തിരുവനന്തപുരം:ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാർ ആറുമാസമായി നടത്തി വരുന്ന സമരം ഒത്തുതീർക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ഇന്ന് പണിമുടക്കുന്നു.പണിമുടക്കുന്ന പതിനായിരത്തിലേറെ നഴ്സുമാർ ഇന്ന് ചേർത്തലയിലെത്തി കെവിഎം ആശുപത്രിയിലെ സമരം നടത്തുന്ന നഴ്സുമാർക്ക് പിന്തുണ പ്രഖ്യാപിക്കും.എന്നാൽ നഴ്സുമാർ സമരം അവസാനിപ്പിക്കാതെ ഇനിയൊരു ചർച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് കെവിഎം ആശുപത്രി അധികൃതർ.അതേസമയം സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ഇന്ന് നടത്തുന്ന പണിമുടക്ക് തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന സംഘടന ഹൈക്കോടതിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.നഴ്സുമാരുടെ പണിമുടക്ക് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നു ഹർജിയിൽ ആരോപിക്കുന്നു.നേരത്തെ നഴ്സുമാർ ഇത്തരത്തിൽ സമരം പ്രഖ്യാപിച്ചപ്പോൾ ഹൈക്കോടതി അത് തടഞ്ഞിരുന്നു.
കൊച്ചി കപ്പൽ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു
കൊച്ചി:കൊച്ചി കപ്പൽശാലയിൽ കപ്പലിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.ഇതിൽ 25000 രൂപയുടെ സാമ്പത്തിക സഹായം അടിയന്തിരമായി നൽകും.പരിക്കേറ്റവർക്ക് മെഡിക്കൽ പരിരക്ഷയും ആശുപത്രി ചിലവുകളും നൽകും.മരിച്ചവരുടെ കുടുംബാംഗത്തിന് യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിൽ നൽകണം,മരിച്ചവരുടെ കുട്ടികൾക്ക് ഡിഗ്രി പഠനം പൂർത്തിയാകും വരെ വിദ്യാഭ്യാസ സഹായം, നിയമാനുസൃത സഹായത്തിനു പുറമെ പരിക്കേറ്റവർ ജോലിയിൽ പ്രവേശിക്കും വരെ വേതനം തുടങ്ങിയവ ചെയ്തു കൊടുക്കാൻ കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി പി.രാധാകൃഷ്‌ണൻ അധികൃതരോട് നിർദേശിച്ചു.
കൊച്ചി കപ്പൽശാലയിൽ കപ്പലിനുള്ളിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചു മരണം

ബസ് ചാർജ് വർധന മാർച്ച് ഒന്ന് മുതൽ നിലവിൽ വരും
തിരുവനന്തപുരം:സംസ്ഥാനത്തു സ്വകാര്യ ബസുകളുടെയും കെഎസ്ആർടിസി ബസുകളുടെയും നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.മിനിമം ചാർജ് ഏഴുരൂപയിൽ നിന്നും എട്ടു രൂപയാക്കി വർധിപ്പിക്കും.മാർച്ച് ഒന്ന് മുതലാണ് നിരക്ക് വർധന പ്രാബല്യത്തിൽ വരിക. വിദ്യാർത്ഥികളുടെ മിനിമം ചാർജിൽ വർദ്ധനവില്ല.മിനിമം ചാർജിനു ശേഷമുള്ള നിരക്കിൽ വർധനയുടെ ഇരുപത്തഞ്ചു ശതമാനം നിരക്ക് വിദ്യാർത്ഥികൾക്കും കൂടും.വിദ്യാർത്ഥികൾക്ക് നാൽപതു കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് പുതുക്കിയ നിരക്കിൽ ഒരു രൂപയുടെ വർധനയെ ഉണ്ടാകൂ.ഇന്ധന വിലയിലും സ്പെയർ പാർട്സുകളുടെ വിലയിലും തൊഴിലാളികളുടെ വേതനത്തിലും ഉണ്ടായ വർധന മൂലം ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.ഈ കമ്മിറ്റിയുടെ റിപ്പോർട്ട് കൂടി കണക്കിലെടുത്താണ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചത്.
കണ്ണൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
കണ്ണൂർ:എട്ടാമത് സഹകരണ കോൺഗ്രസിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്ന് കണ്ണൂർ നഗരത്തിൽ ഒരുലക്ഷംപേർ അണിനിരക്കുന്ന ഘോഷയാത്ര നടക്കുന്നതിനാൽ ഇന്ന് ഉച്ചയ്ക്ക് 2 മണിമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.ഉച്ചയ്ക്ക് രണ്ടുമണിക്ക് സെന്റ്.മൈക്കിൾസ് സ്കൂൾ പരിസരത്തു നിന്നും ആരംഭിക്കുന്ന ജാഥ വൈകുന്നേരം അഞ്ചുമണിക്ക് പൊതു സമ്മേളന നഗരിയായ കളക്റ്ററേറ്റ് മൈതാനത്ത് സമാപിക്കും.മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സംഘാടക സമിതി ചെയർമാൻ ഇ.പി ജയരാജൻ എംഎൽഎ,സംസ്ഥാന സഹകരണ യൂണിയൻ കൺവീനർ കോലിയക്കോട് കൃഷ്‌ണൻ നായർ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകും.അൻപതിലധികം ഫ്ളോട്ടുകളും മറ്റു കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരക്കും.
മട്ടന്നൂർ പെരിഞ്ചേരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു
മട്ടന്നൂർ:മട്ടന്നൂർ പെരിഞ്ചേരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു.പെരിഞ്ചേരി ചമതക്കണ്ടിയിൽ കെ.വി സുനേഷിനാണ് വെട്ടേറ്റത്.ശനിയാഴ്ച രാത്രി എട്ടുമണിയോട് കൂടി കുഴിക്കൽ എൽപി സ്കൂളിന് സമീപത്തുവെച്ചാണ് അക്രമം.ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സുനേഷിനെ ബൈക്കിലെത്തിയ സംഘം സുനീഷിന്റെ ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു.ആ സമയം അത് വഴി ഓട്ടോറിക്ഷ വരുന്നത് കണ്ട് അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.തലയ്ക്കും കൈക്കും വെട്ടേറ്റ സുനേഷിനെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചു.എന്നാൽ സംഭവത്തിൽ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി സംസ്ഥാന കൗൺസിൽ അംഗം സി.വി വിജയൻ പറഞ്ഞു.
ഫെബ്രുവരി 15 ന് നഴ്സുമാർ സംസ്ഥാന വ്യാപകമായി പണിമുടക്കും
തിരുവനന്തപുരം:ഫെബ്രുവരി 15 ന് നഴ്സുമാർ സംസ്ഥാന വ്യാപകമായി പണിമുടക്കും.ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് പണിമുടക്കുന്നത്.25000 നഴ്സുമാർ സമരത്തിനെത്തുമെന്നു യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അറിയിച്ചു.കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിനിധി ജാസ്മിൻ ഷാ പറഞ്ഞു. കെവിഎം ആശുപത്രിയിലെ നഴ്സുമാർ സമരം ആരംഭിച്ചിട്ട് ആറുമാസത്തോളമായി. സമരം ഒത്തുതീർപ്പാക്കാൻ നടപടി ആവശ്യപ്പെട്ട് നഴ്സുമാർ കഴിഞ്ഞ ദിവസം ദേശീയപാത ഉപരോധിച്ചിരുന്നു.ഇവർക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പെൺകുട്ടികളടക്കം അഞ്ചുപേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊയിലാണ്ടിയിൽ ആർഎസ്എസ്-സിപിഎം സംഘർഷം;ആറുപേർക്ക് വെട്ടേറ്റു;കൊയിലാണ്ടിയിൽ ഇന്ന് സിപിഎം ഹർത്താൽ
വടകര:വടകര കൊയിലാണ്ടിയിൽ ആർഎസ്എസ്-സിപിഎം സംഘർഷം.ഞായറാഴ്ച വൈകിട്ട് എട്ടോടെയാണ് കൊയിലാണ്ടി പുളിയഞ്ചേരിൽ സംഘർഷമുണ്ടായത്.സംഘർഷത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള ആറു സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു.പുളിയഞ്ചേരി കെടിഎസ് വായനശാലയിൽ ഇരുന്നവർക്കു നേരെ ആർഎസ്എസ് പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് സിപിഎം നേതൃത്വം ആരോപിക്കുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമം നടത്തിയ ഒരു ആർഎസ്എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്.അക്രമത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭാ പരിധിയിൽ സിപിഎം ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ.
തക്കാളിക്ക് വിലയിടിയുന്നു;വിളവെടുപ്പ് കൂലിപോലും കിട്ടുന്നില്ല
മറയൂർ:തക്കാളിക്ക് വിലയിടിയുന്നു.അതിർത്തിക്കപ്പുറം തക്കാളിയുടെ വില രണ്ടു രൂപയിലേക്ക് താഴ്ന്നു.ബുധനാഴ്ച ഉടുമലൈ ചന്തയിൽ 14 കിലോയുടെ ഒരു തക്കാളിപ്പെട്ടിക്ക് 30 രൂപ മാത്രമാണ് കർഷകന് ലഭിച്ചത്.ഇതോടെ കർഷകർ തക്കാളി വിളവെടുക്കാതെ കൃഷിയിടങ്ങളിൽ തന്നെ ഉപേക്ഷിക്കുകയാണ്. തക്കാളിയുടെ വിളവെടുപ്പ് കൂലിയും ചന്തയിൽ എത്തിക്കാനുള്ള കൂലിയും കർഷകർക്ക് ലഭിക്കുന്നില്ല.ചന്തയിലെത്തിക്കുന്നതിന് ഒരു പെട്ടിക്ക് 10 രൂപ മുതൽ 20 രൂപ വരെ ചിലവ് വരും.ഉടുമലൈ,പഴനി മേഖലകളിലുള്ള നിരവധി ഗ്രാമങ്ങളിൽ ആയിരത്തിലധികം ഹെക്റ്ററുകളിലാണ് തക്കാളി കൃഷി ചെയ്യുന്നത്.മറ്റു പല മേഖലകളിലും തക്കാളി ഉത്പാദനം കൂടിയതും മറ്റു പ്രദേശങ്ങളിൽ നിന്നും വ്യാപാരികൾ എത്താതിരുന്നതും വിലകുറയാൻ കാരണമായതായി കർഷകർ പറയുന്നു.എന്നാൽ അതിർത്തിക്കിപ്പുറം തക്കാളിയെത്തുമ്പോൾ ഉപഭോക്താക്കളിൽ നിന്നും കിലോക്ക് 10 മുതൽ 15 രൂപവരെയാണ് ഈടാക്കുന്നത്.
കന്യാസ്ത്രീകളുടെ മർദനം;അർധരാത്രി കോൺവെന്റിൽ നിന്നും രക്ഷപ്പെട്ട കുട്ടികളെ പോലീസെത്തി രക്ഷപ്പെടുത്തി
കൊച്ചി:കൊച്ചി നഗരത്തിലെ പൊന്നുരുന്നിക്ക് സമീപമുള്ള കോൺവെന്റിൽ കുട്ടികളെ കന്യാസ്ത്രീകൾ മർദിച്ചതായി പരാതി.മർദനം സഹിക്കാൻ കഴിയാതെ അർധരാത്രി കോൺവെന്റിൽ നിന്നും രക്ഷപ്പെട്ട കുട്ടികളെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കടവന്ത്ര പോലീസ് സ്റ്റേഷനിൽ നിന്നും പോലീസെത്തി കൂട്ടികൊണ്ടുപോയി.ആറുമുതൽ പന്ത്രണ്ടു വരെ പ്രായമുള്ള നിർധനരായ കുട്ടികളാണ് കോൺവെന്റിൽ താമസിച്ചു പഠിക്കുന്നത്.ഇവരുടെ ദേഹത്ത് ചൂരലുകൊണ്ട് അടിയേറ്റ പാടുകളുണ്ട്.ചൂട് സമയങ്ങളിൽ ഫാനിടാൻ അനുവദിക്കാറില്ലെന്നും ചെറിയ തെറ്റുകൾക്ക് പോലും ക്രൂരമായി മർദിക്കാറുണ്ടായിരുന്നെന്നും വിദ്യാർഥികൾ പറഞ്ഞു. ഒരു ദിവസം കഴിക്കാൻ നൽകിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടതിനെ തുടർന്ന് പരാതിപ്പെട്ടപ്പോൾ പുഴുവിനെ എടുത്തുമാറ്റി കഴിക്കാനായിരുന്നു നിർദേശമെന്നും വിദ്യാർഥികൾ പറഞ്ഞു.കഴിഞ്ഞ ദിവസം രാത്രി മർദനം സഹിക്കനാവാതെ കോൺവെന്റിലെ ഇരുപതു കുട്ടികളും ഓടി പുറത്തിറങ്ങുകയായിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കന്യാസ്ത്രീകൾക്കെതിരെ ജുവനൈൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.