കണ്ണൂർ:ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി വിരഗുളികകൾ നൽകി. വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉൽഘാടനം കണ്ണൂർ സെന്റ് തെരേസാസ് സ്കൂളിൽ വിദ്യാർത്ഥിനി അഭിരാമി വേണുഗോപാലിന് അൽബാൻഡസോൾ ഗുളിക നൽകി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.ദേശീയ വിരവിമുക്ത ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ ഒന്നുമുതൽ പത്തൊൻപതു വയസ്സ് വരെയുള്ള 640734 കുട്ടികൾക്ക് ഗുളിക നൽകി. വ്യാഴാഴ്ച ഗുളിക കഴിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് സമ്പൂർണ്ണ വിരവിമുക്ത ദിനമായ 15 ന് ഗുളിക നൽകും.
സിപിഐ ജില്ലാ സമ്മേളനത്തിന് ഇരിട്ടിയിൽ തുടക്കമായി
ഇരിട്ടി:സിപിഐ ജില്ലാ സമ്മേളനത്തിന് ഇരിട്ടിയിൽ തുടക്കമായി.നാലുദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി.പി മുരളി പതാകയുയർത്തി.തലശ്ശേരി ജവഹർഘട്ടിൽ നിന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രെട്ടറി രജീഷിന്റെ നേതൃത്വത്തിലുള്ള പതാകജാഥയും പായം രക്തസാക്ഷിമണ്ഡപത്തിൽ നിന്നും ബികെഎംയു ജില്ലാ സെക്രെട്ടറി കെ.വി ബാബുവിന്റെ നേതൃത്വത്തിലുള്ള കൊടിമരജാഥയും മുഴക്കുന്ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും മഹിളാ സംഘം ജില്ലാ സെക്രെട്ടറി സ്വപ്‍നയുടെ നേതൃത്വത്തിലുള്ള ബാനർ ജാഥയും പയഞ്ചേരി മുക്കിൽ സംഗമിച്ചു.തുടർന്ന് ജനസേവ വോളന്റിയർമാരുടെയും ഇരുചക്ര വാഹനങ്ങളുടെയും നിരവധി പ്രവർത്തകരുടെയും അകമ്പടിയോടെ സമ്മേളന നഗരിയായ പള്ളിപ്രം ബാലൻ നഗറിൽ എത്തിച്ചേർന്നു. സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം നാലുമണിക്ക് പയഞ്ചേരിമുക്കിൽ നിന്നും വോളന്റിയർ മാർച്ചും ബഹുജന റാലിയും നടക്കും.തുടർന്ന് നടക്കുന്ന പൊതു സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം ബിനോയ് വിശ്വം ഉൽഘാടനം ചെയ്യും.ജില്ലാ സെക്രെട്ടറി പി.സന്തോഷ് കുമാർ അധ്യക്ഷത വഹിക്കും.റെവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ,സി.എൻ ചന്ദ്രൻ, സത്യൻ മൊകേരി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.10,11 തീയതികളിൽ ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് പ്രതിനിധി സമ്മേളനം നടക്കും.പത്തിന് രാവിലെ പത്തുമണിക്ക് സംസ്ഥാന സെക്രെട്ടറി കാനം രാജേന്ദ്രൻ പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്യും.മന്ത്രിമാരായ കെ.രാജു,പി.തിലോത്തമൻ,നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, ടി.പുരുഷോത്തമൻ,ജെ.ചിഞ്ചുറാണി എന്നിവർ പങ്കെടുക്കും.വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം സിനിമ സംവിധായകൻ വിനയൻ ഉൽഘാടനം ചെയ്യും.
കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയതാണെന്നാരോപിച്ച് ബീഹാർ സ്വദേശിയെ മർദിച്ച സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു
കണ്ണൂർ:കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയതാണെന്നാരോപിച്ച് ബീഹാർ സ്വദേശിയെ മർദിച്ച സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു.മാനന്തേരിയിലെ ഇല്ലിക്കൽ മുനാഫിർ, സി.ഷിജു, എ.രാജീവൻ,വി.വിശ്വനാഥൻ എന്നിവരെയാണ് കണ്ണവം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.സംഭവത്തിൽ പതിനാറുപേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മർദനത്തിൽ പരിക്കേറ്റ ബീഹാർ സ്വദേശിയായ ചോട്ടുവിനെ കണ്ണവം പോലീസ് ഇന്നലെ കോടതിയിൽ ഹാജരാക്കി.മാനസിക വൈകല്യം പ്രകടിപ്പിക്കുന്ന ഇയാളെ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയതാണെന്ന സംശയത്തെ തുടർന്ന് നാട്ടുകാരുടെ ചോദ്യം ചെയ്യലിനിടെയാണ് ഇയാൾക്ക് മർദനമേറ്റത്.ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.സംശയത്തിന്റെ പേരിൽ അക്രമം നടത്തുന്നവർക്കെതിരെയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം പൊലീസിന് നിർദേശം നൽകിയിരുന്നു.ഇതിനെ തുടർന്നാണ് പോലീസ് നടപടി ശക്തമാക്കിയത്.
തൃശ്ശൂരിൽ നാലുവയസ്സുകാരനെ പുലി കടിച്ചുകൊന്നു
തൃശൂർ:തൃശ്ശൂരിൽ നാലുവയസ്സുകാരനെ പുലി കടിച്ചുകൊന്നു.ആതിരപ്പള്ളി വാൽപ്പാറ നടുമല എസ്റ്റേറ്റിലാണ് സംഭവം.തോട്ടം തൊഴിലാളിയായ അഷ്‌റഫ് അലിയുടെയും സെബിയുടെയും മകൻ സെയ്ദുള്ളയാണ് മരിച്ചത്.വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടുകൂടിയാണ് കുട്ടിയെ പുലി കടിച്ചെടുത്തുകൊണ്ടു പോയത്.തുടർന്ന് നടത്തിയ തിരച്ചിലിൽ രാത്രി എട്ടുമണിയോടുകൂടി തല വേർപെട്ട നിലയിൽ കാട്ടിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ കുളിപ്പിച്ച ശേഷം അമ്മ അകത്തേക്ക് പോയപ്പോളാണ് സംഭവം.അടുക്കള വാതിൽക്കൽ നിൽക്കുകയായിരുന്നു കുട്ടി.അമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ആയുധവുമായി എത്തി തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.ഒരുവർഷം മുൻപ് ജാർഖണ്ഡിൽ നിന്നും തേയിലത്തോട്ടത്തിൽ ജോലിക്കായി എത്തിയതാണിവർ.
ചെമ്പേരി പയറ്റുചാലിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു
കണ്ണൂർ:ചെമ്പേരി പയറ്റുചാലിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു.ഇന്നലെ വൈകുന്നേരം അഞ്ചുമണിയോട് കൂടിയാണ് അപകടം നടന്നത്.പയറ്റുചാൽ-ചെമ്പേരി റോഡിലെ പഴയ ക്വാറി വളവിൽ വെച്ച് നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. റോഡരികിലെ സംരക്ഷണ ഭിത്തിയും സമീപത്തുണ്ടായിരുന്ന പ്ലാവും തകർത്ത് 30 അടിയോളം താഴ്ചയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ് ലോറി വീണത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റു മൂന്നുപേരെ തളിപ്പറമ്പ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ വ്യാപാരിയായ മഞ്ചേരി സ്വദേശി അലി ഒഴികെ മറ്റു മൂന്നുപേരും തമിഴ്നാട് സ്വദേശികളാണ്.കോയമ്പത്തൂരിൽ നിന്നും ചെമ്പേരി കോട്ടയിൽ ട്രേഡേഴ്സിലേക്ക് പ്ലാസ്റ്റിക് ബാരലുകളും കാനുകളുമായി വരികയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടത്തിൽപെട്ടത്.
കൊല്ലത്ത് എ.സി വോൾവോ ബസ്സിന് തീപിടിച്ചു
കൊല്ലം:കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെയുആർടിസി എ.സി വോൾവോ ബസ്സിന് തീപിടിച്ചു.എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സിനാണ് കൊല്ലം കളക്റ്ററേറ്റിന് സമീപത്തു വെച്ച് എൻജിനിൽ തീപിടുത്തമുണ്ടായത്.ഡ്രൈവിംഗ് പാനലിൽ അപായ മുന്നറിയിപ്പ് കാണിക്കുകയും കരിഞ്ഞ ഗന്ധം അനുഭവപ്പെടുകയും ചെയ്തതോടെ ഡ്രൈവർ ബസ് നിർത്തി.പരിശോധനയിൽ എൻജിന്റെ ഭാഗത്ത് തീപിടിച്ചത് ശ്രദ്ധയിൽപ്പെടുകയായിരുന്നു.തുടർന്ന് ബസ്സിലെ അഗ്നിരക്ഷാ ഉപകരണം ഉപയോഗിച്ച് തീ കെടുത്താനുള്ള ശ്രമവും ആരംഭിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് അഗ്‌നിശമന സേനയും സ്ഥലത്തെത്തി.
കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കാൻ കൺസ്യൂമർ ഫെഡ് നടപടിയാരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
കോഴിക്കോട്:കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കാൻ കൺസ്യൂമർ ഫെഡ് നടപടിയാരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.നെല്ലുല്‍പ്പാദനം നടത്തുന്ന സ്ഥലങ്ങളില്‍ നേരിട്ട് പോയി അരി വാങ്ങി കുറഞ്ഞ വിലയില്‍ പൊതു വിപണിയില്‍ ലഭ്യമാക്കാനാണ് കണ്‍സ്യൂമര്‍ ഫെഡിന്‍റെ ശ്രമം.കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് നാലുവയസ്സുകാരൻ മരിച്ചു
കൊല്ലം:പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് നാലുവയസ്സുകാരൻ മരിച്ചു. കൊല്ലം പുനലൂർ പ്ലാത്തറ സ്വദേശി അലൻ ആണ് മരിച്ചത്.കൂടെ ഉണ്ടായിരുന്ന മുത്തശ്ശിക്കും ഷോക്കേറ്റു.ഇന്ന് രാവിലെ എട്ടുമണിയോട് കൂടി മുത്തശ്ശിയുടെ ഒപ്പം വീടിനു സമീപത്തുള്ള കൃഷിസ്ഥലത്തേക്ക് പോകവെയാണ് ഇരുവർക്കും ഷോക്കേറ്റത്.ആദ്യം ഷോക്കേറ്റ് മുത്തശ്ശി നിലത്തു വീണതുകണ്ട അലൻ ഇവരുടെ അടുത്തക്ക് ഓടിയത്തുകയായിരുന്നു.ഇതോടെ അലനും ഷോക്കേറ്റു.ഇവരുടെ നിലവിളി കേട്ട് കൃഷി സ്ഥലത്ത് ജോലിചെയ്തിരുന്ന ആൾ ഓടിയെത്തി പൊന്നമ്മയെ എഴുനേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾക്കും ഷോക്കേറ്റു.നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അലന്റെ ജീവൻ രക്ഷിക്കാനായില്ല. പൊന്നമ്മയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
താവക്കര പുതിയ ബസ്സ്റ്റാൻഡിന് സമീപം തീപിടുത്തം
കണ്ണൂർ:കണ്ണൂർ താവക്കര പുതിയ ബസ്സ്റ്റാൻഡിന് സമീപം തീപിടുത്തം.ബസ്സ്റ്റാൻഡിന് പുറകിലെ ചതുപ്പിനോട് ചേർന്നുള്ള സ്ഥലത്താണ് ബുധനാഴ്ച ഉച്ചയോടെ തീപിടുത്തമുണ്ടായത്. എന്നാൽ തീ കൂടുതൽ പടരാതിരുന്നത് വൻ അപകടം ഒഴിവാക്കി. ഇതിനോട് ചേർന്നാണ് റെയിൽപാത കടന്നു പോകുന്നത്.ഇവിടേയ്ക്ക് തീ പടർന്നിരുന്നുവെങ്കിൽ അത് യാത്ര തടസ്സം ഉൾപ്പെടെയുള്ളവയ്ക്ക് കാരണമാകും.കഴിഞ്ഞ ദിവസവും ഇവിടെ തീപിടുത്തമുണ്ടായിരുന്നു. റെയിൽവെ ജീവനക്കാരുടെ നേതൃത്വത്തിൽ ട്രാക്കിനു സമീപത്തുള്ള പ്രദേശങ്ങൾ വൃത്തിയാക്കി തീയിടുന്നതാണ് തീപടരുന്നതിനു കാരണമെന്നു പരിസരവാസികൾ പറഞ്ഞു.
എസ്‌ബിഐയിൽ നാളെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു
തിരുവനന്തപുരം:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഫെബ്രുവരി ഒൻപതിന് നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചതായി ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അറിയിച്ചു.കേന്ദ്ര ഡെപ്യൂട്ടി ലേബർ കമ്മീഷണർ വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ചയിലുണ്ടായ ധാരണയെ തുടർന്നാണ് പണിമുടക്ക് മാറ്റിയതെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.