പാലക്കാട്:അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ജനക്കൂട്ടത്തിന്റെ മർദനമേറ്റ് മരിച്ച കേസിൽ അറസ്റ്റിലായ 16 പ്രതികളെ റിമാൻഡ് ചെയ്തു.മാർച്ച് ഒൻപതുവരെയാണ് ഇവരെ റിമാൻഡ് ചെയ്തിരിക്കുന്നത്.മണ്ണാർക്കാട് സ്പെഷൽ കോടതിയുടേതാണ് നടപടി. ഇന്നലെ രാവിലെ കനത്ത സുരക്ഷയിലാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. ഇവർക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടു പോകൽ തുടങ്ങിയ വകുപ്പുകളും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. താവളം പാക്കുളം മേച്ചേരിൽ ഹുസൈൻ (50), മുക്കാലി കിളയിൽ മരക്കാർ (33), മുക്കാലി പൊതുവച്ചോലഷംസുദീൻ (34), കക്കുപ്പടി കുന്നത്തുവീട്ടിൽ അനീഷ് , മുക്കാലി താഴുശേരി രാധാകൃഷ്ണൻ (34), ആനമൂളി പൊതുവച്ചോല അബൂബക്കർ (31), മുക്കാലി പടിഞ്ഞാറപള്ള കുരിക്കൾ വീട്ടിൽ സിദ്ധീഖ് (38), മുക്കാലി തൊട്ടിയിൽ ഉബൈദ് (25), മുക്കാലി വിരുത്തിയിൽ നജീബ് (33), മുക്കാലി മണ്ണമ്പറ്റ ജെയ്ജുമോൻ (44), മുക്കാലി ചോലയിൽ അബ്ദുൾ കരീം (48), മുക്കാലി പൊട്ടിയൂർകുന്ന് പുത്തൻപുരക്കൽ സജീവ് (30), കള്ളമല മുരിക്കട സതീഷ് (39), കള്ളമല ചെരുവിൽ വീട്ടിൽ ഹരീഷ് (34), കള്ളമല ചെരുവിൽ വീട്ടിൽ ബിജു, കള്ളമല വിരുത്തിയിൽ മുനീർ (28) എന്നിവരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.
തമിഴ്‌നാട് സ്വദേശി കണ്ണൂരിൽ കുത്തേറ്റ് മരിച്ചു
കണ്ണൂർ:ആക്രിക്കച്ചവടക്കാരനായിരുന്ന തമിഴ്‌നാട് സ്വദേശി കണ്ണൂരിൽ കുത്തേറ്റ് മരിച്ചു.വളപട്ടണത്ത് താമസിക്കുന്ന തമിഴ്നാട് ചിന്നസേലം സ്വദേശി പെരിയസ്വാമി (49) യാണു മരിച്ചത്. ഞായറാഴ്ച വൈകുന്നേരം വളപട്ടണം ടൗണിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു ഇയാൾ.ഇവിടെവെച്ച് പരിചയക്കാരായ രണ്ടുപേരുമായി വാക്കുതർക്കമുണ്ടാകുകയും റോഡിൽ വച്ച് ഉന്തുംതള്ളും നടക്കുകയും ചെയ്തു. തുടർന്ന് രണ്ടുപേരിൽ ഒരാൾ കമ്പി കൊണ്ട് തലയ്ക്കടിക്കുകയും മറ്റൊരാൾ കത്തികൊണ്ട് വയറിൽ കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ പെരിയസ്വാമിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. അക്രമികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
പാപ്പിനിശ്ശേരി അഞ്ചാംപീടികയിൽ ഉത്സവഘോഷയാത്രയ്ക്കിടെ ജനറേറ്ററിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു
കണ്ണൂർ:പാപ്പിനിശ്ശേരി അഞ്ചാംപീടികയിൽ ഉത്സവഘോഷയാത്രയ്ക്കിടെ ജനറേറ്ററിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു.കണ്ണപുരം ഇടക്കെപ്പുറം വെസ്റ്റിലെ ഇലക്‌ട്രീഷ്യനായ തുണ്ടിവളപ്പിൽ വീട്ടിൽ പരേതനായ ഗംഗാധരൻ-ജാനകി ദമ്പതികളുടെ മകൻ സന്ദീപാ(29)ണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒന്നരമണിയോടെ അഞ്ചാംപീടികയിൽ വച്ചായിരുന്നു അപകടം നടന്നത്.അഞ്ചാംപീടിക കൊപ്രത്ത്കാവ് കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് പാളിയത്ത് വളപ്പ് മുത്തപ്പൻ ക്ഷേത്രത്തിൽ നിന്നുള്ള കാഴ്ചവരവ് കോപ്രത്ത്ക്ഷേത്ര പരിസരത്ത് എത്തിയപ്പോൾ ജനറേറ്ററിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. ഉടൻ പരിയാരം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാലക്കാട് ലീഗ് പ്രവർത്തകനെ കുത്തിക്കൊന്നു; മണ്ണാർക്കാട് ഇന്ന് ഹർത്താൽ
പാലക്കാട്:പാലക്കാട്ട് ലീഗ് പ്രവർത്തകൻ കുത്തേറ്റു മരിച്ചു. കുന്തിപ്പുഴ സ്വദേശി സഫീർ(22) ആണു മരിച്ചത്. മണ്ണാർക്കാട്ടെ സഫീറിന്‍റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാരശാലയിൽ കയറി ഇന്നലെ രാത്രി ഒൻപതു മണിയോടെ ഒരു സംഘമാളുകൾ ഇയാളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മുസ്ലിം ലീഗ് നഗരസഭാ കൗണ്‍സിലർ സിറാജിന്‍റെ മകനാണ് സഫീർ.കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയ ബന്ധമുണ്ടെന്നു പോലീസ് സംശയിക്കുന്നു. മരിച്ച സഫീർ യൂത്ത് ലീഗ്- എം.എസ്.എഫ്.പ്രവത്തകനാണ്.കുന്തിപ്പുഴ മൽസ്യ മാർക്കറ്റുമായി ബന്ധപെട്ടു സി.പി.ഐ-ലീഗ് സംഘർഷം നിലനിന്നിരുന്നു.ഇതിന്റെ തുടർച്ചയാണ് സംഭവമെന്ന് പറയുന്നു.സഫീറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ മുസ്ലിം ലീഗ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു.രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഐഎം സംസ്ഥാന സെക്രെട്ടറി
തൃശൂർ:കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഐഎം സംസ്ഥാന സെക്രെട്ടറി.ഇത് രണ്ടാം തവണയാണ് കോടിയേരി പാർട്ടിയെ നയിക്കാൻ നിയോഗിക്കപ്പെടുന്നത്. സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരിയുടേത് അല്ലാതെ മറ്റാരുടെയും പേര് പാർട്ടിയുടെ പരിഗണനയിലില്ലായിരുന്നു.തൃശ്ശൂരിൽ സമാപിച്ച സിപിഐഎം സംസ്ഥാന സമ്മേളനമാണ് കോടിയേരിയെ തിരഞ്ഞെടുത്തത്.87 അംഗങ്ങളെ ഉള്‍പ്പെടുത്തി പുതിയ സിപിഎം സംസ്ഥാന സമിതി രൂപീകരിച്ചു. നിലവിലെ ഒൻപത് അംഗങ്ങളെ ഒഴിവാക്കുകയും 10 പുതുമുഖങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തു. എ.എൻ. ഷംസീർ, പി.എ. മുഹമ്മദ് റിയാസ്, വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് എന്നിവർ സമിതിയിലെ പുതുമുഖങ്ങളാണ്. ഗോപി കോട്ടമുറിക്കലും സമിതിയിലേക്ക് തിരിച്ചെത്തി. പ്രായാധിക്യം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് ഒന്പതു പേരെ ഒഴിവാക്കയതെന്നാണ് സൂചന.
തില്ലങ്കേരി ആലാച്ചിയിൽ നിന്നും ബോംബ് നിർമാണ സാമഗ്രികൾ കണ്ടെത്തി
ഇരിട്ടി:തില്ലങ്കേരി ആലാച്ചിയിൽ നിന്നും ബോംബ് നിർമാണ സാമഗ്രികൾ കണ്ടെത്തി.ആലാച്ചി മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ഇവ കണ്ടെടുത്തത്. ഷുഹൈബ് വധക്കേസിലെ പ്രതികളെ തിരയുന്നതിനിടെ മുഴക്കുന്നു എസ്‌ഐ പി.രാജേഷും സംഘവുമാണ് ബോംബ് നിർമാണ സാമഗ്രികൾ പിടികൂടിയത്.വെടിമരുന്ന്,കയർ, ചാക്കുനൂൽ, പശ,ഇരുമ്പു ചീളുകൾ എന്നിവയാണ് ഇതിൽ ഉണ്ടായിരുന്നത്.
കൂത്തുപറമ്പിൽ ലോറിയിൽ കടത്തുകയായിരുന്ന അഞ്ചു ക്വിന്റൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
കൂത്തുപറമ്പ്:കൂത്തുപറമ്പിൽ ലോറിയിൽ കടത്തുകയായിരുന്ന അഞ്ചു ക്വിന്റൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.സംഭവത്തിൽ മൂന്നുപേർ പിടിയിലായി.ഇരിട്ടി സ്വദേശികളായ പുതിയപുരയിൽ മുഹമ്മദലി,കെ.വി ഹൗസിൽ ശംസുദ്ധീൻ,കെ.പി ബഷീർ എന്നിവരാണ് പിടിയിലായത്.എക്‌സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച്ച പുലർച്ചെ കൂത്തുപറമ്പ് എക്‌സൈസ് ഇൻസ്പെക്റ്റർ സി.രജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം നിർമ്മലഗിരി കോളേജിന് സമീപം റോഡിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലാകുന്നത്.26 ചാക്കുകളിലാക്കി പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മറച്ച നിലയിലായിരുന്നു ഉൽപ്പന്നങ്ങൾ.ഇവർ ലഹരി ഉൽപ്പന്നങ്ങൾ കടത്താൻ ഉപയോഗിച്ച ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ പി.കെ. ചിദംബരം, സിവിൽ ഓഫീസർമാരായ കെ. ബിജു, കെ.കെ. സാജൻ, കെ. ഇസ്മയിൽ എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.
ഉളിക്കൽ-പയ്യാവൂർ മലയോര ഹൈവെ നിർമാണത്തിനിടെ കോൺക്രീറ്റ് മിക്സർ മെഷീൻ മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്
ഇരിട്ടി:ഉളിക്കൽ-പയ്യാവൂർ മലയോര ഹൈവെ നിർമാണത്തിനിടെ കോൺക്രീറ്റ് മിക്സർ മെഷീൻ മറിഞ്ഞ് ഏഴുപേർക്ക് പരിക്ക് .കോക്കാട്ട് പുതുതായി നിർമിക്കുന്ന പാലത്തിന്റെ കോൺക്രീറ്റ് പ്രവൃത്തിക്കിടെ മെഷീൻ തോട്ടിലേക്ക് മറിയുകയായിരുന്നു.തോട്ടിൽ കോൺക്രീറ്റ് ഉറപ്പിക്കുന്ന തൊഴിലാളികൾക്ക് മുകളിലേക്ക് മെഷീൻ വീഴുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പശ്ചിമ ബംഗാൾ സ്വദേശിയായ ഷമീം അൻസാരിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.പരിക്കേറ്റ ബീഹാർ സ്വദേശികളായ ഗുർഷിത് ആലം,മജുബുൾ അൻസാരി,വടകര സ്വദേശികളായ മോഹനൻ കക്കട്ടിൽ,മിഥുൻ,സജീഷ് പയ്യോളി,അബ്ദുൽ മുത്തലീബ് എന്നിവരെ തലശ്ശേരി,ഇരിട്ടി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ടർസ് സൊസൈറ്റിയുടെ തൊഴിലാളികളാണ് ഇവർ.ഇരിട്ടിയിൽ നിന്നെത്തിയ അഗ്‌നിശമനസേനയും ഉളിക്കൽ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ രണ്ടുമണിക്കൂറോളം നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്തിയത്.ഇതിനിടെ പരിക്കേറ്റവരെ രക്ഷിക്കുന്നതിനിടെ ഒരു പോലീസുകാരനും പരിക്കേറ്റു.
മധുവിന്റെ മരണം;പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
പാലക്കാട്:അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിന്റെ മർദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.ഇന്ന് കോടതി അവധിയായായതിനാൽ മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി മജിസ്‌ട്രേറ്റ് ജഡ്ജ് അനിൽ.കെ.ഭാസ്ക്കറിന്റെ വസതിയിലായിരിക്കും പ്രതികളെ ഹാജരാക്കുക.പ്രതികളെ റിമാൻഡ് ചെയ്തതിനു ശേഷം കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ പോലീസ് സമർപ്പിക്കും. മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് പതിനാറുപേരുടെ അറസ്റ്റ് ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു.ഇവർക്കെതിരെ കൊലപാതകക്കുറ്റം, പട്ടിക വർഗ പീഡന വിരുദ്ധ നിയമപ്രകാരമുള്ള വകുപ്പുകൾ,വനത്തിൽ അതിക്രമിച്ചു കയറിയതിനുള്ള പ്രത്യേക വകുപ്പുകൾ എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഷുഹൈബ് വധക്കേസ്;പ്രതികൾ ഉപയോഗിച്ച വാടക കാർ കണ്ടെത്തി
കണ്ണൂർ:ശുഹൈബ് വധക്കേസിൽ നിർണായക വഴിത്തിരിവ്.കൊലയാളികൾ സഞ്ചരിച്ച വാഹനം കണ്ടെത്തി.അരോളി പാലോട്ടുകാവിനു സമീപം യു. പ്രശോഭിന്‍റെ ഉടമസ്ഥതയിലുള്ള വെളുത്ത വാഗണ്‍ ആർ കാറാണു പ്രതികൾ കൊലയ്ക്ക് ഉപയോഗിച്ചത്.ശനിയാഴ്ച പോലീസ് പിടിയിലായ അഖിലാണു കാർ വാടകയ്ക്കെടുത്തത്.കൊല നടത്തിയ ശേഷം കാർ 14നു തിരികെ നൽകുകയും ചെയ്തു.വാഗൺആർ കാറിലെത്തിയ പ്രതികളാണ് ബോംബെറിഞ്ഞ ശേഷം ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് ശുഹൈബിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ വ്യക്തമാക്കിയിരുന്നു.ശുഹൈബ് വധക്കേസിൽ അഞ്ചുപ്രതികളെ കൂടി അറസ്റ്റ് ചെയ്തതായി അറിയിച്ച കണ്ണൂർ എസ്പി ശിവവിക്രം പ്രതികൾ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തതായി പറഞ്ഞിരുന്നു.ഈ കാറിനെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് പാപ്പിനിശ്ശേരി അരോളി സ്വദേശിയുടേതാണെന്ന് കണ്ടെത്തിയത്.അതേസമയം കേസിൽ നേരത്തെ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയെയും റിജിൻ രാജിനെയും നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.