കണ്ണൂർ:പ്രശസ്ത സാഹിത്യകാരനും കവിയുമായ കെ.പാനൂർ(കുഞ്ഞിരാമ പാനൂർ) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെ ആയിരുന്നു അന്ത്യം.2006 ഇൽ കേരള സാഹിത്യ അക്കാദമായി അവാർഡ് നേടിയിട്ടുണ്ട്.കേരളത്തിലെ ആഫ്രിക്ക,ഹാ നക്സൽ ബാരി,തുടങ്ങിയവയാണ് പ്രധാന കൃതികൾ. കേരളത്തിൽ പലയിടങ്ങളിലായി ആദിവാസി ക്ഷേമ പ്രവർത്തനം നടത്തി.കേരള സർക്കാർ സർവീസിൽ റെവന്യൂ വിഭാഗം ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം ഡെപ്യൂട്ടി കളക്റ്ററായാണ് സർവീസിൽ നിന്നും വിരമിച്ചത്.മലയാള കലാഗ്രാമം സ്ഥാപിക്കപ്പെട്ടപ്പോൾ പത്തു വർഷത്തോളം അതിന്റെ രെജിസ്ട്രാറായും പ്രവർത്തിച്ചിട്ടുണ്ട്.
കണ്ണൂരിൽ കെ.സുധാകരൻ നടത്തി വരുന്ന നിരാഹാര സമരം അനിശ്ചിതകാലത്തേക്ക് തുടരും
കണ്ണൂർ:മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ കൊലപാതകത്തിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സുധാകരൻ നടത്തുന്ന നിരാഹാര സമരം അനിശ്ചിതകാലത്തേക്ക് തുടരുമെന്ന് സൂചന.നേരത്തെ 48 മണിക്കൂർ സമരം തുടരുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.എന്നാൽ കേസന്വേഷണം തൃപ്തികരമല്ലെന്നും പിടിയിലായിരിക്കുന്നത് യഥാർത്ഥ പ്രതികളല്ലെന്നും ചൂണ്ടിക്കാട്ടി സമരം തുടരാൻ തീരുമാനിക്കുകയായിരുന്നു.വ്യാഴാഴ്ച കണ്ണൂരിലെ കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നതിന് ശേഷം ബാക്കി നടപടികൾ സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
തനിക്ക് മുസ്ലിം ആയാണ് ജീവിക്കേണ്ടതെന്ന് ഹാദിയ സുപ്രീം കോടതിയിൽ
ന്യൂ ഡൽഹി:താൻ മുസ്ലീമാണെന്നും തനിക്ക് മുസ്ലീമായാണ് ജീവിക്കേണ്ടതെന്നും ഹാദിയ സുപ്രീം കോടതിയിൽ.തന്നെ സ്വതന്ത്രയായി ജീവിക്കാൻ അനുവദിക്കണമെന്നും അനുഭവിച്ച പീഡനങ്ങൾക്ക് നഷ്ടപരിഹാരം നല്കാൻ നിർദേശിക്കണമെന്നും ഹാദിയ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.ഹാദിയയുമായുള്ള ഷെഫിൻ ജഹാന്റെ വിവാഹം റദ്ദാക്കിയതിനെതിരെ ഷെഫിൻ ജഹാൻ സമർപ്പിച്ച ഹർജിയിൽ ഹാദിയയെയും കക്ഷി ചേർത്തിരുന്നു.മതം മാറ്റം,ഷെഫിനുമായുള്ള വിവാഹം എന്നിവ സംബന്ധിച്ച വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാമെന്ന് ഹാദിയയോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.നേരത്തെ വീട്ടുതടങ്കലിൽ ആയിരുന്നു.ഇപ്പോഴും പോലീസ് നിരീക്ഷണത്തിലാണ് ജീവിതം.ഇതിനാൽ പൂർണ്ണ സ്വതന്ത്രയായി ജീവിക്കാനുള്ള സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന് സുപ്രീം കോടതിയോട് ഹാദിയ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂത്തുപറമ്പ് കണ്ണവം വനത്തിൽ യുവാവ് വെടിയേറ്റ് മരിച്ചു
കൂത്തുപറമ്പ്:കണ്ണവം കോളനിയില്‍ വെങ്ങളത്ത് വനത്തിനുള്ളില്‍ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു. വെങ്ങളത്ത് ഖാദി ബോര്‍ഡ് സെന്‍ററിനടുത്ത് സ്വാമി പീടികയിലെ തെനിയാടന്‍ കുഞ്ഞാന്റെ മകന്‍ പ്രദീപന്‍ (സജീവന്‍- 38) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അറക്കല്‍ കോളനിയോട് ചേര്‍ന്ന പാറയിടുക്ക് ഭാഗത്ത് വെടിയേറ്റ് മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു.മുഖത്ത് വെടിയേറ്റ് പിന്നിലേക്ക് മറിഞ്ഞു വീണ നിലയിലായിരുന്നു മൃതദേഹം.നാടന്‍ തോക്ക് കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പോലീസിന്റെ നിഗമനം.വിരലടയാള വിദഗ്ദരും ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഭാര്യ: രതി. മകന്‍: നന്ദു.
ഷുഹൈബ് വധം;പ്രതികൾ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞു
കണ്ണൂർ:മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചതായി സൂചന.പ്രതികൾ എത്തിയ വാഹനം പോലീസ് തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്.രണ്ടു കാറുകളിലായാണ് പ്രതികൾ എത്തിയത്.ഇവയിൽ ഒന്ന് വാടകയ്‌ക്കെടുത്ത കാറാണെന്നും പോലീസ് പറഞ്ഞു.പ്രതികളിൽ ചിലർ സംസ്ഥാനം വിട്ട് കടന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.അഞ്ചിലധികം പ്രതികൾ കൊലപാതകത്തിൽ പങ്കാളികളായിരുന്നു എന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.എവിടെയൊളിച്ചാലും പ്രതികളെ പുറത്തു കൊണ്ടുവരുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം കൃത്യം നടത്താൻ ഉപയോഗിച്ചത് മഴുവായിരുന്നില്ലെന്നും വാളാണെന്നും കണ്ടെത്തിയിട്ടുണ്ട്.വാളുകൊണ്ട് ഉണ്ടാകുന്ന തരം മുറിവുകളാണ് ശുഹൈബിന്റെ ദേഹത്ത് കണ്ടെത്തിയതെന്നാണ് വിവരം.
മലയാളി ദമ്പതികളെ സൗദി അറേബ്യയിലെ മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തി
സൗദി:മലയാളി ദമ്പതികളെ സൗദി അറേബ്യയിലെ മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തി.കോഴിക്കോട് നാദാപുരം കക്കട്ടിൽ പുളിച്ചാലിൽ കുഞ്ഞബ്ദുള്ള(37),ഭാര്യ റിസ്‌വാന(30) എന്നിവരെയാണ് അൽ അഹ്സയിലെ അയൂനിൽ വിജനമായ സ്ഥല ത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.സൗദിയിലെ ഒരു ഹൈപ്പർ മാർക്കറ്റിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു കുഞ്ഞബ്ദുള്ള. ഭാര്യയോടൊപ്പം ദമ്മാമിലേക്ക് പോവുകയാണെന്ന് സുഹൃത്തുക്കളെ ഇയാൾ വിവരം അറിയിച്ചിരുന്നു.എന്നാൽ രണ്ടു ദിവസം കഴിഞ്ഞിട്ടും ഇയാളെ കാണാത്തതിനാൽ ഹൈപ്പർമാർക്കറ്റ് അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇവരുടെ മൃതദേഹം സൗദി അറേബിയയിലെ മരുഭൂമിയിൽ കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കെഎസ്ആർടിസി പെൻഷൻ കുടിശ്ശിക വിതരണം ഇന്ന് മുതൽ
തിരുവനന്തപുരം:കെഎസ്ആർടിസിയിൽ അഞ്ചുമാസമായി മുടങ്ങിക്കിടക്കുന്ന പെൻഷൻ കുടിശ്ശിക വിതരണം ഇന്ന് തുടങ്ങും.രാവിലെ 11 മണിക്ക് കെഎസ്ആർടിസി തമ്ബാനൂർ ബസ് ഡിപ്പോയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പെൻഷൻ വിതരണം ഉൽഘാടനം ചെയ്യും. സഹകരണ വകുപ്പും കെഎസ്ആർടിസിയും സർക്കാരും ചേർന്ന് ധാരണ പത്രം ഒപ്പു വെച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.നിലവിലുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സഹകരണ കൺസോർഷ്യം വഴി ജൂലൈ വരെ പെൻഷൻ വിതരണം ചെയ്യും.219 കോടി രൂപയാണ് പെൻഷൻകാരുടെ കുടിശ്ശിക പെൻഷൻ നല്കാൻ ഈ മാസം വേണ്ടി വരുന്നത്. തുടർമാസങ്ങളിൽ കൃത്യമായ പെൻഷൻ തുക അതാതു സഹകരണ ബാങ്കുകളിലെ കെഎസ്ആർടിസി പെൻഷൻകാരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കും.സംസ്ഥാനത്താകെ 39045 പെൻഷൻകാരാണുള്ളത്.പെൻഷൻകാർ തൊട്ടടുത്ത സഹകരണ ബാങ്കിൽ അക്കൗണ്ട് തുടങ്ങുന്നതിനു പിന്നാലെ കുടിശ്ശിക അടക്കമുള്ള പെൻഷൻ തുക നിക്ഷേപിക്കും.
അഡാർ ലവ് നായിക പ്രിയ വാര്യർ സുപ്രീം കോടതിയിൽ
ന്യൂഡൽഹി:’ഒരു അഡാർ ലവ്’ എന്ന സിനിമയിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിനെതിരെ ഇതര സംസ്ഥാനങ്ങളിൽ നിലവിലുള്ള ക്രിമിനൽ നടപടികൾ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സിനിമയിലെ നായിക പ്രിയ വാര്യർ സുപ്രീം കോടതിയിൽ.ഹൈദരാബാദിലെ ഫലക്നാമ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്‌ഐആർ റദ്ദാക്കുക,സിനിമയിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിനെതിരായ നടപടികൾ തടഞ്ഞ് ഇടക്കാല ഉത്തരവിറക്കുക എന്നെ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.ഹർജിയിൽ പ്രിയയ്ക്ക് പുറമെ സിനിമയുടെ സംവിധായകൻ ഒമർ ലുലുവും ജോസഫ് വാളക്കുഴി ഈപ്പനും പരാതിക്കാരാണ്.മഹാരാഷ്ട്ര,തെലങ്കാന സംസ്ഥാനങ്ങളെ എതിർകക്ഷികളാക്കി സുപ്രീം കോടതി അഭിഭാഷകരായ അഡ്വ.ഹാരിസ് ബീരാൻ, അഡ്വ,പല്ലവി പ്രതാപ് എന്നിവർ മുഖേനയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. തെറ്റായതായും വളച്ചൊടിച്ചതുമായ വ്യാഖ്യാനങ്ങൾ നൽകിയാണ് മലയാളം സംസാരിക്കാത്ത ഇതര സംസ്ഥാനങ്ങളിൽ നിന്നും പാട്ടിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നതെന്ന് ഹർജിയിൽ ബോധിപ്പിച്ചിട്ടുണ്ട്.പാട്ടിന്റെ പരിഭാഷയും കോടതിക്ക് മുൻപിൽ സമർപ്പിച്ചിട്ടുണ്ട്.
സ്വകാര്യ ബസ് സമരം പിൻവലിച്ചു
തിരുവനന്തപുരം:സംസ്ഥാനത്തു സ്വകാര്യ ബസുകൾ നടത്തി വന്നിരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു.ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്.മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ചാണ് സമരം പിൻവലിക്കുന്നത്.ജനങ്ങളുടെ ബുദ്ധിമുട്ട് മാനിക്കുന്നു.തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ പിന്നീട് ചർച്ചയാവാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും ബസുടമകൾ അറിയിച്ചു.
ഷുഹൈബ് വധം;അറസ്റ്റിലായത് ഡമ്മികളല്ല യഥാർത്ഥ പ്രതികളാണെന്ന് പോലീസ്
കണ്ണൂർ:മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ ഡമ്മി പ്രതികളാണ് കൊലപാതകം നടത്തിയവർ ആണെന്ന് പോലീസ്.കേസിൽ ഗൂഢാലോചന നടത്തിയവരെ പിടികൂടാനുണ്ടെന്നും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാൻ അറിയിച്ചു.പ്രതികൾ കീഴടങ്ങിയതല്ല അറസ്റ്റ് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.തെരച്ചിലിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണു പ്രതികളെ പിടികൂടിയത്.സംസ്ഥാന പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെങ്കിൽ മറ്റു സ്ഥലങ്ങളിലെ പോലീസിനെ കേസ് ഏൽപ്പിക്കാം. സിബിഐ അന്വഷണത്തിനും പോലീസ് എതിരല്ല. സിബിഐ അന്വേഷണം വേണ്ടവർക്കു കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും അന്വേഷണത്തിൽ രാഷ്ട്രീയ സമ്മർദമില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രതികളെ സഹായിക്കുന്നവർ പോലീസിലുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ഡിജിപി വ്യക്തമാക്കി.