തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.യാത്രയ്ക്കായി കൂടുതലായും സ്വകാര്യ ബസ്സുകളെ ആശ്രയിക്കുന്ന വടക്കൻ,മധ്യ കേരളത്തിൽ സമരം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.യാത്രാക്ലേശം ലഘൂകരിക്കാൻ കെഎസ്ആർടിസി അധിക സർവീസ് നടത്തുന്നുണ്ടെങ്കിലും യാത്ര ദുരിതത്തിന് പരിഹാരമാകുന്നില്ല.സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് ബസ് ഉടമകൾ.നേരത്തെ, അനിശ്ചിതകാലസമരം ആരംഭിക്കുന്നതിന് മുൻപ് മിനിമം ചാർജ് എട്ട് രൂപയാക്കിയിരുന്നു.മാർച്ച് മുതൽ ഇത് പ്രബാല്യത്തിൽ വരുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്.എന്നാൽ ഇത് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമകൾ സമരത്തിലേക്ക് നീങ്ങിയത്. എന്നാൽ,ചാർജ് വർധന ആവശ്യപ്പെട്ടല്ല സമരമെന്ന് കഴിഞ്ഞ ദിവസം ബസുടമകൾ വ്യക്തമാക്കിയിരുന്നു.മിനിമം ചാർജ് പത്തുരൂപയാക്കണമെന്ന നിലപാടിൽ നിന്നും ബസുടമകൾ പിന്നോക്കം പോയെങ്കിലും വിദ്യാർത്ഥികളുടെ യാത്ര സൗജന്യമടക്കമുള്ളവയിൽ മാറ്റം വേണമെന്നാണ് ആവശ്യം.അതേസമയം സംസ്ഥാനത്ത് സമരം നടത്തുന്ന സ്വകാര്യ ബസുടമകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി ബസുടമകൾ നടത്തുന്ന ചർച്ചയെത്തുടർന്ന് സമരം പിൻവലിക്കുമെന്നാണ് സൂചന.
കൊച്ചിയിൽ 30 കോടിയുടെ മയക്കുമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ
കൊച്ചി:നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട.30 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടികൂടിയത്.സംസ്ഥാന എക്സൈസ് ഇന്‍റലിജൻസ് ആണ് മയക്കുമരുന്ന് പിടികൂടിയത്.അഞ്ച് കിലോ മെഥലിൻ ഡയോക്സി മെതാംഫിറ്റമിൻ പിടിച്ചെടുത്തതായാണ് വിവരം.കേരളത്തിൽ ഈ മയക്കുമരുന്ന് ഇത്രയും കൂടുതൽ അളവിൽ പിടികൂടുന്നത് ഇതാദ്യമായാണ്.സംഭവത്തിൽ പാലക്കാട് സ്വദേശികളായ രണ്ടുപേർ പോലീസ് പിടിയിലായിട്ടുണ്ട്.നേരത്തെ കൊച്ചിയിൽ അഞ്ചു കോടി രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തിരുന്നു.അതോടെ കേരളം കേന്ദ്രീകരിച്ച് എംഡിഎംഎ വിപണനം നടക്കുന്നുണ്ടെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ വിവിധയിടങ്ങളിൽ എക്‌സൈസ് സംഘം പരിശോധനയും നടത്തിയിരുന്നു.ഇത്തരത്തിലുള്ള പരിശോധനയ്ക്കിടയിലാണ് ഇന്ന് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇത്രയും വലിയ മയക്കുമരുന്ന് വേട്ട നടത്തിയത്.
ആന്ധ്രായിലെ ചിറ്റൂരിൽ ഓട വൃത്തിയാക്കാനിറങ്ങിയ ഏഴു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു
ചിറ്റൂർ:ആന്ധ്രായിലെ ചിറ്റൂരിൽ ഓട വൃത്തിയാക്കാനിറങ്ങിയ ഏഴു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു.ചിറ്റൂർ ജില്ലയിലെ ഒരു സ്വകാര്യ ഹാച്ചറിയിലെ തൊഴിലാളികളാണ് ശുചീകരണ ജോലിക്കിടെ ശ്വാസംമുട്ടി മരിച്ചത്.മോറം ഗ്രാമത്തിലെ പലമനേറുവിലുള്ള വെങ്കടേശ്വര ഹാച്ചറിയിലാണ് ദുരന്തം നടന്നത്. ഓടയിൽ ഇറങ്ങിയ ഉടൻ നാലു തൊഴിലാളികൾ ബോധരഹിതരായി വീണു.ഇവരെ രക്ഷിക്കാനിറങ്ങിയ മൂന്നു പേർകൂടി ഓടയിലേക്കു വീഴുകയായിരുന്നു.മറ്റ് തൊഴിലാളികളുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ഇവരെ പുറത്തെടുത്തുവെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.ദുരന്തമുണ്ടായതിനു തൊട്ടുപിന്നാലെ ഹാച്ചറിയുടെ ഉടമയും മാനേജരും ഒളിവിൽ പോയിരിക്കുകയാണ്.ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കാതെയാണ് തൊഴിലാളികളെ ശുചീകരണത്തിന് ഇറക്കിയത്.ഹാച്ചറി മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ഗുരുതരമായ അനാസ്ഥയുണ്ടായതായും അധികൃതർ പറഞ്ഞു.
ഷുഹൈബ് വധം;പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കെ.സുധാകരൻ നിരാഹാര സമരത്തിന്
കണ്ണൂർ:മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ കൊലപാതകത്തിൽ നാല് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചു.ഇതിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് കെ.സുധാകരൻ ഈ മാസം 19 ന് രാവിലെ പത്തുമണിമുതൽ 48 മണിക്കൂർ കണ്ണൂരിൽ നിരാഹാര സമരം നടത്തും.48 മണിക്കൂറിനുള്ളില്‍ പരിഹാരമില്ലെങ്കില്‍ സമരം തുടരുമെന്നും ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും സഹകരണം അഭ്യര്ഥിക്കുന്നതായും സുധാകരൻ പറഞ്ഞു.ഇന്ന് ചേർന്ന ഡിസിസി യോഗമാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമെടുത്തത്. കണ്ണൂർ കളക്റ്ററേറ്റിന് മുൻപിലായിരിക്കും സമരം നടത്തുന്നത്.സിപിഎം നല്‍കുന്ന പ്രതികളെയല്ല കൊലപാതകത്തില്‍ പങ്കെടുത്ത യഥാര്‍ഥ പ്രതികളെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്നും സുധാകരൻ ആവശ്യപ്പെട്ടു.കണ്ണൂർ എസ്പിയെ കെട്ടിയിട്ടിരിക്കുകയാണെന്നും എം.വി. ജയരാജന്‍ കണ്ണൂരിലെ ഡിവൈഎസ്പിമാരെ നേരിട്ട് വിളിച്ച് നിയന്ത്രിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.ടി.പി കൊലക്കേസിലെ പ്രതി കൊടി സുനി പരോളില്ലാതെ രാത്രികാലങ്ങളിൽ പുറത്തിറങ്ങാറുണ്ടെന്നും സുധാകരൻ ആരോപിച്ചു.സംഭവത്തിൽ എഴുത്തുകാരുടെയും സാംസ്‌കാരിക നായകരുടെയും മൗനത്തെ അദ്ദേഹം വിമർശിച്ചു.അവരെല്ലാം സ്ഥാനമാനങ്ങൾ മോഹിച്ച് സിപിഎമ്മിന്റെ ചൊൽപ്പടിക്ക് നിൽക്കുകയാണെന്നും എല്ലാവർക്കും മുഖ്യമന്ത്രിയെ പേടിയാണെന്നും സിപിഎമ്മിനോടുള്ള ഈ പേടി മാറണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ഷുഹൈബ് വധക്കേസിൽ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് ഐജി ശിവവിക്രം
മട്ടന്നൂർ:ഷുഹൈബ് വധക്കേസിൽ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് ഐജി ശിവവിക്രം.കൊലപാതകം ആയതുകൊണ്ട് അന്വേഷണത്തിൽ കൂടുതൽ സമയമെടുക്കും. അന്വേഷണത്തിൽ രാഷ്ട്രീയ സമ്മർദം ഇല്ലെന്നും ശിവ വിക്രം പറഞ്ഞു. പ്രതികളെ കണ്ടെത്തുന്നതിനായി മട്ടന്നൂർ ഇൻസ്പെക്ടർ എ.വി.ജോണിന്‍റെ നേതൃത്വത്തിൽ 12 അംഗത്തെ ഉൾപ്പെടുത്തി സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ നാലുപോലീസുകാരെയും എസ്പി, ഡിവൈഎസ്പി സ്ക്വാഡിലെ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് അന്വേഷണസംഘം രൂപീകരിച്ചത്.തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് തെരൂരിലെ തട്ടുകയിൽ വെച്ച് ശുഹൈബിനു നേരെ അക്രമം നടന്നത്.ഫോർ രജിസ്ട്രേഷൻ കാറിലെത്തിയ നാലംഗ സംഘം ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ചാർജ് വർധന അവശ്യപ്പെട്ടല്ല സമരം നടത്തുന്നതെന്ന് ബസ് ഉടമകൾ
തിരുവനന്തപുരം:ചാർജ് വർധന അവശ്യപ്പെട്ടല്ല സമരം നടത്തുന്നതെന്ന് ബസ് ഉടമകൾ.മിനിമം ചാർജ് പത്തുരൂപയാക്കണമെന്നാവശ്യപ്പെട്ടല്ല സമരമെന്നും ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.സമരം നടത്തുന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ അങ്ങോട്ട് ചര്‍ച്ചയ്ക്ക് പേകേണ്ട ആവശ്യമില്ലെന്നും നിരക്കുവര്‍ധനയുമായി ബന്ധപ്പെട്ട് ബസുടമകള്‍ക്ക് പ്രതിഷേധമുണ്ടെങ്കില്‍ അത് സര്‍ക്കാരിനെയാണ് ആദ്യം അറിയിക്കേണ്ടതെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.സമരത്തില്‍ കഷ്ടപ്പെടുന്നത് സാധാരണക്കാരും വിദ്യാര്‍ഥികളുമാണ്. ബസുടമകള്‍ ഇക്കാര്യം തിരിച്ചറിയണം. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ട ആവശ്യമില്ലെന്നും നേരത്തെ തീരുമാനിച്ച സമരവുമായി അവര്‍ മുന്നോട്ടുപോകുകയായിരുന്നുവെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് സമരകാരണം വ്യക്തമാക്കി ബസുടമകൾ രംഗത്തെത്തിയത്.
കാവേരി;കർണാടകത്തിന് അധിക ജലം;തമിഴ്നാടിനു കുറച്ചു
ബെംഗളൂരു:നാളുകളായി നീണ്ടു നിൽക്കുന്ന കാവേരി നദീജല തർക്കം സംബന്ധിച്ച് സുപ്രീം കോടതി വിധി വന്നു.കർണാടകത്തിന് അധികജലം നൽകണമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി തമിഴ്‌നാടിന്റെ വിഹിതം വെട്ടിക്കുറച്ചു.വിധിയിലൂടെ 14.75 ഘനഅടി ജലം കർണാടകത്തിന് അധികം ലഭിക്കും. 2007 ലെ കാവേരി ട്രിബ്യുണൽ ഉത്തരവിനെതിരെയാണ് കർണാടകം സുപ്രീം കോടതിയെ സമീപിച്ചത്.തമിഴ്‌നാട്,കേരളം,കർണാടകം എന്നീ സംസ്ഥാനങ്ങൾ കേസിൽ സാക്ഷികളാണ്.മൂന്നു സംസ്ഥാനങ്ങളും വിധി ലംഘിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.99.8 ടിഎംസി അടി വെള്ളം വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.എന്നാൽ ട്രിബ്യുണൽ അംഗീകരിച്ച 30 ടിഎംസി ജലം നൽകാനാണ് സുപ്രീം കോടതിയും വിധിച്ചിരിക്കുന്നത്.പുതുച്ചേരിക്ക് 7 ടിഎംസി വെള്ളമായിരിക്കും ലഭിക്കുക.15 വർഷത്തേക്കാണ് ഇന്നത്തെ വിധി.പിന്നീട് ആവശ്യമെങ്കിൽ വിധി പുനഃപരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ജലവിതരണം നിയന്ത്രിക്കുന്നതിനായി കാവേരി മാനേജ്മെന്‍റ് ബോർഡ് രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു.വിധി വരുന്നത് കണക്കിലെടുത്ത് കാവേരി നദീതട ജില്ലകളിലും തമിഴ്‌നാട് അതിർത്തി ജില്ലകളിലും കർണാടകം സുരക്ഷാ ശക്തമാക്കിയിരുന്നു.15000 പോലീസുകാരെയാണ് ക്രമസമാധാന പാലനത്തിന് ബെംഗളൂരുവിൽ നിയോഗിച്ചിരിക്കുന്നത്.
ദൂരദർശൻ തലശ്ശേരി,കാസർകോഡ് റിലേ സ്റ്റേഷനുകൾ പൂട്ടുന്നു
കണ്ണൂർ:ദൂരദർശൻ തലശ്ശേരി,കാസർകോഡ് റിലേ സ്റ്റേഷനുകൾ പൂട്ടുന്നു.മാർച്ച് 12 ഓടെ കേന്ദ്രങ്ങൾ പൂട്ടാനാണ് പ്രസാർഭാരതി ബോർഡിന്റെ തീരുമാനം. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി കേന്ദ്രം ഫെബ്രുവരി 12 ന് പൂട്ടി.രാജ്യത്ത് 272 കേന്ദ്രങ്ങൾ പൂട്ടാനാണ് പ്രസാർഭാരതി ബോർഡിന്റെ നീക്കം.ഇതോടെ ആന്റിന ഉപയോഗിച്ച് ദൂരദർശൻ പരിപാടികൾ കാണാനുള്ള അവസരമാണ് ഇല്ലാതാകുന്നത്.സാറ്റലൈറ്റ്,ഡിടിഎച് സംപ്രേക്ഷണത്തെ ഇത് ബാധിക്കില്ല.തലശ്ശേരി റിലേ കേന്ദ്രം ആരംഭിച്ചിട്ട് ഇരുപതു വർഷത്തോളമായി.രാവിലെ അഞ്ചുമണി മുതൽ 12 മണിവരെയാണ് ഈ കേന്ദ്രത്തിൽ നിന്നും സംപ്രേക്ഷണം ചെയ്തിരുന്നത്.തലശ്ശേരിയിൽ സ്വന്തം കെട്ടിടത്തിലാണ് റിലേ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.ഇവിടെ അഞ്ചു ജീവനക്കാരാണ് ഉണ്ടായിരുന്നത്.ഇവരെ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റും.മലബാർ മേഖലയിൽ മൂന്നു കേന്ദ്രങ്ങൾ പൂട്ടാനാണ് തീരുമാനം.ആദ്യം മാഹി കേന്ദ്രം പൂട്ടി.അടുത്ത ഘട്ടത്തിൽ തലശ്ശേരിയും കാസർകോടും പൂട്ടും.
ബോട്ടുടമകളുടെ അനിശ്ചിതകാല സമരം തുടങ്ങി
അഴീക്കോട്:ഇന്ധന വില കുറയ്ക്കുക,ചെറുമീനുകളെ പിടിക്കുന്നതിൽ കേന്ദ്ര ഫിഷറീസ് ഇൻസ്റ്റിട്യൂട്ടിന്റെ നിർദേശങ്ങൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബോട്ടുടമകളുടെ സംസ്ഥാന സംഘടനകൾ ആഹ്വാനം ചെയ്ത അനിശ്ചിതകാല സമരം ആരംഭിച്ചു.ജില്ലയിലെ മീൻപിടുത്ത ബോട്ടുകളൊന്നും കടലിലിറങ്ങിയില്ല.ഇതോടെ മൽസ്യ മേഖല മുഴുവൻ സ്തംഭിച്ചിരിക്കുകയാണ്. ജില്ലയിലെ പ്രധാന മീൻപിടിത്ത മേഖലയായ അഴീക്കലിൽ കഴിഞ്ഞ ദിവസം രാത്രിയിൽ കടലിൽ നിന്നും എത്തിയ ബോട്ടുകൾ വ്യാഴാഴ്ച ജെട്ടിയിൽ നിർത്തിയിട്ടു.ഇനിയും ബോട്ടുകൾ തീരത്തെത്താനുണ്ട്.അവ വെള്ളിയാഴ്ചയോടുകൂടി തീരത്തെത്തി സമരത്തിൽ പങ്കെടുക്കുമെന്ന് ബോട്ടുടമകൾ പറഞ്ഞു.രണ്ടു കോടിയിലേറെ രൂപയുടെ വ്യാപാരമാണ് ദിനം പ്രതി ഇവിടെ നടക്കാറുള്ളത്.സമരം തുടരുകയാണെങ്കിൽ മീൻപിടുത്ത മേഖല പ്രതിസന്ധിയിലാകും.
ബിനോയ് കോടിയേരിക്ക് എതിരായുള്ള കേസ് ഒത്തുതീർന്നു
തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് എതിരായി ദുബായിൽ നിലനിന്നിരുന്ന പണമിടപാട് കേസ് ഒത്തുതീർന്നു.പരാതിക്കാരനായ യുഎഇ പൗരൻ എല്ലാ കേസുകളും പിൻവലിച്ചതോടെ ബിനോയിയുടെ യാത്ര വിലക്കും നീങ്ങി.ഇതോടെ ബിനോയ് ഞായറാഴ്ച നാട്ടിലെത്തുമെന്നാണ് സൂചന.എല്ലാ തെറ്റിദ്ധാരണകളും മാറിയെന്നും പണമൊന്നും നൽകാതെ തന്നെയാണ് ദുബായിയിലെ ടൂറിസം കമ്പനിയുടെ സ്പോൺസർ ഇസ്മായിൽ അബ്ദുല്ല അൽ മർസൂഖി കേസുകൾ പിൻവലിച്ചതെന്നും ബിനോയ് പറഞ്ഞു.ബിനോയ്ക്ക് എതിരെ നൽകിയിരുന്ന കേസുകളെല്ലാം പിൻവലിച്ചതായി മർസൂഖിയും അറിയിച്ചു.