കണ്ണൂർ:എട്ടാമത് സഹകരണ കോൺഗ്രസ് ഇന്ന് കണ്ണൂരിൽ തുടങ്ങും.മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ സഹകരണ നയത്തിന് രൂപം നൽകുകയാണ് കോൺഗ്രസിന്റെ പ്രധാന അജണ്ട.സഹകരണ നേതാക്കൾ, ജനപ്രതിനിധികൾ,ഉന്നത ഉദ്യോഗസ്ഥർ, തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.കേരള സംസ്ഥാന സഹകരണ നയം സംബന്ധിച്ച് കരട് രേഖ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവതരിപ്പിക്കും.21 നിർദേശങ്ങളടങ്ങിയ കരട് രേഖയിൽ കേരളബാങ്ക് രൂപീകരണം പ്രതിപാദിക്കും. എട്ടാമത് സഹകരണ കോൺഗ്രസ്സിനോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും.ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, ജനപ്രതിനിധികൾ, സഹകരണ മേഖലയിൽ നിന്നുള്ള വിദഗ്ദ്ധർ തുടങ്ങി 3000 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.12 ന് കളക്റ്ററേറ്റ് മൈതാനിയിൽ നടക്കുന്ന സമാപന സമ്മേളനത്തിലും ഘോഷയാത്രയിലും ഒരുലക്ഷത്തോളം പേർ പങ്കെടുക്കും.അഞ്ചു വർഷത്തിൽ ഒരിക്കലാണ് സഹകരണ കോൺഗ്രസ് സംഘടിപ്പിക്കുക.
മലയാളം ചാനൽ രംഗത്ത് മത്സരിക്കാൻ സീ നെറ്റ്‌വർക്കും
കൊച്ചി:മലയാളം ചാനൽ രംഗത്ത് മത്സരിക്കാൻ കോടികൾ മുതൽ മുടക്കി ദേശീയ ചാനലുകളുടെ കുത്തകയായ സീ നെറ്റ്‌വർക്ക് ഈ വിഷുവിനു പ്രക്ഷേപണം ആരംഭിക്കും. ഇന്ത്യയിലാകെ പത്തിലേറെ ചാനലുകളും അസംഘ്യം റേഡിയോ സ്റ്റേഷനുകളും സീ നെറ്റ്‌വർക്കിന്റെ കീഴിലുണ്ട്.രണ്ടു വർഷമായി ടെസ്റ്റ് റൺ നടക്കുന്ന സീ മലയാളം എന്റർടൈൻമെന്റ് ചാനലായിട്ടാണ് തുടങ്ങുന്നത്.നിരവധി വിനോദ പരിപാടികൾ ചാനൽ ഇതിനകം ഷൂട്ട് ചെയ്തിട്ടുണ്ട്.കൂടാതെ അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമകളിൽ പലതും സീ മലയാളമാണ് സ്വന്തമാക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റ് ജയസൂര്യ ചിത്രം ആട് 2 ന്റെ സംപ്രേക്ഷണാവകാശവും സീ മലയാളത്തിന് തന്നെയാണ്.
പാറ്റൂർ ഭൂമിയിടപാട് കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി:പാറ്റൂർ ഭൂമിയിടപാട് കേസ് ഹൈക്കോടതി റദ്ദാക്കി.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,മുൻ ചീഫ് സെക്രെട്ടറി ഭരത് ഭൂഷൺ,ആർ ടെക് എം.ഡി അശോക് എന്നിവർ അടക്കമുള്ള അഞ്ചു പ്രതികൾക്കെതിരായ വിജിലൻസ് കേസാണ് കോടതി റദ്ദാക്കിയത്.മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെയും യു ഡി എഫിനെയും പ്രതിസന്ധിയിലാക്കിയ രാഷ്ട്രീയ വിവാദമായിരുന്നു ഏറെ കോളിളക്കമുണ്ടാക്കിയ പാറ്റൂര്‍ കേസ്.എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കിയതോടെ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടാണ് അംഗീകരിക്കപ്പെടുന്നത്. പാറ്റൂരിലെ ഫ്‌ളാറ്റ് കമ്പനിയുടെ ഭൂമിയില്‍ നിന്ന് ജല അതോറിറ്റിയുടെ പൈപ്പുകള്‍ മാറ്റാനുള്ള സര്‍ക്കാര്‍ ഉത്തരവോടെയാണ് രാഷ്ട്രീയ വിവാദത്തിന് തുടക്കം. അന്നത്തെ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ നേരിട്ടിറക്കിയ ഉത്തരവിന് നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ആയിരുന്നു. ജല അതോറിറ്റിയുടെ ഭൂമി കൈയ്യേറിയ ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഒത്താശ ചെയ്യുന്നതാണ് ഈ നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചു.ലോകായുക്തയില്‍ ജേക്കബ് തോമസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഉമ്മന്‍ചാണ്ടിയുടെയും ഭരത് ഭൂഷന്റെയും പേര് പരാമര്‍ശിക്കുന്നത്. ഈ റിപ്പോർട്ടാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്.
പത്തനാപുരത്ത് അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത് ഓടാൻ ശ്രമിച്ചയാളെ പിടികൂടി
കൊല്ലം:പത്തനാപുരത്ത് അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത് ഓടാൻ ശ്രമിച്ചയാളെ പിടികൂടി.ഇന്ന് രാവിലെ പതിനൊന്നുമണിയോടുകൂടിയാണ് സംഭവം.രമേശ് ഭവനിൽ രമേശ്-രമ്യ ദമ്പതികളുടെ മകൾ ഒന്നര വയസ്സുകാരി സ്വരലയയെ ആണ് അമ്മയുടെ ഒക്കത്തു നിന്നും പിടിച്ചുപറിച്ചുകൊണ്ട് ഓടിയത്. രമ്യയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കുഞ്ഞിനെ ഉപേക്ഷിച്ച് ഇയാൾ കടന്നു കളഞ്ഞു.ചെംബ്രമണ്ണിലെ വീട്ടിൽ നിന്നും ഭർത്താവ് രമേശിന് ജോലിസ്ഥലത്തേക്ക് ചോറുമായി പോകുമ്പോഴാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്തു വെച്ചാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്.കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ പാറശാല സ്വദേശി ദാസിനെ (65) ഓട്ടോറിക്ഷയിൽ കയറി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.സംഭവം നടന്ന സ്ഥലത്തിന് സമീപത്തായി ഒരു അംഗൻവാടിയും പ്രവർത്തിക്കുന്നുണ്ട്. ഇയാളെ കഴിഞ്ഞ ദിവസവും ഇവിടെ സംശയാസ്പദമായ രീതിയിൽ കണ്ടതായി നാട്ടുകാർ പറഞ്ഞു.ഇയാൾക്ക് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘവുമായി ബന്ധമുണ്ടോ എന്നറിയാനായി കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.
മുലപ്പാലിന് വേണ്ടി കരഞ്ഞ കുഞ്ഞിനെ അമ്മ കഴുത്തറുത്തു കൊന്നു
മധ്യപ്രദേശ്:മുലപ്പാലിന് വേണ്ടി കരഞ്ഞ കുഞ്ഞിനെ അമ്മ കഴുത്തറുത്തു കൊന്നു.ഒരു വയസ് പ്രായമുള്ള പെണ്‍കുഞ്ഞാണ് പെറ്റമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്. മധ്യപ്രദേശ്,ധാര്‍ ജില്ലയിലെ കുക്ഷിയിലാണ് സംഭവം.സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.യുവതി അടുക്കളയിൽ ജോലികൾ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞ് കരഞ്ഞത്.ഇത് അമ്മയെ അസ്വസ്ഥയാക്കുകയും തുടർന്ന് അരിവാളെടുത്ത് കുഞ്ഞിന്റെ കഴുത്തറുക്കുകയുമായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നൽകി.കുറെ സമയം ഉറക്കെ കരഞ്ഞ കുട്ടി പെട്ടെന്ന് കരച്ചിൽ നിർത്തിയെന്നും യുവതി ഉടൻ തന്നെ പുറത്തേക്ക് പോകുന്നത് കണ്ടതായും അയൽവാസികൾ പോലിസിന് മൊഴി നൽകിയിരുന്നു.ബന്ധുവീട്ടിലേക്ക് പോയ യുവതിയുടെ കയ്യിൽ കുഞ്ഞിനെ കാണാതിരുന്നത് സംശയത്തിനിടയാക്കിയതായും ഇവർ പറഞ്ഞു.ഇവർ ഇക്കാര്യം യുവതിയുടെ ബന്ധുവിനെ അറിയിച്ചു.തുടർന്ന് യുവതിയുടെ ഒരു ബന്ധു വന്ന് വീടിന്റെ വാതിൽ തുറന്നപ്പോഴാണ് കുഞ്ഞ് ചോരയിൽ കുളിച്ചു കിടക്കുന്നതു കണ്ടത്.തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആന്റണി ഡൊമിനിക് സത്യപ്രതിജ്ഞ ചെയ്തു
കൊച്ചി:ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആന്റണി ഡൊമിനിക് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാരും ചടങ്ങിൽ പങ്കെടുത്തു.നിലവിൽ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായ ആന്‍റണി ഡൊമനിക്കിനെ കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിച്ചത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന നവനീതി പ്രസാദ് സിംഗ് വിരമിച്ചതിനെ തുടർന്നാണ് ആന്‍റണി ഡൊമനിക്കിനെ ചീഫ് ജസ്റ്റീസായി നിയമിച്ചത്.കോട്ടയം പൊൻകുന്നം സ്വദേശിയായ ആന്‍റണി ഡൊമനിക്ക്. 1981ലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. 2007 ഇൽ ഇദ്ദേഹത്തെ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയോഗിച്ചു.പിന്നീട് 2008ൽ സ്ഥിരം ജഡ്ജിയായി സ്ഥാനക്കയറ്റം നൽകി.
സുബൈദ വധം;രണ്ടുപ്രതികളെ തിരിച്ചറിയൽ പരേഡിന് വിധേയരാക്കി
കാസർകോഡ്:ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ രണ്ടു പ്രതികളെ തിരിച്ചറിയൽ പരേഡിന് വിധേയരാക്കി.കേസിൽ അറസ്റ്റിലായ കോട്ടക്കണിയിലെ കെ.എം.അബ്ദുൽഖാദർ എന്ന ഖാദർ (26), പട്ള കുതിരപ്പാടിയിലെ പി.അബ്ദുൽ അസീസ് എന്ന ബാവ അസീസ് (23) എന്നിവരെയാണ് തിരിച്ചറിയൽ പരേഡിന് വിധേയരാക്കിയത്.കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ (രണ്ട്) നേതൃത്വത്തിലാണു തിരിച്ചറിയൽ പരേഡ് നടത്തിയത്.കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ രണ്ടു പ്രതികളെയും ചെക്കിപ്പള്ളത്തെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു.രണ്ടു പ്രതികളെയും വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനു കോടതിയെ സമീപിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കൽ സിഐ വി.കെ.വിശ്വംഭരൻ പറഞ്ഞു.ജനുവരി 19ന് ആണു ചെക്കിപ്പള്ളത്തെ വീടിനകത്തു സുബൈദയെ മരിച്ച നിലയിൽ കണ്ടത്. കേസിൽ പിടികിട്ടാനുള്ള രണ്ടു പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ ഫെബ്രുവരി 16 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ഫെബ്രുവരി 16 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്.നിരക്കുവർധന ഉടൻ നടപ്പിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.മിനിമം ചാർജ് പത്തു രൂപയാക്കുക, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബസ് ഓപ്പറേറ്റർസ് കോൺഫെഡറേഷൻ കഴിഞ്ഞ മാസം അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചിരുന്നു.ഇതേ തുടർന്ന് മുഖ്യമന്ത്രിയുമായി ബസ്സുടമകൾ നടത്തിയ ചർച്ചയെ തുടർന്ന് ബസുടമകൾ പ്രഖ്യാപിച്ച സമരം പിൻവലിച്ചിരുന്നു. ബസുടമകളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിച്ചത്.
കടമ്പൂർ സ്കൂളിലെ എല്ലാ ക്ലാസ് മുറികളും സ്മാർട്ടാകുന്നു
കടമ്പൂർ:പ്രോജക്ടർ ആവശ്യമില്ലാത്ത അത്യാധുനിക സ്മാർട്ട് ക്ലാസ്റൂം സംവിധാനവുമായി കടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ. ക്ലാസ്മുറികളിൽ ഒരുക്കിയ അൾട്രാ ഹൈടെക് ഡിജിറ്റൽ ഹൈ ഡെഫിനിഷൻ ടച്ച് ഡിസ്പ്ലേ സംവിധാനത്തിന്‍റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിന് നടക്കുമെന്ന് സ്കൂൾ മാനേജർ പി.മുരളീധരൻ, പ്രിൻസിപ്പൽ കെ.രാജൻ എന്നിവർ അറിയിച്ചു.ഹോങ്കോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്‌ട്ര ഡിജിറ്റൽ ബ്രാൻഡായ സ്പെക്ട്രോണുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.വെള്ളിയാഴ്ച നടക്കുന്ന സ്കൂൾ വാർഷികത്തിന്റെ ഭാഗമായി പുതിയ സാങ്കേതിക സംവിധാനത്തിന്റെ ഉൽഘാടനം സ്പെക്ട്രോൺ വൈസ് പ്രസിഡന്റ് ജോൺ കാസിഡി നിർവഹിക്കും.പുതിയ സംവിധാനം നിലവിൽ വരുന്നതോടെ അൾട്രാ ഹൈടെക് ഡിജിറ്റൽ എച്.ഡി ടച്ച് സ്ക്രീൻ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ക്ലാസുകൾ നടത്തുക.സാധാരണ ഹൈടെക് ക്ലാസ് മുറികളിലെ പോലെ കംപ്യൂട്ടർ, പ്രൊജക്ടർ, സ്പീക്കർ തുടങ്ങിയവ ഇവിടെ ആവശ്യമില്ല. ഇവയെല്ലാം അടങ്ങിയ 86 ഇഞ്ച് എൽഇഡി സ്മാർട്ട് ബോർഡാണ് ക്ലാസ്മുറികളിൽ ഒരുക്കിയിരിക്കുന്നത്. ആവശ്യാനുസരണം മാറ്റിസ്ഥാപിക്കാൻ കഴിയുമെന്നതാണ് ഇതിന്‍റെ പ്രത്യേകത.എഴുതാനുള്ള ബോർഡായും ഉപയോഗിക്കാം.ത്രീഡി സ്റ്റിമുലേഷൻ സംവിധാനവുമുണ്ട്.എഴുതാനും വരയ്ക്കാനും കഴിയുന്നതിനൊപ്പം നേരത്തെ എഴുതിയവയിലേക്ക് തിരിച്ചുപോകാനുള്ള സൗകര്യവുമുണ്ട്. വീഡിയോ ദൃശ്യങ്ങൾക്കൊപ്പം എഴുതിക്കാണിക്കാനുള്ള സംവിധാനവുമുണ്ട്. കെമിസ്ട്രി, ഫിസിക്സ് തുടങ്ങിയവയുടെ ചെറിയ ലബോറട്ടറിയായും പ്രയോജനപ്പെടുത്താം.സ്മാർട്ട് ഫോൺപോലെ അധ്യാപകർക്ക് എളുപ്പത്തിൽ ഉപയോഗിക്കാനും കഴിയും.കടമ്പൂർ ഹയർസെക്കൻഡറി സ്കൂളിന്‍റെയും കടമ്പൂർ ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെയും സംയുക്ത വാർഷികാഘോഷവും കലാവിരുന്നും സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉൽഘാടനം ചെയ്യും.
പഴശി സാഗർ ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവർത്തികൾ ആരംഭിച്ചു
മട്ടന്നൂർ: വെളിയമ്പ്രയിൽ ആരംഭിക്കുന്ന പഴശി സാഗർ ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവൃത്തി ആരംഭിച്ചു.നിർമാണ പ്രവൃത്തി ഏറ്റെടുത്ത കമ്പനിയായ തമിഴ്നാട് ഈറോഡിലെ ആർഎസ് ഡെവലപ്പേഴ്സ് കഴിഞ്ഞ ദിവസം മുതലാണ് പ്രവൃത്തി ആരംഭിച്ചത്. തമിഴ്നാട്ടിലെ കൂടംകുളം ആണവ നിലയത്തിന്‍റെ നിർമാണത്തിൽ പ്രമുഖ പങ്കുവഹിച്ച നിർമാണ കമ്പനിയാണ് ആർഎസ് ഡവലപ്പേഴ്സ്.80 കോടി രൂപയോളമാണ് പദ്ധതിയുടെ നിർമാണ ചിലവ്.പഴശി അണക്കെട്ടിനോടുചേർന്ന മൂന്നര ഹെക്ടർ സ്ഥലത്താണ് പ്രവൃത്തി നടത്തുന്നത്. പദ്ധതി പ്രദേശത്തെ പരമാവധി മരങ്ങൾ സംരക്ഷിച്ചാണു പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കു ഡാം സുരക്ഷാ അതോറിറ്റിയുടെ അനുമതി നേരത്തെ ലഭിച്ചിരുന്നു.ജലസേചനത്തിനും കുടിവെള്ളത്തിനും കഴിച്ചുള്ള സംഭരണിയിലെ വെള്ളം ഉപയോഗിച്ചു 7.5മെഗാവാട്ടിന്‍റെ പദ്ധതിയാണു പഴശി സാഗർ ലക്ഷ്യമിടുന്നത്.ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ മട്ടന്നൂർ, പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളിൽ വൈദ്യുത പ്രതിസന്ധിക്കു പരിഹാരമാകും.