കണ്ണൂർ:ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് അക്രമികൾ സഞ്ചരിച്ച വാഹനം കണ്ടെത്താൻ പോലീസ് ശ്രമം ഊർജിതമാക്കി. ഫോർ രജിസ്ട്രേഷൻ സ്റ്റിക്കർ പതിച്ച് എത്തിയ വാഗണർ കാർ തളിപ്പറമ്പിൽ നിന്നും വാടകയ്ക്ക് എടുത്തതാണെന്നാണ് അറസ്റ്റിലായ ആകാശ് തില്ലങ്കേരി മൊഴി നൽകി.കാറിന്‍റെ രജിസ്റ്റർ നമ്പർ മാറ്റിയ ശേഷം പ്രതികൾ ഫോർ രജിസ്ട്രേഷൻ സ്റ്റിക്കർ പതിക്കുകയായിരുന്നു.കൊലപാതകം നടന്നതിന്‍റെ തലേന്ന് ആകാശ് തളിപ്പറമ്പിലെത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അക്രമികൾ സഞ്ചരിച്ച വാഹനം പോലീസ് തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആകാശിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് വാഹനത്തിനായി തിരച്ചിൽ തുടരുകയാണ്.
പെറുവിൽ ബസ്സപകടത്തിൽ 44 പേർ മരിച്ചു
ലിമ:പെറുവിലെ എരിക്യൂപ്പയിൽ പാൻ അമേരിക്കൻ സർ ഹൈവെയിലുണ്ടായ ബസ്സപകടത്തിൽ 44 പേർ മരിച്ചു.റോഡിൽ നിന്നും നിയന്ത്രണം നഷ്ട്ടപ്പെട്ട ബസ് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.ബസിൽ ആകെ 45 യാത്രക്കാരാണ് ഉണ്ടായിരുന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.അപകടത്തിൽ മരിച്ചവർക്ക് പ്രസിഡന്റ് പെഡ്രോ പാബ്ലോ കുസിൻസ്‌കി അനുശോചനം രേഖപ്പെടുത്തി.കഴിഞ്ഞമാസം പാൻ അമേരിക്കൻ ഹൈവേയിലുണ്ടായ മറ്റൊരു അപകടത്തിൽ 52 പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കണ്ണൂർ അഴീക്കോട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു നേരെ ബോംബേറ്
കണ്ണൂർ:കണ്ണൂർ അഴീക്കോട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു നേരെ ബോംബേറ്.വ്യാഴാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ബോംബേറിൽ ഓഫീസിന്റെ വാതിലുകളും ജനൽ ചില്ലുകളും തകർന്നു.ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
കെ.സുധാകരന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു
കണ്ണൂർ:മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ശുഹൈബിന്റെ കൊലപാലകവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സുധാകരൻ നടത്തിവരുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു.രാവിലെ മുതൽ തന്നെ നിരവധി കോൺഗ്രസ് പ്രവർത്തകരാണ് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും സമരപ്പന്തലിലേക്ക് എത്തുന്നത്.ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് സമരപ്പന്തലിൽ വെച്ച് ചേരുന്ന യുഡിഎഫ് സംസ്ഥാനനേതാക്കളുടെ യോഗം ഭാവി സമര പരിപാടികൾ ആസൂത്രണം ചെയ്യും.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്‍റ് എം.എം.ഹസൻ, വി.എം.സുധീരൻ, പി.കെ.കുഞ്ഞാലിക്കുട്ടി എംപി, കെ.പി.എ.മജീദ്, എ.എ.അസീസ് തുടങ്ങിയ നേതാക്കൾക്കൊപ്പം യുഡിഎഫ് എംപിമാരും എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കും.തിങ്കളാഴ്ച രാവിലെ മുതലാണ് സുധാകരൻ കളക്റ്ററേറ്റ് പടിക്കൽ 48 മണിക്കൂർ നിരാഹാരം ആരംഭിച്ചത്.എന്നാൽ കെപിസിസി നിർദേശപ്രകാരം സമരം അനിശ്ചിതകാലത്തേക്ക് നീട്ടുകയായിരുന്നു.ഉമ്മൻ ചാണ്ടി, എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, എൻ.കെ.പ്രേമചന്ദ്രൻ തുടങ്ങിയവർ ഇന്നലെ സമരപ്പന്തലിൽ എത്തി സുധാകരന് അഭിവാദ്യമർപ്പിച്ചു. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയും ഇന്നലെ സുധാകരനെ സന്ദർശിച്ചു.ഇന്നലെ വൈകുന്നേരം അഞ്ചുമണിയോട് കൂടി സ്വകാര്യ ആശുപത്രിയിലെ ഡോക്റ്ററെത്തി സുധാകരന്റെ ആരോഗ്യ നില പരിശോധിച്ചു.ക്ഷീണിതനാണെങ്കിലും സുധാകരൻ ആരോഗ്യവാനാണെന്നു ഡോക്റ്റർമാർ പറഞ്ഞു. അതേസമയം സുധാകരന്റെ ആരോഗ്യ നില പരിശോധിക്കാൻ ജില്ലാ ആശുപത്രിയിൽ നിന്നും മെഡിക്കൽ സംഘം എത്തിയിരുന്നെങ്കിലും പ്രവർത്തകർ പരിശോധിക്കാൻ അനുവദിച്ചില്ല. നിരാഹാരസമരം മൂന്നു ദിവസം പിന്നിട്ടിട്ടും സുധാകരന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ ഡോക്ടർമാർ എത്താൻ വൈകിയതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്.ഇതോടെ ഡോക്റ്റർമാർ മടങ്ങി പോയി.
സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് ആരംഭിക്കും
തൃശൂർ:സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തൃശ്ശൂരിൽ കൊടിയേറും.രാവിലെ പത്തുമണിക്ക് റീജിയണൽ തീയേറ്ററിലെ വി.വി.ദക്ഷിണാമൂർത്തി നഗറിൽ പാർട്ടി സ്ഥാപക നേതാവ് വി.എസ് അച്യുതാനന്ദൻ പതാക ഉയർത്തും.10.30 ന് ജനറൽ സെക്രെട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്യും.സിപിഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട് അവതരിപ്പിക്കും.നാല് ദിവസമാണ് സമ്മേളനം നടക്കുക. സംസ്ഥാനത്തെ 577 രക്തസാക്ഷികളുടെ ബലികുടീരത്തിൽ നിന്നും ആരംഭിച്ച ദീപശിഖ പ്രയാണവും വയലാറിൽ നിന്നുള്ള കൊടിമരജാഥയും കയ്യൂരിൽ നിന്നുള്ള പതാക ജാഥയും ഇന്നലെ വൈകുന്നേരത്തോടെ നഗരത്തിലെത്തി.തുടർന്ന് പൊതുസമ്മേളനം നടക്കുന്ന തേക്കിൻകാട് മൈതാനത്തെ കെ.കെ മാമക്കുട്ടി നഗറിൽ സ്വാഗത സംഘം ചെയർമാൻ ബേബി ജോൺ ചെങ്കൊടി ഉയർത്തി.മുഖ്യമന്ത്രി പിണറായി വിജയൻ ദീപശിഖ തെളിയിച്ചു.തുടർന്ന് നടന്ന സമ്മേളനത്തിൽ പിണറയി വിജയൻ പ്രസംഗിച്ചു.
കാസർകോഡ് മോഷണശ്രമത്തിനിടെ റിട്ട.അദ്ധ്യാപിക ജാനകിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ
കാസർകോഡ്:ചീമേനിയിൽ റിട്ട.അദ്ധ്യാപിക ജാനകിയെ കൊലപ്പെടുത്തുകയും ഭർത്താവ് കൃഷ്ണനെ പരിക്കേൽപ്പിക്കുകയും ചെയ്ത് സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ രണ്ടുപേർ പോലീസ് പിടിയിലായി.പുലിയന്നൂർ ചീർക്കുളം സ്വദേശികളായ വിശാഖ്,റിനീഷ് എന്നിവരാണ് പിടിയിലായത്.സംഭവത്തിലെ മുഖ്യ സൂത്രധാരൻ കൂടിയായ മൂന്നാമൻ അരുൺ വിദേശത്തേക്ക് കടന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.കൊലപാതകം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ഉത്തരമേഖലാ എ ഡി ജി പി രാജേഷ് ദിവാൻ ഇന്ന് കാഞ്ഞങ്ങാട്ട് എത്തും. പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.
കേസിലെ പ്രതികളിലൊരാളായ വൈശാഖിന്റെ അച്ഛൻ നൽകിയ വിവരമാണ് പ്രതികളെ പിടികൂടാൻ പോലീസിനെ സഹായിച്ചത്.ജാനകിയുടെ വീട്ടിൽ നിന്നും 18 പവൻ സ്വർണ്ണവും 35000 രൂപയുമാണ് ഇവർ കവർന്നത്.ഇതിൽ എട്ടുപവൻ ഇവർ കണ്ണൂരിലെ ഒരു പ്രമുഖ ജ്വല്ലറിയിലും ബാക്കി മംഗളൂരുവിലും വിറ്റു. മകന്റെ കയ്യിൽ കുറെ പണം കണ്ടതായി വൈശാഖിന്റെ അച്ഛൻ ചീമേനി പോലീസ് സ്റ്റേഷനിലെത്തി പറഞ്ഞിരുന്നു.ഇതനുസരിച്ച് ചീമേനി എസ്‌ഐ എം.രാജഗോപാൽ വൈശാഖിന്റെ വീട്ടിലെത്തി പരിശോധിച്ചപ്പോൾ സ്വർണ്ണം വിറ്റ ജ്വല്ലറിയുടെ ബില് കണ്ടെടുത്തു.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വിശാഖ് കുറ്റം സമ്മതിക്കുകയായിരുന്നു.
ഡിസംബർ 13 നായിരുന്നു സംഭവം നടന്നത്.ജാനകിയുടെ വീടിനു സമീപത്തുള്ള ചീർക്കുളം അയ്യപ്പഭജനമഠത്തിൽ വിളക്കുത്സവം നടക്കുകയായിരുന്നു. അവിടെയെത്തിയ പ്രതികൾ മൂന്നുപേരും കൂടി രാത്രി ഒൻപതു മണിയോടെ ജാനകിയുടെ വീട്ടിലെത്തി.കോളിങ് ബെൽ അടിച്ചപ്പോൾ കൃഷ്ണൻ വാതിൽ പാതി തുറന്നു.ഉടൻ തന്നെ പ്രതികൾ മൂന്നുപേരും കൂടി വാതിൽ തള്ളിത്തുറന്ന് അകത്ത് കടന്നു.രണ്ടുപേരുടെയും വായ സെല്ലോ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു.ശേഷം കൃഷ്ണനെ സോഫയിലേക്ക് തള്ളിയിട്ടു.ജാനകിയെ മറ്റൊരു മുറിയിലേക്ക് വലിച്ചു കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി ദേഹത്തുണ്ടായിരുന്ന സ്വർണ്ണം ഊരി വാങ്ങി.ഇതിനിടെ ഇവരിൽ ഒരാളെ ജാനകി തിരിച്ചറിഞ്ഞു.ഇതോടെ ജാനകിയുടെ കഴുത്തറുക്കുകയായിരുന്നു.രക്തം വാർന്ന് കുഴഞ്ഞു വീണ ജാനകി അവിടെത്തന്നെ മരിച്ചു.പിന്നീട് സോഫയിൽ തളർന്നു കിടന്ന കൃഷ്ണന്റെയും കഴുത്ത് ഇവർ മുറിച്ചു.ഇതിനു ശേഷം പുറത്തിറങ്ങിയ ഇവർ നടന്ന് പുലിയന്നൂർ റോഡിലെ കലുങ്കിനടുത്തെത്തി.സമീപത്തെ പുഴയിലേക്ക് കത്തിവലിച്ചെറിഞ്ഞ ശേഷം പുഴയിലിറങ്ങി കാലും മുഖവും കഴുകി വീട്ടിൽ പോയി കിടന്നുറങ്ങി. പിന്നീട് പ്രതികൾ മൂന്നുപേരും ഫോണിലോ പരസ്പരമോ ബന്ധപ്പെട്ടിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് മറ്റു നാട്ടുകാരെ ചോദ്യം ചെയ്യുന്നതിനിടയിൽ ഇവരെയും ചോദ്യം ചെയ്തെങ്കിലും പൊലീസിന് യാതൊരു സംശയവും തോന്നാത്ത രീതിയിലാണ് ഇവർ പെരുമാറിയിരുന്നത്.പിന്നീട് കേസിൽ അന്വേഷണം ജാനകിയുടെ ബന്ധുക്കളിലേക്ക് തിരിഞ്ഞപ്പോൾ ഇവർ സന്തോഷിക്കുകയും ചെയ്തു. ഇതിനിടെ ഫെബ്രുവരി നാലിന് അരുൺ കുവൈറ്റിലേക്ക് കടന്നു.ഇതിനു ശേഷമാണ് മറ്റു രണ്ടു പ്രതികളും ചേർന്ന് രഹസ്യകേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം വിറ്റത്.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
‘മാണിക്യമലരായ’ എന്ന ഗാനത്തിനെതിരായി കേസെടുക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി:’ഒരു അഡാർ ലവ്’ എന്ന സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിനെതിരെ കേസെടുക്കുന്നതിന് സുപ്രീം കോടതിയുടെ സ്റ്റേ. നിലവിലുളള കേസുകളിലെ തുടർ നടപടികളും കോടതി സ്റ്റേ ചെയ്തു.കേസിലെ എതിർ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു.ഗാനത്തിനെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചിത്രത്തിന്‍റെ സംവിധായകനും നടി പ്രിയ വാര്യരും നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്.’മാണിക്യ മലരായ പൂവി’ എന്നു തുടങ്ങുന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നെന്നാരോപിച്ച് ഒരു കൂട്ടം യുവാക്കളാണ് ഹൈദരാബാദ് പോലീസിൽ പരാതി നൽകിയിരുന്നത്. ഇതിനു പിന്നാലെ മഹാരാഷ്‌ട്രയിലും ഒരു വിഭാഗം പോലീസിൽ പരാതി നൽകിയതോടെയാണ് നടിയും സംവിധായകനും സുപ്രീംകോടതിയെ സമീപിച്ചത്.ഹരജി പരിഗണിച്ച കോടതി എല്ലാ കേസിനും സ്റ്റേ അനുവദിച്ചു. ഗാനത്തിനെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് വിലക്കിയ കോടതി ഇക്കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി.
അറുപത്തിയാറാമത് ദേശീയ സീനിയർ വോളി ബോൾ മത്സരങ്ങൾക്ക് കോഴിക്കോട് തുടക്കം
കോഴിക്കോട്:അറുപത്തിയാറാമത് ദേശീയ സീനിയർ വോളി ബോൾ മത്സരങ്ങൾക്ക് കോഴിക്കോട് ട്രേഡ് സെന്റർ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. മേളയുടെ ഔപചാരിക ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. ഇന്ന് രാവിലെ ഏഴരയ്ക്കാണ് ആദ്യമത്സരങ്ങള്‍.പുരുഷ വിഭാഗത്തിൽ 28 ഉം വനിതാ വിഭാഗത്തിൽ 26 ടീമുകളുമാണ് എട്ടു ദിവസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ മത്സരിക്കുക.17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേരളം സ്വന്തം മണ്ണില്‍ സീനിയർ ദേശീയ കിരീടത്തിനായി കച്ചമുറുക്കുന്നത്.കഴിഞ്ഞ തവണ ചെന്നൈയില്‍ കിരീടം നേടിയ പുരുഷ ടീമില്‍ വലിയ മാറ്റം വരുത്താതെയാണ് ഇത്തവണയും കേരളം കളത്തിലിറങ്ങുന്നത്.കഴിഞ്ഞ വര്‍ഷം ടീമിനെ വിജയത്തിലേക്ക് നയിച്ച അബ്ദുള്‍ നാസര്‍ തന്നെയാണ് ഇത്തവണയും മുഖ്യപരിശീലകന്‍ . ഇന്നു മുതല്‍ 25 വരെ രാവിലെ ഏഴര മുതല്‍ രാത്രി പത്ത് വരെ രണ്ട് വേദികളിലായാണു മത്സരങ്ങള്‍ നടക്കുന്നത്. 26, 27 തീയതികളിൽ കാലിക്കട്ട് ട്രേഡ് സെന്‍റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സെമി ഫൈനല്‍ അരങ്ങേറും. പുരുഷ, വനിതാ ഫൈനല്‍ മത്സരങ്ങള്‍ക്ക് 28 ന് ട്രേഡ് സെന്‍റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം വേദിയാകും.
ശുഹൈബിനെ വധിക്കാൻ കൊട്ടേഷൻ നൽകിയത് ഡിവൈഎഫ്ഐ നേതാവെന്ന് പ്രതികളുടെ മൊഴി
കണ്ണൂർ:മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ കൊല്ലാൻ കൊട്ടേഷൻ നൽകിയത് ഡിവൈഎഫ്ഐ പ്രാദേശിക നേതാവെന്ന് പ്രതികളുടെ മൊഴി.ഡമ്മി പ്രതികളെ നൽകാമെന്ന് പാർട്ടി ഉറപ്പുനല്കിയിരുന്നെന്നും ഭരണമുള്ളതു കൊണ്ട് പാർട്ടി സഹായമുണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നതായും പ്രതി ആകാശ് മൊഴി നൽകി.ശുഹൈബിനെ അടിച്ചാൽ പോരെ എന്ന് ചോദിച്ചപ്പോൾ വെട്ടണമെന്ന് നിർബന്ധിച്ചതായും മൊഴിയിൽ പറയുന്നു. ആക്രമിച്ച ശേഷം രണ്ടു വാഹനങ്ങളിലായി നാട്ടിലേക്ക് പോയി.അവിടെ ഒരു ക്ഷേത്രോത്സവത്തിൽ രാത്രി ഒരുമണി വരെ പങ്കെടുക്കുകയും ചെയ്തു.പിന്നീട് ഷുഹൈബ് മരിച്ചെന്ന് അറിഞ്ഞ ശേഷമാണ് ഒളിവിൽ പോയത്.ഒളിവിൽ കഴിയുന്നതിന് ചില പ്രാദേശിക നേതാക്കളുടെ സഹായം ലഭിച്ചിരുന്നു.ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ എവിടെയുണ്ടെന്ന് അറിയില്ലെന്നും കൂടെയുണ്ടായിരുന്ന രണ്ട് ഡിവൈഎഫ്ഐ നേതാക്കളാണ് ആയുധങ്ങൾ കൊണ്ടുപോയതെന്നും ആകാശ് മൊഴി നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ ലോട്ടറി വില്പനക്കാർക്ക് ഇനി മുതൽ യൂണിഫോമും
തിരുവനന്തപരം:സംസ്ഥാനത്തെ ലോട്ടറി വില്പനക്കാർക്ക് ഇനി മുതൽ യൂണിഫോമും.ലോട്ടറി പരസ്യത്തോട് കൂടിയ കുങ്കുമ നിറത്തിലുള്ള ഓവർകോട്ട് ധരിച്ചാണ് ഇനി മുതൽ ഇവർ ലോട്ടറി വില്പനനടത്തുക.യൂണിഫോമിനൊപ്പം പ്രത്യേക തരം കുടയും നൽകുന്നുണ്ട്. സംസ്ഥാനത്തെ ലോട്ടറി ഏജന്റുമാരുടെയും ചില്ലറ വില്പനക്കാരുടെയും ക്ഷേമനിധി ബോർഡാണ് ലോട്ടറി വില്പനക്കാർക്ക് യൂണിഫോം കൊണ്ടുവരാൻ കഴിഞ്ഞമാസം തീരുമാനമെടുത്തത്. കുടുംബശ്രീക്കാണ് ലോട്ടറി വില്പനക്കാരുടെ യൂണിഫോം തയ്യാറാക്കുന്നതിനുള്ള ചുമതല നൽകിയിരിക്കുന്നത്.ഒരു യൂണിഫോമിന് 300 രൂപയാണ് കുടുംബശ്രീക്ക് നൽകേണ്ടത്.ജില്ലാ ലോട്ടറി ഓഫീസിൽ നിന്നും രണ്ടു യൂണിഫോം കോട്ടുകൾ സൗജന്യമായി നൽകുന്നുമുണ്ട്. ക്ഷേമനിധിയിൽ അംഗങ്ങളായ 50000 പേർക്കാണ് ആദ്യഘട്ടത്തിൽ യൂണിഫോം ലഭ്യമാക്കുക.