പാലക്കാട്:അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുന്നു. സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടിയിൽ പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധത്തിനിടയിലേക്ക് മധുവിന്‍റെ മൃതദേഹവുമായി വന്ന ആംബുലൻസ് പ്രതിഷേധക്കാർ തടഞ്ഞു. പ്രതികളെ പിടികൂടിയശേഷം മധുവിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്താൽ മതിയെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ ആംബുലന്സ് തടഞ്ഞത്. അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപമാണ് ആംബുലൻസ് തടഞ്ഞത്. ഇതിനിടെ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ പാലക്കാട് ജില്ലാ കളക്ടറോടും എസ്പിയോടും കമ്മീഷൻ വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
ശുഹൈബിനെ വധിക്കാൻ ഉപയോഗിച്ചത് കുടകിൽ നിന്നുള്ള വാളുകൾ
കണ്ണൂർ:എടയന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിനെ അക്രമിക്കുന്നതിനായി മൂന്നു വാളുകൾ കൊണ്ടുവന്നതായി സൂചന.വീരാജ്പേട്ടയിലും കുടകിലും മറ്റും മുളകൾ വെട്ടാൻ ഉപയോഗിക്കുന്ന വാളാണിതെന്നാണ് പോലീസ് പറയുന്നത്.എന്നാൽ ഈ ആയുധങ്ങളും കൊലയാളികൾ സഞ്ചരിച്ച വാഹനങ്ങളൂം ഇതുവരെ കണ്ടെത്താൻ പോലീസിനായിട്ടില്ല.ഇതിൽ ദുരൂഹത ഉള്ളതായി ആരോപണമുണ്ട്.പ്രതികൾ സഞ്ചരിച്ച രണ്ടു വാഹനങ്ങൾ തളിപ്പറമ്പിൽ നിന്നും പിടിച്ചെടുത്തതായി സൂചനയുണ്ടെങ്കിലും സ്ഥിതീകരിച്ചിട്ടില്ല.മാത്രമല്ല ആകാശിന്റെയും രജിൻ രാജിന്റെയും കൂടെയുണ്ടായിരുന്ന മറ്റു മൂന്നു പ്രതികളെയും ഇനിയും കണ്ടെത്തിയിട്ടില്ല.ഇതിൽ ഒരാൾ വാഹനത്തിന്റെ ഡ്രൈവറാണ്.ആക്രമണം ആസൂത്രണം ചെയ്തവരെയും നിരീക്ഷിച്ചു വരികയാണ്. അഞ്ചുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.ഇതിൽ ഡ്രൈവർ വാഹനത്തിൽ തന്നെയിരുന്നു.എടയന്നൂരിലെ ഒരു ഡിവൈഎഫ്ഐ പ്രവർത്തകനാണ് ശുഹൈബിന്റെ കുറിച്ചുള്ള സൂചന നൽകിയത്. ഷുഹൈബ് രാത്രിൽ എന്നും എടയന്നൂരിലെ തട്ടുകടയിൽ എത്തുന്നത് അവർ നിരീക്ഷിച്ചു. ഷുഹൈബ് തട്ടുകടയിൽ എത്തിയതായി ഇവർ കുറച്ചകലെ കാത്തു നിൽക്കുകയായിരുന്ന പ്രതികൾക്ക് വിവരം നൽകി.ശുഹൈബിനെ ആക്രമിച്ച ശേഷം ഇവർ സഞ്ചരിച്ച വാഹനം മട്ടന്നൂർ ഭാഗത്തേക്കാണ് പോയത്.പിന്നീട് ഇവർ രണ്ടു വാഹനങ്ങളിലായി തിരിഞ്ഞതായും പോലീസ് സംശയിക്കുന്നു.നേരത്തെ ശുഹൈബിന്റെ നാളുകൾ എണ്ണപ്പെട്ടതായി മുദ്രാവാക്യം മുഴക്കി എടയന്നൂർ ടൗണിൽ ചിലർ പ്രകടനം നടത്തിയിരുന്നു. ഗൂഢാലോചനയിൽ പങ്കെടുത്ത ചിലർ ആ പ്രകടനത്തിൽ ഉണ്ടായിരുന്നുവെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
പരിയാരത്ത് ബസും കാറും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്
പരിയാരം:പരിയാരത്ത് ഗവ.ഹൈ സ്കൂളിന് സമീപം ദേശീയ പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്.പയ്യന്നൂരിൽ നിന്നും ചപ്പാരപ്പടവിലേക്ക് പോയ കാർ സ്കൂളിന് സമീപത്തുള്ള വളവിൽ വെച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ചപ്പാരപ്പടവ് സ്വദേശികളായ എം.ഹസൈനാർ ഹാജി(65),മക്കളായ പി.സി ശംസുദ്ധീൻ(41),പി.സി സൈനബ(32) എന്നിവർക്കും ബസ് യാത്രക്കാരായ മേലതിയേടത്തെ ടി.വി നാരായണൻ(60), ഏമ്പേറ്റിലെ പുരുഷോത്തമൻ(52),ഭാര്യ രമണി(45),കെ.വി രോഹിണി(65) എന്നിവർക്കുമാണ് പരിക്കേറ്റത്.ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ കുടുംബത്തിന് എസ്‌വൈഎസ് ധനസഹായം നൽകി
കണ്ണൂർ:മട്ടന്നൂർ എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ കുടുംബത്തിനും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്കും സമസ്തകേരള സുന്നി യുവജന സംഘം ധനസഹായം നൽകി.എസ്‌വൈഎസ് ഭാരവാഹികൾ ശുഹൈബിന്റെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്. ശുഹൈബിന്റെ കൊലപ്പെടുത്തിയ മുഴുവൻ പ്രതികളെയും പിന്നിൽ പ്രവർത്തിച്ചവരെയും ഉടൻ തന്നെ പിടികൂടി നിയമത്തിനു മുന്നിൽ എത്തിക്കണമെന്ന് സുന്നി നേതാക്കൾ ആവശ്യപ്പെട്ടു.അല്ലാത്തപക്ഷം സുന്നി സംഘടനകൾ ശക്തമായ സമരപരിപടികളുമായി മുന്നോട്ട് വരുമെന്നും ഇവർ പറഞ്ഞു.
അഴീക്കോട് ആർഎസ്എസ് കാര്യാലയത്തിന് നേരെ നടന്ന ആക്രമണത്തിൽ നാല് സിപിഎം പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ:പൂതപ്പാറയിലും വൻകുളത്തുവയയിലും ആർഎസ്എസ് കാര്യലയങ്ങളായ ജയകൃഷ്ണൻ മാസ്റ്റർ സ്മാരക മന്ദിരത്തിനും വിവേകാനന്ദ മന്ദിരത്തിനും നേരെ നടന്ന അക്രമത്തിൽ നാല് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.ഡി.ഷമൽ,ഷിജിൽ ജാക്സൺ,നിഷിത്ത്,അഖിൽ എന്നിവരാണ് അറസ്റ്റിലായത്.ഇവരെ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.വളപട്ടണം സിഐ എം.കൃഷ്ണൻ,എസ്‌ഐ ഷാജി പട്ടേരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മോഷ്ട്ടാവാണെന്നാരോപിച്ച് അട്ടപ്പാടിയിൽ ആൾകൂട്ടം ആദിവാസി യുവാവിനെ മർദിച്ചു കൊന്നു
പാലക്കാട്:മോഷ്ട്ടാവാണെന്നാരോപിച്ച് അട്ടപ്പാടിയിൽ ആൾകൂട്ടം ആദിവാസി യുവാവിനെ മർദിച്ചു കൊന്നു.അട്ടപ്പാടി കടുകുമണ്ണ ഊരിലെ 27 വയസ്സുള്ള മധുവാണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.ഇന്നലെ വൈകുന്നേരം അട്ടപ്പാടി മുക്കാലിൽ വെച്ചാണ് മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ നാട്ടുകാർ പിടികൂടിയത്. ഏറെക്കാലമായി ഈ പ്രദേശത്ത് നടന്നുവരുന്ന മോഷണങ്ങൾ മധുവാണ് നടത്തുന്നതെന്നാരോപിച്ചായിരുന്നു നാട്ടുകാർ ഇയാളെ പിടികൂടി മർദിച്ചത്.തുടർന്ന് പോലീസ് എത്തി മധുവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകും വഴി പോലീസ് ജീപ്പിൽ വെച്ച് രക്തം ഛർദിച്ച മധു കുഴഞ്ഞു വീഴുകയായിരുന്നു. പോലീസ് ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മധുവിനെ നാട്ടുകാർ പിടികൂടുന്നതിന്റെയും ബാഗുകൾ പരിശോധിക്കുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.ഇയാൾ ഉടുത്തിരുന്ന മുണ്ട് അഴിച്ച് അതുപയോഗിച്ച് കൈകൾ രണ്ടും കെട്ടിയ നിലയിൽ നിൽക്കുന്ന ഫോട്ടോയാണ് പ്രചരിച്ചത്.ഇതിൽ നാട്ടുകാർ ചിലർ സെൽഫി എടുക്കുന്നതിന്റെയും ചോദ്യം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ പോലീസ് കസ്റ്റഡിയിലെടുത്തതായി മന്ത്രി എ.കെ ബാലൻ പറഞ്ഞു.ഇവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വീഡിയോയിൽ കാണുന്ന ആൾക്കാരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.
സ്കൂൾ ബസ്സിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിനി മരിച്ചു
മലപ്പുറം:ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും തെറിച്ച് വീണ് വിദ്യാർത്ഥിനി മരിച്ചു.മലപ്പുറം ചീക്കോട് പള്ളിമുക്കിലായിരുന്നു അപകടം നടന്നത്.ചീക്കോട് കെകെഎം ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി റസീനയാണ് മരിച്ചത്.പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആകാശ് നിരപരാധിയാണെന്ന് പിതാവ്
കണ്ണൂർ:യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ആകാശിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആകാശ് നിരപരാധിയാന്നെന്നു പിതാവ് രവി മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകം നടക്കുമ്പോൾ ഇരുവരും ക്ഷേത്രത്തിലായിരുന്നുവെന്നും മറ്റൊരു കേസുമായി ബന്ധപ്പെട്ട് പോലീസ് വിളിച്ചതനുസരിച്ച് സ്റ്റേഷനിലേക്ക് പോകും വഴിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും അല്ലാതെ ഇവരെ ഓടിച്ചിട്ട് പിടികൂടിയതല്ലെന്നും പിതാവ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ പാർട്ടിയെ സമീപിച്ചു.കോടതിയിൽ പോയി നിരപരാധിത്വം തെളിയിക്കാനാണ് പാർട്ടി പറഞ്ഞത്.ആകാശ് ഒളിവിൽ പോയത് ഈ കേസുമായി ബന്ധപ്പെട്ടല്ലെന്നും മറിച്ച് വീടിനു സമീപത്തു നിന്നും ബോംബുകൾ കണ്ടെടുത്തിരുന്നു.ഇതിനു പിന്നിൽ ആകാശ് ആണെന്ന് ബിജെപി പ്രചരിപ്പിച്ചു.ഇതിനെ തുടർന്നാണ് ഒളിവിൽ പോയതെന്നും പിതാവ് വ്യക്തമാക്കി.
കണ്ണൂരിൽ കെ.സുധാകരൻ നിരാഹാര സമരം തുടരും
കണ്ണൂർ:യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.സുധാകരൻ നിരാഹാരം തുടരും. കേസിലെ യഥാർത്ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ കളക്റ്ററേറ്റ് പടിക്കൽ നടത്തിവരുന്ന സമരം നാലാം ദിവസവും തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് സമരപന്തലിൽ ചേർന്ന യുഡിഎഫ് നേതൃയോഗത്തിനു ശേഷമാണ് സമരം തുടരാൻ തീരുമാനിച്ചത്.ഉമ്മൻ ചാണ്ടി,എം.എം ഹസ്സൻ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.നിലവിലെ അന്വേഷണത്തിൽ തൃപ്തരല്ലെങ്കിൽ ഏതന്വേഷണവുമായി സഹകരിക്കാൻ സർക്കാർ തയ്യാറാണെന്ന് മന്ത്രി എ.കെ ബാലൻ ഇന്നലെ അറിയിച്ചിരുന്നു.
ബോട്ട് സമരം പിൻവലിച്ചു
തിരുവനന്തപുരം:കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ ബോട്ടുടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു.ചീഫ് സെക്രെട്ടറിയുമായി ബോട്ടുടമകൾ നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ ധാരണയായത്.ബോട്ടുടമകൾടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് ബോട്ടുടമകൾ അറിയിച്ചു.അതേസമയം ചെറുമീനുകൾ പിടികൂടുന്ന ബോട്ടുകൾക്കെതിരായി ഫിഷറീസ് വകുപ്പ് സ്വീകരിക്കുന്ന നടപടികളിൽ നിന്നും പിന്നോട്ടില്ലെന്ന് ചീഫ് സെക്രെട്ടറി വ്യക്തമാക്കിയതായാണ് സൂചന.ഡീസലിന് സർക്കാർ സബ്‌സിഡി നൽകണമെന്ന ആവശ്യവും ഉടമകൾ ഉയർത്തിയിരുന്നു.