കണ്ണൂർ:കൂത്തുപറമ്പ് മാനന്തേരിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു.കിഴക്കേ കതിരൂർ സ്വദേശി ഷാജനാണ്(42) വെട്ടേറ്റത്.പാൽ വിതരണത്തിനിടെയാണ് ഇയാൾക്ക് വെട്ടേറ്റത്.കാലിനു പരിക്കേറ്റ ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.സിപിഎം-ബിജെപി സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് മാനന്തേരി.
ചർച്ചയിൽ തീരുമാനമായില്ല;സ്വകാര്യ ബസ് സമരം തുടരും
കോഴിക്കോട്:കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വെച്ച് ബസുടമകളുമായി ഗതാഗതമന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടു.വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം സർക്കാർ അംഗീകരിക്കാതെ വന്നതിനെ തുടർന്നാണ് ചർച്ച അലസിയത്.ഇതോടെ ജനജീവിതം ദുസഹമാക്കി സ്വകാര്യബസുകളുടെ സമരം നാലാം ദിവസവും തുടരും.മിനിമം ചാർജ് എട്ടു രൂപയെന്നത് അംഗീകരിക്കുന്നതായും വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നും ബസ് ഉടമകൾ നിലപാടെടുത്തു.വിദ്യാർഥികളുടെ മിനിമം ചാർജ് രണ്ടു രൂപയാക്കണമെന്നതായിരുന്നു ആവശ്യം.എന്നാൽ സർക്കാർ ഇത് അംഗീകരിച്ചില്ല. ഇതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു.
ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് പുരസ്ക്കാരം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്
കണ്ണൂർ:ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് പുരസ്ക്കാരം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്.സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനവും പഞ്ചായത്ത് കരസ്ഥമാക്കി.ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള 10 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും,സംസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്തിനുള്ള 15 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുമാണ് ലഭിച്ചത്.സാമുഹ്യക്ഷേമം,ആരോഗ്യം,എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ പഞ്ചായത്തിന് സാധിച്ചതും വികസന പ്രവര്‍ത്തനങ്ങളില്‍ കൂട്ടായ്മ ഉണ്ടാക്കിയെടുക്കാനും സാധിച്ചു എന്നുള്ളതുമാണ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്‍റെ നേട്ടത്തിന് മുതല്‍കൂട്ടായത്.പഞ്ചായത്ത് കമ്മിറ്റി,സ്റ്റാന്റിംഗ് കമ്മിറ്റി,നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍, പൊതുജന പിന്തുണയോടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പഞ്ചായത്തിനെ പുരസ്ക്കാരത്തിന് അർഹമാക്കിയത്.
ഷുഹൈബ് വധം;രണ്ട് സിപിഎം പ്രവർത്തകർ പൊലീസിന് മുൻപിൽ കീഴടങ്ങി
മട്ടന്നൂർ:മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവർത്തകർ പൊലീസിന് മുൻപിൽ കീഴടങ്ങി.തില്ലങ്കേരി സ്വദേശികളായ ആകാശ്,റിജിന രാജ് എന്നിവരാണ് കീഴടങ്ങിയത്.പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്.ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.ഇതിൽ ആകാശ് തില്ലങ്കേരിയിലെ ആർഎസ്എസ് പ്രവർത്തകൻ വിനീതിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.കേസുമായി ബന്ധപ്പെട്ട് ഇന്നലെ ആറുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവർക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമില്ലെങ്കിലും പ്രതികളെ കുറിച്ച് കൃത്യമായ അറിവ് ഉണ്ടെന്നാണ് പോലീസ് പറയുന്നത്.കണ്ണൂർ എസ്പിയുടെ നേതൃത്വത്തിൽ ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ശുഹൈബ് (30) കൊല്ലപ്പെട്ടത്.പതിനൊന്നരയോടെ സുഹൃത്തിന്‍റെ തട്ടുകടയിൽ ചായ കുടിച്ചുകൊണ്ടിരിക്കെ കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയശേഷം ശുഹൈബിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.
സംസ്ഥാനത്ത് ബോട്ട് സമരം നാലാം ദിവസത്തിലേക്ക് കടന്നു
തിരുവനന്തപുരം:ചെറുമീനുകളെ പിടിക്കുന്നതിനു ഭീമമായ പിഴ ഏർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ചും ഡീസലിന് സബ്‌സിഡി അനുവദിച്ച് മൽസ്യ മേഖലയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബോട്ടുടമകൾ നടത്തിവരുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു.മീൻപിടുത്ത ബോട്ടുകൾ കടലിൽ ഇറങ്ങാത്തതിനാൽ സംസ്ഥാനത്തെ ഹാർബറുകളിൽ പലതിലും ഹർത്താലിന്റെ പ്രതീതിയാണ്.പരമ്പരാഗത മൽസ്യത്തൊഴിലാളികൾ മാത്രമാണ് കടലിൽ പോകുന്നത്.അതേസമയം അഴിമുഖങ്ങൾ പ്രതിരോധിക്കുന്നതടക്കമുള്ള ശക്തമായ സമര പരിപാടികളിലേക്ക് കടക്കാനാണ് ബോട്ട് ഓപ്പറേറ്റർസ് അസോസിയേഷന്റെ തീരുമാനം.ഈമാസം 22 ന് സെക്രെട്ടറിയേറ്റ് മാർച്ച് നടത്താനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.അനുബന്ധമേഖലകളെയും സമരം കാര്യമായി ബാധിച്ചിട്ടുണ്ട്.സർക്കാർ മുൻകയ്യെടുത്ത് പ്രശ്‌നപരിഹാരത്തിന് അവസരമൊരുക്കും വരെ സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം.
ത്രിപുരയിൽ വോട്ടെടുപ്പ് ഇന്ന്
അഗർത്തല:കാൽനൂറ്റാണ്ടായി സിപിഎം ഭരിക്കുന്ന ത്രിപുരയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആരംഭിച്ചു.രാവിലെ ഏഴു മണിമുതൽ വൈകിട്ട് നാലുമണി വരെയാണ് തിരഞ്ഞെടുപ്പ്.സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത വാശിയേറിയ പോരാട്ടമാണ് ഇത്തവണ.59 സീറ്റുകളിലായി മൊത്തം 309 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. കോൺഗ്രസ് 59, സിപിഎം 56, ബിജെപി 50, തൃണമൂൽ കോൺഗ്രസ് 27, ബിജെപിയുടെ സഖ്യകക്ഷി ഐപിഎഫ്ടി 9 എന്നിങ്ങനെയാണ് പ്രമുഖ പാർട്ടി സ്ഥാനാർഥികളുടെ എണ്ണം.ഗോത്രവർഗ്ഗക്കാരുടെ പാർട്ടിയായ ഐപിഎഫ്റ്റിയുമായി ചേർന്നാണ് ബിജെപി രംഗത്തിറങ്ങിയിരിക്കുന്നത്.മുൻകാലങ്ങളിൽ സിപിഎമ്മിന് അനായാസ വിജയം നൽകിയ ത്രിപുരയിൽ ബിജെപി ഇത്തവണ വലിയ പ്രചാരണമാണ് സംഘടിപ്പിച്ചത്.പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു തവണ ഇവിടെ പ്രചാരണത്തിനെത്തി.കേന്ദ മന്ത്രിമാരും മണിക് സർക്കാരിനെ എതിർക്കാൻ ത്രിപുരയിലെത്തി. പണമൊഴുക്കിയുള്ള പ്രചാരണമാണ് ബിജെപി നടത്തിയതെങ്കിൽ പരമ്പരാഗത ശൈലിയിലുള്ള പ്രചാരണവുമായാണ് സിപിഎം മുന്നോട്ട് പോയത്.ഇത്തവണ അധികാരം പിടിച്ചെടുക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപിയെങ്കിൽ നഗരപ്രദേശങ്ങളിൽ വോട്ട് കുറയുമെങ്കിലും ഗ്രാമങ്ങളിൽ സീറ്റുകൾ നിലനിർത്താനാകുമെന്ന വിശ്വാസത്തിലാണ് സിപിഎം.
സ്വകാര്യ ബസ് സമരം;ബസ് ഉടമകളുമായി ഇന്ന് ചർച്ച
കോഴിക്കോട്:സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നടത്തിവരുന്ന അനിശ്ചിതകാല സമരവുമായി ബന്ധപ്പെട്ട് ബസ് ഉടമകളുമായി ഗതാഗതമന്ത്രി ഇന്ന് ചർച്ച നടത്തും.വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വെച്ചാണ് ചർച്ച നടക്കുക.എന്നാൽ ഔദ്യോഗിക ചർച്ചയല്ല മറിച്ച് ബസ് ഉടമകൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിച്ചതാണെന്ന് മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.മിനിമം ചാർജ് പത്തുരൂപയാക്കുക,വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകളുടെ പ്രധാന ആവശ്യം.ഇതിനെ തുടർന്ന് മിനിമം ചാർജ് എട്ടു രൂപയാക്കി വർധിപ്പിച്ചിരുന്നു.എന്നാൽ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിച്ചിരുന്നില്ല.ഇത് വർധിപ്പിക്കുക,വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കുക,ഇന്ധന വില ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെള്ളിയാഴ്ചമുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം തുടങ്ങുകയായിരുന്നു.അതേസമയം മിനിമം നിരക്കിലെ വർദ്ധന സ്വീകാര്യമാണെന്ന് ബസ്സുടമകൾ അറിയിച്ചിട്ടുണ്ട്.
ഷുഹൈബ് വധം;ആറുപേർ പോലീസ് കസ്റ്റഡിയിൽ
കണ്ണൂർ:മട്ടന്നൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഇവരെ ചോദ്യംചെയ്തു വരികയാണ്.ഇവരിൽ നിന്നും ചില നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.പ്രതികളെ കണ്ടെത്തുന്നതിനായി പേരാവൂർ,ഇരിട്ടി മേഖലകളിൽ പോലീസ് ഇന്നലെ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു.ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രമിന്റെ നേതൃത്വത്തിൽ നാല് സിഐമാരും 30 എസ്‌ഐമാരുമടക്കം ഇരുനൂറോളം പോലീസുകാരാണ് തിരച്ചിൽ നടത്തിയത്.സിപിഎം പാർട്ടി ഗ്രാമങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.പ്രതികൾ മാലൂർ,മുഴക്കുന്നു സ്റ്റേഷൻ പരിധിയിൽ ഉള്ളതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പോലീസ് തിരച്ചിൽ നടത്തിയത്.കണ്ണൂർ-മട്ടന്നൂർ റോഡിൽ വായന്തോട് എന്ന സ്ഥലത്തുള്ള ഒരു സ്ഥാപനത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ണൂർ ഭാഗത്തു നിന്നും കാറിൽ വന്ന ഒരു സംഘം മറ്റൊരു കാറിൽ കയറി പോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.ഇവരെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചതായി സൂചനയുണ്ട്.
ബസ് സമരം:സ്വകാര്യ ബസ്സുടമകളുമായി ഗതാഗതമന്ത്രി ഞായറാഴ്ച ചർച്ച നടത്തും
തിരുവനന്തപുരം:സംസ്ഥാനത്ത് സമരത്തിലേർപ്പെട്ടിരിക്കുന്ന സ്വകാര്യ ബസ് ഉടമകളുമായി ഗതാഗതമന്ത്രി നാളെ ചർച്ച നടത്തും.നാളെ വൈകിട്ട് നാലുമണിക്ക് കോഴിക്കോട് ഗസ്റ്റ്ഹൗസിൽ വെച്ചാണ് ചർച്ച നടത്തുക.നേരത്തെ ഇന്ന് ചർച്ച നടക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും നാളത്തേക്ക് മാറ്റുകയായിരുന്നു. അനിശ്ചിതകാല സമരം ആരംഭിക്കുന്നതിനു മുൻപ് മിനിമം ചാർജ് എട്ടുരൂപയാക്കിയിരുന്നു.ഈ നിരക്കുവർധന മാർച്ച് ഒന്ന് മുതൽ നിലവിൽ വരുമെന്നായിരുന്നു സർക്കാർ അറിയിച്ചത്.എന്നാൽ മിനിമം ചാർജ് 10 രൂപയാക്കുക, വിദ്യാർഥികളുടെ കണ്‍സഷൻ നിരക്ക് ഉയർത്തുക,വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കുക, ഇന്ധന വില ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരിക, സ്വകാര്യ ബസ് മേഖലയെക്കുറിച്ച് പഠിച്ച ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസ്സുടമകൾ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുകയായിരുന്നു.
പത്തനംതിട്ടയിൽ പടക്ക നിർമാണശാലയ്ക്ക് തീപിടിച്ച് രണ്ടുപേർ മരിച്ചു
പത്തനംതിട്ട: ഇരവിപേരൂരിൽ പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനത്തെ പടക്ക നിർമാണ ശാലയ്ക്ക് തീപിടിച്ച് രണ്ടുപേർ മരിച്ചു.സ്‌ഫോടനത്തിൽ നിരവധിപേർക്ക് പൊള്ളലേറ്റു.ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിപാടിനായുള്ള പടക്കങ്ങൾ നിർമിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്.വെട്ടിക്കെട്ട് നടത്തിപ്പുകാരൻ ഹരിപ്പാട് മഹാദേവിക്കാട് സ്വദേശി ഗുരുദാസും ഭാര്യ ആശാ ഗുരുദാസുമാണ് മരിച്ചത്.അതേസമയം പടക്ക നിർമാണശാല പ്രവർത്തിച്ചത് അനധികൃതമായാണെന്ന് പത്തനംതിട്ട എഡിഎം ദിവാകരൻ നായർ വ്യക്തമാക്കി.പൊയ്കയിൽ ശ്രീ കുമാര ഗുരുദേവന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് പ്രത്യക്ഷ ദൈവ രക്ഷാസഭ ആസ്ഥാനത്ത് നടക്കുന്നത്.ആചാരത്തിന്റെ ഭാഗമായി ചെറിയ തോതിൽ വെടിക്കെട്ടും ഇവിടെ നടത്താറുണ്ട്. ഇതിന്റെ അഞ്ചാം ദിനത്തിലാണ് അപകടം നടന്നിരിക്കുന്നത്.പോലീസും ഫയർഫോഴ്സും എത്തി തീ അണച്ച് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. അപകടത്തെ തുടർന്ന് സ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.