മുംബൈ:നടി ശ്രീദേവിയുടെ മരണത്തിൽ ദുരൂഹതയേറുന്നു.നടിയുടെ തലയിൽ ആഴത്തിലുള്ള മുറിവുള്ളതായാണ് ദുബായിലെ ഫോറന്‍സിക് ഫലം വെളിപ്പെടുത്തുന്നത്. എന്നാൽ തലയിലേറ്റ മുറിവ് എങ്ങിനെ സംഭവിച്ചുവെന്നത് അവ്യക്തമാണ്. ഇക്കാര്യം പ്രോസിക്യൂഷന്‍ പരിശോധിക്കുകയാണ്. ഇതിൽ വ്യക്തത വരുത്തിയാൽ മാത്രമേ മൃതദേഹം വിട്ടുനല്കാനാകൂ എന്ന് ദുബായ് പോലീസ് ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ട്.താമസിച്ചിരുന്ന മുറിയിലെ ബാത് ടബ്ബിൽ വീണാണ് മരണം സംഭവിച്ചതെന്നായിരുന്നു റിപ്പോർട്.ബാത്ത് ടബ്ബിലേക്കുള്ള വീഴ്ച്ചയിൽ ഉണ്ടായതാണോ മുറിവെന്ന് പരിശോധിക്കും.വ്യക്തതക്കായി മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.തലയിലെ മുറിവ് സംബന്ധിച്ച് കൂടുതൽ പരിശോധന വേണ്ടി വരുന്നതിനാൽ നടി ശ്രീദേവിയുടെ മൃതദേഹം ദുബായിയിൽ നിന്ന് ഉടൻ വിട്ടുനൽകില്ല. മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ബോണി കപൂറിന്‍റെ മൊഴിയെടുത്തിരുന്നു.
ഷുഹൈബ് വധം;പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി
കണ്ണൂർ:യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ പോലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തി.ഷുഹൈബ് കൊല്ലപ്പെട്ട തട്ടുകട,രക്ഷപെടാൻ ഉപയോഗിച്ച വഴി,കൊലപാതകത്തിന് മുൻപ് പ്രതികൾ സംഘടിച്ചിരുന്ന വെള്ളപ്പറമ്പിലെ ആളൊഴിഞ്ഞ പ്രദേശം എന്നിവിടങ്ങളിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്.കൊലപാതകത്തിന് തൊട്ടു മുൻപ് ഒരു വാൾ വെള്ളപ്പറമ്പ് ഭാഗത്ത് നഷ്ടപ്പെട്ടതായി പ്രതികൾ മൊഴി നൽകി.പ്രതികളായ ആകാശ് തില്ലങ്കേരി,രജിൽരാജ് എന്നിവരെ സ്ഥലത്തെത്തിച്ച തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഇവർ പൊലീസിന് മൊഴിനല്കിയിരിക്കുന്നത്. മട്ടന്നൂർ സിഐ എ.വി ജോൺ,എസ.ഐ കെ.രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.ഇതിനിടെ പ്രതികൾ സഞ്ചരിച്ച കാർ ഫോറൻസിക് വിദഗ്ദ്ധർ പരിശോധിച്ചു.കാർ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും.പ്രതികൾ രക്ഷപെടാൻ ഉപയോഗിച്ച മറ്റൊരു കാറിനെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കൂടി കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.
ഓഖി ദുരിതാശ്വാസം;കേരളം ആവശ്യപ്പെട്ടത് 7360 കോടി;കേന്ദ്രം അനുവദിച്ചത് 169 കോടി
ന്യൂഡൽഹി:ഓഖി ദുരിതാശ്വാസമായി കേരളത്തിന് 169.63 കോടിരൂപ അനുവദിച്ച് കേന്ദ്രം. ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനും തീരദേശ മേഖലയുടെ പുനർനിർമാണത്തിനുമായി 7360 കോടി രൂപ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം.തമിഴ്നാടിനും കേന്ദ്രം 133.05 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി യോഗത്തിലാണ് തീരുമാനം. പ്രകൃതി ദുരന്തം, കൃഷി നാശം എന്നീ വിഭാഗങ്ങളിൽ പെടുത്തി വിവിധ സംസ്ഥാനങ്ങൾക്കുള്ള പൊതു സഹായം എന്ന നിലയിലാണ് തുക അനുവദിച്ചിരിക്കുന്നത്.വെള്ളപ്പൊക്ക ദുരിതാശ്വാസമായ ബീഹാറിന് 1711.66 കോടിയും ഗുജറാത്തിന് 1055.05 കോടിയും രാജസ്ഥാന് 420.57 കോടിയും ഉത്തർപ്രദേശിന് 420.69 കോടിയും പശ്ചിമ ബംഗാളിന് 838.85 കോടിയും അനുവദിച്ചു. കൃഷിനാശം നേരിട്ട സംസ്ഥാനങ്ങളായ മധ്യപ്രദേശിന് 836.09 കോടിയും ചത്തീസ്ഗഡിന് 395.91 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ചബ്ബ, നീതി ആയോഗ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. നവംബർ 30 ന് കേരളാ തീരത്ത് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് വൻതോതിൽ നാശം വിതച്ചിരുന്നു.
നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വൈകും;ബോണി കപൂർ ദുബായിൽ തുടരും
ദുബായ്:നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വൈകും.ശ്രീദേവിയുടേത് അപകടമരണമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ കൂടുതൽ പരിശോധനകളിലേക്കും അന്വേഷണങ്ങളിലേക്കും കടക്കാൻ സാധ്യതയുള്ളതിനാലാണിത്. തുടർനടപടികൾ വൈകുന്നതിനാൽ ബോണി കപൂറും ദുബായിൽ തന്നെ തുടരുമെന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ. ശ്രീദേവിയെ അവസാനമായി കണ്ട വ്യക്തിയെന്ന നിലയ്ക്കാണ് ബോണി കപൂറിനോടു ദുബായിയിൽ തുടരാൻ നിർദേശിച്ചിരിക്കുന്നത്.ബോണികപൂറിനെ ദുബായ് പോലീസ് വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു.അപകടമരണമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പബ്ലിക് പ്രോസിക്യൂഷൻ അനുമതി നൽകിയാൽ മാത്രമേ മൃതദേഹം വിട്ടുകൊടുക്കുന്നതിനും എംബാം ചെയ്യുന്നതിനും നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുമുള്ള രേഖകൾ ദുബായ് പോലീസ് കൈമാറുകയുള്ളൂ. നടപടിക്രമങ്ങൾ പൂർത്തിയായാൽ തിങ്കളാഴ്ച രാത്രി തന്നെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരുമെന്നായിരുന്നു റിപ്പോർട്ടുകൾ.ഇതിനായി മുംബൈയിൽ നിന്നും പ്രത്യേക വിമാനം ഞായറാഴ്ച തന്നെ ദുബായ് വിമാനത്താവളത്തിൽ എത്തിയിരുന്നു.ഇന്ത്യൻ കോൺസുലേറ്റിന്റെയും എംബസിയുടെയും നേതൃത്വത്തിൽ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഷുഹൈബ് വധം;നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം
തിരുവനന്തപുരം:ഷുഹൈബ് വധത്തിൽ പ്രതിഷേധിച്ച് നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം.ഇതേ തുടർന്ന് ചോദ്യോത്തര വേള നിർത്തിവെച്ചു.സ്പീക്കറുടെ ഡയസ് മറച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.ഡയസ് മറച്ചുകൊണ്ടുള്ള പ്രതിഷേധം അനുവദിക്കില്ലെന്ന് സ്പീക്കർ അറിയിച്ചുവെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.പ്രതിപക്ഷ അംഗങ്ങളെ ഈ രീതിയിലുള്ള പ്രതിഷേധത്തിൽ നിന്ന് പിൻതിരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടു ഒരു വേള സ്പീക്കർ ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ ചോദ്യോത്തരവേള താത്കാലികമായി നിര്‍ത്തിവച്ച് സ്പീക്കര്‍ ഡയസ് വിട്ടു. ഇന്നലെയും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നടപടികൾ വേഗം അവസാനിപ്പിച്ച് സഭ പിരിഞ്ഞിരുന്നു.
ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് ദുബായ് പോലീസ്
ദുബായ്:നടി ശ്രീദേവിയുടെ മരണം ബാത്ത് ടബ്ബിലെ വെള്ളത്തിൽ മുങ്ങിയാണെന്ന് ഫോറൻസിക് റിപ്പോർട്ട്.ബോധരഹിതയായി ബാത്ത് ടബിൽ വീഴുകയും അതുവഴി ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണത്തിനു കാരണമെന്നാണ് പരിശോധനയിൽ വ്യക്തമായത്.പരിശോധനയിൽ ശ്രീദേവിയുടെ രക്തത്തിൽ മദ്യത്തിന്റെ അംശം കലർന്നിരുന്നതായും തെളിഞ്ഞിട്ടുണ്ട്.പോസ്റ്റ്മോർട്ടത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല.ഫോറൻസിക് റിപ്പോർട് ലഭിച്ചതോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള തടസ്സം നീങ്ങിയിട്ടുണ്ട്.നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഇന്ന് രാത്രി തന്നെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ബന്ധുക്കളുടെ തീരുമാനം.മൃതദേഹം എംബാം ചെയ്ത ശേഷമാകും ഇന്ത്യയിലേക്ക് കൊണ്ടുവരിക. ചൊവ്വാഴ്ച സംസ്കാരം നടക്കുമെന്നാണ് റിപ്പോർട്ടുകൾ.ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനായാണ് ശ്രീദേവിയും ഭർത്താവ് ബോണി കപൂറും ദുബായിലെത്തിയത്.വിവാഹ സൽക്കാരം കഴിഞ്ഞ് തിരികെ ഹോട്ടലിലെത്തിയ ശ്രീദേവി ബാത്‌റൂമിൽ കയറി 15 മിനിറ്റ് കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ഭർത്താവ് വാതിൽ തള്ളി തുറന്നു നോക്കുമ്പോഴാണ് ബാത്ത് ടബിൽ വീണുകിടക്കുന്നത് കാണുന്നത്. തുടർന്ന് വിവരം അടുത്ത മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളെയും ദുബായ് പോലീസിനെയും അറിയിക്കുകയായിരുന്നു.
കെ.സുധാകരൻ നാളെ നിരാഹാര സമരം അവസാനിപ്പിക്കും
കണ്ണൂർ:യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ വധത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കെ.സുധാകരൻ നടത്തിവരുന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും.നാളെ വൈകുന്നേരം മൂന്നു മണിക്ക് നിരാഹാരം അവസാനിപ്പിക്കുമെന്നും കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.ഉമ്മൻചാണ്ടി,വയലാർ രവി തുടങ്ങിയ നേതാക്കൾ നാളെ സമരപ്പന്തലിലെത്തും. നിരാഹാരം നടത്തിയത് നീതി കിട്ടുമെന്ന് കരുതിയിട്ടോ സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന് കരുതിയിട്ടുമില്ല.എല്‍.ഡി.എഫ് സര്‍ക്കാറിന്റെ യഥാര്‍ത്ഥ മുഖം തുറന്നു കാട്ടുന്നതിനാണ്.കോടതിയിൽ പോകാതെ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും സുധാകരൻ പറഞ്ഞു.കേസിൽ സിപിഎം നേതൃത്വത്തിന് പങ്കുള്ളതുകൊണ്ടാണ് സിബിഐ അന്വേഷണം നടത്താൻ മടിക്കുന്നത്.കേസില്‍ ഗൂഢാലോചനക്ക് കേസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പി.ജയരാജെന്‍റ വീട്ടില്‍ വളര്‍ന്ന ആകാശ് ഇങ്ങനൊരു കൃത്യം ചെയ്യുേമ്ബാള്‍ അത് ജയരാജന്‍ അറിഞ്ഞിട്ടില്ല എന്ന് പറയുന്നത് വിശ്വസിക്കാനാകില്ല.കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധം ഇതുവരെ ലഭിച്ചിട്ടില്ല. തൊണ്ടി മുതല്‍ ഇല്ലാതെ കേസ് കോടതിയില്‍ പോയാല്‍ അത് എങ്ങനെയാകുമെന്ന് സാധാരണകാര്‍ക്കുവെര അറിയാം. ശുഹൈബിനെ കൊല്ലിച്ചവനെ പുറത്തുകൊണ്ടുവരും. കൊന്നവരെയല്ല, കൊല്ലിച്ചവനെയാണ് ശുഹൈബിന്റെ കുടുംബത്തിനും വേണ്ടതെന്നും സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രെട്ടെറിയേറ്റിനു മുന്നിൽ നടത്തിയ മാർച്ചിൽ സംഘർഷം
തിരുവനന്തപുരം:ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രെട്ടെറിയേറ്റിനു മുന്നിൽ നടത്തിയ മാർച്ചിൽ സംഘർഷം.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂരിൽ നിരാഹാര സമരം നടത്തുന്ന കെ.സുധാകരനും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഡീൻ കുര്യാക്കോസ്, സി.ആർ.മഹേഷ് എന്നിവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രവർത്തകർ ഇന്ന് തെരുവിലിറങ്ങിയത്. മാർച്ച് സെക്രെട്ടെറിയേറ്റിന്റെ നോർത്ത് ഗേറ്റിൽ എത്തിയതോടെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് ഇവരെ തടഞ്ഞു.തുടർന്ന് പ്രവർത്തകർ പൊലീസിന് നേരെ കല്ലും കുപ്പികളും വലിച്ചെറിഞ്ഞു.രൂക്ഷമായ ആക്രമണം ഉണ്ടായതോടെ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും ശക്തമായി പ്രയോഗിച്ചു. നിരവധി കണ്ണീർവാതക ഷെല്ലുകൾ പോലീസ് പ്രവർത്തകർക്കെതിരേ വലിച്ചെറിഞ്ഞു.ടിയർ ഗ്യാസ് ഷെല്ലുകൾ പ്രയോഗിച്ചതിന് പിന്നാലെ പോലീസ് പ്രവർത്തകരെ ലാത്തിച്ചാർജ് ചെയ്തു.സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം നടത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അറിയിച്ചിരുന്നു.ഇതോടെ സംസ്ഥന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.
ശുഹൈബ് വധം;സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം:യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി.കേസിൽ പോലീസ് അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ശുഹൈബ് വധത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സഭയിൽ ഉന്നയിച്ചത്. ചോദ്യോത്തരവേള നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം.എന്നാൽ സിബിഐ അന്വേഷണം എന്ന ആവശ്യം മുഖ്യമന്ത്രി തള്ളി.സംഭവത്തിൽ മുഖം നോക്കാതെ നടപടിയെടുക്കാൻ പോലീസുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്.കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നത്. കേസിൽ അറസ്റ്റിലായ രണ്ടു പ്രതികളെ സാക്ഷികൾ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.ഇത് കൊണ്ടുതന്നെ കൃത്യമായ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഈ ഘട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതോടെ പ്രതിപക്ഷ അംഗങ്ങൾ ഇരിപ്പിടത്തിൽ നിന്ന് എണീറ്റ് സ്പീക്കറുടെ ഡയസിന് മുന്നിൽ എത്തി മുദ്രാവാക്യം വിളിച്ചു.ഇതോടെ സഭാ നടപടികൾ തടസപ്പെട്ടു. നടുത്തളത്തിലിരുന്ന് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളി തുടർന്നതോടെയാണ് സഭാ നടപടികൾ തടസപ്പെട്ടത്.
ശുഹൈബ് വധം;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.സുധാകരൻ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക്
കണ്ണൂർ:എടയന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരൻ കളക്റ്ററേറ്റ് പടിക്കൽ നടത്തിവരുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.സുധാകരനു പിന്തുണയുമായി നിരവധി പ്രമുഖരാണ് സമരപ്പന്തലിൽ എത്തുന്നത്.ശുഹൈബ് വധം അന്വേഷിക്കുന്ന കേരള പോലീസിൽ വിശ്വാസമില്ലെന്നും സിബിഐ കേസ് അന്വേഷിക്കണം ആവശ്യപ്പെട്ട് സുധാകരൻ തിങ്കളാഴ്ചയാണ് സമരം ആരംഭിച്ചത്.സുധാകരന്‍ നടത്തുന്ന സമരം ശക്തമാക്കാനാണ് യുഡിഎഫ് നീക്കം. ഇന്ന് യുഡിഎഫിന്‍റെ നേതൃത്വത്തിൽ കണ്ണൂരിൽ ദേശീയപാത ഉപരോധിച്ച് സമരം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.ശുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണം എന്ന ആവശ്യം പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിച്ചു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആവശ്യം ഉന്നയിച്ചത്.