി നേടിയ നായകന്‍ വിരാട് കോലിയും അര്‍ധസെഞ്ചുറി നേടിയ അജിന്‍ക്യ രഹാനെയും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 119 പന്തില്‍ 112 റണ്‍സുമായാണ് വിരാട് കോഹ്‌ലി മടങ്ങിയത്.86 പന്തില്‍ 79 റണ്‍സുമായി രഹാനെ പുറത്തായി. എം എസ് ധോണിയും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഇന്ത്യയുടെ വിജയറണ്‍സ് കുറിച്ചത്.വേഗം കുറഞ്ഞ പിച്ചില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും തിളങ്ങി. ഇരുവരും 20 ഓവറില്‍ 79 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് സ്വന്തമാക്കിയത്. യാദവ് മൂന്നും ചാഹല്‍ രണ്ടു വിക്കറ്റും വീഴ്ത്തി. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ഇതര സംസ്ഥാനങ്ങളിൽ അനധികൃതമായി രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനങ്ങൾ കേരളത്തിൽ റീറെജിസ്റ്റർ ചെയ്യണം
തിരുവനന്തപുരം:പോണ്ടിച്ചേരി അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ അനധികൃതമായി രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനങ്ങൾ കേരളത്തിൽ റീറെജിസ്റ്റർ ചെയ്യണമെന്ന് മന്ത്രി തോമസ് ഐസക്.പോണ്ടിച്ചേരിയിൽ രജിസ്‍ട്രേഷന്‍ ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്ക് ഏപ്രില്‍ വരെ നികുതി അടയ്‌ക്കാമെന്നും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ അടയ്‌ക്കേണ്ട നികുതിക്ക് തുല്യമായ തുകയാണ് അടയ്‌ക്കേണ്ടതെന്നും മന്ത്രി അറിയിച്ചു.റീ-രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾ കണ്ടുകെട്ടുന്നത് ഉൾപ്പടെയുള്ള കർശന നടപടികളുണ്ടാകുമെന്നും ഇത്തരം വാഹനങ്ങൾക്ക് നികുതി അടച്ച് നിയമനടപടികളില്‍ നിന്ന് ഒഴിവാകാമെന്നും മന്ത്രി ബജറ്റിൽ അറിയിച്ചു.
നടി സനുഷയ്ക്ക് ഡിജിപിയുടെ അനുമോദനം
തിരുവനന്തപുരം:ട്രെയിനിൽ വെച്ച് തന്നെ അപമാനിക്കാൻ ശ്രമിച്ചയാളെ ധീരതയോടെ നേരിട്ട നടി സനുഷയ്ക്ക് ഡിജിപിയുടെ അഭിനന്ദനം.ഡിജിപിയുടെ ബോർഡ് റൂമിൽ നടന്ന ചടങ്ങിൽ പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ സനുഷയ്ക്ക് അനുമോദന പത്രം നല്‍കി ആദരിച്ചു. സനുഷക്ക് പിന്തുണ നല്‍കിയ മാതാപിതാക്കളെയും ഡിജിപി അനുമോദിച്ചു.സമപ്രായക്കാരായ പെൺകുട്ടികൾക്ക് ധൈര്യം നൽകാനുള്ള പ്രചോദനമായി പ്രവർത്തിക്കണമെന്നും ഇനിയും ഏറെ മുന്നോട്ട് പോകണമെന്നും സനുഷയോട് ഡിജിപി പറയുകയുണ്ടായി.അതേസമയം സനുഷയെ സഹായിക്കാന്‍ രണ്ട് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നത് ഖേദകരമാണെന്നും പ്രതിസന്ധികളിൽ സഹജീവികളെ ഒറ്റയ്ക്കാക്കുന്ന മനോഭാവത്തിൽ മാറ്റം വരുത്തണമെന്നും ഡിജിപി ആവശ്യപ്പെടുകയുണ്ടായി.
തീരദേശ വികസനത്തിന് 2000 കോടിയുടെ പാക്കേജ്; സ്ത്രീ സുരക്ഷയ്ക്കും സാമൂഹ്യസേവനത്തിനും ഊന്നൽ നൽകി പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ്
തിരുവനന്തപുരം:ഓഖി ദുരന്തത്തിൽ തകർന്ന തീരദേശത്തിന്റെ സമഗ്ര വികസനത്തിനായി 2000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചും ആരോഗ്യസംരക്ഷണത്തിന് ഊന്നൽ നൽകിയും പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു. തീരദേശത്ത് സൗജന്യ വൈ ഫൈ, ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രത്യേക പദ്ധതി, തീരദേശത്തിന്‍റെ 50 മീറ്റർ പരിധിയിലുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് 150 കോടി, മത്സ്യ മേഖലയ്ക്ക് 600 കോടി തുടങ്ങി തീരപ്രദേശത്തെ ക്ഷേമത്തിന് സർക്കാർ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു.കൂടാതെ സംസ്ഥാനത്തെ സ്ത്രീസുരക്ഷയ്ക്കായി 50 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു.അതിക്രമങ്ങളെ അതിജീവിക്കുന്നവരെ സഹായിക്കാന്‍ 3 കോടി രൂപ വകയിരുത്തും.എല്ലാ ജില്ലകളിലും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകള്‍ സ്ഥാപിക്കുന്നതിനായി 25 കോടി രൂപ മാറ്റി വെയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഫ്ലിപ്പ്കാർട്ടിലൂടെ ഐ ഫോണിന് ഓർഡർ നൽകി; കിട്ടിയത് ബാർസോപ്പ്
മുംബൈ:പ്രമുഖ ഓൺലൈൻ സൈറ്റായ ഫ്ലിപ്പ്കാർട്ടിലൂടെ 55000 രൂപയുടെ ആപ്പിൾ ഐ ഫോണിന് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ബാർസോപ്പ്.മുംബൈ സ്വദേശിയായ സോഫ്റ്റ്‍വെയര്‍ എൻജിനീയർ തബ്രെജ് മെഹബൂബ് നഗ്രാലിയാണ്(26) ഇത്തവണ തട്ടിപ്പിനിരയായത്.ഫ്ലിപ്പ്കാർട് വഴി മൊബൈൽ വാങ്ങിച്ചു താൻ വഞ്ചിക്കപ്പെട്ടതായി കാണിച്ച് ഇയാൾ മുംബൈ പൊലീസിന് പരാതി നൽകി.മുഴുവൻ തുകയും അടച്ചാണ് ഓൺലൈനിലൂടെ നഗ്രാലി ഫോൺ ഓർഡർ ചെയ്തത്. ഓർഡർ പ്രകാരം ജനുവരി 22 ന് സാധനം മുബൈയിയിലുള്ള ഇയാളുടെ വീട്ടിൽ എത്തി.എന്നാൽ പെട്ടി തുറന്നു നോക്കിയപ്പോൾ അതിൽ ഉണ്ടായിരുന്നത് ബാർസോപ്പാണെന്നാണ് നഗ്രാലി നൽകിയ പരാതിയിൽ പറയുന്നത്.പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഫ്ലിപ്പ്കാര്‍ട്ടിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി ബൈകുല പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അവിനാഷ് ഷിങ്‌തെ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫ്ലിപ്കാര്‍ട്ട് പ്രതിനിധി പറഞ്ഞു.
മദ്യത്തിന് വില കൂടും
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് വില കൂടുമെന്നു മന്ത്രി തോമസ് ഐസക്.ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്‍റെ വിൽപ്പന നികുതി വർധിപ്പിച്ചാതായി ബജറ്റിൽ വ്യക്തമാക്കിയ മന്ത്രി സർച്ചാർജുകൾ ഒഴിവാക്കിയതിനാൽ നികുതിവർധന നാമമാത്രമാണെന്നും അറിയിച്ചു.ബിയറിന് 100 ശതമാനം വില കൂട്ടി. 400 രൂപക്ക് മുകളിലുള്ളവക്ക് മദ്യവില 200 ശതമാനം കൂട്ടിയപ്പോള്‍ 400 രൂപയില്‍ താഴെയുള്ളവക്ക് 210 ശതമാനമാണ് കൂട്ടിയത്.ഒപ്പം വിദേശ നിർമിത മദ്യത്തിന്‍റെ വിൽപന സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ക്ഷേമ പെൻഷനുകൾ വാങ്ങുന്നവരിൽ അർഹരല്ലാത്തവരെ ഒഴിവാക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് ക്ഷേമ പെൻഷനുകൾ വാങ്ങുന്നവരിൽ അർഹരല്ലാത്തവരെ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.1200 ചതുരശ്ര അടി വീടുള്ളവര്‍, ആദായ നികുതി കൊടുക്കുന്നവർ, ഒപ്പമുള്ളവര്‍, രണ്ട് ഏക്കര്‍ ഭൂമിയുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഇനി സാമൂഹ്യസുരക്ഷാ പെൻഷൻ ഇല്ലെന്നും ബജറ്റ് പ്രഖ്യാപനത്തിനിടെ അദ്ദേഹം വ്യക്തമാക്കി.ഇവർ നിയമവിരുദ്ധമായി പെന്‍ഷന്‍ കൈപ്പറ്റിയാന്‍ തിരിച്ചടയ്ക്കേണ്ടി വരുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു.മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് പുറത്താകുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും.അനര്‍ഹരെ കണ്ടെത്താന്‍ മാര്‍ച്ച് മാസത്തിന് ശേഷം സര്‍വേ നടത്തും.പുതിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ അനര്‍ഹരെ ഒഴിവാക്കി പെന്‍ഷന് യോഗ്യതയുള്ളവരുടെ പുതിയ പട്ടിക പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ഭൂനികുതി വർധിപ്പിച്ചു
തിരുവനന്തപുരം:സംസ്ഥാനത്തെ ഭൂനികുതി വർധിപ്പിച്ചു.2015ലെ ഭൂനികുതി പുനഃസ്ഥാപിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റിൽ പ്രഖ്യാപിച്ചു. ഇതുവഴി 100 കോടിയുടെ അധിക വരുമാനം സംസ്ഥാനം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.ഭൂമിയുടെ ന്യായവില 10% വർധിപ്പിച്ചതോടെ രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഫീസും കൂടും. ഭൂ നികുതി വർധനയിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഭാഗപത്രം രജിസ്ട്രേഷൻ നികുതി .2 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. കെട്ടിടങ്ങളുടെ മൂല്യ നിർണയത്തിന് നിയമനിർമാണം നടത്തും. ഇതോടെ കെട്ടിട നികുതിയും വർധിക്കും.സർക്കാർ ചിലവുകൾക്കും നിയന്ത്രണമുണ്ട്. പുതിയ തസ്തികക്ക് നിയന്ത്രണം, പുതിയ വാഹനങ്ങൾ വാങ്ങാൻ വിലക്ക്,അനിവാര്യ സാഹചര്യങ്ങളിലേ വിദേശ യാത്ര അനുവദിക്കൂ, യോഗങ്ങൾ പരമാവധി വീഡിയോ കോൺഫറൻസിലൂടെ ആകണം, ഫോൺ ഉപയോഗം ചെലവുകുറഞ്ഞ മൊബൈൽ പാക്കേജ് ആക്കണം എന്നിങ്ങനെയാണ് സർക്കാർ ചെലവിലെ നിയന്ത്രണങ്ങൾ.
കാഞ്ഞങ്ങാട് സുബൈദ വധം;പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
കാഞ്ഞങ്ങാട്: പെരിയ ആയന്പാറ ചെക്കിപ്പള്ളത്തെ സുബൈദ (60)യെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ പോലീസ് പിടിയിൽ. ജില്ലാ പോലീസ് ആസ്ഥാനത്ത് ഉത്തരമേഖല ഐജിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ അറസ്റ്റ് രേഖപ്പെടുത്തും.നാലംഗ സംഘമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് പോലീസ് കണ്ടെത്തൽ.കേസിൽ സംശയം തോന്നിയ പ്രതികളിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് മറ്റു മൂന്ന് പ്രതികളെക്കുറിച്ചു പോലീസിന് സൂചന ലഭിച്ചത്.സംഘത്തിലെ രണ്ടുപേർ കുപ്രസിദ്ധ മോഷ്ടാക്കളാണെന്നും പോലീസ് സ്ഥിരീകരിച്ചു.ചെക്കിപ്പള്ളത്തെ വീട്ടിൽ തനിച്ചുകഴിയുകയായിരുന്ന സുബൈദയെ കഴിഞ്ഞ 19 ന് രാവിലെ പത്തോടെയാണ് കൈകാലുകളും വായയും തുണികൊണ്ട് വരിഞ്ഞുമുറുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.ഇവർ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങളെല്ലാം അപഹരിച്ചിരുന്നു.സുബൈദ കൊല്ലപ്പെട്ടതിന് മുൻപുള്ള ദിവസങ്ങളിൽ ഇവരുടെ ഫോണിലേക്കു വന്ന കോളുകൾ സൈബർ സെല്ലിന്‍റെ സഹായത്തോടെ പോലീസ് വിശദമായി പരിശോധിച്ചിരുന്നു. സുബൈദയെ മരിച്ചനിലയിൽ കണ്ടെത്തിയതിന് തലേന്നാൾ ഇവരുടെ വീടിനു സമീപം വെള്ള സ്വിഫ്റ്റ് കാർ കണ്ടിരുന്നതായി നാട്ടുകാർ പോലീസിന് മൊഴി നൽകിയിരുന്നു. കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ പ്രതികളുടെ പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തരുതെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമൺ പറഞ്ഞു.ഇന്നു രാവിലെ ജില്ലാ പോലീസ് ആസ്ഥാനത്ത് പത്രസമ്മേളനം നടത്തി പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തും.